ആർത്തി  തിന്നുതീർത്ത ഒരു  ദേശത്തി​െൻറ കഥ

2018 ഡിസംബർ ഒമ്പതിന്​ ‘വാരാദ്യമാധ്യമം’ കവർസ്​റ്റോറി ആയി പ്രസിദ്ധീകരിച്ച ഫീച്ചർ. ഖരിമണൽ ഖനനം മൂലം ആലപ്പാട്​ എന്ന ദേശം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്​ പുറംലോകത്തെ ആദ്യമായി അറിയിക്കുന്നത്​ ഇൗ ലേഖനമായിരുന്നു. ഇതിന്​ ശേഷമാണ്​ വിഷയം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്​. 

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്ത്​ നാം നോക്കിനിൽക്കെ തീർന്നുതീർന്നു ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്​. രണ്ട് കരിമണൽ ഖനന കമ്പനികൾ ഇരുമ്പുനാവുകൾ നീട്ടി നക്കിത്തുടച്ചെടുക്കുന്നു ഇൗ മണ്ണിനെ. ഒരു വാർഡ് പൂർണമായും കടലെടുത്തു കഴിഞ്ഞു. മനുഷ്യ​​​െൻറ ആർത്തിയുടെ അവസാന  പെരുവയറായി മാറിക്കൊണ്ടിരിക്കുകയാണ് ആലപ്പാട്...

‘‘ഇൗ തീരം മുഴുവൻ പഞ്ചാരമണലായിരുന്നു. കടലീ േപാകുന്ന കൂടപ്പെറപ്പുകളെയും അച്ഛനെയും കാത്ത് നാല് ചെമട് താങ്ങിയും താണ്ടി ഞങ്ങ പെമ്പിള്ളേർ അങ്ങ് തീരത്ത് പോയിരിക്കുവാരുന്നു. അപ്പോ കടലമ്മ ഞങ്ങളോട് കിന്നാരം പറയാൻ വരും. അരക്കുപ്പായവും പാവാടയും ഒക്കെ അവൾ നനക്കും. പിന്നെ അവള് തന്നെ ഇളംകാറ്റിനെയയച്ച് ഞങ്ങളെ ആറ്റിയുണക്കും. അന്നൊക്കെ തീരത്തായിരുന്നു വീടെങ്കിലും കടലമ്മെയ കാണണമെങ്കിൽ പൂഴിമണ്ണിലൂടെ നടന്നുനടന്ന് വരണമായിരുന്നു. ഇടതൂർന്ന തെങ്ങിൻ േതാപ്പിനിടയിലൂടെ ഞങ്ങൾ ഇങ്ങനെ നടക്കും. ഒാർമയിൽപോലും കടലമ്മ ഞങ്ങടെ കണ്ണ് നനച്ചിട്ടില്ലാത്ത കാലമായിരുന്നു അത്.

ആ കടലമ്മയാണ് ഇപ്പോ ഞങ്ങടെ വീടി​​െൻറ ചുമരുകളിൽ വന്ന് ആർത്തലച്ച് തലതല്ലിക്കരഞ്ഞ് തിരിച്ചുപോകുന്നത്. കടലിനെ മാത്രം വിശ്വസിച്ചാണ് ഒാരോ രാത്രിയും ഉറങ്ങാൻ കിടക്കുന്നത്. പിറ്റേന്ന് വീട് കാണുമെന്ന് ഒരുറപ്പും ഇല്ല. തെക്കുനിന്നും വടക്കോട്ട് കടലാഴത്തിലുള്ള കുഴികളാണ് മണ്ണുമാന്തി തീർക്കുന്നത്. ഞങ്ങടെ തീരത്തെ തുടച്ച് നീക്കിക്കൊണ്ടാണ് ഇൗ മണ്ണ് മുഴുവൻ എടുത്തുകടത്തുന്നത്. കുഴിമാടങ്ങളിലെ പരേതാത്മാക്കൾക്ക് ഒരു അന്തിത്തിരി വെക്കാൻപോലും അടയാളങ്ങളില്ലാത്ത വണ്ണം ഞങ്ങളെ ഇങ്ങനെ തൂത്തെടുക്കുന്നു യന്ത്രങ്ങൾ.’’ 

alappad-2

കൊല്ലം ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കൽ നാഥവിലാസം വീട്ടിലിരുന്ന് ഭർത്താവ് സത്യരാജിനൊപ്പം പഴയകാല കടലോർമകൾ പങ്കുവെക്കുേമ്പാഴും സതിയമ്മയുടെ വീടി​​െൻറ പിന്നാമ്പുറത്ത് കടൽ കരഞ്ഞുവിളിച്ചുകയറി വരുന്നുണ്ടായിരുന്നു. തിരകളുടെ കലമ്പലിൽപെട്ട് സതിയമ്മയുടെ ശബ്​ദംതന്നെ നേർത്തുനേർത്തുപോയി. 

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്താണ് നാം നോക്കിനിൽക്കെ തീർന്നുതീർന്നു ഇല്ലാതായി പോയിക്കൊണ്ടിരിക്കുന്നത്. രണ്ട് കരിമണൽ ഖനന കമ്പനികൾ അവരുടെ ഇരുമ്പുനാവുകൾ നീട്ടി നക്കിത്തുടച്ചെടുക്കുന്നു ഇൗ മണ്ണിനെ. ആലപ്പാട് പഞ്ചായത്ത് ഇന്ന് മരണശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. പഞ്ചായത്തിലെ ഒരു വാർഡ് പൂർണമായും കടലെടുത്തു കഴിഞ്ഞു. മനുഷ്യ​​​െൻറ  ആർത്തിയുടെ അവസാന പെരുവയറായി മാറിക്കൊണ്ടിരിക്കുകയാണ് ആലപ്പാട് എന്ന തീരദേശപഞ്ചായത്ത്. മണ്ണി​​െൻറ മലകളുണ്ടായിരുന്ന പഞ്ചായത്തിൽ ഇന്നുള്ളത് പെരുംകുഴികളും ചെളിക്കുണ്ടുകളുമാണ്. ആളുകൾ വീടും കൂടുംവിട്ട് തീരമൊഴിഞ്ഞുപോകുന്നു. അതിജീവനത്തി​​െൻറ അവസാന കച്ചിത്തുരുമ്പിൽ അള്ളിപ്പിടിച്ചിരിക്കുകയാണ് ഇപ്പോഴും ഒരു കൂട്ടർ. അവർക്ക് ഇൗ മണ്ണിൽ വേറെ ഇടങ്ങൾ ഇല്ല. ജനിച്ചു വളർന്ന് െതാഴിലെടുത്ത് ജീവിച്ച ഇടത്തിൽ തന്നെ മണ്ണിൽ അലിഞ്ഞുചേരണമെന്നാണ് അവരുടെ ആവശ്യം.

സമരസമിതിയുടെ നിരാഹാര പന്തലിലിരുന്ന് അഴീക്കൽ മുരളി പറഞ്ഞതും അതാണ്. ‘‘പക്ഷികൾക്ക് കൂടു കൂട്ടാൻ മരങ്ങൾതന്നെ വേണം. മരങ്ങളില്ലാതായാൽ കിളികൾ എന്തുചെയ്യും. അതുപോലെയാണ് ഞങ്ങളും. ഇൗ തീരം വിട്ട് ഞങ്ങൾക്ക് ജീവിക്കാനാകില്ല. ഞങ്ങളുടെ ജീവിതം കടലിെനാപ്പമാണ്.’’ 
ഇന്ത്യൻ റെയർ എർത്​സ്​ ലിമിറ്റഡ്, കേരള മെറ്റൽസ് ആൻഡ് മിനറൽസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ കരിമണൽ ഖനനംമൂലം ആലപ്പാട് എന്ന തീരഗ്രാമം ഭൂമുഖത്തുനിന്നുതന്നെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. മത്സ്യസമ്പത്തുകൊണ്ടും കാർഷിക അഭിവൃദ്ധിയിലും സമ്പന്നമായ നാടായിരുന്നു കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത്. അതാണ് ഇന്ന് ഒരു മണൽവരയായി അധഃപതിച്ചിരിക്കുന്നത്. 

alappad 3
ആലപ്പാട്​ ഖനനം നടക്കുന്ന സ്ഥലം
 

ആലപ്പാടി​​െൻറ ഭൂതകാലക്കുളിർ

ഇടതൂർന്ന തെങ്ങിൻ തോപ്പുകൾ, വയലേലകൾ, കണ്ടൽക്കാടുകൾ, കടലിന് കിന്നാരം പറയുന്നത്ര ദൂരത്ത് കായലി​​െൻറ മർമരം. പുതുതലമുറക്ക് ഇങ്ങനെ ഒരു ആലപ്പാടിനെക്കുറിച്ച് പറഞ്ഞുകൊടുത്താൽ അവർ വിശ്വസിക്കില്ലെന്ന് കരിമണൽ ഖനനവിരുദ്ധ സമരസമിതി നേതാവ് ശ്രീകുമാർ പറയുന്നു. ആയിരക്കണക്കിന് കുടുംബങ്ങളായിരുന്നു അന്ന് തീരത്ത് വസിച്ചിരുന്നത്. വിശാലമായ കടപ്പുറം കണ്ട് െഎ.എസ്.ആർ.ഒ ഇവിടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പണിയുന്നതിനെ സംബന്ധിച്ച് വരെ ആലോചിച്ച കാലമുണ്ടായിരുന്നു. വെള്ളാനത്തുരുത്ത് പാടശേഖരമായിരുന്നു ആലപ്പാടി​​െൻറ ജീവനാഡി. പണ്ട് ഇവിടത്തെ ഒാരോ വീടിനോടും ചേർന്ന തീരം അവ​​​െൻറ തൊഴിലിടം കൂടിയായിരുന്നു. കടലി​​െൻറ ഗതി അറിഞ്ഞ് മീൻപിടിക്കാൻ പോയിരുന്ന കാലം. ‘കമ്പവലകൾ’ എന്ന പരമ്പരാഗത മത്സ്യബന്ധന രീതി അന്നത്തെ ചെറുപ്പക്കാർക്കടക്കം ഒരു വരുമാനമാർഗമായിരുന്നു. അവർ കടലിനെ അറിഞ്ഞും കടൽ അവരെ അറിഞ്ഞുമുള്ള ജീവതാളത്തിനിടെ കടൽഭിത്തികൾ വന്നു. തിരയും തീരവും തമ്മിൽ അകന്നകന്നുപോയി. പിന്നീട് കടൽതീരം പോലും ബാക്കിവെക്കാത്ത വിധം കരയെ കവർന്നെടുത്തു. 

ഉപയോഗശൂന്യമായി വെള്ളക്കെട്ടായിക്കിടക്കുന്ന സ്​ഥലം
 

ഖനനം കൊന്നുതിന്ന തുരുത്ത്
ആലപ്പാടിനെ ശരിക്കും മണൽ ഖനനം കൊന്നുതിന്ന തുരുത്ത് എന്ന് വേണമെങ്കിൽ പറയാം. 5000 കുടുംബങ്ങളാണ് ഖനനം മൂലം തീരത്തുനിന്നും തൂത്തെറിയപ്പെട്ടത്. പരമ്പരാഗത മത്സ്യബന്ധനം പൂർണമായും ഇല്ലാതായി. എല്ലാവർക്കും തൊഴിൽ നഷ്​ടപ്പെട്ടു. സ​​െൻറ് ഒന്നിന് 55000 രൂപ വീതം കമ്പനി നൽകും. ഖനനശേഷം  മണ്ണിട്ട് നികത്തി ഉടമകൾക്കുതന്നെ തിരികെ നൽകും എന്നാണ് വാഗ്ദാനം. പാട്ടത്തിനെടുക്കുന്ന ഒരു സ​​െൻറ് ഭൂമിയിൽനിന്ന് ഒരു കോടി രൂപയുടെ റെയർ എർത്ത് ലഭിക്കുമെന്ന് ഖനന കമ്പനികൾതന്നെ സാക്ഷ്യംവഹിക്കുന്നു. പഞ്ചായത്തി​​െൻറ തെക്കേ അറ്റത്തുള്ള പ്രദേശമാണ് വെള്ളനാതുരുത്ത്. അവിടെയാണ് െഎ.ആർ.ഇ കമ്പനി നിലവിൽ ഖനനം നടത്തുന്നത്. ലോഹമണൽ കടത്തിയശേഷം ശേഷിക്കുന്ന മണൽ അവിടെത്തന്നെ നിക്ഷേപിക്കും. ഉള്ളുറപ്പില്ലാത്ത ഇവിടം പിന്നീട് കാടുകയറി ഇഴജന്തുക്കളുടെ താവളമാകും. ഇതോടെ, തീരത്ത് ശേഷിക്കുന്നവരും കിട്ടുന്ന വിലക്ക് പ്രമാണം കമ്പനിയെ ഏൽപിച്ച് മനസ്സില്ലാ മന​​േസ്സാടെ തീരം വിടും. വെള്ളാനത്തുരുത്തിലെ സുശീല പറയുന്നു: ‘‘ഇൗ നാട്ടിൽനിന്ന് ആരൊക്കെ വിറ്റുപെറുക്കിപ്പോയാലും ഞങ്ങൾ പോകില്ല. വീടും സ്ഥലവും ഖനനത്തിനായി കമ്പനിക്ക് കൊടുക്കത്തുമില്ല’’. ഇവരുടെ ചുറ്റിനുമുള്ള വീട്ടുകാർ വീട് പൊളിച്ച് ഖനനം നടത്താനുള്ള അനുമതി പത്രത്തിൽ ഒപ്പിട്ടുകഴിഞ്ഞു. 

ചാകര
ആലപ്പാടി​​െൻറ തീരത്ത് എക്കലും ചളിയും അടിഞ്ഞുകൂടി കുഴമ്പുരൂപത്തിൽ ആർക്കും അടുക്കാൻ പറ്റാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് ചാകരയുടെ വലിയ തീരങ്ങളായിരുന്നു കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങൾ. മണൽ ഖനനത്തിലൂടെ ഇത് പൂർണമായും ഇല്ലാതായി. ആലപ്പാടി​​െൻറ തീരത്തുനിന്ന്​ ആളുകൾ പിൻമാറിയതോടെ സ്വാഭാവികമായും തീരമത്സ്യബന്ധനവും അസ്തമിച്ചു. ഇതോടെ ചാകരയും തീരം വിെട്ടാഴിഞ്ഞു. 
കരിമണലിൽ കണ്ണുമഞ്ഞളിച്ചപ്പോൾ

ചെറിയഴീക്കൽ തീരത്ത് ഏത് നിമിഷവും കടലെടുക്കാവുന്ന തരത്തിലുള്ള ശവകുടീരം
 

കൊല്ലം ജില്ലക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ആലപ്പാട്, പന്മന പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരദേശത്തെ മണലിൽ വളരെ കൂടിയ അളവിൽ മോണോസൈറ്റ്, ഇൽമനൈറ്റ് ധാതുക്കൾ ഉള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് 1932 മുതൽ ആലപ്പാട് ജില്ലയിൽനിന്ന് കരിമണൽ ഖനനം ചെയ്ത് സംസ്കരിച്ചുെകാണ്ടിരുന്നു. സംസ്ഥാന സർക്കാറി​​െൻറ കെ.എം.എം.എൽ, കേന്ദ്രസർക്കാർ സ്ഥാപനമായ െഎ.ആർ.ഇ എന്നീ സ്ഥാപനങ്ങളാണ് നിലവിൽ ആലപ്പാട് പഞ്ചായത്തിൽനിന്ന് രാപ്പകൽ കരിമണൽ ഖനനം നടത്തിക്കൊണ്ടിരിക്കുന്നത്. വട്ടക്കായലിനും അറബിക്കടലിനും ഇടയിലുള്ള നേർത്ത മണൽരൂപമാണ് ആലപ്പാട് പഞ്ചായത്ത്. ഒരു തിരയൊന്ന് ആഞ്ഞു വീശിയാൽ കടലും കായലും ഒന്നാകുന്ന അവസ്ഥ. സൂനാമി നാശം വിതച്ചെത്തിയപ്പോൾ നൂറിലധികം ജീവനുകൾ ആലപ്പാട് പഞ്ചായത്തിൽ മാത്രം പൊലിഞ്ഞിരുന്നു. അവിടെയാണ് രണ്ട് കമ്പനികൾ തകൃതിയായി ഖനനം തുടരുന്നത്. 1970 മുതലാണ് കമ്പനികൾ ഇവിടെ യന്ത്രവത്​കൃത ഖനനം തുടങ്ങുന്നത്. അന്നുമുതൽ പ്രദേശവാസികൾ സമരവും തുടങ്ങിയിരുന്നു. ഖനനത്തെ തുടർന്ന് നല്ല തെങ്ങിൻ പുരയിടങ്ങൾ കടലായി മാറി. പണ്ടാരത്തുരുത്ത് മുക്കുംപുഴ മുതൽ വെള്ളാനത്തുരുത്തുവരെ നീണ്ടുകിടക്കുന്ന വെള്ളാനത്തുരുത്ത് പാടം ആലപ്പാടി​​െൻറ ഹൃദയമായിരുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ കാർന്നുതിന്ന് ചവച്ചുതുപ്പിയ ചതുപ്പുകൾ മാത്രമാണ് ഇന്നാ ദേശം. 

കനകക്കുന്നിൽ വിജയമ്മക്ക് 85 വയസ്സായി. ഇപ്പോൾ ഖനനം നടക്കുന്ന വെള്ളാനത്തുരുത്തിലായിരുന്നു വിജയമ്മയുടെ വീട്. വീട് നിന്നിടം ഇന്ന് ആഴമേറിയ കടലാണ്. കടലിലെത്താൻ വീട്ടീന്ന് നടന്ന് കാലുകഴക്കുന്നത്ര ദൂരം പോേകണ്ട കാലമുണ്ടായിരുന്നു. അവിടമാണിപ്പോൾ കടലിന് കൊടുത്തത്. കടലിനും കായലിനും മധ്യേ 17 കിലോമീറ്റർ വാലു പോലെ നീണ്ടുകിടക്കുന്ന ആലപ്പാട്, പൻമന പഞ്ചായത്തുകളാണ് കരിമണൽ ഖനനത്തെ തുടർന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര^കേരള സർക്കാറുകൾ മത്സരിച്ച് മണ്ണ് കുഴിച്ച് ആലപ്പാട്ടുകാർക്ക് കൂട്ടക്കുഴിമാടങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. 89.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന ഗ്രാമം ഇന്ന് 7.6 ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങിയിരിക്കുന്നു. 20,000 ഹെക്ടർ കരഭൂമിയാണ് കടലെടുത്തത്. എന്നിട്ടുമെന്താണ് ഇൗ അധികാരികൾ മരണമുഖത്തുനിന്നും ഇൗ മണ്ണിനെ കാത്തുവെക്കാത്തത്.

alappad-63

ഭൂമിയിൽ ഇടമില്ലാതാകുന്നവർ
മനുഷ്യർക്കു മാത്രമല്ല, ദൈവങ്ങൾക്കുപോലും രക്ഷയില്ലാത്തത്ര ആഴത്തിൽ മുറിവേറ്റു കിടക്കുകയാണ് ആലപ്പാട്. പഞ്ചായത്തിലെ പതിനാറാം വാർഡിൽ നിറയെ വീടുകൾക്കു നടുവിലായിരുന്നു പൊൻമന ചെട്ടിച്ചിയമ്മൻ ക്ഷേത്രം. ഖനനത്തി​​െൻറ ഇരുമ്പുകരങ്ങൾ നീണ്ടുവന്നപ്പോൾ ചുറ്റുമുള്ളവർ വീടൊഴിഞ്ഞുപോയി. ദുർഗാദേവി മാത്രം ശേഷിച്ചു. അമ്പലവും ചുറ്റുമതിലും ഒഴികെയുള്ള ചുറ്റുവട്ടം മുഴുവൻ ആർത്തിയുടെ കൈകൾ കാർന്നെടുത്തു. ഇപ്പോൾ ദേവി ഇവിടെ ഒറ്റക്കാണ്. മാറിപ്പോയവർ വല്ലപ്പോഴും വന്നാലായി. ചുറ്റുവട്ടത്ത് ഒരു വീട് പോലുമില്ല. ഖനനയന്ത്രങ്ങളുടെ മുരൾച്ച മാത്രം. കടലും കഴിഞ്ഞ് ഞങ്ങൾ എവിടെ പോകും. ഇൗ കാണുന്ന കടലി​​െൻറ അപാരതക്കും തൊട്ടുപിന്നിൽ കാണുന്ന മെലിഞ്ഞൊഴുകുന്ന പുഴക്കും അപ്പുറത്ത് ഞങ്ങൾക്കൊരു ജീവിതമില്ല. തീരാവേദനകളുടെ അപാരതീരമാണിത്. ഇൗ കടലി​​െൻറ ഒാരോ തിരയും ഞങ്ങടെ നെഞ്ചിടിപ്പി​​െൻറ പാരാവാരമാണ്. ആലപ്പാട്ടുകാർ പറഞ്ഞുകൊണ്ടിരിക്കുന്നു.

Loading...
COMMENTS