റിപ്പബ്ലിക്കിന്റെ ഹൃദയ സംഹിത
text_fieldsചരിത്രപ്രസിദ്ധമായ ആ പ്രസംഗത്തിനും നമ്മുടെ ഭരണഘടനക്കും 75 വയസ്സ് പിന്നിടുമ്പോൾ ചോദ്യം ഇതാണ്: ഇപ്പോൾ നമ്മുടെ കൈവശമുള്ള ഭരണഘടനയുടെ സ്വഭാവം എന്താണ്? അത് നല്ലതാണോ മോശമാണോ?
നമുക്ക് രണ്ട് ഭരണഘടനയുണ്ട്: നല്ല ഭരണഘടനയും മോശം ഭരണഘടനയും. രണ്ടിന്റെയും ഉള്ളടക്കം ഒന്നുതന്നെയാണെങ്കിലും നല്ലതും മോശവും നിശ്ചയിക്കപ്പെടുന്നത് അത് കൈകാര്യം ചെയ്യുന്ന ഭരണകൂടവും അതിനെ നയിക്കുന്ന പ്രത്യയശാസ്ത്രവുമാണ്. ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കർ ആ നിയമസംഹിത രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ നിരീക്ഷിച്ച കാര്യമാണിത്. ചരിത്രപ്രസിദ്ധമായ ആ പ്രസംഗത്തിനും നമ്മുടെ ഭരണഘടനക്കും 75 വയസ്സ് പിന്നിടുമ്പോൾ ചോദ്യം ഇതാണ്: ഇപ്പോൾ നമ്മുടെ കൈവശമുള്ള ഭരണഘടനയുടെ സ്വഭാവം എന്താണ്? അത് നല്ലതാണോ മോശമാണോ?
ലോകത്തെ ഏറ്റവും ശക്തമായ ഭരണഘടനകളിലൊന്നാണ് നമ്മുടേത്. 75 വർഷത്തെ ആയുസ്സ് എന്നത് ഭരണഘടനയെ സംബന്ധിച്ച് ഒട്ടും ചെറുതല്ല; ഒരു പുരുഷായുസ്സിനിടെ, അയൽ രാജ്യങ്ങളിൽ ചിലതിൽ അരഡസൻ ഭരണഘടനകൾ വരെ എഴുതപ്പെട്ടുവെന്നറിയുമ്പോഴാണ്, മുക്കാൽ നൂറ്റാണ്ടിന്റെ കരുത്ത് ബോധ്യപ്പെടുക. ബഹുത്വത്തിന്റെ പറുദീസയായ ഈ രാജ്യത്തിന്റെ നാനാത്വങ്ങളെ അംഗീകരിച്ചും ഉൾക്കൊണ്ടുമാണ് അത് തയാറാക്കപ്പെട്ടത്. അതിനായി, പ്രത്യേക അസംബ്ലിതന്നെയുണ്ടാക്കി. നിയമവിദഗ്ധരുടെയും രാഷ്ട്രതന്ത്രജ്ഞരുടെയും ആ നിര ബഹുസ്വര ഇന്ത്യയുടെ ആത്മവിനെ സർഗാത്മകമായും പ്രായോഗികമായും ആവിഷ്കരിച്ചപ്പോഴാണ് നമുക്ക് മഹത്തായൊരു ഭരണഘടന യാഥാർഥ്യമായത്. തുടക്കത്തിൽ അതൊരു ‘നല്ല’ ഭരണഘടനയായിരുന്നു; ആദ്യ ആറര പതിറ്റാണ്ടിന്റെ ചരിത്രത്തിൽ അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ് അത് ‘ചീത്ത’യായി അനുഭവപ്പെട്ടത്. അതേ ഭരണഘടനയുടെ കരുത്തിൽ ആ പ്രസിസന്ധികളെ നാം അതിജീവിക്കുകയും ചെയ്തു. പക്ഷേ, ഹിന്ദുത്വ ഫാഷിസത്തിന്റെ പുതിയ കാലത്ത് നമ്മുടെ ഭരണഘടന നിത്യ പരീക്ഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു; ഈ അനിശ്ചിതത്വങ്ങളെ രാജ്യവും റിപ്പബ്ലിക്കും എങ്ങനെയാകും അതിജീവിക്കുക?
ഭരണഘടനാ അസംബ്ലിയുടെ ദിനങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിശേഷിക്കപ്പെടുന്ന രാജ്യത്തിന് ആ പദവി അർഹമാക്കിയ ഭരണഘടന എഴുതിത്തയാറാക്കൽ ഒട്ടും ലളിതമായിരുന്നില്ല. ഏകദേശം മൂന്നുവർഷം കൊണ്ടാണ് ഭഗീരഥയത്നത്തിലൂടെ ഭരണഘടന എഴുതി പൂർത്തിയാക്കിയത്.
1946 മേയ് 16നാണ് ഭരണഘടനാ അസംബ്ലിയുടെ ഘടനയും മറ്റും കാബിനറ്റ് മിഷൻ വിശദീകരിക്കുന്നത്. ജൂലൈയിൽ ഭരണഘടനാ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി.
അവിഭക്ത ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് 296 പേരെയും 20 സ്വതന്ത്ര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 93 പേരെയും അംഗങ്ങളായി തെരഞ്ഞെടുത്തു.15 പേർ സ്ത്രീകൾ. ഇതിൽ മലയാളിയായ ദാക്ഷായണി വേലായുധനായിരുന്നു ഏക ദലിത് അംഗം. ജൂലൈ 11ന് ബി.എൻ. റാവുവിനെ ഭരണഘടനാ അസംബ്ലിയുടെ ഉപദേഷ്ടാവായി നിയമിച്ചു.
1946 ഡിസംബർ ഒമ്പതിന് ഭരണഘടനാ അസംബ്ലി രൂപവത്കരിച്ചു. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ ആദ്യയോഗം അന്നാണ് ചേർന്നത്. കോൺഗ്രസ് നേതാക്കളായ നെഹ്റുവും പട്ടേലും സഭയിൽ ആദ്യ നിരയിൽ ഇരുന്നു. എന്നാൽ, പ്രത്യേക രാജ്യം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് യോഗം ബഹിഷ്കരിച്ചു. രണ്ട് ദിവസങ്ങൾക്കുശേഷം ഡോ. രാജേന്ദ്ര പ്രസാദിനെ അസംബ്ലിയുടെ അധ്യക്ഷനായി നിയമിച്ചു. ഹരേന്ദ്ര കുമാർ മുഖർജി ഉപാധ്യക്ഷൻ. ആകെ 389 അംഗങ്ങൾ, വിഭജനത്തിനുശേഷം അംഗങ്ങളുടെ എണ്ണം 299 ആയി കുറഞ്ഞു.
1946 ഡിസംബർ 13ന് ഭരണഘടനാ അസംബ്ലിയിൽ ജവഹർലാൽ നെഹ്റു ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾ വിശദീകരിച്ചു. ഒരു ‘ലക്ഷ്യ പ്രമേയം’ ഉജ്ജ്വലമായ ഭാഷയിൽ അവതരിപ്പിച്ചു.
1947 ഫെബ്രുവരി 27ന് മൗലികാവകാശങ്ങൾക്കായുള്ള ഉപസമിതിയുടെ ആദ്യ യോഗം ചേർന്നു. ഹൻസ മേത്തയും അമൃത് കൗറും ഉൾപ്പെടെ ഈ ഉപസമിതിയിൽ12 അംഗങ്ങൾ.
1947 ഏപ്രിൽ ഒന്നിന് മൗലികാവകാശങ്ങൾക്കായുള്ള ഉപസമിതിയുടെ റിപ്പോർട്ട് ഉപദേശക സമിതിക്ക് സമർപ്പിച്ചു. ആ വർഷം ജൂലൈ 22ന് ദേശീയപതാക അംഗീകരിച്ചു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടിയതോടെ ഭരണഘടന തയാറാക്കൽ നടപടികൾ വേഗത്തിലായി.
ആഗസ്റ്റ് 29ന് ഡോ. ബി.ആർ. അംബേദ്കർ ചെയർമാനായി ഡ്രാഫ്റ്റിങ് കമ്മിറ്റിയെ നിയമിച്ചു. കെ.എം. മുൻഷി, മുഹമ്മദ് സാദുല, അല്ലാഡി കൃഷ്ണസ്വാമി അയ്യർ, ഗോപാല സ്വാമി അയ്യങ്കാർ, എൻ. മാധവ റാവു, ടി.ടി. കൃഷ്ണമാചാരി എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഇതിൽ മാധവറാവു അസുഖം കാരണം രാജിവെച്ചു. 1949 നവംബർ 26ന് ‘ഇന്ത്യൻ ഭരണഘടന’ സഭ പാസാക്കി. 1950 ജനുവരി 24ന് ഭരണഘടനാ അസംബ്ലിയുടെ അവസാന യോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

