Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightശബരിമലയും ബ്രാൻഡ്നെയിം...

ശബരിമലയും ബ്രാൻഡ്നെയിം രാഷ്ട്രീയവും

text_fields
bookmark_border
ശബരിമലയും ബ്രാൻഡ്നെയിം രാഷ്ട്രീയവും
cancel

ഒറ്റ ശരണംവിളിയില്‍ പതിനായിരക്കണക്കിന് ആളുകളെ- പ്രത്യേകിച്ചും സ്ത്രീകളെ-ചാവാനും കൊല്ലാനും തയാറായി തെരുവിലി റക്കാന്‍ കഴിയുക! പ്രധാനപ്പെട്ട വാര്‍ത്താമാധ്യമങ്ങളെല്ലാം യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ ആവതും പരിശ്രമിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാതെ ജനക്കൂട്ടം ഈയാംപാറ്റകളെപ്പോലെ കള്ളപ്രചരണങ്ങള്‍ക്കുപിന്നാലെ ഓടുക, എന്താണ് സത്യം എന്ന് നേരത്തേ മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞവരെപ്പോലെ സ്വന്തം ധാരണകള്‍ക്കെതിരായി കേള്‍ക്കുന്നതൊന്നും ഉള്ളിലേക്കെടുക്കാതെ നിരാകരിക്കുക. ഇതൊക്കെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയിലും പരിസരത്തും കണ്ടുകൊണ്ടിരിക്കുന്നത്.

മാസ് കമ്മ്യൂണിക്കേഷനില്‍ കൊഗ്നിറ്റീവ് ഡിസൊണന്‍സ് തിയറിയെക്കുറിച്ചു പറയാറുണ്ട്. ഒരു വ്യക്തിയെക്കുറിച്ച് പരസ്പരവിരുദ്ധമായ രണ്ടു ധാരണകള്‍ ഒരേസമയം വെച്ചു പുലര്‍ത്തേണ്ടിവരുന്നതിലെ മനഃശാസ്ത്രപരമായ വൈരുദ്ധ്യത്തെക്കുറിച്ചാണ് ഈ തിയറി വിശദീകരിക്കുന്നത്. അങ്ങനെയൊരു വൈരുദ്ധ്യം നമ്മുടെ മസ്തിഷ്‌കത്തിന് പൊരുത്തപ്പെടാനാവില്ല, അതുകൊണ്ട് വൈരുദ്ധ്യം ഇല്ലാതാക്കാന്‍ മനസ്​ വഴികണ്ടെത്തും എന്നാണ് കൊഗ്നിറ്റീവ് ഡിസൊണന്‍സ് തിയറിയുടെ ചുരുക്കം. ഉദാഹരണത്തിന് ഒരാളെ നമുക്ക് ഇഷ്ടമാണ് പക്ഷേ അയാളുടെ ചില ദുശ്ശീലങ്ങള്‍ നമുക്ക് ഇഷ്ടമല്ല. ഇങ്ങനെ വരുമ്പോള്‍, സ്വന്തം വിശ്വാസങ്ങളില്‍ സമതുലിതാവസ്ഥ പാലിക്കാന്‍ നമ്മുടെ മനസ്​ ശ്രമിച്ചുകൊണ്ടിരിക്കും. രണ്ടു രീതിയിലാണ് ഇത് സംഭവിക്കുക. ദുശ്ശീലങ്ങള്‍ ബോധ്യപ്പെട്ട സ്ഥിതിക്ക് ഇഷ്ടം കുറയുക എന്നതാണ് ഒരു മാര്‍ഗം. പക്ഷേ ഇഷ്ടം അത്രയും ശക്തമാണെങ്കില്‍ മറ്റൊരു തരത്തിലും നമ്മുടെ മനസ്സ് പ്രവര്‍ത്തിക്കും. ദുശ്ശീലങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളെ മനസ്​ സ്വീകരിക്കാതിരിക്കുക എന്നതാണ് ആ രണ്ടാമത്തെ മാര്‍ഗം. ഭക്തിയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വാസത്തി​​​​​​െൻറ പക്ഷംനില്‍ക്കുന്നവര്‍ക്കെതിരായി മുന്നില്‍വരുന്ന വസ്തുനിഷ്ഠയാഥാര്‍ഥ്യങ്ങള്‍ എത്രതന്നെ തെളിയിക്കപ്പെട്ടാലും വിശ്വാസികള്‍ അവയൊന്നും ബുദ്ധിയിലേക്ക് സ്വീകരിക്കാതിരിക്കുക എന്നതാണ് സംഭവിക്കുക. കൊഗ്നിറ്റീവ് ഡിസൊണന്‍സി​​​​​​െൻറ ഏറ്റവും വ്യക്തമായ തെളിവാണ് ഇപ്പോള്‍ ശബരിമലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Sreedharan-Pillai-PS

ഇതൊരു നല്ല അവസരമാണെന്നും ബി.ജെ.പി ഈ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും തങ്ങളുടെ അജണ്ടയിലേക്ക് ഒരോരുത്തരായി വന്നു വീഴുകയായിരുന്നു എന്നും, സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാതിരിക്കാന്‍ തന്ത്രിയെ ഉപദേശിച്ചത് താനാണ് എന്നുമൊക്കെ ബി.ജെ.പിയുടെ സംസ്ഥാനപ്രസിഡൻറ്​ നേരിട്ടുനിന്നു പറഞ്ഞാലും ഭക്തജനങ്ങള്‍ അതൊന്നും കേള്‍ക്കില്ല. അഥവാ കേട്ടാലും അവരുടെ മനസിലേക്ക്​ അതൊന്നും പ്രവേശിക്കുകയില്ല.

സാധാരണനിലയില്‍ ഒരു സമരപരിപാടിയില്‍ ആളുകളെ പങ്കെടുപ്പിക്കാനുള്ള ബുദ്ധിമുട്ട് സമരം നടത്തി പരിചയമുള്ളവര്‍ക്കറിയാം. മിലിട്ടറി ചിട്ടയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പോലും ഒരു പ്രക്ഷോഭം സംഘടിപ്പിക്കണമെങ്കില്‍ ദിവസങ്ങളോളം പ്ലാന്‍ ചെയ്ത് പ്രവര്‍ത്തിക്കണം. ലക്ഷക്കണക്കിന് രൂപയുടെ ചെലവുണ്ട്. നോട്ടീസ്, ബാനർ, ഫ്ലക്‌സ് ബോര്‍ഡുകള്‍, പത്രസമ്മേളനം, ചുമരെഴുത്തുകള്‍ എന്നിങ്ങനെ പ്രചരണപരിപാടികളുടെ ഘോഷയാത്ര. ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ചാലും ചിലപ്പോള്‍ വേണ്ടത്ര ആളുകള്‍ പങ്കെടുക്കാത്തതുകാരണം സമരം ശ്രദ്ധിക്കപ്പെടാതെ പോയെന്നും വരാം.

sabarimala-devotees

എന്നാല്‍, അത്ഭുതം എന്നല്ലാതെ എന്തു പറയാന്‍! ശബരിമലപോലെയുള്ള വിഷയങ്ങളില്‍ ഇതൊന്നും വേണ്ടിവരുന്നില്ല. ഗുഹക്കകത്ത് പുകയിട്ട് മുള്ളന്‍പന്നിയെ പുറത്തു ചാടിക്കുന്നതുപോലെ ഭക്തജനങ്ങള്‍ വീട്ടില്‍ നില്‍ക്കാനാവാതെ ഓടി തെരുവിലെത്തുകയാണെന്നു തോന്നും. രാമജന്മഭൂമിയും ഇതുപോലെ അളയില്‍കുത്തി, ലക്ഷക്കണക്കായ വിശ്വാസികളെ പുറത്തുചാടിക്കുകയുണ്ടായി. ആ വെപ്രാളപ്പാച്ചില്‍ ഒടുക്കം ചെന്നവസാനിച്ചത് ഇന്ത്യാരാജ്യത്തി​​​​​​െൻറ ഭരണം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ ഏല്‍പ്പിക്കുന്നതിലാണ്. അടുത്ത തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്ക് വീണ്ടും രാമജന്മഭൂമി സജീവമായിരിക്കുന്നു. ഇത്തരം വെപ്രാളപ്പാച്ചിലുകള്‍ രാഷ്ട്രീയത്തില്‍ ഏറെയാരും ശ്രദ്ധിക്കാതെ പോകുന്നെങ്കിലും ആഗോള മാര്‍ക്കറ്റില്‍ ഇത് നേരത്തെ ശ്രദ്ധിച്ചതും പഠനവിധേയമാക്കിയതുമായ തന്ത്രം തന്നെയാണ്.

ഉല്‍പന്നങ്ങളല്ല, ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വാണിജ്യമുദ്ര (Brand Name) യാണ് പുതിയ കാലത്തെ പ്രധാന ഉല്‍പന്നം എന്ന്, 'നോ ലോഗോ' എന്ന പുസ്തകത്തില്‍, അമേരിക്കന്‍ ജേണലിസ്റ്റും എഴുത്തുകാരിയുമായ നിയോമി ക്ലെയിം അഭിപ്രായപ്പെടുന്നുണ്ട്. വ്യാവസായിക വിപ്ലവത്തിനുശേഷം ഉല്‍പാദനം ധാരാളമായി വര്‍ധിച്ചു. പക്ഷേ വലിയ വലിയ ഫാക്ടറികള്‍, കോടിക്കണക്കിന് രൂപയുടെ മൂലധനശേഖരണം, അസംസ്‌കൃത പദാര്‍ഥങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണം, ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതുമൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ജനങ്ങളുടെ പ്രതിഷേധ സമരങ്ങള്‍, ആയിരക്കണക്കിന് തൊഴിലാളികള്‍, അവരുടെ സേവനവേതന വ്യവസ്ഥകള്‍, അതിനിടയിലെ തര്‍ക്കങ്ങളും പരിഹാരചര്‍ച്ചകളും തുടങ്ങി ഉല്‍പാദനപ്രക്രിയ എന്നത് വെല്ലുവിളകള്‍ ഏറെയുള്ള മേഖലയായി. പരസ്യങ്ങളും ഗതാഗതവുമടക്കം, നിര്‍മിച്ച ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് ഇതിലേറെ പ്രയാസകരം.

sabarimala

എന്നാല്‍, ആഗോളവല്‍ക്കരണത്തി​​​​​​െൻറ പുതിയകാലത്ത് ബ്രാൻറ്​ നെയിം ഉല്‍പാദിപ്പിക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകളൊന്നുമില്ല. നിരവധി മൂന്നാം ലോക രാജ്യങ്ങളില്‍, പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഷെഡ്ഡുകളിലും കുടിലുകളിലുംവെച്ച് ദരിദ്രരായ മനുഷ്യര്‍ തുച്ഛമായ വേതനം പറ്റി, അങ്ങേയറ്റം ദരിദ്രമായ ചുറ്റുപാടുകളില്‍ നിര്‍മിച്ചെടുക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ അവരുടെ ബ്രാൻറ്​ നെയിം (വാണിജ്യമുദ്ര) ചാര്‍ത്തുന്നതോടെ വരേണ്യവല്‍ക്കരിക്കപ്പെടുകയും, പറയുന്ന വിലകൊടുത്ത് അവ വാങ്ങിക്കൂട്ടാന്‍ സമ്പന്നരും ദരിദ്രരും ഒരുപോലെ മത്സരിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍, ഗുണമുള്ള വസ്തുക്കള്‍ക്ക് ചില പ്രത്യേക ബ്രാൻറ്​ നെയിം നൽകുകയും വലിയ വില നിശ്ചയിക്കുകയും അങ്ങനെ ബ്രാൻറ്​ നെയിം മാത്രം നോക്കി ആളുകള്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതോടെ ബ്രാൻറ്​ നെയിമും വലിയ വിലയും മാത്രം നിലനിര്‍ത്തി ഗുണനിലവാരം ഹരിച്ചുകളയുകയും ചെയ്യുന്ന കച്ചവടതന്ത്രമാണ് കോര്‍പ്പറേറ്റുകള്‍ പ്രയോഗിക്കുന്നത്. ഇപ്പോള്‍ കോടിക്കണക്കിന് രൂപക്കാണ് ഉല്‍പന്നങ്ങളുടെ ബ്രാൻറ്​ നെയിമി​​​​​​െൻറ വില്‍പന നടത്തുന്നത്.

ഉല്‍പാദനമേഖലയിലുണ്ടാകുന്ന തൊഴില്‍ തര്‍ക്കങ്ങളും പാരിസ്ഥിതികപ്രശ്‌നങ്ങളുമൊക്കെ ഈ വ്യവസ്ഥിതിയില്‍ ഇടനിലക്കരാറുകാരുടെ മാത്രം പ്രശ്‌നമായി ചുരുങ്ങിപ്പോകുന്നു. അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ ലംഘിക്കുകയോ മിനിമംവേതനം നൽകാതിരിക്കുകയോ ചെയ്തു എന്ന പരാതി ഏതെങ്കിലും ഉല്‍പാദകയൂണിറ്റിനെക്കുറിച്ച് ഉയര്‍ന്നുവന്നാല്‍ പോലും അത് ബ്രാൻറ്​ നെയിം ഉടമകളായ വന്‍കിട കോര്‍പ്പറേറ്റുകളെ ബാധിക്കാനേ പോകുന്നില്ല. കരാര്‍ ലംഘിച്ച ഇടനിലക്കാരനെ മാറ്റി പകരം മറ്റൊരാളെ നിയമിച്ചിരിക്കുന്നു എന്ന ഒരു പരസ്യത്തിലൂടെ വന്‍കിടക്കാര്‍ നിയമബാധ്യതയില്‍നിന്നുപോലും രക്ഷപ്പെടുന്നു.

sabarimal-23

ബ്രാൻറിംഗ് എന്ന കച്ചവടതന്ത്രം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു ലാഭം കൊയ്യുന്നത് അമേരിക്കന്‍ പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപും, ട്രംപ് ഇൻറര്‍നാഷണല്‍ എന്ന അദ്ദേഹത്തി​​​​​​െൻറ തറവാട്ടുസ്ഥാപനവും തന്നെ. മറ്റുള്ളവര്‍ പണം ചെലവാക്കി നിര്‍മിച്ച് നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ട്രംപ് എന്ന ബ്രാൻറ്​ നെയിം ഉപയോഗിക്കാന്‍ ലൈസന്‍സ് നൽകിക്കൊണ്ട് തങ്ങളുടെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കാന്‍ ട്രംപ് ഒര്‍ഗനൈസേഷന്‍ തീരുമാനിക്കുന്നത് 2000ത്തിലാണ്. ഷിക്കാഗോ, ലാസ് വേഗാസ്, വാഷിങ്​ടണ്‍ ഡിസി, പനാമ സിറ്റി, ടൊറാ​േൻറാ, വാന്‍കൂവര്‍, ദുബൈ, ഹോണോലുലു. ഇസ്താന്‍ബുള്‍, മനില, മുംബൈ, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇങ്ങനെ മറ്റുള്ളവര്‍ നിര്‍മിച്ച സ്ഥാപനങ്ങളെ ട്രംപ് ഓര്‍ഗനൈസേഷന്‍ തങ്ങളുടെ വാണിജ്യമുദ്രചാര്‍ത്തി സ്വന്തമാക്കിയിട്ടുണ്ട്.

പൊതുവെ, റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് ട്രംപി​​​​​​െൻറ വ്യവസായമെങ്കിലും ഭക്ഷണ പദാര്‍ത്ഥങ്ങള്‍, വസ്ത്രം, ഫര്‍ണീച്ചറുകള്‍, വിവിധ കോഴ്‌സുകള്‍ തുടങ്ങി പല ഉപഭോക്തൃ വസ്തുക്കള്‍ക്കും ട്രംപ് എന്ന സ്ഥാപനത്തി​​​​​​െൻറ ബ്രാ​ൻറ്​ നെയിം 2010നുശേഷം വ്യാപകമായി വില്‍പ്പന നടത്തിവരുന്നു. ട്രംപ് എന്ന വാണിജ്യമുദ്രയുടെ ആകെ മൂല്യം മൂന്ന് ബില്യന്‍ (300 കോടി) ഡോളര്‍ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ട്രംപി​​​​​​െൻറ പേരിലുള്ള 50 ലധികം ബ്രാൻറുകളില്‍നിന്നും വര്‍ഷത്തില്‍ 590 ലക്ഷം ഡോളര്‍ വരുമാനമുണ്ടാക്കുന്നു എന്നാണ് വാഷിംടണ്‍ പോസ്റ്റി​​​​​​െൻറ ഒരു പഠനം വ്യക്തമാക്കുന്നത്. പൊളിഞ്ഞു പാളീസാവാന്‍ തുടങ്ങിയ ട്രംപ് ഇൻറര്‍നാഷണലി​​​​​​െൻറ ബ്രാൻറ്​ നെയിം ഇത്രയേറെ വിലപിടിപ്പുള്ളതാക്കിയത് അമേരിക്കന്‍ പ്രസിഡൻറായുള്ള ഡോണള്‍ഡ് ട്രംപി​​​​​​െൻറ സ്ഥാനാരോഹണമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..! 'ഇതുവരെ രാഷ്ട്രീയക്കാര്‍ക്ക് കൈക്കൂലി കൊടുത്ത് തങ്ങളുടെ കച്ചവട താൽപര്യങ്ങള്‍ സംരക്ഷിച്ചിരുന്ന അമേരിക്കന്‍ മുതലാളിത്തം ഇപ്പോള്‍ അമേരിക്കയുടെ ഭരണം നേരിട്ട് ഏറ്റെടുത്തിരിക്കുന്നു.' എന്നാണ് നിയോമി ക്ലെയിം ത​​​​​​െൻറ, 'നോ ഈസ് നോട്ട് ഇനഫ്'എന്ന പുതിയ കൃതിയില്‍ അഭിപ്രായപ്പെടുന്നത്.

trump-international

ഉല്‍പന്നത്തി​​​​​​െൻറ ഗുണമേന്മ വര്‍ദ്ധിപ്പിച്ചും, വില കുറച്ചും മാര്‍ക്കറ്റ് പിടിച്ചെടുക്കുക എന്ന പഴയ കച്ചവടതന്ത്രത്തിനുപകരം ബ്രാൻറ്​ നെയിംതന്നെ ഉല്‍പ്പന്നമായിമാറുന്ന പുതിയ കച്ചവടതന്ത്രം, മാര്‍ക്കറ്റില്‍നിന്നു നേരിട്ടു രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതി​​​​​​െൻറ തെളിവുകള്‍ ലോക രാഷ്ട്രീയത്തില്‍ ഇന്നൊരു പുതിയ വിഷയമേ അല്ല. രാമജന്മഭൂമി, അയോധ്യ, ബാബറുടെ അക്രമം, ഗോവധം എന്നിങ്ങനെ പലതരത്തില്‍, വിശ്വാസം എന്ന ബ്രാൻറിംഗിലൂടെ മനുഷ്യരെ വെകിളി പിടിപ്പിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനം ഇന്ത്യയില്‍ വിജയകരമായി നടത്തിയതി​​​​​​െൻറ ഫലമാണല്ലോ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി.

പശു ഇറച്ചി എന്നോ ഹിന്ദുവിശ്വാസം അപകടത്തില്‍ എന്നോ, ആചാരലംഘനം എന്നോ ലോകത്തി​​​​​​െൻറ ഏതെങ്കിലും ഒരു ഭാഗത്തിരുന്ന് ജപിച്ചു തുടങ്ങുമ്പോഴേക്കും പലഭാഗത്തുനിന്നുമായി വിശ്വാസികള്‍ക്ക് കുരുപൊട്ടിയൊലിക്കുക, അവര്‍ ഭ്രാന്ത്​ പിടിച്ചോടുക, ശത്രുവെന്നു തോന്നുന്നവരെയൊക്കെ കൈകാര്യം ചെയ്യുക തുടങ്ങിയ കൃത്യങ്ങള്‍ വളരെ എളുപ്പത്തില്‍, ആരുടേയും നേതൃത്വമോ പ്രേരണയോ ഇല്ലാതെതന്നെ സംഭവിച്ചുകൊള്ളും.

sabarimalawomenentry

മാത്രമല്ല, ആരാണ് കുറ്റകൃത്യം നിര്‍വഹിച്ചത് എന്ന് പലപ്പോഴും തിരിച്ചറിയാന്‍പോലും പറ്റില്ല. ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇടനിലക്കരാറുകാരെ കുറ്റപ്പെടുത്തി കോര്‍പറേറ്റുകള്‍ രക്ഷപ്പെടുന്നതുപോലെ, വികാരം വ്രണപ്പെട്ട വിശ്വാസികള്‍ എന്ന പൊതു ബാനറില്‍, ക്രിമിനല്‍ നടപടികള്‍ക്കു നേതൃത്വം നൽകിയ വര്‍ഗീയ രാഷ്ട്രീയ നേതൃത്വത്തിന് എളുപ്പത്തില്‍ രക്ഷപ്പെടാനും സാധിക്കും. ഇതേ വിദ്യ ശബരിമല വിഷയത്തില്‍ പ്രാവര്‍ത്തികമാക്കാനും അങ്ങനെ കേരളത്തില്‍ അധികാരം പിടിച്ചെടുക്കാനും കഴിയുമോ എന്നാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ശബരിമല പിടിച്ചെടുക്കുന്നു എന്ന് ആര്‍ത്തുവിളിച്ചു ശരണംവിളിച്ചുകൊണ്ട് സാധാരണക്കാരായ ഹിന്ദുവിശ്വാസികളെ വൈകാരികമായി ഇളക്കിവിടുന്ന സമരമാര്‍ഗമാണ് അവര്‍ ശബരിമലയില്‍ പരീക്ഷിക്കുന്നത്. അത് വിജയകരമായി നടപ്പിലാക്കാന്‍ കഴിയും എന്ന്​ മനസിലായപ്പോഴാണ് ശബരിമല വിഷയത്തില്‍ മുമ്പ് സുപ്രീംകോടതിവിധിയെ പരസ്യമായി അംഗീകരിച്ചിരുന്ന ആര്‍.എസ്​.എസും ബി.ജെ.പിയുമൊക്കെ ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുന്നത്.

വസ്തുതകള്‍ നിരത്തിവെച്ചുകൊണ്ട് ബ്രാൻറ്​ നെയിം പ്രോഡക്ടിനെ പ്രതിരോധിക്കാനാവില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയവും അപകടകരവുമായ കാര്യം. ഇതിനും ഏറ്റവും നല്ല ഉദാഹരണം ലഭിക്കുന്നത് അമേരിക്കന്‍ പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപില്‍ നിന്നുതന്നെ. നൂറുകണക്കിന് ശാസ്ത്രജ്ഞന്മാര്‍ ലോകത്തി​​​​​​െൻറ പലഭാഗത്തുംവെച്ച്​ നടത്തി സ്ഥിരീകരിച്ച ഗ്ലോബല്‍ വാമിംങ്​ അഥവാ ആഗോളതാപനം എന്ന ശാസ്ത്രീയ യുക്തിയെ യാതൊരു പരീക്ഷണവും നടത്താതെ, ഒരു യുക്തിചിന്തയുടെയും അടിസ്ഥാനമില്ലാതെ ട്രംപ് തള്ളിക്കളഞ്ഞു! 'നിങ്ങള്‍ക്കിപ്പോള്‍ ചൂടു തോന്നുന്നുണ്ടോ?' എന്ന ലളിതമായ ഒരു ചോദ്യം അമേരിക്കന്‍ ജനതയോടു ചോദിച്ചുകൊണ്ടായിരുന്നു ആഗോളതാപനം കളവാണ് എന്ന് സ്ഥാപിച്ചത്. തണുപ്പുരാജ്യമായ അമേരിക്കയിലെ സാധാരണമനുഷ്യര്‍ ആ ചോദ്യത്തിനുമുന്നില്‍ സംശയിച്ചു നില്‍ക്കുക സ്വാഭാവികം. അങ്ങനെ, ആ ഒരൊറ്റ ഉദാഹരണത്തിലൂടെ പാരീസ് എഗ്രി​െമൻറില്‍ നിന്ന് പുറത്തുകടക്കാനും അമേരിക്കന്‍ ഭരണകൂടം നേരത്തേ വാഗ്ദാനം ചെയ്ത പത്തു ട്രില്ല്യന്‍ ഡോളറി​​​​​​െൻറ കടപ്പാടില്‍നിന്നു രക്ഷപ്പെടാനും അമേരിക്ക ധൈര്യം കാണിച്ചു. ഒരു കളവു പറഞ്ഞാല്‍ ഇത്രയേറെ ലാഭമുണ്ടാകുമെങ്കില്‍ കളവുപറഞ്ഞാല്‍ എന്താണ് കുഴപ്പം? എന്ന് സ്വാഭാവികമായും ഏതൊരു അമേരിക്കക്കാരനും ചോദിച്ചുപോകും. ഇതേ തരത്തിലാണ് ശബരിമലയടക്കമുള്ള കാര്യങ്ങളില്‍ ബി.ജെ.പിയും സംഘപരിവാറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കളവുപറഞ്ഞാല്‍ രാഷ്ട്രീയലാഭമുണ്ടാകും എന്നു ബോധ്യപ്പെട്ടാല്‍, വസ്തുതകള്‍ക്കുനിരക്കാത്ത പച്ചക്കള്ളങ്ങള്‍ പറയാനും, ഇന്നലെവരെ ശരിയെന്നുപറഞ്ഞ നിലപാടുകള്‍ ഒരു ന്യായീകരണവും ക്ഷമാപണവും കൂടാതെ ഇന്നു മാറ്റി പറയാനും അവര്‍ക്കു യാതൊരു മടിയുമില്ല.

ശബരിമലയിൽ പ​തി​നെ​ട്ടാം​പ​ടി ക​യ​റു​ന്ന വ​യോ​ധി​ക​നെ പൊ​ലീ​സു​കാ​ർ സ​ഹാ​യി​ക്കു​ന്നു 

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നു പറഞ്ഞ് കേസുകൊടുത്തത് ഒരു മുസ്ലിമാണ് എന്ന പ്രചരണമായിരുന്നു അവര്‍ ആദ്യം അഴിച്ചുവിട്ടത്. അക്കാര്യം വ്യാപകമായി പ്രചരിപ്പിക്കുകയും ആയിരക്കണക്കിന് സാധാരണ ഹിന്ദുക്കള്‍ അതു ശരിയാണെന്ന്​ വിശ്വസിച്ച് രക്തം ചൂടുപിടിപ്പിക്കുകയും, ഹിന്ദുമതത്തി​​​​​​െൻറ കാര്യത്തില്‍ ആവശ്യമില്ലാതെ മുസ്ലീമുകള്‍ ഇടപെടുന്നു എന്നും അതിന്​ കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണ നൽകുന്നു എന്നും വിശ്വസിച്ച് ബി.ജെ.പിയോട് താത്പര്യം കാണിച്ചു തുടങ്ങുകയും ചെയ്തു. ആ പ്രചരണം പച്ചക്കള്ളമായിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ആര്‍.എസ്.എസ് അടക്കമുള്ള തീവ്രഹിന്ദുവിഭാഗങ്ങളുമായി ബന്ധമുള്ളവര്‍ തന്നെയാണ് ശബരിമലയിലെ യുവതികളുടെ പ്രവേശനാവകാശം ഉന്നയിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ കേസു കൊടുത്തത് എന്നും, ഈ കേസി​​​​​​െൻറ വിവിധ ഘട്ടങ്ങളിലായി ആര്‍.എസ്.എസും, ബി.ജെ.പിയും, കോണ്‍ഗ്രസും അടക്കം അഭിപ്രായം പറഞ്ഞിട്ടുണ്ടായിരുന്നു എന്നും, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ് അവരൊക്കെ കോടതിക്കുപുറത്ത് അഭിപ്രായപ്പെട്ടത് എന്നും, നാനൂറു വര്‍ഷം മുമ്പുതൊട്ട് സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചുപോന്ന ശനിക്ഷേത്രത്തില്‍ ഹൈകോടതി ഉത്തരവി​​​​​​െൻറ അടിസ്ഥാനത്തില്‍ ആചാരം തിരുത്തി സ്ത്രീകള്‍ക്ക്​ പ്രവേശനം അനുവദിച്ചത് ബി.ജെ.പി സര്‍ക്കാറായിരുന്നു എന്നുമുള്ള വസ്തുതകളും യുക്തികളുമൊന്നും ബ്രാൻറിംഗ് രാഷ്ട്രീയത്തി​​​​​​െൻറ വക്താക്കളോടു പറഞ്ഞിട്ടു കാര്യമില്ല. കാരണം, രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള എളുപ്പവഴിയെക്കുറിച്ചല്ലാതെ മറ്റൊന്നും അവരുടെ തലയില്‍ കേറില്ല.

strike

ആദ്യത്തെ പ്രചരണം അറിഞ്ഞവരും വിശ്വസിച്ചവരുമായ മുഴുവന്‍ പേരിലും സ്വാഭാവികമായും രണ്ടാമത്തെ സത്യം എത്തിക്കൊള്ളണമെന്നില്ല. തങ്ങള്‍ അയ്യപ്പ​​​​​​െൻറ ഭക്തന്മാരാണ് എന്നും അയ്യപ്പഭക്തന്മാരുടെ സംഘം കളവു പറയുന്നു എന്നുമുള്ള രണ്ടു യാഥാര്‍ഥ്യങ്ങള്‍ പരസ്പരവിരുദ്ധമായി മനസിനെ സമീപിക്കുമ്പോള്‍, നേരത്തേ നാം ചര്‍ച്ചചെയ്ത കൊഗ്നിറ്റീവ് ഡിസൊണന്‍സ് തിയറി അനുസരിച്ച് രണ്ടാമത്തെ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുകയാവും അവരുടെ മനസ്​ സ്വീകരിക്കുന്ന മാര്‍ഗം. അതിനിടക്ക്​ അടുത്ത കള്ളം പ്രചരിപ്പിക്കുകയായി. ഇങ്ങനെ കളവിന്മേല്‍ കളവ് പടുത്തുയര്‍ത്തി നിര്‍മിക്കുന്ന വലിയൊരു കോട്ടയാണ് ബ്രാൻറിംഗ് രാഷ്ട്രീയക്കാര്‍ തങ്ങളുടെ തലസ്ഥാനമാക്കുന്നത്. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ആളെ സംഘടിപ്പിക്കാനുള്ള എല്ലാ പ്രയാസങ്ങളെയും ഒറ്റയടിക്ക് മറികടക്കാനാകുന്നു എന്നതാണ് ബ്രാൻറിംഗ് രാഷ്ട്രീയത്തി​​​​​​െൻറ പ്രത്യേകത.

കേരളത്തി​​​​​​െൻറ ഉയര്‍ന്ന സാക്ഷരതയും, ഉയര്‍ന്ന വിദ്യാഭ്യാസനിലവാരവും, മതനിരപേക്ഷപാരമ്പര്യവും ഉന്നതമായ നവോത്ഥാനമൂല്യങ്ങളുമൊക്കെ ബ്രാൻറിംഗ് രാഷ്ട്രീയം എന്ന കോര്‍പ്പറേറ്റ് തന്ത്രവുമായി മാറ്റുരക്കുമ്പോള്‍ എന്തു സംഭവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മലയാളിയുടെ നാളെ.

(കവിയും എഴുത്തുകാരനുമാണ്​ ലേഖകൻ. ലേഖനത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ എഴുത്തുകാര​േൻറത്​ മാത്രമാണ്​)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala Newssabarimala article
News Summary - Sabarimala Brand Name Politics-Opinion
Next Story