Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപടർന്നുകയറുന്ന...

പടർന്നുകയറുന്ന നിരീക്ഷണ മുതലാളിത്തം

text_fields
bookmark_border
പടർന്നുകയറുന്ന നിരീക്ഷണ മുതലാളിത്തം
cancel

അമേരിക്കൻ ഗവേഷക ഡോ. ഷോഷന സുബോഫ് 2019ൽ രചിച്ച പുസ്തകമാണ് നിരീക്ഷണ മുതലാളിത്തത്തിന്റെ കാലം(The Age of Surveillance Capitalism). ലോകത്തെ വൻകിട ഐ.ടി കമ്പനികളുടെ ഉപകരണങ്ങൾ മാത്രമാണ് അവയുടെ വിവിധ സേവനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നാമെല്ലാവരുമെന്നതാണ് ഗ്രന്ഥകാരി സമർഥിക്കുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോള്‍ നമ്മില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളും സമൂഹമാധ്യമങ്ങളില്‍ നാം പോസ്റ്റ്‌ ചെയ്യുന്നതും വായിക്കുന്നതുമായ സംഗതികളും അവരുടെ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ഈ കോർപറേറ്റ് ഭീമന്മാർ. അതിനുവേണ്ടി നമ്മുടെ സ്വകാര്യ വിവരങ്ങൾ ഇവർ മറിച്ചുവിൽക്കുന്നു. ഇങ്ങനെ പോകുന്നു ഷോഷനയുടെ വാദങ്ങള്‍.

ഗൂഗ്ളിൽ ഒരു പദം നാം സെർച്ച്ചെയ്യുമ്പോൾ നമ്മെക്കുറിച്ച് ആ കമ്പനിക്ക് ലഭിക്കുന്ന ചില ഡേറ്റയുണ്ട്. പതിവായി ഈ സെ൪ച്ച് എൻജിൻ നാം ഉപയോഗിക്കുമ്പോള്‍ നമ്മെക്കുറിച്ച് ധാരാളം ഡേറ്റ അവർക്ക് ലഭിക്കുന്നു. അതിനുമപ്പുറം, ഇതേ കമ്പനിയുടെ ജിമെയില്‍, ഗൂഗ്ള്‍ ഡ്രൈവ്, ഗൂഗ്ള്‍ വാലറ്റ് തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ തികച്ചും സൗജന്യമായി നാം ഉപയോഗപ്പെടുത്തുമ്പോള്‍ നമ്മെക്കുറിച്ച ഏതാണ്ട് സമഗ്രമായ വിവരങ്ങള്‍ കമ്പനിയുടെ പക്കല്‍ എത്തുന്നു. ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ഒരു അനുമതി 'Agree' ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ നാം അവർക്ക് കൊടുക്കുന്നുണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ, ഏതൊക്കെ കാര്യത്തിന് ഇത്തരം ഡേറ്റ ഉപയോഗിക്കാം? ഏതൊക്കെ കാര്യത്തിന് ഇവ ഉപയോഗിച്ചുകൂടാ? ഇതിനിടയിലൊരു ചുവന്ന വര അത്യാവശ്യമാണെന്ന ച൪ച്ച സജീവമാകുകയാണിപ്പോള്‍.

GAFAM എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വിവരഭീമന്മാ൪ (Google (Alphabet), Amazon, Facebook (Meta), Apple, and Microsoft) ഇപ്പോള്‍ ചെയ്യുന്നത് നമ്മെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങളെ വിവിധ ഉല്‍പന്നങ്ങള്‍ നമുക്കു തന്നെ വില്‍ക്കാൻ പരസ്യത്തിനായി ഉപയോഗിക്കുകയാണ്. സോഷ്യൽ മീഡിയയിലെ നമ്മുടെ പോസ്റ്റുകളും പ്രതികരണങ്ങളും വിശകലനം ചെയ്ത് അതിനനുസൃതമായ ന്യൂസ് ഫീഡ് നൽകുന്നു. നമ്മുടെ അഭിരുചിയും താല്പര്യവും മനസ്സിലാക്കി അതിനനുസരിച്ച ഉൽപന്നങ്ങള്‍ വാങ്ങിക്കാൻ നമ്മിൽ നിരന്തര സമ്മർദം ചെലുത്തുന്നു.

സ്മാർട്ട്ഹോമുകളിൽ ഉപയോഗിക്കുന്ന ഓരോ ഡിവൈസുകളും അവിടത്തെ താമസക്കാരെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ചോർത്തിയെടുത്ത് പരസ്യദാതാക്കൾക്ക് കാഴ്ചവെക്കുന്നു. എന്നുമാത്രമല്ല, ഓരോരുത്തരുടെയും ഭൂതകാലത്തെ വ്യത്യസ്തങ്ങളായ ഓൺലൈൻ വ്യവഹാരങ്ങളെ അടിസ്ഥാനപ്പെടുത്തി, ഭാവിയിൽ അവർ എന്തു ചെയ്യുമെന്ന് പ്രവചിക്കുകയും പെരുമാറ്റങ്ങളെയും ഇടപെടലുകളെയും സ്വാധീനിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. അതിനേക്കാളൊക്കെ ഉപരിയായി ഉപയോക്താക്കളുടെ രാഷ്ട്രീയ ചായ്‌വുകൾ മനസ്സിലാക്കി നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി അവയെ ഉപയോഗപ്പെടുത്തുന്നതിന് മൂന്നാം കക്ഷികളെ അനുവദിക്കുകയും ചെയ്യുന്നു.

സ്മാർട്ട്ഫോണിൽ വിവിധ ഫോമുകൾ പൂരിപ്പിക്കുകയോ ആപ്പുകൾ ഉപയോഗിക്കുകയോ ചെയ്യുമ്പോൾ ഓരോ ഉപയോക്താവിന്റെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നു. ഓരോരുത്തരും പോകുന്ന സ്ഥലങ്ങൾ, അതിനുപയോഗിച്ച വാഹനം, വ്യായാമം ചെയ്യുന്ന ആളാണെങ്കില്‍ അയാൾ എത്ര ദൂരം, ഏതൊക്കെ സ്ഥലങ്ങളിലൂടെ ഓടി, ഓരോരുത്തരുടെയും സമൂഹമാധ്യമങ്ങളില്‍ വരുന്ന മെസ്സേജുകളുടെ ഉള്ളടക്കം, വീടിനകത്ത് അവ൪ സംസാരിക്കുന്ന പദങ്ങൾ, നിരീക്ഷണ കാമറകൾക്കു കീഴിലെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ, ഷോപ്പിങ് ബാഗിലെ സാധനങ്ങൾ, പെട്ടെന്നുള്ള തോന്നലിൽ വാങ്ങിച്ചു കൂട്ടുന്ന വസ്തുക്കൾ, ഇന്റർനെറ്റിൽ തിരയുന്ന സംഗതികൾ, കൂട്ടുകാരെയും പാർട്ണർമാരെയും തെരഞ്ഞെടുക്കുന്ന രീതിയും അവരുടെ സ്വഭാവ-സവിശേഷതകളും- ഇങ്ങനെയെല്ലാമെല്ലാം രേഖപ്പെടുത്തുക തന്നെയാണ്.

അവ പിന്നീട് താരതമ്യം ചെയ്തു പ്രത്യേക പാക്കേജുകളാക്കി വിൽപനക്കു വെക്കും. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള നാണംകെട്ട ഈ കടന്നുകയറ്റത്തെ ആരെങ്കിലും ചോദ്യം ചെയ്‌താൽ ഉടൻ വരും ന്യായം: 'ഞങ്ങളുടെ സാങ്കേതിക വിദ്യ നിയമത്തിനു വഴങ്ങുന്നതല്ല!''മനുഷ്യവിജ്ഞാനത്തിന്റെസംഘാടനം'എന്ന ലക്ഷ്യവുമായാണ് ഗൂഗ്ൾ ആദ്യ ഘട്ടത്തിൽ രംഗത്തു വരുന്നത്. എന്നാൽ, ഇന്റർനെറ്റിൽ തിരയാനുള്ള മുഴുവൻ അവകാശം പൂർണമായും ഗൂഗ്ൾ ഏറ്റെടുക്കുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടായത്. അങ്ങനെ 'നാം ഗൂഗ്ളിൽ സെർച്ച്‌ ചെയ്യുകയും google നമ്മെ സെർച്ച്‌ ചെയ്യുക'യുമാണ് ഫലത്തിൽ സംഭവിച്ചത്.

ഫേസ്ബുക്ക് ആകട്ടെ, ഓരോ ഉപയോക്താവിന്റെയും ഏറ്റവും സ്വകാര്യമായ വിവരങ്ങൾ വരെ കൈവശപ്പെടുത്തുന്ന അവസ്ഥയും ഉണ്ടായി. മറ്റൊരർഥത്തിൽ പറഞ്ഞാൽ നമ്മുടെ സ്വഭാവ സവിശേഷതകൾ മുഴുവൻ മനസിലാക്കി, തങ്ങൾക്കായി പുതിയ ഒരു അസറ്റ് ആണ് ഇവർ സൃഷ്ടിച്ചെടുത്തത്. ഇത് മുഖേന നമ്മുടെ ഓരോ ആവശ്യവും പ്രവചിക്കാനും - എന്നല്ല പലപ്പോഴും അവ നിർമിച്ചെടുക്കാനും - അവർക്ക് കഴിഞ്ഞു. പഴയ കൊളോണിയൽ അധിനിവേശങ്ങളെ ഓർമിപ്പിക്കുമാറ് ഈ സാങ്കേതിക ഭീമന്മാർ അതിനായി ഇതുവരെ ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന വിഭവങ്ങൾ ഉപയോഗപ്പെടുത്തി.

അത് തങ്ങൾക്ക് മാത്രമായി നിജപ്പെടുത്തി. അതിനെതിരെയുള്ള സകല എതിർപ്പുകളെയും അവർ തുടച്ചു മാറ്റി. ചെയ്യുന്ന നിയമ വിരുദ്ധമായ സകലപ്രവർത്തനങ്ങൾക്കും സംരക്ഷണം നേടിയെടുത്തു. കൂടാതെ, ബില്യൺ കണക്കിന് ഡോളർ ചെലവഴിച്ച് നിയമനിർമാണത്തിനെതിരെ ലോബിയിങ് നടത്തി. നമ്മുടെ സ്വകാര്യ ജീവിതത്തെ ഉപജീവിച്ചു ശേഖരിച്ചെടുത്ത ഡേറ്റയിൽ ഒരു സാമ്രാജ്യം തന്നെ അവർ കെട്ടിപ്പടുത്തു.

മനുഷ്യസ്വഭാവം പ്രവചിക്കാനും നിയന്ത്രിക്കാനും സ്വാധീനിക്കാനും സാധിക്കുമെന്ന മനഃശാസ്ത്രതത്ത്വത്തിൽ നിന്നാണ് ഈ സാങ്കേതിക ഭീമന്മാർ തങ്ങളുടെ ലാഭക്കൊതിയൻ സ്ട്രാറ്റജി രൂപപ്പെടുത്തിയത്. കഴിഞ്ഞ കാലത്ത് ഒരാൾ തിരഞ്ഞ പദങ്ങളുടെയും വായിച്ച ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും അയാൾ സ്ഥിരം സന്ദർശിക്കുന്ന സൈറ്റുകളുടെയും കാണുന്ന വിഡിയോകളുടെയുമൊക്കെ ഡേറ്റ ശേഖരിച്ച്, അവ കൃത്യമായി വിശകലനം നടത്തി അതു വഴി അയാളുടെ മാനസിക വ്യവഹാരങ്ങളെക്കുറിച്ച കൃത്യമായ അപഗ്രഥനം നടത്തുകയും തുടർന്ന് അയാൾക്കുപയുക്തമായ വിവരങ്ങൾ മാത്രം അയാൾക്കെത്തിച്ച്, പടിപടിയായി അയാളെ തങ്ങളുടെ പരസ്യങ്ങൾക്കുള്ള ടാർഗറ്റ് ആക്കുകയും അയാളുടെ സ്വഭാവ-മാനസിക വ്യവഹാരങ്ങളെ സ്വാധീനിക്കുകയുമാണ് ഈ കോർപറേറ്റ് ഭീമന്മാർ.

ഇതുവഴി ഇവർ തന്നെ മുമ്പ് മുന്നോട്ടുവെച്ചിരുന്ന പഴയ ലിബറല്‍ മൂലധന വ്യവസ്ഥയുടെ ആണിക്കല്ലായിരുന്ന സ്വതന്ത്ര ചിന്തയും ആവിഷ്കാര സ്വാതന്ത്ര്യവുമൊക്കെ പടിക്ക് പുറം കടക്കുന്ന അവസ്ഥയാണ് കാണാനാകുന്നത്. തങ്ങളുടെ പ്രവർത്തനങ്ങൾ വളരെ സങ്കീർണമാണ്, നിയമത്തിന്റെപരിധിയിൽ അവ കൊണ്ടുവരാൻ സാധിക്കില്ല എന്ന് വാദിക്കുന്ന ഈ സ്ഥാപനങ്ങളെ അവയുടെ വഴിക്ക് വിട്ടാൽ സംഭവിക്കുക പൂർണാർഥത്തിൽ അവ നമ്മെ വിഴുങ്ങുക എന്നതായിരിക്കും.

എങ്ങനെയാണ് ഈ കോർപറേറ്റ് ഭീമന്മാർ നമ്മുടെ സ്വകാര്യ ജീവിതത്തെ കീഴ്പ്പെടുത്തുന്നതെന്ന് നമ്മൾ പോലും അറിയുന്നില്ലെന്നതാണ് അവരുടെ ഏറ്റവും വലിയ മൂലധനം. അതുകൊണ്ടുതന്നെ പൊതുജനങ്ങളെ, ചുഷണം ചെയ്യപ്പെടുന്ന തങ്ങളുടെ സ്വകാര്യതയെക്കുറിച്ച് ബോധവത്കരിക്കുകയെന്നത് പ്രധാനമാണ്. തദ്വിഷയകമായ പല പ്രവ൪ത്തനങ്ങളും വിവിധ തലങ്ങളില്‍ പരിമിതമായ രീതിയിൽ നടന്നുവരുന്നു. ചിലയിടങ്ങളില്‍ അത് ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളെ ബഹിഷ്കരിക്കുന്നതിലേക്ക് എത്തിയിട്ടുണ്ട്.

'degoogling'എന്ന പേരില്‍ ഗൂഗിളിനെ ഒഴിച്ചുനിർത്തിയുള്ള ഇന്റർനെറ്റ്, സ്മാർട്ട്ഫോണ്‍ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങളും ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യമില്ലാത്ത കുക്കീസ്ഒഴിവാക്കല്‍, ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്ന സൈറ്റുകളെയും ആപ്പുകളെയും തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യല്‍, എൻക്രിപ്ഷൻ, വിവിധങ്ങളായ പ്രൈവസിടൂള്‍സിന്റെ (ബ്രൗസ൪ എക്സറ്റൻഷനും വെ൪ച്വല്‍ പ്രൈവറ്റ് നെറ്റ് വ൪ക്കുകളും) ഉപയോഗം എന്നിവയൊക്കെ ബദല്‍ മാ൪ഗങ്ങളായി പരിചയപ്പെടുത്തുന്നുണ്ട് (കൂടുതല്‍ ബദല്‍ മാ൪ഗങ്ങള്‍, ലൂക്ക് മാർട്ടല്‍ എഴുതിയ Surveillance capitalism and digital alternatives എന്ന ലേഖനത്തില്‍ ലഭ്യമാണ്.)

കൂട്ടത്തിലേറ്റവും പ്രധാനം സ്വകാര്യ ഡേറ്റയുടെ ഉപയോഗത്തെക്കുറിച്ച കൃത്യമായ നിയമനി൪മാണങ്ങള്‍ നടത്തുന്നതിന് വിവിധ രാജ്യങ്ങളിലെ സ൪ക്കാറുകളെ പ്രേരിപ്പിക്കുകയെന്നതാണ്. യൂറോപ്യൻ യൂനിയൻ തുടക്കമിട്ട ജനറല്‍ ഡേറ്റ പ്രൊട്ടക്ഷ൯ റെഗുലേഷ൯ അത്തരമൊരു നീക്കമാണ്. വിവരഭീമന്മാ൪ കൈവശപ്പെടുത്തുന്ന ഡേറ്റ എന്തൊക്കെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് പൊതുജനങ്ങളോട് പരസ്യപ്പെടുത്താൻ അവർ തയാറാകണം. കൂടാതെ, നിരീക്ഷണ മുതലാളിത്തത്തിന് ബദൽ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും മറ്റൊരു ഭാഗത്ത് നടക്കേണ്ടതുണ്ട്.

വിവരഭീമന്മാരുടെ കുത്തക തക൪ക്കുകയും കൂടുതല്‍ മത്സരത്തിന് അവസരമൊരുക്കുകയും ചെയ്തുകൊണ്ടാണതിന് തുടക്കമിടേണ്ടത്. സ്വതന്ത്ര, ഓപണ്‍ സോഴ്സ് സോഫ്റ്റ് വെയറുകളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ഇതൊക്കെ പക്ഷേ, സാവധാനം മാത്രം സംഭവിക്കുന്ന, പ്രയാസമേറിയ പ്രക്രിയ ആയിരിക്കാം. പക്ഷേ, അനിവാര്യമായും സംഭവിക്കേണ്ട ഒന്നാണത്. സുബോഫിനെപോലുള്ളവരുടെ പുസ്തകങ്ങൾ അതിന് ഗതിവേഗംനൽകും.

അഗാധമായ സാങ്കേതിക വിവരങ്ങളും വിശാലമായ മാനുഷിക വിജ്ഞാനങ്ങളും കൂട്ടിക്കലർത്തി അവർ നൽകിയ വിവരങ്ങൾ നമ്മുടെ കാലത്തെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ അവസ്ഥകൾ മനസ്സിലാക്കുന്നതിനുപയുക്തമാണ്. അന്തിമമായി ഈ നിരീക്ഷണ മുതലാളിത്തം പരാജയപ്പെടാനുള്ളതാണെന്നതാണ് വാസ്തവം. ലോകത്തെ കുറിച്ച വികല കാഴ്ചപ്പാടുകള്‍, സാമൂഹിക ബന്ധങ്ങളിലെ ദൗ൪ബല്യങ്ങള്‍, പരസ്പര വിശ്വാസത്തിലെ പാളിച്ചകള്‍, ഇതൊക്കെ ഇപ്പോള്‍ തന്നെ ഈ വ്യവസ്ഥയുടെ ദൗ൪ബല്യങ്ങളായി വെളിപ്പെട്ടുവരുന്നുണ്ട്. അതിനാല്‍തന്നെ, അത് നശിക്കാനുള്ളതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social media
News Summary - Rampant surveillance capitalism
Next Story