Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാഫിർ, ഉമ്മത്ത്,...

കാഫിർ, ഉമ്മത്ത്, ജിഹാദ് എന്നീ ആശയങ്ങൾ മുസ്‍ലിംകൾ ഒഴിവാക്കണമെന്ന് ആർ.എസ്.എസ് നേതാവ് റാം മാധവ്

text_fields
bookmark_border
കാഫിർ, ഉമ്മത്ത്, ജിഹാദ് എന്നീ ആശയങ്ങൾ മുസ്‍ലിംകൾ ഒഴിവാക്കണമെന്ന് ആർ.എസ്.എസ് നേതാവ് റാം മാധവ്
cancel

ന്യൂഡൽഹി: കാഫിർ (അവിശ്വാസി), ഉമ്മത്ത് (മതത്താൽ ബന്ധിക്കപ്പെട്ട സമൂഹം), ജിഹാദ് (വിശുദ്ധ സമരം) എന്നീ മൂന്ന് ആശയങ്ങൾ മുസ്‍ലിംകളെ ഉൾക്കൊള്ളുന്നതിന് തടസ്സമാകുന്നുണ്ടെന്ന് മുതിർന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) നേതാവ് റാം മാധവ് പറഞ്ഞു.

ഇന്ത്യൻ മുസ്‍ലിംകൾ തങ്ങളുടെ വേരുകൾ രാജ്യത്തെ ഇസ്‍ലാമിക അധിനിവേശത്തിന് മുമ്പുള്ളതാണെന്ന് അംഗീകരിക്കുകയും ഇസ്ലാമിന്റെ മധ്യകാല ചരിത്രത്തെ ഉപേക്ഷിക്കുകയും ചെയ്തുകഴിഞ്ഞാൽ, ഹിന്ദുക്കളും നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്ന നാശത്തെ കുറിച്ച് സംസാരിക്കുന്നത് നിർത്തും. ദി പ്രിന്റിന് നൽകിയ അഭിമുഖത്തിലാണ് റാം മാധവിന്റെ വർഗീയ പ്രസ്താവനകൾ.

കശ്മീരി പണ്ഡിറ്റുകൾക്കും റാം മാധവ് പിന്തുണ അറിയിച്ചു. പ്രധാനമന്ത്രിയുടെ തൊഴിൽ പാക്കേജ് മടങ്ങിവരുന്ന പണ്ഡിറ്റുകൾക്ക് ജോലി നൽകിയെങ്കിലും "എവിടെയാണ് സുരക്ഷ?" എന്ന് റാം ചോദിച്ചു കശ്മീരുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രാദേശിക കക്ഷികൾ ഇടപെടണമെന്ന് ആർ.എസ്.എസ് നേതാവ് പറഞ്ഞു. "കൊലപാതകങ്ങൾ നടക്കുമ്പോൾ, അവരെ സമീപിക്കാൻ രാഷ്ട്രീയ നേതൃത്വമില്ല. അവർ വെറുതെ ഇരിക്കുന്നു. നമുക്ക് അവരെ പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്" -മാധവ് പറഞ്ഞു.

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനെച്ചൊല്ലിയുള്ള ഹിന്ദു-മുസ്ലിം നിയമപോരാട്ടത്തെക്കുറിച്ചും റാം പ്രതികരിച്ചു. ഗ്യാൻവാപി നമുക്കെല്ലാവർക്കും വളരെ നല്ല അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. രാമജന്മഭൂമിയുടെ കാര്യത്തിൽ ഹിന്ദുകൾക്കും മുസ്ലീങ്ങൾക്കും ഒരുമിച്ചുചേർന്ന് സ്വീകാര്യമായ ഒരു ഒത്തുതീർപ്പ് ചർച്ച ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങൾ അത് കോടതിക്ക് വിട്ടു. ഗ്യാൻവാപി, കാശി വിശ്വനാഥ്, മഥുര എന്നിവ വളരെ പ്രധാനപ്പെട്ട കേസുകളാണ്. 1990ൽ ബാബറി മസ്ജിദ് പ്രശ്നം പരിഹരിക്കാൻ നമുക്ക് ഒരുമിച്ച് കഴിയാമായിരുന്നു. പക്ഷേ നമുക്ക് ഒരുമിച്ച് നിൽക്കാൻ കഴിഞ്ഞില്ല.നിർഭാഗ്യകരമായ ഒരു സംഭവം -1992 ഡിസംബർ ആറി ബാബറി മസ്ജിദ് തകർത്തത് സംഭവിച്ചു.

പള്ളികളിൽ ശിവലിംഗം തെരഞ്ഞു നടക്കേണ്ട കാര്യമില്ല എന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ സംബന്ധിച്ച് റാം ഇങ്ങനെ പ്രതികരിച്ചു. ''ഗ്യാൻവാപി കേസുമായി ബന്ധപ്പെട്ട് ആർ.എസ്.എസോ ഏതെങ്കിലും അനുബന്ധ സംഘടനയോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ജനങ്ങളിൽ നിന്നാണ് ആവശ്യം വന്നത്. അത് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ജുഡീഷ്യറി ഒരു ദശാബ്ദമെടുത്തേക്കാം. നമുക്ക് ഒത്തുചേർന്ന് പരിഹരിക്കാമോ? എന്നാൽ ഒരുമിച്ചു ചേരുന്നതിന്, മധ്യകാല ഇസ്ലാമിക അധിനിവേശകാലത്താണ് ഇത് സംഭവിച്ചതെന്ന് മുസ്‍ലിംകൾ അംഗീകരിക്കേണ്ടതുണ്ട്. നമ്മൾ പരസ്പരം മതവികാരങ്ങളെ വിലമതിക്കണം. അത് സംഭവിച്ചാൽ, ഹിന്ദുക്കൾക്ക് പഴയ പ്രശ്‌നങ്ങൾ കുഴിക്കേണ്ട ആവശ്യമില്ല. മാത്രമല്ല എല്ലാ പള്ളികളിലും ഒരു ശിവലിംഗം കാണേണ്ട ആവശ്യവുമില്ല''.

മുസ്‌ലിംകൾ മൂന്ന് കാര്യങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അമുസ്‌ലിംകളെ കാഫിർ എന്ന് വിളിക്കുന്ന ആശയം ഉപേക്ഷിക്കുക എന്നതാണ് -അദ്ദേഹം പറഞ്ഞു.

"ഇസ്‌ലാമിന് അഞ്ച് സ്തംഭങ്ങളുണ്ട് - മതത്തോടുള്ള വിശ്വസ്തത, ദിവസത്തിൽ അഞ്ച് തവണ നമസ്‌കരിക്കുക, സകാത്ത് അല്ലെങ്കിൽ ജനങ്ങളുടെ ക്ഷേമത്തിനായുള്ള സംഭാവന, റമദാനിലെ നോമ്പ്, മക്കയിലേക്കോ മദീനയിലേക്കോ തീർത്ഥാടനം നടത്തുക. അത് പിന്തുടരുക. നിങ്ങളെ ആരും ഈ രാജ്യത്ത് തടയില്ല. ദേശീയ സമൂഹത്തിൽ ഉൾക്കൊള്ളുന്ന വലിയ പ്രശ്നത്തിന്റെ വഴിയിൽ മറ്റ് മൂന്ന് കാര്യങ്ങളുണ്ട്.

"ഉമ്മത്ത് എന്ന ആശയം അർത്ഥമാക്കുന്നത് 'ഞങ്ങൾ ഒരു പ്രത്യേക രാഷ്ട്രമാണ്, കാരണം ഞങ്ങൾ മുസ്ലീങ്ങളാണ്' എന്നാണ്. അവർ ഇത് ഉപേക്ഷിക്കണം. കാഫിർ എന്ന സങ്കൽപം അവർ അവസാനിപ്പിക്കണം. അവരുടെ അഭിപ്രായത്തിൽ, അമുസ്‌ലിംകൾ കാഫിർ അല്ലെങ്കിൽ പാപികളാണ്. ദൈനംദിന ഭാഷയിൽ, ആരും കാഫിറല്ല. അവർ അത് ഉപയോഗിക്കുന്നത് നിർത്തണം. എന്നിട്ട് അവരുടെ ജിഹാദിന്റെ വഴി ത്യജിക്കേണ്ടി വരും. ജിഹാദാണെങ്കിൽ അത് ആന്തരികമായിരിക്കണം. പല മുസ്ലീം പണ്ഡിതന്മാരും പറയുന്നത് 'ജിഹാദ് ആന്തരികമായിരിക്കണം.' ജിഹാദ് എന്നാൽ നിങ്ങൾ മറ്റ് മതങ്ങളിൽപ്പെട്ടവരെ കൊല്ലുക എന്നല്ല" -മാധവ് പറഞ്ഞു.

'ഇന്ത്യക്കാരനാകൂ, ഇസ്ലാമിക ആക്രമണകാരികളുമായുള്ള ബന്ധം അവസാനിപ്പിക്കൂ'

ഇന്ത്യൻ മുസ്‌ലിംകൾ ഈ ഭൂമിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. കൂടാതെ ഇസ്‍ലാമിക ആക്രമണകാരികളുടെയോ അധിനിവേശക്കാരുടെയോ "തെറ്റുകളെ" അപലപിക്കുകയും വേണം -മാധവ് പറഞ്ഞു.

"ഇസ്‍ലാം വന്നത് അധിനിവേശക്കാരിലൂടെയാണ്. മധ്യകാലം ഇസ്‍ലാമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഇന്ത്യയിലെ ഹിന്ദുക്കളോട് മാത്രമല്ല, യൂറോപ്പിലെ ക്രിസ്ത്യാനികളോടും ഇസ്രായേലിലെ ജൂതന്മാരോടും കൂടി അവർ അത് ചെയ്തു. ഇന്ത്യൻ മുസ്‍ലിംകളുടെ പൂർവ്വികർ ഒരുപക്ഷേ മുസ്‍ലിംകൾ പോലും ആയിരുന്നില്ല. അവർ പിന്നീട് മതം മാറിയിരിക്കാം. പക്ഷേ ഇസ്‍ലാമിക ചരിത്രത്തിന്റെ ആ ഭാഗം അവരുടെ കഴുത്തിൽ തുടർന്നു. ഇന്ത്യൻ മുസ്‌ലിംകൾ ഈ ചരിത്രം വഹിക്കേണ്ട ആവശ്യമില്ലെന്ന് മനസ്സിലാക്കണം" -മാധവ് പറഞ്ഞു.

അധിനിവേശക്കാരുടെ മധ്യകാല പ്രവർത്തികളെ അംഗീകരിക്കാൻ ഇന്ത്യൻ മുസ്‍ലിംകൾ മുന്നോട്ട് വരണം. അങ്ങനെ വരുമ്പോൾ നമ്മുടെ പകുതി പ്രശ്‌നങ്ങളും തീരും- മാധവ് പറഞ്ഞു.

"ഞാൻ ഒരു ഉദാഹരണം പറയാം. നമുക്ക് ധാരാളം ആംഗ്ലിക്കൻ ക്രിസ്ത്യാനികളുണ്ട്. ബ്രിട്ടീഷുകാർക്കൊപ്പമാണ് ആംഗ്ലിക്കൻ ക്രിസ്ത്യാനിറ്റി വന്നത്. എന്നാൽ ആംഗ്ലിക്കൻമാർ ബ്രിട്ടീഷുകാരുമായി അടുക്കുമോ?. ബ്രിട്ടീഷ് പൈതൃകം സ്വന്തമാക്കണമെന്ന് അവർ ശഠിക്കുന്നുണ്ടോ? ഇല്ല, അവർ ചെയ്യുന്നില്ല. മതം തുടരുന്നു, പക്ഷേ ആരും ബ്രിട്ടീഷുകാരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നില്ല.

എന്തുകൊണ്ടാണ് മുസ്‍ലിംകൾക്ക് ഇത് സംഭവിക്കാത്തത്? ഈ അധിനിവേശ ചരിത്രത്തെ പിന്തുണക്കുന്നില്ലെന്ന് എന്തുകൊണ്ട് അവർക്ക് എഴുന്നേറ്റു നിന്ന് പറഞ്ഞുകൂടാ? അത് സംഭവിച്ചാൽ, ഭഗവത് ജി പറഞ്ഞത് പോലെ, നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്ന നാശത്തെക്കുറിച്ച് ഹിന്ദുക്കളും സംസാരിക്കുന്നത് നിർത്തും. പക്ഷേ, ഹിന്ദുക്കൾ മൗനം പാലിക്കണമെന്നും മതവികാരങ്ങളില്ലാതെയിരിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. അതേസമയം ഇസ്‌ലാമിന്റെ മധ്യകാല ചരിത്രവുമായി അവർ സ്വയം ബന്ധപ്പെട്ടുകൊണ്ടേയിരിക്കുന്നു. അങ്ങനെ സൗഹാർദം കൈവരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്" -റാം മാധവ് പറഞ്ഞു.

ഹിന്ദുക്കൾ ഇപ്പോൾ അവരുടെ നാഗരികതയിൽ അഭിമാനിക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയോ മമത ബാനർജിയോ പോലുള്ള രാഷ്ട്രീയക്കാർ തങ്ങളുടെ ഹിന്ദു സ്വത്വം ആവർത്തിക്കുന്നത്. ഒരു വലിയ വിഭാഗം ഹിന്ദുക്കൾ അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നു. ഇത് പ്രതികാരത്തെക്കുറിച്ചല്ല, മറിച്ച് ഒരു വലിയ ചോദ്യത്തെക്കുറിച്ചാണ്. നമ്മൾ ഒരേ സമൂഹത്തിന്റെ ഭാഗമാണോ അതോ ഞങ്ങളിൽ ചിലർക്ക് ബ്രിട്ടീഷുകാരുമായി ബന്ധമുണ്ടോ, അതോ മുഗളരുമായി ബന്ധമുണ്ടോ? ഇങ്ങനെയാണോ നമ്മൾ ജീവിക്കേണ്ടത്?.

നമുക്കും ഐക്യത്തോടെ ജീവിക്കാം. അതുകൊണ്ടാണ് ഭാഗവത് ജി ഒരുമിച്ചിരുന്ന് ഒരു സംഭാഷണം ആരംഭിക്കുന്നതിനെ കുറിച്ച് ഊന്നിപ്പറഞ്ഞത്. അത് രാഷ്ട്രീയ പാർട്ടികളിലൂടെയോ സർക്കാരിലൂടെയോ നടക്കില്ല. നമ്മൾ അതിന് തുടക്കമിടണം. തങ്ങളുടെ പൂർവ്വികർ ഈ രാജ്യത്ത് നിന്നുള്ളവരാണെന്ന് മുസ്‍ലിംകൾക്ക് പറയേണ്ടിവരും. കൂടാതെ മധ്യകാല ഇസ്‍ലാമിക ആക്രമണകാരികളുടെ വംശപരമ്പര അവർ ഉപേക്ഷിക്കേണ്ടിയും വരും'' -റാം പറഞ്ഞു. റാം മാധവിന്റെ അതിതീവ്ര വർഗീയ പരാമർശങ്ങൾ വിവാദങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram madhavjihadKafirummah
News Summary - RSS’ Ram Madhav says Muslims ‘need to give up 3 concepts’: ‘Kafir, ummah, jihad to kill’
Next Story