Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പദവിയേറി ഒരു വർഷം; രാജ്യസഭയിൽ സമ്പൂർണ നിശ്ശബ്​ദത വിടാതെ ഗൊഗോയ്​
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightപദവിയേറി ഒരു വർഷം;...

പദവിയേറി ഒരു വർഷം; രാജ്യസഭയിൽ സമ്പൂർണ നിശ്ശബ്​ദത വിടാതെ ഗൊഗോയ്​

text_fields
bookmark_border

''പാർലമെന്‍റിൽ എന്‍റെ സാന്നിധ്യം നിയമനിർമാണ സഭകൾക്കു മുന്നിൽ ജുഡീഷ്യറി നിലപാടുകൾ അവതരിപ്പിക്കാൻ അവസരമാകും''- മുൻ സുപ്രീം കോടതി ചീഫ്​ ജസ്​റ്റീസിന്‍റെ വാക്കുകൾ ഇങ്ങനെയായിരുന്നു. അങ്ങനെയെങ്കിൽ അദ്ദേഹം അവതരിപ്പിച്ച വിഷയങ്ങൾ എന്തൊക്കെയാകും?

കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്​തതിനുപിന്നാലെ​ കഴിഞ്ഞ വർഷം മാർച്ച്​ 19നാണ്​ സുപ്രീം കോടതി മുൻ ചീഫ്​ ജസ്റ്റീസ്​ രഞ്​ജൻ ഗൊഗോയ്​ രാജ്യസഭാംഗമായി സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേൽക്കു​ന്നത്​.

സത്യപ്രതിജ്​ഞ ചടങ്ങ്​ തടസ്സപ്പെടുത്തി പ്രതിപക്ഷം അന്ന്​ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. എക്​സിക്യൂട്ടീവിനും ജുഡീഷ്യറിക്കുമിടയിൽ അധികാര വിഭജനമെന്ന വ്യവസ്​ഥക്കുമേൽ കടന്നുകയറ്റമാണ്​ നാമനിർദേശമെന്നായിരുന്നു അവർക്ക്​ പറയാനുണ്ടായിരുന്നത്​. സുപ്രീം കോടതി ചീഫ്​ ജസ്​റ്റീസിന്​ വിരമിച്ചയുടൻ പ്രതിഫലം ലഭിച്ചുവെന്ന്​​ നിയമരംഗത്തെ കൂട്ടായ്​മകളും പൊതുരംഗത്തുള്ള ബുദ്ധിജീവികളും ഉത്​കണ്​ഠ പങ്കുവെച്ചു. വ്യക്​തി സ്വാതന്ത്ര്യത്തിന്​ കൂച്ചുവിലങ്ങിട്ട സമീപനത്തിന്​ പഴിയേറെ കേട്ടിരുന്നു അദ്ദേഹം. ചീഫ്​ ജസ്റ്റീസ്​ പദവിയിലിരുന്ന​പ്പോൾ ഇന്ത്യയിൽ ജനാധിപത്യത്തിന്‍റെ പിൻനടത്തം തടയുന്നതിൽ പരമോന്നത കോടതി പരാജയപ്പെട്ടതായും ആക്ഷേപമുയർന്നു.

സമീപ കാലത്ത്​ സുപ്രീംകോടതിയുടെ വിശ്വാസ്യതക്ക്​ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത്​ മുൻ ജമ്മു കശ്​മീർ സംസ്​ഥാനത്തുനിന്നുവന്ന എണ്ണമറ്റ ഹേബിയസ്​ കോർപസ്​ കേസുകളിലെ നിലപാടായിരുന്നു. ഭരണഘടന 370ാം വകുപ്പ്​ റദ്ദാക്കിയതിനു പിന്നാലെ നിയമവിരുദ്ധമായി തടവിലാക്കിയ മുൻ മുഖ്യമന്ത്രിമാർ, മുതിർന്ന രാഷ്​ട്രീയ നേതാക്കൾ തുടങ്ങിയവർക്കു വേണ്ടിയായിരുന്നു കേസ്​.

സുപ്രീം കോടതിക്കു മുമ്പാകെ എത്തിയ ഹേബിയസ്​ കോർപസ്​ കേസുകളിലൊന്ന്​ പാർട്ടി മുൻ നിയമസഭാംഗത്തെ തടവിലാക്കിയതുമായി ബന്ധപ്പെട്ട്​ കമ്യൂണിസ്റ്റ്​ പാർട്ടി നേതാവ്​ സീതാറാം യെച്ചൂരി നൽകിയതാണ്​. എം.എൽ.എയെ തടവിലാക്കിയതിന്‍റെ നിയമപ്രകാരമുള്ള അർഹത പരിശോധിക്കുന്നതിനു പകരം ഗൊഗോയ്​ എന്ന ചീഫ്​ ജസ്റ്റീസ്​ ചെയ്​തത്​ യെച്ചൂരിക്ക്​ എം.എൽ.എയെ സന്ദർശിക്കാൻ അനുമതി നൽകുകയായിരുന്നു. അവിടെ ചെന്ന്​ രാഷ്​ട്രീയ പ്രവർത്തനം നടത്താതെ തിരിച്ചെത്തി കോടതിക്ക്​ റിപ്പോർട്ട്​ നൽകണമെന്നായിരുന്നു നിർദേശം. കോടതിക്കു പകരം ഭരണനിർവഹണ സഭ നൽകുന്ന തിട്ടൂരത്തിനു സമമായ ഉത്തരവ്​.

ദേശീയ പൗരത്വപട്ടിക നടപ്പാക്കൽ പ്ര​ക്രിയ ഏറ്റെടുക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിൽ ചീഫ്​ ജസ്റ്റീസ്​ ഗൊഗോയ്​ വഹിച്ച നിർണായക പങ്കിലേക്ക്​ ഭരണഘടന വിദഗ്​ധനായ ഗൗതം ഭാട്ടിയ വിരൽ ചൂണ്ടുന്നുണ്ട്​. പരമോന്നത കോടതി ഏറ്റെടുത്തതോടെ എൻ.ആർ.സി പ്രതിലോമമായി ബാധിച്ചവർക്ക്​ ചെന്നുമുട്ടാൻ അത്താണിയില്ലാതായി. കാരണം, ദേശീയ പൗരത്വ പട്ടിക രാജ്യത്തെ പരമോന്നത കോടതിയു​ടെ ഉത്തരവു പ്രകാരമാണ്​ നടപ്പാകുന്നത്​. ഭാട്ടിയ വിഷയം സംക്ഷിപ്​തമായി പറയുന്നതിങ്ങനെ:''തന്‍റെ കാലയളവിൽ, പൗരന്‍റെ വ്യക്​തിഗത അവകാശ സംരക്ഷണം മൗലിക ദൗത്യമായി കാണുന്നതിനു -കറപുരണ്ടതാണ്​ ആ ചരിത്രമെങ്കിലും- പകരം സുപ്രീം കോടതി എക്​സിക്യുട്ടീവിന്‍റെ ഭാഷ സംസാരിക്കുന്ന സ്​ഥാപനമായി മാറി എന്നതാണ്​. അതുവഴി എക്​സിക്യുട്ടീവിൽനിന്ന്​ അതിനെ വേർതിരിച്ചറിയാതായി''.

ചീഫ്​ ജസ്റ്റീസ്​ എന്ന നിലക്കു നേരിട്ട വിമർശനങ്ങൾ ഏറെയായിട്ടും മോദി സർക്കാർ രാജ്യസഭയിലേക്ക്​ നാമനിർദേശം ചെയ്​തപ്പോൾ അത്​ സ്വീകരിക്കുകയായിരുന്നു ഗൊഗോയ്​. തന്‍റെ നാമനിർദേശം ന്യായീകരിച്ച്​ ഗൊഗോയ്​ പറഞ്ഞതിങ്ങനെ: ''പാർലമെന്‍റിൽ എന്‍റെ സാന്നിധ്യം നിയമനിർമാണ സഭകൾക്കു മുന്നിൽ ജുഡീഷ്യറിയുടെ നിലപാടുകൾ അവതരിപ്പിക്കാൻ അവസരമാകും, മറിച്ചും''.

ഒരു ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്​: ''പ്രസിഡന്‍റ്​ നിങ്ങളുടെ സേവനം ആവശ്യപ്പെട്ടാൽ ഒരിക്കലും ഇല്ലെന്ന്​ പറയരുതെന്ന ഉറച്ച വിശ്വാസത്തിലാണ്​​ നാമനിർദേശം സ്വീകരിച്ചത്​'' എന്നായിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ 80 (1)(a) പ്രകാരം പ്രസിഡന്‍റിന്​ 12 പേരെ രാജ്യസഭയിലേക്ക്​ നാമനിർദേശം ചെയ്യാം. സാമൂഹിക ശാസ്​ത്രം, കല, സാഹിത്യം, ശാസ്​ത്രം തുടങ്ങിയ മേഖലകളിൽ സവിശേഷ ജ്​ഞാനവും പ്രായോഗിക പരിചയവുമായിരിക്കണം മാനദണ്​ഡം. 1947 ജൂലൈ 28ന്​ കോൺസ്റ്റിറ്റ്യൂവന്‍റ്​ അസംബ്ലിയിൽ നടന്ന ചർച്ചകളിൽ പ​ങ്കെടുത്ത്​ സംസാരിച്ച എൻ. ഗോപാലസ്വാമി അയ്യങ്കാർ പറഞ്ഞത്​, പ്രശസ്​തരെ രാജ്യസഭയിലേക്ക്​ നാമനിർദേശം ചെയ്യുക വഴി, രാഷ്​ട്രീയ പോരിടങ്ങൾ വഴി എത്തിയതല്ലെങ്കിലും അവരുടെ അനുഭവ പരിജ്​ഞാനം പാർലമെന്‍ററി സംവാദങ്ങളിൽ പ്രയോജനപ്പെടുത്താം എന്നാണ്​.

അതുകൊണ്ടുതന്നെ, നാമനിർദേശം ചെയ്യപ്പെട്ട ഒരു അംഗം, മറ്റു അംഗങ്ങളെകാൾ കൂടുതലായി ബില്ലുകൾ, നയങ്ങൾ എന്നിവയെ കുറിച്ച പാർലമെന്‍ററി ചർച്ചകളിൽ ഭാഗഭാക്കായി അവയുടെ നിലവാരം ഉദാത്തമാക്കുന്നതിൽ പങ്കാളിയാകണം. ബില്ലുക​െള കുറിച്ച ചർച്ചയിൽ മുൻ ചീഫ്​ ജസ്റ്റീസിന്​ വിശിഷ്യാ വലിയ പങ്കുവഹിക്കാനാകും. കാരണം, ഓരോ നിയമം നടപ്പാക്കലും എണ്ണമറ്റ നിയമ പ്രശ്​നങ്ങൾ മുന്നിൽനിർത്തുന്നുണ്ട്​.

എന്നാൽ, രാജ്യസഭ റെക്കോഡുകൾ പരിഗണിച്ചാൽ എം.പിയായി സത്യപ്രതിജ്​ഞ ചെയ്​ത ശേഷം 2020 മാർച്ച്​ 20മുതൽ ഒരു വർഷത്തിനിടെ രഞ്​ജൻ ഗൊഗോയ്​ ഒറ്റ ബിൽ ചർച്ചയിലും പങ്കാളിയായിട്ടില്ല.

കഴിഞ്ഞ ഒരു വർഷത്തിനിടെ പാർലമെന്‍റ്​ നിരവധി വിവാദ ബില്ലുകൾ നിയമമാക്കിയിട്ടുണ്ട്​. അതിലൊന്നായിരുന്നു വിവാദ കാർഷിക നിയമങ്ങൾ. ഈ ബില്ലുകളുമായി ബന്ധപ്പെട്ട പ്രധാന ചോദ്യം, ഭരണഘടന പ്രകാരം കൃഷി സംസ്​ഥാന വിഷയമായിരിക്കെ കേന്ദ്രത്തിന്‍റെ പരിധിയിൽ വരുന്നതാണോ ബില്ലുകൾ എന്നതായിരുന്നു. വിഷയത്തിൽ മുൻ ചീഫ്​ ജസ്റ്റീസിന്‍റെ അഭിപ്രായം പാർലമെന്‍റിന്​ തേടാമായിരുന്നു. പക്ഷേ, നടപടിക്രമങ്ങളിൽനിന്ന്​ ബോധപൂർവം വിട്ടുനിൽക്കാനാണ്​ രഞ്​ജൻ ഗൊഗോയ്​ ശ്രദ്ധിച്ചത്​.

പാർല​െമന്‍റംഗങ്ങൾക്ക്​ സ്വന്തമായി ബില്ലുകൾ അവതരിപ്പിക്കാൻ അനുമതിയുണ്ട്​. പക്ഷേ, ഒരു ബില്ല്​ തയാറാക്കൽ ഒരിക്കലും അനായാസം പൂർത്തിയാക്കാവുന്ന പരിപാടിയല്ല. നിയമങ്ങളെ കുറിച്ച്​ പ്രവിശാല പരിജ്​ഞാനം വേണം. എന്നാലേ, മറ്റു ചട്ടങ്ങളെ അത്​ ലംഘിക്കുന്നില്ലെന്ന്​ ഉറപ്പാക്കാനാകൂ. സംക്ഷിപ്​തമായും കൃത്യമായ നിയമഭാഷ ഉപയോഗിച്ചും തയാറാക്കണം. എല്ലാ തലങ്ങളിലും ഇതിന്​ ഏറ്റവും അർഹൻ മുൻ ചീഫ്​ ജസ്റ്റീസ്​ തന്നെ. എന്നിട്ടും, രാജ്യസഭയിൽ ഒരു ​ബില്ല്​ പോലും ജസ്റ്റീസ്​ ഗൊഗോയ്​ കൊണ്ടുവന്നേയില്ല.

ഭരണനിർവഹണവുമായി ബന്ധപ്പെട്ട്​ ചോദ്യങ്ങൾ ഉന്നയിച്ച്​ സർക്കാറിനെ ഉത്തരവാദിത്വ ബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നവരാക്കി മാറ്റലും പാർലമെന്‍റ്​ അംഗങ്ങൾ ചെ​യ്യുമെന്നാണ്​ കരുതേണ്ടത്​. ഇത്​ നക്ഷത്രചിഹ്​നമിടാത്ത ചോദ്യങ്ങളാകാം- അതിന്​ മന്ത്രി രേഖാമൂലം മറുപടി പറയണം. നക്ഷത്രചിഹ്​നമിട്ട ചോദ്യമാകാം- അതിന്​ സഭയിൽ വാചികമായി മറുപടി നൽകണം. നിലവിലെ സർക്കാർ നയങ്ങളെ സൂക്ഷ്​മമായി വിലയിരുത്തിയാണ്​ എം.പിമാർ ചോദ്യങ്ങൾ ചോദിക്കുന്നത്​. അതിന്​ നിയമം, സാമ്പത്തിക ശാസ്​ത്രം, സാ​ങ്കേതികത, വിദേശ നയം തുടങ്ങി വിവിധ മേഖലകളിൽ അറിവുവേണം. പണ്ഡിതനായിരുന്നിട്ടും രഞ്​ജൻ ഗൊഗോയ്​ രാജ്യസഭയിൽ ഒരു ചോദ്യം പോലും ചോദിച്ചില്ല.

നക്ഷത്ര ചിഹ്​നമിട്ട ​ചോദ്യത്തിന്​ മന്ത്രി സഭയിൽ മറുപടി നൽകു​േമ്പാൾ അനുബന്ധ ചോദ്യം ചോദിക്കാൻ ഓരോ എം.പിക്കും അവകാശമുണ്ട്​. രസകരമാകാം, ഇൗ വിഭാഗത്തിലും മുൻ ചീഫ്​ ജസ്റ്റീസിന്‍റെ പേര്​ ഒരു രേഖയിലുമില്ല.

രാജ്യസഭ വെബ്​സൈറ്റ്​ പ്രകാരം, 2020 ജനുവരി 31 മുതൽ ഏപ്രിൽ മൂന്നുവരെ സഭ ചേർന്നത്​ 34 ദിവസം. അതിൽ ഗൊഗോയ്​ പ​ങ്കെടുത്തത്​ മാർച്ച്​ 19നും 20നും മാത്രം. വർഷകാല സമ്മേളനം 18 ദിവസം നീണ്ടുനിന്നു. ഒരു സിറ്റിങ്ങിൽ പോലും ഗൊഗോയ്​ വന്നില്ല. നിലവിലെ ബജറ്റ്​ സമ്മേളനം 2021 മാർച്ച്​ 20 വരെയുള്ള കണക്കുകൾ പ്രകാരം 33 ദിവസമായിരുന്നു. ഒരു സിറ്റിങ്ങിൽ മാത്രം, അഥവാ ഫെബ്രുവരി 21ന്​ മാത്രം ഗൊഗോയ്​ എത്തി.

വിരോധാഭാസമെന്നുപറയണം, ജസ്റ്റീസ്​ ഗൊഗോയ്​ പാർലമെന്‍റിൽ വന്നതിൽ​പിന്നെ ദൃശ്യ, ശ്രാവ്യമായ സുപ്രധാന സംഭാവന തൃണമൂൽ അംഗം മഹുവ മൊയ്​ത്ര മുൻ ചീഫ്​ ജസ്റ്റീസിനെതിരായ ലൈംഗികാപവാദ ആരോപണം പരാമർശിച്ചപ്പോഴായിരുന്നു. പരാമർശങ്ങൾ രേഖയിൽനിന്ന്​ നീക്കാൻ ബി.ജെ.പി എം.പിമാർ പരാജയപ്പെ​ട്ടെങ്കിലും കഠിന ശ്രമം നടത്തിയത്​ മിച്ചം.

'മുദ്രവെച്ച' നിയമശാസ്​ത്രത്തിൽ പലപ്പോഴും അഭയം തേടുന്നതാണ്​ ജസ്റ്റീസ്​ ഗൊഗോയ്​യുടെ രീതി. അതുവഴി മുദ്രവെച്ച കവറുകളിൽ വിവരങ്ങൾ നൽകാൻ സർക്കാറിനെ അനുവദിച്ചു. നൽകിയ വിവരങ്ങളുടെ പകർപ്പ്​ ബന്ധപ്പെട്ട കക്ഷികൾക്ക്​ നൽകാതെ സൂക്ഷിച്ചു. ​െപാതുനീതിപീഠത്തിനുണ്ടാകേണ്ട സുതാര്യതയെന്ന അടിസ്​ഥാന തത്ത്വം അങ്ങനെ ഇവിടെ ഉല്ലംഘിക്കപ്പെട്ടു.

സർക്കാർ നാമനിർദേശം അംഗീകരിച്ച്​ ജസ്റ്റീസ്​ ഗൊഗോയ്​ പറഞ്ഞത്​, തനിക്ക്​ സ്വന്തം സേവനങ്ങൾ പാർലമെന്‍റിന്​ നൽകാനാവുമെന്നായിരുന്നു. എന്തു സേവനമാ​ണാവോ ഈ പാർലമെ​േന്‍ററിയൻ ഗൊഗോയ്​യുടെത്​? ഉത്തരവും മുദ്രവെച്ച കവറിലാകാം....


കടപ്പാട്​: thewire.in

മൊഴിമാറ്റം: കെ.പി മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sealed Cover MP: The Silence of Parliamentarian Ranjan Gogoi
Next Story