സുരക്ഷയൊക്കെ പ്രഹസനമല്ലേ സർ...

  • അന്തർ സംസ്​ഥാന ബസ്​ കൊള്ള - 3

ടി. ജുവിൻ
07:57 AM
03/05/2019
BUS

ചിന്താ ശേഷിയുണ്ടോ? എങ്കില്‍ പത്ത് നില കെട്ടിടത്തി​​​െൻറ മുകളില്‍ നിന്ന് പിടിവിട്ടതായി സങ്കല്‍പിച്ചുനോക്കൂ. ഏതാണ്ട് ഇതേ അവസ്ഥയാണ് നമ്മുടെ ഹൈവേകളിലൂടെ പായുന്ന അന്തര്‍ സംസ്ഥാന ആഡംബര ബസുകള്‍ക്കും. തെങ്ങിന്‍ മുകളില്‍ നിന്ന് പിടിവിട്ടുപോകുന്നവരെല്ലാം താഴെ വീണ് മരിക്കാറില്ലല്ലോ.. ഈ ഇനത്തില്‍ പെട്ട എന്തോ ഭാഗ്യമുള്ളതുകൊണ്ടാണ് ബംഗളൂരുവിൽ നിന്ന് ഹൈടെക് ബസില്‍ കയറുന്നവരെല്ലാം വലിയ കുഴപ്പമില്ലാതെ വീടുപറ്റുന്നത്. മുകളില്‍ നിന്ന് താഴേക്ക് വീഴുന്നതിന് പകരം ഭൂമിക്ക് സമാന്തരമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള വീഴ്ചയാണ് ഇത്തരം ഓരോ യാത്രയുമെന്ന് മാത്രം. കാറ്റുകടക്കാതെ ഗ്ലാസിട്ട ജനലുകളില്‍ കര്‍ട്ടന്‍ കൂടി വീഴുമ്പോള്‍ പുറംലോകവുമായുള്ള ബന്ധം മുറിയും. പിന്നെ വണ്ടിയുടെ വേഗമോ പുറത്തെ സ്ഥിതിയോ ശരിയായി മനസിലാക്കാന്‍ യാത്രക്കാരന് കഴിയില്ല. ഡ്രൈവറുടെ കാബിനിലേക്കുള്ള വാതില്‍ കൂടിയടച്ചാല്‍ ശീതീകരിച്ച വലിയൊരു ടിന്നിലടച്ച സ്ഥിതിയിലാവും യാത്രക്കാര്‍. ഈ ടിന്‍ തലകുത്തി മറിഞ്ഞാലോ തീപിടിച്ചു പൊട്ടിത്തെറിച്ചാലോ വിധിക്ക് കീഴടങ്ങുകയല്ലാതെ വേറെ നിവത്തിയില്ല. 

സുരക്ഷക്ക് ആഗോള പ്രശസ്തരായ സ്വീഡനിലെ വോള്‍വോയുടെ ബസുകള്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടാക്കിയ വലിയ അപകടങ്ങളുടെ പട്ടിക മാത്രം മതി ഈ മേഖലയുടെ അരക്ഷിതാവസ്ഥ മനസിലാക്കാന്‍. സാധാരണ സാഹചര്യങ്ങളില്‍ വോള്‍വോയെ അപകടത്തില്‍ പെടുത്തുക അസാധ്യമെന്ന് തന്നെ പറയാം. എന്നിട്ടും ഇവ നാടുനടുക്കുന്ന അപകടം സൃഷ്ടിക്കുന്നുവെങ്കില്‍ നടത്തിപ്പുകാര്‍ക്ക് ചികില്‍സ അത്യാവശ്യമാണ്. 2014 ൽ ആലപ്പുഴ ജില്ലയിലെ കരീലകുളങ്ങരയില്‍ കാര്‍ യാത്രികരായ അഞ്ചു പേരുടെ ജീവന്‍ വോള്‍വോ കവര്‍ന്നപ്പോഴാണ് കേരളത്തി​​​െൻറ ശ്രദ്ധ ഈ മേഖലയിലേക്ക് തിരിഞ്ഞത്. ഈ ഗണത്തില്‍പെട്ട ഏറ്റവും വലിയ അപകടം നടന്നത് 2013 ഒക്ടോബര്‍ 30ന് ആന്ധ്ര പ്രദേശിലെ മഹബൂബ് നഗര്‍ ജില്ലയിലെ കോത്തക്കൊട്ടയിലാണ്. ബംഗളൂരിലെ ജബ്ബാര്‍ ട്രാവല്‍സിനായി സര്‍വീസ് നടത്തിയിരുന്ന വോള്‍വോ ബസ് കലുങ്കില്‍ ഇടിച്ചു കത്തുകയായിരുന്നു. അപകടത്തില്‍ ബസിലെ യാത്രക്കാരായിരുന്ന 45 പേരും മരിച്ചു.  രണ്ടാഴ്ചയ്ക്കു ശേഷം നവംബര്‍ 14ന് കര്‍ണാടകത്തിലെ ഹവേരിയില്‍ ബംഗളൂരുവില്‍ നിന്നു മുംബൈയ്ക്കു പോയ നാഷനല്‍ ട്രാവല്‍സി​​​െൻറ വോള്‍വോ സമാന സാഹചര്യങ്ങളില്‍ അപകടത്തില്‍പെട്ട് പിഞ്ചു കുഞ്ഞടക്കം ഏഴു പേര്‍ കൂടി മരിച്ചു. 

ബംഗളൂരു -  ചെന്നൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.പി.എന്‍ ട്രാവല്‍സി​​​െൻറ ബസ് വെല്ലൂരിനടുത്തു മറിഞ്ഞു തീ പിടിച്ചു 22 പേര്‍ മരിച്ചിട്ട് അധികം നാളായില്ല. അതിനും മുമ്പ് ഇവരുടെ തന്നെ വേറൊരു ബസ് വെല്ലൂരില്‍ ഒരാളെ ഇടിച്ചു കൊന്നു. ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് പോയ കല്ലട ട്രാവല്‍സി​​​െൻറ മള്‍ട്ടി ആക്സില്‍ വോള്‍വോ സേലത്ത് ഉണ്ടാക്കിയ അപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം എട്ടു പേര്‍ മരിച്ചിരുന്നു.  ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ശ്യാമ  ട്രാവല്‍സി​​​െൻറ ആധുനിക ബസ് ഇലക്ട്രോണിക്സ് സിറ്റി എലിവേറ്റഡ് ഹൈവേയുടെ മുകളില്‍ വച്ച് തീ പിടിച്ചതും കല്ലട ട്രാവല്‍സി​​​െൻറ ഒരു ബസ് കോട്ടയം റൂട്ടില്‍ മറിഞ്ഞു രണ്ടു സോഫ്​റ്റ്​വെയർ എഞ്ചിനീയര്‍മാര്‍ മരിച്ചതും മറക്കാറായിട്ടില്ല. പുറത്തറിഞ്ഞതും അറിയാത്തതുമായ അപകടങ്ങള്‍ പെരുകുകയാണ്. 

എങ്ങനെ ഇത് സംഭവിക്കുന്നു....?
ഉത്തരം ലളിതമാണ്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്​. ഈ രണ്ട് കാരണങ്ങളാൽ അപകടമുണ്ടാകുന്നു. കഷ്ടപ്പെട്ട് അപകടമുണ്ടാക്കിക്കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊന്നുമില്ലാത്തത് മരണ സംഖ്യ കൂട്ടുന്നു. മുമ്പ് മഹബൂബ് നഗറിലുണ്ടായ അപകടം പരിശോധിക്കാം. ദേശീയപാതയോരത്തെ കലുങ്കിലിടിച്ചതോടെയാണു ബസ്സില്‍ അഗ്നിബാധയുണ്ടായതെന്നാണ്​ ദൃക്സാക്ഷികള്‍ പറഞ്ഞത്​. നിമിഷങ്ങള്‍ക്കുള്ളില്‍ ബസ് ചാമ്പലായി. അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞു. ഡ്രൈവറുടെ കാബിനുള്ളിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും യാത്രികര്‍ക്കും മാത്രമാണ് ബസ്സില്‍ നിന്നു പുറത്തുകടക്കാനായത്. ടിന്നിലടക്കപ്പെട്ട യാത്രക്കാര്‍ക്കു രക്ഷപ്പെടാന്‍ അവസരം ലഭിച്ചില്ലെന്ന് ചുരുക്കം. 

ഈ ബസ് പുലര്‍ച്ചെ ആറരയ്ക്കാണു പതിവായി ഹൈദരബാദില്‍ എത്താറുള്ളത്. തലേന്ന് രാത്രി പത്തിനു ബംഗളൂരുവിലെ കലാശിപാളയത്തു നിന്നു പുറപ്പെട്ട ഇരട്ട ആക്സില്‍ വോള്‍വോ അപകടത്തില്‍പെടുന്നത് പുലര്‍ച്ചെ അഞ്ചരയോടെയാണ്. ഹൈദരബാദിന് 130 കിലോമീറ്റര്‍ അകലെയാണ് കോത്തക്കൊട്ട. അതായത് നഗരത്തിരക്കിലൂടെ ശരാശരി 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയാണ് ഈ ബസ് യാത്ര പൂത്തിയാക്കിയിരുന്നത്. ശരാശരി വേഗം ഇത്രയും കിട്ടണമെങ്കില്‍ പലയിടത്തും 180 നും 200നും ഇടക്ക് വേഗം ഈ ബസ് ആര്‍ജിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഈ അപകടത്തെപ്പറ്റി വോള്‍വോയും സ്വതന്ത്ര ഏജന്‍സിയെകൊണ്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു പ്രകാരം 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ബസ് കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ചത്. അഞ്ച് മെഗാജൂള്‍ ശേഷിയിലുള്ള  ഇടിയുടെ ആഘാതത്തില്‍ ബസി​​​െൻറ പല ഭാഗങ്ങള്‍ക്കും കാര്യമായ കേട് സംഭവിച്ചുവെന്നും അവര്‍ കണ്ടെത്തി. 

ആലപ്പുഴ കരീലകുളങ്ങരയില്‍ അപകടമുണ്ടായ ഭാഗത്ത് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിന് 65 കിലോമീറ്ററായിരുന്നു. എന്നാല്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് ഈ ബസ് സഞ്ചരിച്ചതെന്ന് ദേശീയപാതയില്‍ ചേർത്തലയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞിരുന്നു. ബസ് പരിശോധിച്ച മോട്ടോര്‍ വാഹന വകുപ്പ് അമിത വേഗത, അശ്രദ്ധമായ ഓവര്‍ ടേക്കിംഗ്, അലക്ഷ്യമായ ഡ്രൈവിങ്​ എന്നീ കുറ്റങ്ങള്‍ ഡ്രൈവര്‍ക്കെതിരെ ചുമത്തുകയും ചെയ്തു. ഇതേ ബസ് കഴിഞ്ഞ ജനുവരി ആദ്യവാരം അവിനാശിക്കും ഈറോഡിനുമിടയില്‍ അപകടത്തില്‍ പെട്ടിരുന്നു. റോഡിലെ ടാര്‍ പ്രതലം വിട്ട്  അഞ്ചര കിലോമീറ്റര്‍ ഓടിക്കഴിഞ്ഞായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് യാത്രക്കാരും ഹൃദയാഘാതമുണ്ടായതാണെന്ന് ജീവനക്കാരും പറയുന്നു.

ശ്രദ്ധ മരിക്കുമ്പോള്‍ മരണം ജനിക്കുന്നു
വന്‍കിടക്കാരുടെ കിടമത്സരം ശക്തമായ മേഖലയാണ് അന്തര്‍സംസ്ഥാന ബസ് സര്‍വീസ്. ഇതി​​​െൻറ ഭാഗമായി കോടികള്‍ വിലവരുന്ന മള്‍ട്ടി ആക്സില്‍ വോള്‍വോ, ബെന്‍സ് ബസുകള്‍ നിരത്തുകളില്‍ സജീവമായതോടെ എയര്‍കണ്ടീഷനില്ലാത്ത ടാറ്റയുടെയും ലൈലാന്‍റി​​​െൻറയും സാധാരണ എയര്‍ബസുകള്‍ കളത്തിന് പുറത്തായി. വിമാനത്തിലും ട്രെയിനിലും ടിക്കറ്റ് കിട്ടാത്തതുകൊണ്ട് മാത്രം ബസുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ ടിക്കറ്റ് നിരക്ക് പരിഗണിക്കാതെ മികച്ച സൗകര്യങ്ങളിലേക്ക് തിരിഞ്ഞത് മുതലാക്കുകയാണ് വന്‍കിട കമ്പനികള്‍. 

ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പോണ്ടിച്ചേരി, ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കാണ് കേരളത്തില്‍ നിന്നും പ്രധാനമായി ആഡംബര ബസ് സര്‍വീസുകളുള്ളത്. തിരുവനന്തപുരത്തുനിന്നും മാർത്താണ്ഡം - നാഗര്‍കോവില്‍ വഴിയും കോട്ടയം, മൂവാറ്റുപുഴ, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നും മുണ്ടക്കയം കമ്പം തേനി വഴിയും അന്തര്‍സംസ്ഥാന സര്‍വീസുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സര്‍വീസ് നടക്കുന്നത് പാലക്കാട് വാളയാര്‍ വഴിയാണ്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയാണ് അന്തര്‍സംസ്ഥാന ബസുകളുടെ പറുദീസ. രാജ്യത്ത് വോള്‍വോ ഇതുവരെ വിറ്റ ബസ്സുകളില്‍ 20 ശതമാനത്തോളം കര്‍ണാടകത്തിലാണ്. കേരളത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നൂറോളം ഹൈടെക് ബസുകള്‍ പ്രതിദിനം ബംഗളൂരുവിലും സമീപ നഗരങ്ങളിലും എത്തുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നത് കൂടി പരിഗണിക്കുമ്പോള്‍ ഇതി​​​െൻറ എണ്ണം ആയിരം കവിയും. 

ആഡംബര സര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ തമ്മിലുള്ളതിനെക്കാള്‍ കിടമല്‍സരം ഇതി​​​െൻറ ജീവനക്കാര്‍ തമ്മിലുണ്ട്. വിവിധ മല്‍സരങ്ങളും വാതുവെയ്പും ഇവര്‍ക്കിടയില്‍ പതിവ്. ഏറ്റവും കൂടുതല്‍ സ്പീഡില്‍ ഓടിക്കുന്നവര്‍ക്ക് ഡിമാന്‍റ് കൂടും. സംശയമുള്ളവര്‍ക്ക് യുട്യൂബ് പരിശോധിക്കാം. ബാംഗ്ളൂര്‍-^മൈസൂര്‍ എക്സ്പ്രസ് വേ അടക്കമുള്ളവയില്‍ വോള്‍വോ മള്‍ട്ടി ആക്സില്‍ ബസുകള്‍ പരമാവധി വേഗത്തില്‍ പറക്കുന്നതി​​​െൻറ വീഡിയോ ദൃശ്യങ്ങള്‍ സുലഭമാണ്. വഴിയരികില്‍ നിന്ന് ഷൂട്ട് ചെയ്ത് ചുമ്മാ വേഗവുമെഴുതി വച്ചിരിക്കുകയല്ല. ഡ്രൈവറുടെ കാബിനില്‍ കടന്ന് പറന്നുകൊണ്ടിരിക്കുന്ന ബസി​​​െൻറ വളയം പിടിച്ചിരിക്കുന്ന കൈകള്‍ക്കിടയിലൂടെ മൊബൈല്‍ ഫോണ്‍ കടത്തി സ്പീഡോമീറ്ററി​​​െൻറ സൂചിയുടെ ക്ലോസപ്പ് എടുത്തിരിക്കുകയാണ്. ഇതിനിടയിലും വഴിയിലെ ചെറുവാഹനങ്ങളെ മറികടന്ന് വോള്‍വോ കുതിച്ചുകൊണ്ടേയിരിക്കുന്നു. ഈ വീഡിയോകള്‍ കണ്ട ലക്ഷക്കണക്കിന് ജനം ദൈവത്തിലും ഭാഗ്യത്തിലും അടിയുറച്ച് വിശ്വസിക്കുന്നുണ്ടാവും. കാരണം ചെറിയൊരു പാളിച്ച മതി പാതയോരത്തെ കടകളിലേക്കോ മരണവേഗം അറിയാതെ മുന്നില്‍ പോകുന്ന കാറുകളിലേക്കോ ഈ ആഡംബരം ഇടിച്ചുകയറാന്‍. 


 

Loading...
COMMENTS