Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇസ്ലാമിക പ്രസ്ഥാനത്തെ...

ഇസ്ലാമിക പ്രസ്ഥാനത്തെ താറടിക്കാൻ സലഫിസത്തെ വെള്ളപൂശുമ്പോള്‍

text_fields
bookmark_border
ഇസ്ലാമിക പ്രസ്ഥാനത്തെ താറടിക്കാൻ സലഫിസത്തെ വെള്ളപൂശുമ്പോള്‍
cancel

ദുനിയാവിലെവിടെയെങ്കിലും മുസ്ലിം നാമധാരികളില്‍നിന്ന് തീവ്രവാദമോ ഭീകരതയോ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടാല്‍ അതിന്‍െറ ഉത്തരവാദിത്തം സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി (ചരമം 1979)ക്കും ജമാഅത്തെ ഇസ്ലാമിക്കും തന്നെ. കേരളത്തിലെ മതേതര മുസ്ലിം ചാവേറുകള്‍ക്ക് അതില്‍ സംശയമേ ഇല്ല. മൗദൂദിയോടും ജമാഅത്തിനോടുമുള്ള കുടിപ്പക അവരുടെ തലച്ചോറുകളില്‍ അടിയുറപ്പിക്കപ്പെട്ടതാണ് കാരണം. രൂപവത്കരണത്തിന്‍െറ 75 വര്‍ഷം പിന്നിടുന്ന ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമികപ്രസ്ഥാനം നാളിതുവരെ ജനാധിപത്യപരമായും സമാധാനപരമായുമാണ് പ്രവര്‍ത്തിച്ചു വന്നിട്ടുള്ളത് എന്നത് വെറും അവകാശവാദമല്ല. സര്‍ക്കാറുകളുടെ ഏജന്‍സികള്‍ അരിച്ചുപെറുക്കി നടത്തിയ അന്വേഷണങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞ വസ്തുതയാണ്. സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി നേരിട്ട് നേതൃത്വം നല്‍കിയ പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമിയെ 1964ല്‍ ജനറല്‍ മുഹമ്മദ് അയ്യൂബ് ഖാന്‍െറ പട്ടാള ഭരണകൂടം നിരോധിച്ചതിനെ തുടര്‍ന്ന് അതിനെതിരെ സംഘടന സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ലഭിച്ച വിധി നിരോധം തീര്‍ത്തും നിയമവിരുദ്ധവും അന്യായവുമാണെന്നായിരുന്നു. 

സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി
 

1992ല്‍ നരസിംഹറാവുവിന്‍െറ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചപ്പോഴും അതിനെതിരെ നല്‍കിയ ഹരജി പരിശോധിച്ച സുപ്രീംകോടതി സര്‍ക്കാറിന്‍െറ എല്ലാ വാദമുഖങ്ങളും തള്ളി ജമാഅത്തിനെ കുറ്റമുക്തമാക്കുകയായിരുന്നു. ഇത്രയും അഗ്നിശുദ്ധി വരുത്തിയ ഒരു പ്രസ്ഥാനവും ഇന്ത്യാ ഉപഭൂഖണ്ഡത്തിലില്ളെന്നിരിക്കെ അടിസ്ഥാനരഹിതമായ ദുരാരോപണങ്ങള്‍ പിന്‍വലിച്ചു ആശയസംവാദത്തിന്‍െറ നേരായ വഴി തേടുകയായിരുന്നു ആര്‍ജവമുണ്ടെങ്കില്‍ ഹമീദ് ചേന്ദമംഗലൂര്‍ മുതല്‍ കെ.എം. ഷാജി വരെയുള്ളവര്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷേ, വെള്ളം ചേര്‍ക്കാത്ത കള്ളങ്ങളിലും ദുര്‍വ്യാഖ്യാനങ്ങളിലും അഭയം തേടുകയല്ലാതെ ഇത്തരക്കാര്‍ക്ക് നിര്‍വാഹമില്ല. ആര്യാടന്‍ ഷൗക്കത്തും കെ.എം. ഷാജിയും പഴകിപ്പുളിച്ച ആരോപണങ്ങളാണ് മൂന്ന്-നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആവര്‍ത്തിക്കുന്നത് എന്ന് ഓര്‍മപ്പെടുത്തട്ടെ. സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന് നെറ്റിത്തടത്തില്‍ എഴുതിവെച്ച മലയാളത്തിലെ ദേശീയ പത്രം ഈ വിദ്വേഷ പ്രചാരണത്തിന് സ്ഥിരമായി വേദിയൊരുക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മൗലികാടിത്തറയായ മതേതര ജനാധിപത്യത്തെ പാടെ നിരാകരിക്കുന്ന തീവ്രഹിന്ദുത്വശക്തികള്‍ രാജ്യത്ത് അധികാരമേറ്റ മുതല്‍ നിരന്തരം അസഹിഷ്ണുത പ്രസരിപ്പിക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം ഉരിയാടാന്‍ തയാറില്ളെന്നതോ പോകട്ടെ, പ്രത്യക്ഷമായും പരോക്ഷമായും അതിനെ പിന്തുണക്കുക കൂടി ചെയ്യുമ്പോഴാണ് ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷ ജനാധിപത്യത്തെ നിരാകരിക്കുന്നുവെന്ന ദീനവിലാപം.

സിറിയയിലും ഇറാഖിലും അശാന്തി വിരിക്കുന്ന ഐ.എസ് ഇസ്ലാമല്ല എന്ന് പ്രഖ്യാപിച്ച് കേരളത്തിലുടനീളം ഒന്നാമതായി കാമ്പയിന്‍ നടത്തിയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി.  മനുഷ്യനും മനുഷ്യജീവനും  അഭിമാനത്തിനും പരമാവധി വിലകല്‍പിക്കുന്ന ഇസ്ലാമില്‍ ഹിംസയോ ബലപ്രയോഗമോ, പരമത വിദ്വേഷമോ ഇല്ളെന്ന സത്യം ലോകത്തെ ധരിപ്പിക്കാന്‍ ശതക്കണക്കില്‍ ഗ്രന്ഥങ്ങള്‍ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച ജമാഅത്തെ ഇസ്ലാമിയാണ്, അറുപതുകളില്‍ കേരളത്തില്‍ ഇദംപ്രഥമമായി അതിന്‍െറ സംസ്ഥാന സമ്മേളന വേദിയിലും തുടര്‍ന്ന് ഒട്ടനവധി സെമിനാറുകളിലും സിമ്പോസിയങ്ങളിലും അമുസ്ലിം ബുദ്ധിജീവികളെയും സാംസ്കാരിക നേതാക്കളെയും മതാചാര്യന്മാരെയും സംഘടനാനേതാക്കളെയും ക്ഷണിച്ചുവരുത്തി അവര്‍ക്ക് പറയാനുള്ളത് പതിനായിരങ്ങളെ കേള്‍പ്പിച്ചതും ഇസ്ലാമിനെ പരിചയപ്പെടുത്തിയതും. അന്നത് അനിസ്ലാമികമെന്നും അനുചിതമെന്നും വിധിയെഴുതിയവരാണ് സലഫികള്‍.

ഇവരൊക്കെ സഹിഷ്ണുതയുടെ ഉദാത്ത മാതൃകകള്‍! തന്‍െറ വോട്ട് ബാങ്ക് സംരക്ഷിക്കാനായി സലഫികളെ മൂന്നായി തരംതിരിച്ച ഷാജി രാഷ്ട്രീയ ആക്ടിവിസത്തില്‍നിന്ന് മാറിനില്‍ക്കുകയും ഖുര്‍ആനും നബിചര്യയുമനുസരിച്ച് ലോകത്തെവിടെയും ജീവിക്കാമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒന്നാമത്തെ വിഭാഗത്തില്‍ കേരള സലഫികളെ മാര്‍ഗം കൂട്ടൂന്നു. അപ്പോഴും ഗള്‍ഫ് സലഫികളെയും സൗദി സലഫികളെയും കേരള സലഫികള്‍ എങ്ങനെ കാണുന്നു എന്ന് സൂചിപ്പിക്കുകപോലും ചെയ്യുന്നില്ല. സലഫികളിലെ രണ്ടും മൂന്നും വിഭാഗങ്ങളെ തള്ളിപ്പറയുന്ന കെ.എം. ഷാജി അവരാണ് സൗദിയിലും ഗള്‍ഫിലും ഉള്ളതെന്നും അവരെ തള്ളിപ്പറയുന്നില്ളെന്ന് മാത്രമല്ല, അവരില്‍നിന്ന് നിരന്തരം സഹായം സ്വീകരിക്കുകയും ചെയ്യുന്നുണ്ട് കേരള സലഫികളെന്നും മന$പൂര്‍വം മറക്കുന്നു. ഇപ്പോള്‍ കേരള പൊലീസ് പിടികൂടി കേസെടുത്തിരിക്കുന്ന സലഫികള്‍ നടത്തുന്ന എറണാകുളത്തെ പീസ് സ്കൂളിലെ പാഠപുസ്തകത്തിലെ വിവാദപരമായ പരാമര്‍ശങ്ങള്‍ തന്നെയും ഗള്‍ഫ് സലഫികളുടേത് അപ്പടി പകര്‍ത്തിയതുമൂലം സംഭവിച്ചതാണെന്ന് വ്യക്തം.

ഹാകിമിയ്യത്ത് അഥവാ പരമാധികാരം എന്ന സങ്കല്‍പം സാമ്പ്രദായിക സലഫിസത്തിന്‍െറ ആശയമല്ളെന്നും പ്രസ്തുത ആശയത്തിന് സവിശേഷ ഊന്നല്‍ കൊടുത്തതും പ്രചാരം നല്‍കിയതും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദിയാണെന്നും ആരെയോ ഉദ്ധരിച്ച് തട്ടിമൂളിക്കാന്‍ ശ്രമിക്കുന്ന ഷാജി, മൗദൂദിക്ക് എത്രയോ മുമ്പ് മഹാപണ്ഡിതന്‍ ശാഹ് വലിയുല്ലാഹിദ്ദഹ്ലവിയും ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്‍െറ അമരക്കാരനും സലഫി ചിന്താഗതിക്കാരനുമായിരുന്ന മൗലാന അബുല്‍ കലാം ആസാദും ഹാകിമിയ്യത്ത് അവതരിപ്പിച്ചിട്ടുണ്ടെന്ന വസ്തുത കാണാതെപോയി. ആസാദിന്‍െറ വാക്കുകള്‍: ‘ഇന്ന് ദൈവാധിപത്യവും മനുഷ്യാധിപത്യങ്ങളും തമ്മില്‍ ഒരുഗ്ര സംഘട്ടനം നടക്കുകയാണ്. പിശാചിന്‍െറ സിംഹാസനം ഏറ്റവും വലിയ ഭൂഭാഗങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അവന്‍െറ തറവാട്ടു സ്വത്ത് തന്‍െറ ആരാധകരില്‍ ഭാഗിക്കപ്പെട്ടിരിക്കുന്നു. ദജ്ജാലിന്‍െറ സൈന്യം നാനാഭാഗത്തും വ്യാപിച്ചിരിക്കുകയാണ്. ദൈവിക ഭരണത്തെ സംഹരിച്ച് കളയാനാണ് ഈ പൈശാചികാധിപത്യങ്ങള്‍ ആഗ്രഹിക്കുന്നത്.’

‘ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭൂമിയുടെ ഒരു പ്രത്യേക ഭാഗത്ത് മാത്രമല്ല എല്ലായിടത്തും ഇതേ സംഘട്ടനം നടന്നുകൊണ്ടിരിക്കുമ്പോള്‍ സത്യദീനിന്‍െറ അനുയായികള്‍ ഏത് ചേരിയിലാണ് ചേരുന്നത്? അധര്‍മകാരിയായ ദജ്ജാലിന്‍െറ ആധിപത്യ ചേരിയിലോ ദൈവാധിപത്യത്തിന്‍െറ ചേരിയിലോ?’ (അല്‍ ഹിലാല്‍ 1914 ജൂലൈ).

മൂല്യനിഷ്ഠ ജനാധിപത്യം
അല്ളെങ്കിലും മതേതരത്വത്തിന്‍െറ നിലവിലെ വിപണിമൂല്യം കണ്ടറിഞ്ഞ് അതിന്‍െറ ഉല്‍പത്തിയോ വിവക്ഷയോ യഥാര്‍ഥ പശ്ചാത്തലമോ മനസ്സിലാക്കാതെ ഇസ്ലാമിനെ മതേതരമാക്കാന്‍ മിനക്കെട്ടിറങ്ങിയ ചാവേറുകള്‍ക്ക് ദൈവാധിപത്യം, ദൈവരാജ്യം തുടങ്ങിയ സങ്കല്‍പങ്ങളുടെ പകര്‍പ്പാവകാശം മൗദൂദിയുടെ മേല്‍ വെച്ചുകെട്ടി കൈയടി വാങ്ങണമെന്നേയുള്ളൂ. ഒരുവിധ മൂല്യബോധമോ ധാര്‍മികതയോ നൈതികയോ ഇല്ലാതെ ജനാധിപത്യത്തിന്‍െറ പേരില്‍ തികഞ്ഞ പണാധിപത്യവും ക്രിമിനലിസവും അരാജകത്വവും സ്വജനപക്ഷപാതവും തിമിര്‍ത്താടുമ്പോള്‍, മൂല്യനിഷ്ഠമായ ജനാധിപത്യം മാത്രമേ സ്വീകാര്യമാവൂ എന്ന മൗദൂദിയുടെ വീക്ഷണത്തെ നൂറ് ശതമാനവും ശരിവെക്കാന്‍ മനുഷ്യസ്നേഹികള്‍ നിര്‍ബന്ധിതരാണ്. ഏകാധിപത്യത്തിനും സര്‍വാധിപത്യത്തിനുമെതിരെ ജനപ്രതിനിധികളെ സ്വതന്ത്രമായി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് ഇസ്ലാമിലുള്ളതെന്ന് പ്രതിയോഗികള്‍ ഉദ്ധരിക്കുന്ന കൃതികളില്‍ത്തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘വിവേകമുള്ള ആരും ഇന്ത്യന്‍ ജനാധിപത്യത്തെ എതിര്‍ക്കുകയും പകരം രാജാധിപത്യമോ സ്വേച്ഛപ്രഭുത്വമോ മറ്റേതെങ്കിലുമൊരു ഭരണസമ്പ്രദായമോ സ്വീകരിക്കണമെന്ന് പറയുകയുമില്ല’ (മുസല്‍മാന്‍ ഒൗര്‍ മൗജുദ സിയാസി കശ്മകശ്).

ശൈഖ് മുജീബ്റഹ്മാനുംസുൾഫിക്കർ അലി ഭൂട്ടോയും
 


പാകിസ്താന്‍ നിലവില്‍വന്നത് മുതല്‍ തന്‍െറ മരണം വരെ പട്ടാള ഭരണത്തിനെതിരെ ജനാധിപത്യ സംസ്ഥാപന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മൗദൂദി, 1970ലെ പൊതുതെരഞ്ഞെടുപ്പില്‍ കിഴക്കന്‍ പാകിസ്താനില്‍നിന്ന് മാത്രം കിട്ടിയ 166 സീറ്റുകളുടെ പിന്‍ബലത്തില്‍  മന്ത്രിസഭ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ച അവാമി ലീഗ് സുപ്രീമോ ശൈഖ് മുജീബുര്‍റഹ്മാന്‍െറ ആവശ്യത്തെ ജനാധിപത്യത്തിന്‍െറ താല്‍പര്യം മാനിച്ച് കലവറയില്ലാതെ പിന്താങ്ങിയ പശ്ചിമ പാകിസ്താനിലെ ഒരേയൊരു നേതാവാണ് എന്നതും മറക്കരുത്. അതിനെ ശക്തിയായെതിര്‍ത്ത് രാജ്യത്തെ പിളര്‍പ്പിലേക്കും യുദ്ധത്തിലേക്കും നയിച്ചത് തികഞ്ഞ സെക്കുലറിസ്റ്റ് സുല്‍ഫിക്കര്‍ അലി ഭുട്ടോയും.’

മതനിരാസപരമായ സെക്കുലറിസത്തെയാണ് മൗദൂദിയും ജമാഅത്തും എതിര്‍ത്തതെന്ന് പ്രതിയോഗികള്‍ എടുത്തുകാട്ടുന്ന കൃതികള്‍ തന്നെ സാക്ഷ്യംവഹിക്കുന്നു. മതം വേണമെന്നുള്ളവര്‍ക്ക് അത് സ്വകാര്യജീവിതത്തില്‍ മാത്രമാവാം എന്ന പാശ്ചാത്യ സങ്കല്‍പത്തോട് വിയോജിക്കാതിരിക്കാന്‍ ഒരു ഇസ്ലാമിക സംഘടനക്കും സാധ്യമല്ല. അതേസമയം,  സ്വാതന്ത്ര്യത്തിനുമുമ്പ് മൗദൂദി ചെയ്ത പ്രസംഗങ്ങളിലും എഴുതിയ ലേഖനങ്ങളിലും കയറിപ്പിടിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഷൗക്കത്ത്, ഷാജി പ്രഭൃതികള്‍. സ്റ്റേറ്റിന് ഒരു മതത്തോടും പ്രത്യേകമായ അടുപ്പമോ വെറുപ്പോ ഉണ്ടാവരുതെന്നും എല്ലാ മതങ്ങള്‍ക്കും തുല്യമായ സ്വാതന്ത്ര്യം അനുവദിക്കുമെന്നും ആധികാരികമായി വിശദീകരിക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷതയെയല്ല മൗദൂദി എതിര്‍ത്തത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അത്തരമൊരു മതനിരപേക്ഷതയെ അംഗീകരിക്കുന്നുവെന്ന് കെ.എം. ഷാജി അവലംബിച്ച തല്‍മീസ് അഹമദ് തന്നെ തന്‍െറ ‘An introduction to contemporary Islamic Groups and Movements in India’ എന്ന കൃതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്‍െറ മറ്റൊരു നിരീക്ഷണവും ഇവിടെ പ്രസക്തമാണ്.

‘തന്‍െറ ദര്‍ശനത്തില്‍ ആത്യന്തികത ഉണ്ടായിരിക്കെ രാഷ്ട്രീയത്തോടുള്ള മൗദൂദിയുടെ സമീപനം തന്‍െറ പ്രവര്‍ത്തനത്തിലുടനീളം മൗലികമായി സമാധാനപരമായിരുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥയെ വീഴ്ത്താന്‍ ജനങ്ങളെ ഇളക്കുന്നതിലൂടെ സാമൂഹിക പരിവര്‍ത്തനം സഫലമാവില്ല എന്ന വിശ്വാസം അദ്ദേഹം വെച്ചുപുലര്‍ത്തി. പ്രത്യുത, രാഷ്ട്രീയശക്തി കേന്ദ്രങ്ങള്‍ ഏറ്റെടുത്തു മീതെനിന്ന് താഴെവരെ വ്യാപകമായ പരിഷ്കരണം നടത്തുന്നതിലൂടെയേ അത് സാധ്യമാവൂ. നിലവിലുള്ള രാഷ്ട്രീയഘടനയിലൂടത്തെന്നെ സാധിക്കണം ഇസ്ലാമികവിപ്ളവം; അവയെ തകര്‍ത്തുകൊണ്ടാവരുത് എന്നതായിരുന്നു മൗദൂദിയുടെ വിഭാവന. ഇസ്ലാമിക താല്‍പര്യങ്ങളെ മുന്നോട്ടുനയിക്കാന്‍ ഹിംസ ഉപയോഗിക്കുന്നതിനെ അദ്ദേഹം അധിക്ഷേപിച്ചു. ഇസ്ലാമിക സ്റ്റേറ്റിനെ ‘തിയോ ഡെമോക്രസി’ അഥവാ ‘ജനാധിപത്യപരമായ ഖിലാഫത്’ എന്നാണദ്ദേഹം നിര്‍വചിച്ചത്. സര്‍വോപരി, വിപ്ളവ പ്രവര്‍ത്തനത്തേക്കാള്‍ വിദ്യാഭ്യാസമായിരുന്നു ഇസ്ലാമിക ആക്ടിവിസത്തോടുള്ള അദ്ദേഹത്തിന്‍െറ സമീപനം (Ibid, പുറം 53, 54) ഏറ്റവും കൗതുകകരവും ശ്രദ്ധേയവുമായ വസ്തുത ഷാജി വെള്ളപൂശാന്‍ ശ്രമിച്ച കേരള സലഫികളുടെ പ്രമുഖ പ്രബോധകനും ഇപ്പോള്‍ പൊലീസ് കേസില്‍പെട്ട പീസ് സ്കൂളിന്‍െറ ഡയറക്ടറുമായ എം.എം. അക്ബര്‍ മതേതര ജനാധിപത്യത്തെ കുറിച്ച മൗദൂദിയുടെ അതേ വീക്ഷണം പങ്കിടുന്നുവെന്നുള്ളതാണ്. അക്ബര്‍ എഴുതി:

എം.എം അക്ബർ
 

‘‘ഇസ്ലാമികരാഷ്ട്രം തിയോക്രാറ്റിക് അല്ളെങ്കില്‍ പിന്നെ ഡെമോക്രാറ്റിക് ആണോ എന്ന ചോദ്യം പ്രസക്തമാണ്. ജനങ്ങള്‍ക്ക് അഭിപ്രായം പറയാനും നീതി നേടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തിനാണ് ഡെമോക്രാറ്റിക് എന്ന് പറയുന്നതെങ്കില്‍ ഇസ്ലാമിക രാഷ്ട്രം നൂറു ശതമാനവും ഡെമോക്രാറ്റിക് ആണെന്ന് പറയാവുന്നതാണ്. എന്നാല്‍, ജനഹിതത്തിന്‍െറ പേരില്‍ അധാര്‍മികതകളും അനാശാസ്യ പ്രവര്‍ത്തനങ്ങളും അനുവദിക്കപ്പെടുകയെന്നതാണ് ഡെമോക്രസി അര്‍ഥമാക്കുന്നതെങ്കില്‍ അതിന് ഇസ്ലാം നൂറ് ശതമാനം എതിരാണ്. ഇസ്ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രത്തില്‍ ജനഹിതം നടപ്പാക്കപ്പെടുകയുള്ളൂവെന്ന് സാരം. ഭൂരിപക്ഷം ജനങ്ങള്‍ വ്യഭിചാരംസാര്‍വത്രികമാക്കണമെന്ന് അഭിപ്രായം പറഞ്ഞാലും ഇസ്ലാമിക രാഷ്ട്രത്തില്‍ വ്യഭിചാരം അനുവദിക്കപ്പെടുകയില്ല. കാരണം, അത് വിശുദ്ധ ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന മൂല്യസങ്കല്‍പത്തിന് വിരുദ്ധമാണ്.

ഭൂരിപക്ഷത്തിന്‍െറ പിന്തുണ നേടിയെടുക്കാന്‍വേണ്ടി അവര്‍ക്കാവശ്യമുള്ളതെല്ലാം ചെയ്തുകൊടുക്കുകയെന്ന ജനായത്ത രാഷ്ട്രീയത്തിന്‍െറ കറുത്തമുഖം ഇസ്ലാമിക രാഷ്ട്രത്തിനുണ്ടാവുകയില്ല. അവിടെ ജനഹിതം പരിശോധിക്കപ്പെടുന്നത് വ്യക്തമായ ധാര്‍മിക നിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും. അതുകൊണ്ടുതന്നെ, ഭൂരിപക്ഷത്തിന് വേണ്ടി എന്ത് തോന്നിവാസവും ചെയ്യാന്‍  ഇസ്ലാമികരാഷ്ട്രത്തിലെ ഭരണാധികാരിക്ക് കഴിയില്ല. ഈ അര്‍ഥത്തില്‍ ഇസ്ലാമികരാഷ്ട്രം തിയോക്രസിക്കും ഡെമോക്രസിക്കും മധ്യേ ആണെന്നുപറയാം. ഈ രണ്ട് മീമാംസകളിലെയും നല്ലവശങ്ങള്‍ ഇസ്ലാമികരാഷ്ട്രം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് സാരം.’ (ഇസ്ലാമിക രാഷ്ട്രം: പ്രസക്തിയും പ്രയോഗവും- ജംഇയ്യതുല്‍ മുജാഹിദീന്‍ (അരീക്കോട്) സുവനീര്‍ 1995) ഇതിലപ്പുറം വല്ലതും എഴുതിയോ മൗദൂദി എന്ന് കെ.എം. ഷാജി പറയട്ടെ.

ജമാഅത്തെ ഇസ് ലാമിക്ക് ബീജാവാപം ചെയ്ത സയ്യിദ് അബുല്‍ അഅ്​ലാ മൗദൂദിയുടെ പ്രസ്ഥാനം മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും അതില്‍ നിന്നാരും ഐ.എസിലേക്കോ അല്‍ഖാഇദയിലേക്കോ  മറ്റു തീവ്രവാദ കൂട്ടായ്മയിലേക്കോ പോയില്ല. പ്രസ്ഥാനം സ്വയം തീവ്രവാദപരിണാമത്തിന് വിധേയമായതുമില്ല. മറിച്ച് മൗദൂദീ കൃതികള്‍ വായിക്കുന്നതില്‍നിന്ന് തലമുറകളെ വിലക്കുകയും ലൈബ്രറികളില്‍നിന്നു പോലും അവ എടുത്തുമാറ്റുകയും ചെയ്ത സലഫികളില്‍നിന്നാണ് ഭീകരസംഘങ്ങള്‍ക്ക് ആളെ കിട്ടിയത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ‘മാതൃഭൂമി’യില്‍ ലേഖനങ്ങളെഴുതിയ കെ.എന്‍.എം പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനിയും ആര്യാടന്‍ ഷൗക്കത്തും കെ.എം. ഷാജിയും വിശദീകരിക്കണം. മുസ്ലിം ലീഗ് നേതാവും നിയമസഭാംഗവുമായ കെ.എം. ഷാജി ഏറെ അഭിമാനത്തോടെ ഓര്‍മിപ്പിച്ച ഒരു കാര്യമുണ്ട്. 2011ലെ തെരഞ്ഞെടുപ്പില്‍ അഴീക്കോട് നിന്ന് മത്സരിച്ചപ്പോള്‍ അദ്ദേഹം അസന്ദിഗ്ധമായി പറഞ്ഞകാര്യം ആയിരം തെരഞ്ഞെടുപ്പുകള്‍ തോറ്റാലും തീവ്രവാദികളുടെ വോട്ട് വേണ്ട എന്നായിരുന്നുവത്രെ. 2016ലും അതേ മണ്ഡലത്തില്‍ അതേ കാര്യം ഷാജി ആവര്‍ത്തിച്ചു.

മത തീവ്രവാദികള്‍ തനിക്കെതിരെ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു എന്നിട്ടും അദ്ദേഹം ജയിച്ചുവെന്ന്. ബലേഭേഷ്! തീര്‍ച്ചയായും ഗംഭീര വിജയം. പക്ഷേ, എങ്ങനെ? ആര്‍.എസ്.എസ് വോട്ടുകള്‍ അദ്ദേഹത്തിന്‍െറ രക്ഷക്കത്തെി. കാരണം, പ്രചാരണത്തില്‍ ഷാജി പറഞ്ഞതുതന്നെ. ‘മറ്റെല്ലായിടത്തും ഹിന്ദു ഫാഷിസമാവാം മുഖ്യ ശത്രു. കണ്ണൂരില്‍ അത് സി.പി.എം ആണ്!’ അദ്ദേഹത്തിന്‍െറ മുഖ്യ പ്രതിയോഗി നികേഷ് കുമാര്‍ പോളിങ്ങിന് രണ്ടുദിവസം മുമ്പേ ആര്‍.എസ്.എസ്.എസുകാര്‍ ഷാജിയെ ജയിപ്പിക്കുമെന്ന് ഈ ലേഖകനോട് പറഞ്ഞിരുന്നതാണ്. എന്നാലെന്താ ‘മുസ്ലിം തീവ്രവാദികളേക്കാള്‍’ ഭേദം ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ തന്നെ എന്നാവും. അവര്‍ക്ക് കാത്തുസൂക്ഷിക്കാന്‍ കണ്ണില്‍ മറ്റൊരു കൃഷ്ണമണി കൂടി.

Show Full Article
TAGS:km shaji aryadan shoukath abul ala maududi 
Next Story