Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇനി ഗര്‍ഭപാത്രങ്ങളും...

ഇനി ഗര്‍ഭപാത്രങ്ങളും ആര്‍.എസ്.എസ് പിടിച്ചെടുക്കും

text_fields
bookmark_border
ഇനി ഗര്‍ഭപാത്രങ്ങളും ആര്‍.എസ്.എസ് പിടിച്ചെടുക്കും
cancel

വെളുപ്പ്, ഉയരം, ബുദ്ധി: ഇവ മൂന്നിനെയും കൂട്ടിയിണക്കുന്നതെന്താണ്? ഒറ്റനോട്ടത്തിൽ ഇവ മൂന്നും തമ്മിൽ ശാസ്ത്രീയമായ ബന്ധമൊന്നുമില്ലെന്ന് കൊച്ചു കുഞ്ഞുങ്ങൾക്കുവരെ അറിയാം. എങ്കിലും, നാം ജീവിക്കുന്ന ലോകത്തി​​​​​​​​​​െൻറ പൊതുബോധത്തിൽ ഇവ മൂന്നിനെയും പരസ്പരബന്ധിതമായി കാണാൻ പ്രേരിപ്പിക്കുന്ന ഏതോ ഒരു യുക്തി പ്രവർത്തിക്കുന്നുണ്ട്. ആ യുക്തി ഒരേസമയം ഏറ്റവും പുതിയതും എന്നാൽ, പഴക്കം തോന്നിക്കുന്നതുമാണ്. നമ്മുടെ സിനിമകളും പരസ്യങ്ങളും ഉൽപാദിപ്പിക്കുന്ന ശരീരബോധം അതാണ്. അതുപോലെ നമ്മുടെ സംസ്കാരത്തിലെ പ്രബല ബോധമായ ബ്രാഹ്മണിസവും വെച്ചുനീട്ടുന്നത് ഇതുതന്നെ. അങ്ങനെ ബ്രാൻഡഡ് ആയ ഒരു ശരീരബോധത്തെ കുപ്പായവും െഎസ്ക്രീമും ഗൃഹോപകരണ സാധനങ്ങളും വിൽക്കുന്നപോലെ വിൽക്കാനായാൽ അത് ഇന്നത്തെ കാലാവസ്ഥയിൽ നന്നായി വിൽക്കപ്പെടുന്ന ഒന്നാണെന്ന് മാർക്കറ്റ് വിദഗ്ധർ പറയും. എന്നാൽ, ഇത് രാഷ്ട്രീയമായി വിൽക്കാൻ സാധിച്ചാലോ?

എന്നുപറഞ്ഞാൽ കറുത്തതും കുറിയതുമായ ഉടലുകൾക്കെതിരെ വെളുത്തതും ഉയരമുള്ളതുമായ ഉടലുകൾ മുന്നോട്ടുവെച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയബോധം ബലംപ്രയോഗിച്ച് സമൂഹത്തിൽ അടിച്ചേൽപിക്കുകയാണെങ്കിൽ അതിനെ ഫാഷിസം എന്നല്ലാതെ കുറഞ്ഞതൊന്നും വിളിക്കാൻ പറ്റില്ല. ആ രാഷ്ട്രീയ മാർക്കറ്റിങ്, സംഘർഷഭരിതമായ ഒരിടത്തെ ഉൾക്കൊള്ളുന്നുണ്ട്. ഒന്നാമതായി കറുത്തതും കുറിയതുമായ ശരീരങ്ങളോടുള്ള എതിർപ്പ്. ഇവിടെ നമ്മൾ യുക്തിപരമായ ഒരു ചോദ്യം ചോദിക്കണം. ആരാണ് ഇന്ത്യയിൽ കറുത്തവരും കുറിയവരും?

ആദിവാസികൾ, ദലിതർ, ദ്രാവിഡർ എന്നിങ്ങനെയൊക്കെ മറുപടികൾ ലഭിക്കാം. അപ്പോൾ കറുത്തവർക്കും കുറിയവർക്കുമെതിരെയുള്ള രാഷ്ട്രീയചിന്ത എന്നത് ആദിവാസികൾക്കും ദലിതർക്കും ദ്രാവിഡർക്കും എതിരെയുള്ള ചിന്തയാണ്. എന്നുവെച്ചാൽ വംശീയ, വർഗീയ ചിന്തയാണ്. ഏറ്റവുമവസാനം സ്വതന്ത്രരായ രാജ്യങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയിൽ അടുത്തകാലം വരെ വർണവിവേചനം നിലനിന്നിരുന്നത് നമുക്കറിയാം. അക്കാലത്ത് നയതന്ത്ര ബന്ധം പോട്ടെ, കളിക്കളങ്ങളിലെ ബന്ധംപോലും ആ രാജ്യവുമായി നിലനിർത്തരുത് എന്ന് ലോകത്തിലെ മനുഷ്യാവകാശത്തിൽ തരിമ്പെങ്കിലും വിശ്വാസമുള്ള രാജ്യങ്ങൾപോലും വിശ്വസിച്ചിരുന്നു, പ്രവർത്തിച്ചിരുന്നു. ബാരി റിച്ചാർഡ്സ് എന്ന  ദക്ഷിണാഫ്രിക്കൻ  കളിക്കാരൻ ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങൾ നടത്തിക്കൊണ്ടിരിക്കേയാണ് അപ്പാർത്തീഡിന്‍റെ രാഷ്ട്രീയ സാഹചര്യം ദക്ഷിണാഫ്രിക്കയെ ലോക ക്രിക്കറ്റ് ഭൂപടത്തിൽ നിന്നും ഒഴിവാക്കുന്നത്.

അത് മൂലം ബാരിയുടെ ക്രിക്കറ്റ് ജീവിതമേ  തകർന്നു പോയി. അതുപോലെത്തന്നെ ദക്ഷിണാഫ്രിക്കൻ താരങ്ങളെ പങ്കെടുപ്പിച്ച് കെറി പാക്കർ ആസ്ത്രേ ലിയയിൽ നടത്തിയ ക്രിക്കറ്റ് സീരീസ് ചില്ലറ കോലാഹലങ്ങളല്ല ഉണ്ടാക്കിയത്.  പിന്നീട് വർണവിവേചനം അവസാനിപ്പിച്ചതിനു ശേഷമാണ് ആ രാജ്യത്തിന് ലോക ക്രിക്കറ്റ് ക്ലബിൽ അംഗത്വം ലഭിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടുന്നത്, ലോകം കഴിഞ്ഞ നൂറ്റാണ്ടിൽ എങ്ങനെയാണ് വർണവിവേചനത്തെ നേരിടാൻ ശ്രമിച്ചത് എന്നതാണ്. വെള്ളക്കാരുടെ സാംസ്കാരിക ബോധത്തിൽ കറുത്തവർ അകറ്റിനിർത്തപ്പെടേണ്ടവരും ബുദ്ധികുറഞ്ഞവരും ആയി അവശേഷിക്കുന്നെങ്കിൽ തന്നെയും ഒൗദ്യോഗികമായ ജിഹ്വകളൊക്കെ സ്ഥാപിക്കപ്പെട്ടിരുന്നത് വർണവിവേചനത്തിനും ശരീരങ്ങളുടെ വർണാടിസ്ഥാനത്തിലുള്ള വിഭജനങ്ങൾക്കും  എതിരായാണ്. ഇരുപതാം നൂറ്റാണ്ടി​​​​​​​​​​െൻറ പ്രഖ്യാപിത നിലപാട് അതായിരുന്നു. എന്നുപറഞ്ഞാൽ  ശാരീരികാടിസ്ഥാനത്തിലുള്ള വിവേചനം രാഷ്ട്രീയത്തിലോ സംസ്കാരത്തിലോ പ്രകടമായി പ്രതിഫലിക്കാൻ പാടില്ല. ഇതിനെതിരെയുള്ള ഏത് പ്രവർത്തനവും വംശീയതയാണ്. ഫാഷിസമാണ്. മാനവിക ബോധത്തി​​​​​​​​​​െൻറ അടിസ്ഥാനത്തിൽ കൊടുംകുറ്റമാണ്.

എന്നാൽ, ഇൗ ചരിത്രത്തെ വലിച്ചെറിയുമാറ് ഒരു പുതിയ സിദ്ധാന്തമാണ് സംഘ്പരിവാർ സംഘടനയായ ‘ആരോഗ്യ ഭാരതി’ കഴിഞ്ഞദിവസം പരസ്യപ്പെടുത്തിയത്. വെളുത്തതും ഉയരംകൂടിയതും ബുദ്ധിമാന്മാരുമായ ഒരു തലമുറയെ വാർത്തെടുക്കാനാവശ്യമായ ‘ശാസ്ത്രീയ’ പദ്ധതികളാണ് അവർ പൊതുജനങ്ങൾക്കു മുമ്പാകെ അവതരിപ്പിച്ചത്. ഇണചേരലി​​​​​​​​​​െൻറ സമയം മുൻകൂട്ടി നിശ്ചയിച്ചും പ്രസവശുശ്രൂഷയുടെ ചിട്ടകൾ ക്രമപ്പെടുത്തിയും കറുത്ത മാതാപിതാക്കൾക്കുപോലും വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാം എന്നാണ് ഇൗ പദ്ധതി മുന്നോട്ടുവെക്കുന്നത്. ഡോക്ടർ ബിരുദം പേരി​​​​​​​​​​െൻറ മുന്നിൽ ചേർത്ത ആളുകൾ ഒക്കെയാണ് ഇൗ സാധനം അവതരിപ്പിക്കുന്നത്. മാത്രമല്ല, ഇത് ഒരു പ്രായോഗിക പദ്ധതിയായി മുന്നോട്ടുകൊണ്ടുപോകാനാണ് സംഘ്പരിവാർ ഉദ്ദേശിക്കുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അതിനായി പ്രവർത്തന പദ്ധതിയുടെ ഒരു രൂപരേഖയും കാലാവധിയും അവർ പുറത്തുവിടുകയുണ്ടായി. കാലക്രമേണ ഇന്ത്യ മുഴുവൻ വെളുത്ത, ഉയരമുള്ള, ബുദ്ധികൂടിയ ആളുകളെക്കൊണ്ട് നിറക്കാം എന്നവർ പറയുന്നു.


രാഷ്ട്രീയബോധത്തെ ബ്രാൻഡഡ് ഉൽപന്നമാക്കുന്ന ഇൗ രീതി പുത്തനല്ല. പക്ഷേ, ഒരിക്കൽ ലോകജനത  വലിയ വില കൊടുത്ത തിരസ്കരിച്ച പദ്ധതിയാണ് ഇതെന്ന് ചരിത്രത്തിൽ പ്രാഥമിക ജ്ഞാനം നേടിയവർക്ക് അറിയാം. ജർമനിയിൽ ഹിറ്റ്ലർ നടത്തിയ വംശശുദ്ധീകരണത്തെ പരസ്യമായി അനുകൂലിക്കുന്ന ഒരു ഏജൻസിയും ഇന്നും ലോകത്തിൽ വലുതായി പ്രവർത്തിക്കുന്നില്ല. പക്ഷേ, ഫാഷിസത്തി​​​​​​​​​​െൻറ ആ മാതൃകതന്നെയാണ് ലോകത്തിലെ എല്ലാ ഫാഷിസ്റ്റ് സംഘടനകളുടെയും ആദർശാത്മക മാതൃക. സംഘ്പരിവാറി​​​​​​​​​​െൻറ ചരിത്രത്തിൽതന്നെ അതുണ്ട്. ആർ.എസ്.എസ് രൂപപ്പെടുന്നതി​​​​​​​​​​െൻറ പിന്നിൽ പ്രവർത്തിച്ച ഡോ. മുഞ്ജെയുടെ ജർമൻ സന്ദർശനമൊക്കെ ഇന്ന് ഒരുവിധം വെളിപ്പെട്ടിട്ടുണ്ട്. ഗർഭപാത്രങ്ങളെ വെളുത്തവരുടെയും ഉയരം കൂടിയവരുടെയും ബുദ്ധി കൂടിയവരുടെയും വാസസ്ഥാനമാക്കുക എന്ന ഇൗ പദ്ധതിക്ക് രാഷ്ട്രീയ പിൻബലം തന്നതും ഏതോ ജർമൻ ഡോക്ടർ ആണെന്ന് ആരോഗ്യഭാരതി വക്താക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനെ അപനിർമാണാത്മകമായി വായിച്ചാൽ ജർമനി സാക്ഷ്യപ്പെടുത്തുന്ന, എന്നുപറഞ്ഞാൽ ഒരുകാലത്ത് ഫാഷിസത്തി​​​​​​​​​​െൻറ ആദർശാത്മക മാതൃകയായിരുന്ന രാജ്യവും വ്യവസ്ഥയും സാക്ഷ്യപ്പെടുത്തുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് യഥാർഥത്തിൽ ഗർഭപാത്രങ്ങൾ പിടിച്ചെടുക്കുക എന്ന ഇൗ പദ്ധതി. ഒരു ഫാസിസ്റ്റ് ജനതയുടെ സാമൂഹ്യ പടം ഗർഭപാത്രത്തിൽ നിന്നേ വരച്ചു തുടങ്ങുക

ഗർഭപാത്രങ്ങൾ പിടിച്ചെടുക്കുക എന്ന ഇൗ പദ്ധതി ഇങ്ങനെ മാത്രമല്ല നടത്താനാകുക എന്നും സംഘ്പരിവാർ തെളിയിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തെത്തുടർന്ന് പുറത്തിറങ്ങിയ നിരവധി റിപ്പോർട്ടുകൾ ആവർത്തിച്ചു ചൂണ്ടിക്കാണിക്കുന്ന ഒരു ദൃശ്യം ഗർഭിണിയായ മുസ്ലിം സ്ത്രീയുടെ ഗർഭം പിളർന്ന സംഘ്പരിവാർ ആയുധമൂർച്ചയെക്കുറിച്ചാണ്. എന്നുപറഞ്ഞാൽ ഗർഭപാത്രം എന്നത് ഒരു ഫാഷിസ്റ്റ് സംഘടനക്ക് ഭാവിയുടെ വിളനിലമോ മനുഷ്യസ്നേഹത്തി​​​​​​​​​​െൻറ ഫലഭൂയിഷ്ഠമായ ജൈവികതയോ ഒന്നും അല്ല. അവർക്ക് അത് പ്രാഥമികമായും  രാഷ്ട്രീയ ഇടമാണ്. രാഷ്ട്രീയ യുദ്ധം തുടങ്ങേണ്ടത് അവിടെനിന്നാണ്. നിങ്ങൾക്ക് വെളുത്തവരുടെയും ഉയരം കൂടിയവരുടെയും ബുദ്ധികൂടിയവരുടെയും ഇന്ത്യ ഉണ്ടാകണമെങ്കിൽ ഗർഭപാത്രത്തിൽ നിന്നേ തുടങ്ങണം. അതായത് സവർണ​​​​​​​​​​െൻറ, പുരുഷത്വം തുളുമ്പുന്നവരുടെ, ഇന്ത്യ നടപ്പിൽ വരുത്തണമെങ്കിൽ, ആ ഇന്ത്യയെ നിലനിർത്തുന്ന കുശാഗ്രബുദ്ധിക്കാരായി ഭാവി ജനത പ്രവർത്തിക്കണമെങ്കിൽ ഗർഭപാത്രങ്ങെള വിവേചനത്തി​​​​​​​​​​െൻറ രാഷ്ട്രീയ അരങ്ങാക്കിത്തീർക്കണം.

ശരീരകേന്ദ്രിതമായ ഇൗ രാഷ്ട്രീയം ഫാഷിസത്തി​​​​​​​​​​െൻറ വലിയ ലക്ഷണമാണ്. നെഞ്ചത്ത് റോസാപ്പൂ വെക്കുന്നതിനെപ്പറ്റിയുള്ള ഒരു ഒാർമയാണ് നെഹ്റുവി​​​​​​​​​​െൻറ പ്രത്യക്ഷതയെക്കുറിച്ചുള്ള ഒരു പൊതുബോധം. ഗാന്ധിയാണെങ്കിൽ അർധനഗ്നതയെ അന്തർദേശീയമാക്കിയ ആളും.്.  ആ ഉടൽബോധം സ്വന്തം രാജ്യത്തി​​​​​​​​​​െൻറ ഇല്ലായ്മകളെ ശാരീരികമായി പ്രതിധ്വനിപ്പിക്കുന്നതായിരുന്നു. അംബേദ്ക്കറും അയ്യങ്കാളിയും കോട്ടിലൂടെയും തലപ്പാവിലൂടെയും ഉപരിഘടനാ ബോധത്തെ വെല്ലുവിളിച്ചു.എന്നാൽ, 56 ഇഞ്ച് നെഞ്ചളവും ഇരുപത് വയസ്സുകാരനെപ്പോലെ കായികക്ഷമതയും ഉള്ള ഒരു ഭരണാധികാരിയുടെ ശരീരബോധം, തന്നെത്തന്നെ ആരാധ്യമായ കായിക പ്രതിഷ്ഠയാക്കുന്ന ശരീര ബോധം, പതുക്കെപ്പതുക്കെ നമ്മുടെ പൊതുബോധത്തിൽ ഇൻജക്ട് ചെയ്യപ്പെടുന്നുണ്ട്. യോഗ പോലുള്ള ശരീരകേന്ദ്രിതമായ വ്യവഹാരങ്ങൾ ദൃശ്യതയുടെ അളവിൽ ക്വാണ്ടം ജംപുകൾ ഇക്കാലത്ത് നടത്തി. സംഘ്പരിവാറിനെ രാഷ്ട്രീയമായി എതിർക്കുന്നവർപോലും ‘ഇരട്ടച്ചങ്ക്’ പോലുള്ള പുരുഷത്വത്തെയും പേശീബലത്തേയും ധ്വനിപ്പിക്കുന്ന പദങ്ങൾ ധാരാളമായി ഉപയോഗിക്കാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ മാനവികത ഉണ്ടാക്കിയ ശരീരബോധത്തെ അട്ടിമറിച്ചുകൊണ്ട് ഒരു പുതിയ ഫാഷിസ്റ്റ് ശരീരബോധം നമ്മുടെ പൊതുമണ്ഡലത്തിൽ സൃഷ്ടിച്ചെടുക്കാൻ ഫാഷിസത്തിന് കഴിഞ്ഞിട്ടുണ്ട്. ആ ശരീരബോധത്തി​​​​​​​​​​െൻറ വെന്നിക്കൊടി പറപ്പിക്കലാണ് ഇൗ പുതിയ പ്രഖ്യാപനത്തിലും നാം കാണുന്നത്.

മാത്രമല്ല, വെളുത്ത ഉയരമുള്ള ബുദ്ധി കൂടിയ ആ കുഞ്ഞുങ്ങൾ മിക്കവാറും ധ്വനിപ്പിക്കുന്നത് പുരുഷ സ്വരൂപത്തെയാണ്. വ്യക്തമായി അത് പറയുന്നില്ലെങ്കിൽ പോലും ആൺരൂപത്തെ അബോധാത്മകമായി പേറുന്ന പ്രസ്താവനയാണ് അത്. അവർ പാഞ്ഞുനടക്കുന്ന ഇന്ത്യയാണ് ഫാഷിസ്റ്റ് സ്വപ്നത്തിലെ ഇന്ത്യ. പേശിയുള്ള രാമനെ മുൻനിർത്തിയുള്ള ഒരു ആൺബോധത്തി​​​​​​​​​​െൻറ ചരിത്രത്തുടർച്ചയാണിത്. ‘എതിർ കെട്ടിടങ്ങളെ’ തച്ചുടച്ചാണ് ഇൗ  പേശീരാമൻ നമ്മുടെ പൊതുമണ്ഡലത്തിൽ സ്വന്തം ചിത്രം അനാച്ഛാദനം ചെയ്തത്. എതിർശരീരങ്ങളെ തച്ചുടക്കുന്ന വെളുത്ത രാമൻമാർ ഗർഭപാത്രങ്ങളിൽനിന്ന് പുറത്തുചാടാൻ തയാറായി നിൽക്കുന്ന ഇന്ത്യ ഏത് ഫാഷിസ്റ്റിനെയാണ് പ്രചോദിപ്പിക്കാതിരിക്കുക? ഫാഷിസത്തി​​​​​​​​​​െൻറ വിത്തുകൾ പേറുന്ന ഏത് ഹിന്ദു മധ്യവർഗിയെയാണ് പ്രോത്സാഹിപ്പിക്കാതിരിക്കുക?

അവസാനമായി ബുദ്ധി എന്ന പരികൽപനയെ  വെളുപ്പിനോടും  ഉയരക്കൂടുതലിനോടും കണ്ണിചേർക്കുന്ന തന്ത്രത്തെക്കൂടി ഒന്ന് നോക്കിപ്പോകാം. പരസ്പരബന്ധിതമല്ലാത്ത കാര്യങ്ങെള ചേർത്തുവെച്ച് അവ തമ്മിൽ ഒരു ബന്ധം സ്ഥാപിച്ചെടുക്കലാണ് ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തി​​​​​​​​​​െൻറ ഒരു തന്ത്രം. കറുത്തവർക്കും കുറിയവർക്കും ബുദ്ധിയില്ല എന്നാണ് ഇത് ധ്വനിപ്പിക്കുന്ന ഒന്ന്. ആദിവാസികൾക്കോ ദലിതർക്കോ ദ്രാവിഡനോ ബുദ്ധി കുറവാണ് എന്നത് ബ്രാഹ്മണിക പ്രത്യയശാസ്ത്രങ്ങളുടെ ഒരു പ്രധാന കണ്ടെത്തലാണ്. ഈ  രാജ്യത്തി​​​​​​​​​​െൻറ ഭരണഘടന നിർമിച്ചത് ഡോ. അംബേദ്കർ എന്ന ദലിത​​​​​​​​​​െൻറ നേതൃത്വത്തിലാണ് എന്ന ഉടൽ നിഷേധവാദമൊന്നും അവിടെ വിലപ്പോകില്ല.

ഇന്ത്യയുടെ പരിസ്ഥിതിക്കും പ്രദേശ വികസനത്തിനും കൃഷിക്കും നീരൊഴുക്കി​​​​​​​​​​െൻറ വിന്യാസത്തിനും പിന്നിൽ പ്രവർത്തിച്ച യുക്തിയും ബുദ്ധിയും ഇൗ കറുത്തവരുടേയും കുറിയവരുടേയും ആണ് എന്ന വസ്തുത എന്നന്നേക്കുമായി കുഴിച്ചുമൂടുന്നതി​​​​​​​​​​െൻറ ഒരു വ്യഗ്രതപ്പെടൽ ഇതിനുണ്ട്. ഇന്ത്യയുടെ സസ്യ-ജന്തുജാലത്തി​​​​​​​​​​െൻറ തനത് വിത്തുകളെ നിലനിർത്തിയ അഗാധജ്ഞാനത്തി​​​​​​​​​​െൻറ സാമൂഹിക മണ്ഡലങ്ങളാണ് ദലിതരുടെയും ആദിവാസികളുടേയും ജീവചരിത്രം വെളിവാക്കുന്നതെന്ന് സ്വപ്നത്തിൽ പോലും അവർസമ്മതി നൽകില്ല. അങ്ങനെ നോക്കുേമ്പാൾ കറകളഞ്ഞ ഫാഷിസ്റ്റ് ഉൽപന്നത്തെ ശാസ്ത്രീയതയുടെ ബ്രാൻഡിൽ അവതരിപ്പിച്ചിരിക്കുകയാണ് സംഘ്പരിവാർ. ഇതി​​​​​​​​​​െൻറ നിഷ്കളങ്ക നാട്യത്തെ പൊളിച്ചുകളയുകയും അതിനുള്ളിലെ ഫാഷിസ്റ്റ് ആയുധപ്പുരകൾ വെളിപ്പെടുത്തുകയും ചെയ്യുക എന്നത് ഒാരോ ഫാഷിസ്റ്റ് വിരുദ്ധ മനസ്സുകളുടെയും എളിയ കടമ മാത്രമാണ്. ഗർഭപാത്രങ്ങളുടെ സ്വകാര്യതയ്ക്കും മാനവികതയ്ക്കും മേൽ ഉയരുന്ന  ഫാഷിസത്തിന്റെ കാലിനെ മരവിക്കേണ്ടതുണ്ട്.

Show Full Article
TAGS:rss sangh pariwar uterus 
Next Story