Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightദിവസവും

ദിവസവും വായനദിനമാക്കുക

text_fields
bookmark_border
ദിവസവും വായനദിനമാക്കുക
cancel

ഒരു ജീവിതത്തിൽ അനേകം ജീവിതങ്ങൾ അറിയുകയും അനുഭവിക്കുകയും ചെയ്യാൻ വായനയെന്ന മഹാത്ഭുതം അവസരം തരുന്നു. അങ്ങനെ മനസ്സിനും വികാരങ്ങൾക്കും വിചാരങ്ങൾക്കും നിരന്തരമായ പോഷണം ലഭിക്കുന്നു. ജീവിതത്തെ അന്തഃസത്തയുള്ളതാക്കാനും വാഴ്വി​​​െൻറ സത്യവും സൗന്ദര്യവും ഉൾക്കൊള്ളുന്നതിനും മെച്ചപ്പെട്ട മനുഷ്യരായി മാറുന്നതിനും വായനയിലൂടെയല്ലാതെ സാധ്യമല്ല.

കവിതകളിലൂടെയാണ് ഞാൻ വായനയുടെ ലോക​േത്തക്ക്​ കടക്കുന്നത്. കോളജ് ക്ലാസുകളിൽ പഠിക്കുമ്പോൾ ആശാൻകവിതകളുമായി ഉണ്ടായ പരിചയം കവിതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നവമായ ഉൾക്കാഴ്ച അന്നേ പകർന്നുതന്നു. മഹാകവി കുമാരനാശാനോടുള്ള ആദരവ് നിലനിൽക്കുന്നു എന്നു മാത്രമല്ല, പുതിയ അന്വേഷണങ്ങളും പുനർവായനകളും തുടരുകയും ചെയ്യുന്നു.

k jaya-kumar
കെ. ജയകുമാർ (മലയാള സർവകലാശാല മുൻ വൈസ്​ ചാൻസലറാണ്​ ലേഖകൻ)
 

പിന്നീട് ടാഗോർ, ഖലീൽ ജിബ്രാൻ, റൂമി എന്നീ ആത്മീയതയുള്ള കവികളുടെ രചനകൾ ധാരാളം വായിച്ചു. പ്രധാന കൃതികളിൽ ചിലത് പരിഭാഷപ്പെടുത്തി. ജീവിതത്തി​​​െൻറ അർഥം അന്വേഷിക്കുന്ന പുസ്തകങ്ങൾ ഞാനിപ്പോൾ ധാരാളമായി വായിക്കുന്നു. അതിൽ ശ്രീനാരായണഗുരുവി​​​െൻറ ആത്മോപദേശ ശതകമുണ്ട്​, രമണമഹർഷിയും ലാവോത്​സുവും ഒക്കെയുണ്ട്. ദിവസവും വായനദിനമാക്കുക എന്നതാവണം ലക്ഷ്യം. ​വായന ചിട്ടയായ ശീലമാക്കി വളർത്തി​യെടുക്കണം.

എന്തു വായിക്കുന്നു എന്നതുപോലെ പ്രധാനമാണ് വായിക്കുന്നതിൽനിന്ന് എന്തൊക്കെ ഉൾക്കൊള്ളുന്നു എന്നതും. ചില ആളുകൾ ഒരുപാട് പുസ്തകങ്ങൾ വായിക്കും. വളരെ കുറച്ചു മാത്രമേ ചിന്തകളിൽ സ്ഥാനം പിടിക്കൂ. എണ്ണം കൂട്ടാൻ വായിക്കുന്നതിൽ വലിയ മഹത്ത്വമില്ല. ചിന്തകൾ നാം അറിയാതെ നമ്മുടെ മനോഭാവങ്ങളും അഭിപ്രായങ്ങളും നിലപാടുകളുമായി രൂപാന്തരപ്പെടും.

ഒരു വ്യക്തി സംസാരിക്കുമ്പോൾ ആ വാക്കുകൾ ശ്രോതാവി​​​െൻറ ഹൃദയത്തിലേക്ക് നേരിട്ട് പ്രവേശിക്കു​െന്നങ്കിൽ അതിനർഥം അദ്ദേഹത്തി​​​െൻറ ആശയങ്ങൾ വ്യക്തിത്വത്തി​​​െൻറ ഭാഗമായിക്കഴിഞ്ഞു എന്നാണ്. ജീവിതത്തി​​​െൻറ പ്രതിസന്ധികളിൽ അടിപതറാതെ നിൽക്കാനും, ഒരിക്കലും മൂല്യരഹിതമായി പ്രവർത്തിക്കാതിരിക്കാനും വായനയിലൂടെ നമ്മളിലേക്കെത്തിയിട്ടുള്ള ആശയങ്ങൾ മാത്രമാണ് നമുക്കാശ്രയം. അവയാണ് ഏറ്റവും കരുത്തുറ്റ പ്രതിരോധം. മനുഷ്യനിൽ ഉന്നത മൂല്യങ്ങൾ രൂപപ്പെടുത്തുന്നതിൽ വായന വഹിക്കുന്ന പങ്ക്​ ചെറുതല്ല. പരന്ന വായന അത്​ വായിക്കുന്നവൻപോലും അറിയാതെ ഉയർന്ന മൂല്യങ്ങൾ അയാളിൽ നിക്ഷേപിക്കുന്നു.

Related image

ആസുരവാസനകളും ചെറിയ ചിന്തകളും പെരുകുന്ന വർത്തമാനകാലത്ത്​ ഉത്​കൃഷ്​ടമായ വായനയുടെ പ്രാധാന്യവും പ്രസക്തിയും പതിന്മടങ്ങു വർധിച്ചിരിക്കുന്നു. ആശയങ്ങൾ ഹൃദയത്തിലേക്ക് എത്താൻ നല്ല എഴുത്തുകാരുടെ വാക്കുകളുമായി പരിചയപ്പെടാതെ എങ്ങനെ സാധിക്കും? ഒരു കഥയോ നോവലോ എഴുതുന്ന ഒരാൾ അഗാധമായ ഹൃദയവ്യഥയിലൂടെ കടന്നുപോയി, സ്വയം കത്തിയെരിഞ്ഞിട്ടാണ് എഴുതുക. ആ തീക്ഷ്ണത വായനക്കാരന് അനുഭവവേദ്യമാവുമ്പോൾ ഉണ്ടാവുന്ന വികാരവിക്ഷോഭവും വിമലീകരണവും മാനവരാശിയുടെ അനുഗ്രഹമാകുന്നു. വായിക്കുന്ന എല്ലാ ആശയങ്ങളും നാം അങ്ങനെത്തന്നെ സ്വീകരിക്കണമെന്നില്ല. അവയെ വിമർശനാത്മകമായി മനസ്സിലാക്കിയ ശേഷം വേണ്ടതു മാത്രം സ്വീകരിക്കുക. വിപുലമായ വായനകൊണ്ട് മാത്രമേ ഈ ത്യാജ്യഗ്രാഹ്യ വിവേചനശേഷി വികസിക്കൂ.

സമകാലിക ജീവിതത്തിൽ ഗഹനമായ വിഷയങ്ങൾ ആവിഷ്കരിക്കുന്ന പുസ്തകങ്ങൾ അത്രകണ്ട് സ്വീകരിക്കപ്പെടുന്നില്ല എന്ന് പറഞ്ഞുകേൾക്കുന്നു. അഥവാ വായന ഉപരിപ്ലവമാകുന്നു. ഫോണിലൂടെ വരുന്ന നിസ്സാരമായ ആശയങ്ങളും ഫലിതങ്ങളും, പലപ്പോഴും പ്രതിലോമകരമായ അഭിപ്രായങ്ങളും വായിച്ചു സമയം കളയുന്നവർക്കു നഷ്​ടപ്പെടുന്നത് ജീവിതത്തെ അർഥപൂർണമാക്കാനുള്ള അസുലഭാവസരമാണ്. മഹാഭാരതവും രാമായണവും ബൈബിളും ഭഗവദ് ഗീതയും ഖുർആനും വായിക്കാൻ കഴിഞ്ഞു എന്നതിനെക്കാൾ വലിയ സുകൃതം മറ്റെന്താണുള്ളത്? വായിക്കുക എന്നാൽ, ഉത്തരവാദിത്തത്തോടെ ജീവിക്കുക എന്നുതന്നെയാണർഥം.

മലയാള സർവകലാശാല മുൻ വൈസ്​ ചാൻസലറാണ്​ ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksreading daymalayalam newsOpen Forum Article
News Summary - reading day-open forum
Next Story