ബസ് പലവിധം; അപകടം ഒരേതരം

ടി. ജുവിൻ
09:35 AM
04/05/2019

കേരളം, കര്‍ണാടകം, തമിഴ്നാട് സര്‍ക്കാരുകളുടെ നൂറിലേറെ ബസ്​ സര്‍വീസുകള്‍, വെള്ളിയാഴ്ച തോറും നാലും, തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്നും ബാക്കി ദിവസങ്ങളില്‍ രണ്ട് വീതവും ട്രെയിന്‍, ഇറങ്ങിക്കയറി പോവുകയാണെങ്കില്‍ ഉപയോഗിക്കാവുന്ന 13 ഒാളം മറ്റ് ട്രെയിനുകള്‍. ഉല്‍സവ സീസണില്‍ ഏര്‍പ്പെടുത്തുന്ന സ്പെഷ്യല്‍ ട്രെയിനുകള്‍. ഇത്രയൊക്കെ യാത്രാസൗകര്യമുള്ള ബംഗളൂരുവി​ലേക്കാണ് കേരളത്തില്‍ നിന്ന്  ഡസൻ കണക്കിന് ആഡംബര ബസുകള്‍ സര്‍വീസ് നടത്തുന്നത്. അന്തര്‍ സംസ്ഥാന ബസുകള്‍ തന്നെ പല വിലയുള്ളതുണ്ട്. സാധാരണ ടൂറിസ്റ്റ് ബസ്സുകള്‍ പോലത്തെ ത്രീ സീറ്റര്‍ ബസ്സുകള്‍. ഇതില്‍ ഒരു വരിയില്‍ 2 + 1 എന്ന കണക്കില്‍ സീറ്റ് ഘടിപ്പിച്ചിരിക്കും. ഇത് പോലെ സീറ്റുള്ള വോള്‍വോകളും ഉണ്ട്.  കിടന്നു യാത്ര ചെയ്യാവുന്ന, സ്ലീപ്പര്‍ ബസ്സുകള്‍. പിന്നെയുള്ളത് സാധാരണ എ.സി ബസ്സുകള്‍. 

അടുത്ത കാലത്ത് ഇസുസു ഇറക്കിയ മോള്‍ഡഡ് ബോഡി ബസ്സുകളും റോഡിലിറങ്ങിയിട്ടുണ്ട്. 48 സീറ്റുള്ള സാധാരണ എ.സി ബസ് നിരത്തിലിറക്കണമെങ്കില്‍ ഇപ്പോള്‍ 40 ലക്ഷം രൂപയെങ്കിലും മുടക്കണം. ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് ഒന്നരക്കോടി രൂപ വരെ വിലയുള്ള മള്‍ട്ടി ആക്സില്‍ വോള്‍വോ ബസ്സുകള്‍ വന്നത്. ഇതിനു നീളവും സീറ്റിംഗ് കപ്പാസിറ്റിയും കൂടുതലായിരിക്കും. പിന്നില്‍ രണ്ട് ആക്സിലുകളിലായി ആറ് ടയറുകള്‍ അടക്കം എട്ട് ചക്രങ്ങളില്‍ പായുന്ന മള്‍ട്ടി ആക്സില്‍ സെമി സ്ലീപ്പറുകളില്‍ യാത്ര ചെയ്യണമെങ്കില്‍ ട്രെയിനിലെ സ്ലീപര്‍ കോച്ചില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ മൂന്നിരട്ടി പണം നല്‍കണം. 

സര്‍ക്കാര്‍ ബസുകള്‍ സംസ്ഥാനങ്ങള്‍ തമ്മിലുണ്ടാക്കുന്ന ഗതാഗത കരാറുകള്‍ അടിസ്ഥാനമാക്കിയാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ വോള്‍വോകള്‍ അടക്കമുള്ള ആഡംബര വാഹനങ്ങള്‍ കോണ്‍ട്രാക്ട് കാര്യേജ് ആയി രജിസ്റ്റര്‍ ചെയ്യപ്പെടുന്നവയാണ്. ഒരു കൂട്ടം ആളുകളെ  ഒരു സ്ഥലത്തനിന്ന് മറ്റൊരു സ്ഥലത്ത് എത്തിക്കാന്‍ കരാറെടുത്തു പ്രവത്തിക്കുന്നവയാണ് ഇവ. എഴ് സീറ്റുള്ള സുമോ മുതല്‍ 52 സീറ്റുള്ള വോള്‍വോ വരെ ഇതില്‍ പെടും. ഇവ ഇടക്ക് നിന്ന് ആളെ കയറ്റരുതെന്നാണ് നിയമം. പുറപ്പെടുന്ന സമയത്തുള്ളതിനെക്കാള്‍ യാത്രക്കാര്‍ പിന്നീട് ബസിലുണ്ടാവാന്‍ പാടില്ല. പക്ഷേ, മിക്ക പട്ടണങ്ങളിലും നിർത്തി നിർത്തിയാണ് ബംഗളൂരുവിലേക്ക് ബസുകള്‍ പായുന്നത്​. ഞായറും തിങ്കളും ബംഗളൂര്‍ക്കും വെള്ളിയും ശനിയും കേരളത്തിലേക്കും ഇത്തരം ബസുകള്‍ക്ക് ആളെകിട്ടും. ബാക്കി ദിവസങ്ങളില്‍ വിരലിലെണ്ണാവുന്ന യാത്രികരുമായാണ് ഈ ബസുകള്‍ അതിത്തി കടക്കുന്നത്.

സ്പീഡ് ഗവേണര്‍ എന്ന നോക്കുകുത്തി

കേരളത്തില്‍ സ്പീഡ് ഗവേണര്‍ വലിയ സംഭമാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ ഡിസ്പ്ലേ പോയ മൊബൈല്‍ ഫോണി​​െൻറ വിലപോലും ഇതിന് നല്‍കാറില്ല. വോള്‍വോയാണെങ്കിലും കെ.എസ്.ആര്‍.ടി.സിയുടെ പഴയ തല്ലിപ്പൊളി വണ്ടിയാണെങ്കിലും ബസായി ജനിച്ചതൊന്നും 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പോകരുതെന്ന് പറഞ്ഞാണ് സ്പീഡ് ഗവേണര്‍ ഏര്‍പ്പെടുത്തിയത്്. തമിഴ്നാടും കര്‍ണാടകയും അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ സ്പീഡ് ഗവേണര്‍ കര്‍ശനമല്ല. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പി​​െൻറ പരിധിയില്‍പ്പെടുകയുമില്ല. കേരളത്തില്‍ സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ രജിസ്ട്രേഷന്‍ മറ്റ് സംസ്ഥാനങ്ങളിലേക്കു മാറ്റി ഉടമകള്‍ സര്‍ക്കാരിനെ പറ്റിച്ചു.

മോട്ടോര്‍ വാഹന നിയമത്തിൽ പറയുന്ന വേഗപരിധി ലംഘിച്ചതായി കണ്ടാല്‍ മാത്രമേ ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനാകൂ. സംസ്ഥാനത്ത്​ സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാത്ത  വാഹനങ്ങളുടെ ഫിറ്റ്​നസ്​ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും പിഴ ഈടാക്കുകയുമാണ് പതിവ്. പക്ഷേ,  ഇതരസംസ്ഥാന രജിസ്ട്രേഷനില്‍ കേരളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചു സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിനും പൊലീസിനും കൃത്യമായ ധാരണയില്ല.  കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ബസ് കര്‍ണാടകത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ സീറ്റൊന്നിനു 350 രൂപ വീതം നല്‍കണം. എന്നാല്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത ബസിന് കേരളത്തിലേക്ക് കടക്കാന്‍ ആകെ 350 രൂപ അടച്ചാല്‍ മതിയാകും. ഇതും കേരളത്തിലുള്ള സ്വകാര്യ ബസ് ഉടമകളെ കര്‍ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. 

ദേശീയപാതയില്‍ ചേർത്തല മുതല്‍ മണ്ണുത്തി വരെയുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ട്രേസറുകള്‍ പരിശോധിച്ചാല്‍ അന്തർ സംസ്ഥാന ബസുകള്‍ പറത്തുന്ന വേഗം പിടികിട്ടും. തൃക്കാക്കരയിലെ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലാണ് ഇതി​​െൻറ വിവരങ്ങള്‍ ഉള്ളത്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ സ്പീഡില്‍ വരെ ബസുകള്‍ ഓടിയിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഉടമകള്‍ വന്‍ സ്വാധീനമുള്ളവരായതിനാല്‍ നടപടി എടുക്കുന്നില്ലെന്ന് മാത്രം. 

പാര്‍ലമെന്‍റി​​െൻറ ഇടപെടല്‍

2013-2014 കാലഘട്ടത്തിൽ ആന്ധ്രപ്രദേശിലും കര്‍ണാടകത്തിലുമുണ്ടായ വോള്‍വോ ബസ് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന ബസ്സര്‍വീസുകളുടെ പോരായ്മകള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചാവിഷയമായി.  52 പേര്‍ മരിച്ച അപകടങ്ങളെപ്പറ്റി സി.പി.എം നേതാവ് സീതാറാം യച്ചൂരി അധ്യക്ഷനായ പാര്‍ലമെന്‍റ് സമിതി അന്വേഷണവും നടത്തി. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ബസ്സുകള്‍ നിര്‍മിക്കുന്നതില്‍ വോള്‍വോയ്ക്കു വീഴ്ച സംഭവിച്ചോ, വിദേശ കമ്പനിയുടെ ബസ്സുകള്‍ ഉപയോഗിക്കുന്നതില്‍ ഡ്രൈവര്‍മാരും മറ്റും അശ്രദ്ധ കാട്ടിയോ തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിഗണിച്ചത്.

സംഭവത്തെപ്പറ്റി കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ബസ് അപകടങ്ങള്‍ക്കുള്ള കാരണങ്ങളെപ്പറ്റി വ്യക്തത കൈവരിക്കാന്‍ ശ്രമിക്കുമെന്ന് സമിതി പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണമൊന്നും നടപ്പില്‍ വന്നില്ല. വോള്‍വോയെ കുറ്റപ്പെടുത്താതെ രാജ്യത്തെ റോഡ് രൂപകല്‍പ്പനയെയും ആസൂത്രണത്തെയും വിമര്‍ശിക്കുകയാണ് സമിതി ചെയ്തത്. സാങ്കേതിക നിലവാരം ഉയര്‍ന്നതാണോ നിര്‍മാണത്തിലെ പാളിച്ചയാണോ ഇത്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നതെന്ന സംശയവും സമിതി മുന്നോട്ടുവച്ചു.

അപകടങ്ങള്‍ നിയന്ത്രിക്കണമെങ്കില്‍ ദേശീയതലത്തില്‍ നയം അനിവാര്യമാണെന്നാണ്​ സുരക്ഷാ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. എല്ലാ ബസ്സുകള്‍ക്കും എല്ലാ അപകടങ്ങള്‍ക്കും ബാധകമായ തരത്തില്‍ എല്ലാ സംസ്ഥാനത്തും പ്രാബല്യത്തിലുള്ള ഏകീകൃത നിയമം നടപ്പാവണം. ഇല്ലെങ്കില്‍ കര്‍ണാടകമോ കേരളമോ പുതിയ നിയമം നടപ്പാക്കിയാലും തമിഴ്നാട്ടിലോ ആന്ധ്ര പ്രദേശിലോ റജിസ്റ്റര്‍ ചെയ്ത ബസ്സുകള്‍ക്ക് ഇവ ബാധകമല്ലെന്ന പോരായ്മ അവശേഷിക്കും.

കര്‍ണാടകയും തമിഴ്നാടും ആന്ധ്രയും ചെയ്തത്

അഗ്നിബാധ പോലുള്ള അപകടവേളകളില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി രക്ഷപ്പെടാന്‍ സഹായിക്കുന്ന തരത്തില്‍ ബസ്സിന്‍റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തണമെന്നാണ് കര്‍ണാടകത്തിലെ ഗതാഗത വകുപ്പ് വോള്‍വോയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്കു രക്ഷപ്പെടാനായി നിരത്തിലിറങ്ങിയ എല്ലാ വോള്‍വോ ബസ്സുകളിലും എമര്‍ജന്‍സി എക്സിറ്റ് ഘടിപ്പിക്കാനും ഉത്തരവായി.

ഡ്രൈവര്‍മാരുടെ പിഴവും അമിത വേഗവുമാണ് കോത്തക്കോട്ട, ഹവേരി അപകടങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് കര്‍ണാടക ഗതാഗത വകുപ്പി​​െൻറ കണ്ടെത്തൽ. അതുകൊണ്ടുതന്നെ ബസിന്‍റെ രൂപകല്‍പ്പനയിലെ പരിഷ്കാരങ്ങള്‍ക്കോപ്പം സ്വകാര്യ ബസ് സര്‍വീസ് നടത്തിപ്പിലും മാറ്റം വരുത്താനും നിർദേശിക്കുന്നുണ്ട്. എന്‍ജിനു സമീപം ഇന്ധനടാങ്ക് ഘടിപ്പിച്ചത് അഗ്നിബാധയ്ക്കുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്ന് കര്‍ണാടക ഗതാഗത വകുപ്പ് കരുതുന്നു. 

ആന്ധ്രയിലെ അപകടത്തില്‍ വോള്‍വോ കുറ്റക്കാരാണെന്നാണ് ആന്ധ്രപ്രദേശ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍്റ് കണ്ടെത്തിയത്​. വോള്‍വോ ബസി​​െൻറ തെറ്റായ ഡിസൈന്‍ മൂലമാണ് തീപിടുത്തമുണ്ടായെന്നാണ് സി.ഐ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. വോള്‍വോ ബസില്‍ ഡ്രൈവര്‍ സീറ്റിന് തൊട്ടുതാഴെയാണ് ബാറ്ററി കമ്പാര്‍ട്ട്മെന്‍്റ്. അതിനടുത്താണ് 300 ലീറ്റര്‍ ഡീസല്‍ ടാങ്കി​​െൻറ സ്ഥാനം. ഇതുകൂടാതെ 150 ലീറ്റര്‍ വീതം ശേഷിയുള്ള രണ്ട് റിസര്‍വ് ടാങ്കുകളുമുണ്ട്. വാഹനത്തിൻെറ  മുന്നിലേൽക്കുന്ന ഇടി ആദ്യം ബാധിക്കുന്നത് ഈ ഭാഗങ്ങളെ ആയിരിക്കും. ഫൈബറില്‍ തീർത്ത ടാങ്കുകള്‍ പെട്ടെന്നു പൊട്ടാന്‍ ഇടയുണ്ട്. ബാറ്ററി കമ്പാര്‍ട്ട്മെങ്കില്‍ ഉണ്ടാകുന്ന തീപ്പൊരികള്‍ പെട്ടെന്ന് ഡീസല്‍ ടാങ്കിലേക്ക് പകരാനും സാധ്യതയേറെയാണ്. മഹബൂബ് നഗറിലെ അപകടത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. തീപിടുത്തത്തി​​െൻറ ആഘാതം വർധിക്കാന്‍ ഇത് കാരണമായെന്നാണ് സി.ഐ.ഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സംസ്ഥാന സര്‍ക്കാരി​​െൻറയും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെയും വാഹനങ്ങളില്‍ ഇനിപ്പറയുന്ന സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരിക്കണമെന്ന് തമിഴ്നാട് ഗതാഗതവകുപ്പും നിര്‍ദേശിച്ചു.
വോള്‍വോ ബസ്സുകളുടെ പരമാവധി പേകാവുന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായി നിജപ്പെടുത്തി വേഗപ്പൂട്ട് ഘടിപ്പിക്കണം. എയര്‍ക്രാഫ്റ്റുകളിലെ ബ്ലാക്ക്​ ബോക്സിന് സമാനമായ തീപ്പിടിക്കാത്ത ഇലക്ട്രിക് ഇവന്‍്റ് റെക്കൊര്‍ഡര്‍ വേണം.

പുക തിരിച്ചറിഞ്ഞ് അലാറം അടിക്കുന്ന സംവിധാനം. എല്ലാ ചില്ലുജനാലകളും തകര്‍ക്കാന്‍ കഴിയുന്നതാവണം. നിലവില്‍ നാല് ജനാലകള്‍ മാത്രമേ തകര്‍ക്കാന്‍ കഴിയുകയുള്ളൂ. എട്ട് ചുറ്റികകള്‍ ബസ്സിനുള്ളില്‍ സൂക്ഷിക്കണം. നിലവില്‍ തകര്‍ക്കാവുന്ന നാല് വിന്‍ഡോകള്‍ക്കരികിലായി നാല് ചുറ്റികള്‍ മാത്രമേയുള്ളൂ. എമര്‍ജന്‍സി എക്സിറ്റുകള്‍ക്കരികില്‍ ഇരുട്ടിലും തിളങ്ങുന്ന സ്റ്റിക്കറുകള്‍ ഒട്ടിക്കണം. ഒരു ഡ്രൈവര്‍ 150 കിലോമീറ്ററിലധികം ദൂരം ബസ്സോടിക്കാന്‍ പാടില്ല. എല്ലാ സീറ്റിലെ യാത്രക്കാര്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ലഘുലേഖകള്‍ വിതരണം ചെയ്യം. യാത്രയ്ക്കു മുന്‍പ് സുരക്ഷാ നിര്‍ദ്ദശേങ്ങളടങ്ങിയ ഒരു വീഡിയോ പ്രദര്‍ശിപ്പിക്കണം.

(തുടരും) 

Loading...
COMMENTS