അവർ രാമായണം വായിച്ചിട്ടില്ലേ?
text_fieldsരാമക്ഷേത്ര ധനാപഹരണക്കേസിലെ കുറ്റാരോപിതരെ പൊലീസ് കൊണ്ടു പോകുന്നു
ആരാധനാലയങ്ങളിൽ നിന്നുള്ള അപഹരണത്തിന്റെ കഥകളാണ് അടുത്ത കാലത്തായി രാജ്യത്ത് വൈറലാകുന്നത്. രാമക്ഷേത്രം നിർമിക്കാനെന്ന പേരിൽ ഇന്ത്യയെ വർഗീയമായി ധ്രുവീകരിക്കുന്നതിന് നേതൃത്വം നൽകിയവരാണ് ആ ക്ഷേത്രത്തിലെ സമ്പത്ത് അപഹരിച്ച സംഭവത്തിൽ ആരോപണം നേരിടുന്നത്. അപഹരിക്കുന്നതും അന്വേഷിക്കുന്നതുമെല്ലാം ഒരേ സംഘക്കാർ ആയതിനാൽ ഈ കേസിന്റെ ഗതിയെന്താകുമെന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ. അയോധ്യ ക്ഷേത്രത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട് എങ്കിലും ക്ഷേത്രങ്ങളിൽ മാത്രമല്ല, എല്ലാ മതസ്ഥരുടെ ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചും വെട്ടിപ്പാരോപണങ്ങൾ ഉയരാറുണ്ട്.
ധനാപഹരണത്തിനുള്ള പ്രവണത ആദികാലം മുതൽക്കു തന്നെ മനുഷ്യർക്കിടയിലുണ്ട്. അതുകൊണ്ടാണല്ലോ മതഗ്രന്ഥങ്ങളിലെല്ലാം അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് പരാമർശങ്ങളുണ്ടായത്. പൊതുധനാപഹരണത്തെ കടുത്ത രീതിയിലാണ് ഇസ്‍ലാം മതവും ക്രൈസ്തവതയും നിഷിദ്ധീകരിച്ചിട്ടുള്ളത്.
ആരാധനാലയക്കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് പലപ്പോഴും വലിയ കിടമത്സരമാണിന്ന്. പൊതുതെരഞ്ഞെടുപ്പിലേതു പോലെയുള്ള പ്രചാരണവും വോട്ട് കാൻവാസ് ചെയ്യലും ദൂരദിക്കുകളിൽ നിന്ന് ആളെ എത്തിച്ചു വോട്ട് ചെയ്യിക്കലുമെല്ലാമുണ്ട്. കമ്മിറ്റി തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൊലപാതകങ്ങളായി മാറിയിട്ടുമുണ്ട്. മുൻകാലങ്ങളിൽ ഒരാൾ ദേവാലയ കമ്മിറ്റി ഭാരവാഹി ആകണമെങ്കിൽ നാട്ടുകാർ മുഴുവനും അയാളെ സമീപിച്ച് കാലുപിടിച്ച് അപേക്ഷിക്കണമായിരുന്നു. സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമേ ആരാധനാലയ കമ്മിറ്റികളിൽ ഭാരവാഹിയാകാൻ സാധിക്കുമായിരുന്നുള്ളൂ. നാട്ടുകാരുടെ സംഭാവനകളും കാണിക്കകളും കൊണ്ട് പരിപാലനം സാധ്യമാകില്ല, കൈയിൽ നിന്ന് കാശ് ചെലവഴിക്കേണ്ടി വരും. പണവും അത് ദൈവമാർഗത്തിൽ ചെലവഴിക്കാൻ മനസ്ഥിതിയുമുള്ളവർക്ക് മാത്രമേ അന്ന് ദേവാലയങ്ങൾ പരിപാലിച്ചു നടത്താൻ സാധിച്ചിരുന്നുള്ളൂ. മതസ്ഥാപനങ്ങളുടെ ആസ്തിയും വരുമാന മാർഗങ്ങളും വിപുലമായതോടെയാണ് പലയിടത്തും സ്ഥിതി മാറിയത്.
മുഗളരെയും മറ്റ് മുസ്‍ലിം ഭരണാധികാരികളെയും വില്ലൻമാരാക്കി മുദ്രകുത്തി ബാബരി മസ്ജിദും മറ്റു പള്ളികളും തകർക്കാൻ മുന്നിൽ നടന്നവർ രാമന്റെ പേരിൽ കെട്ടിപ്പടുത്ത കൂറ്റൻ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കവർന്നു എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും ഒരു സംശയമുയരുന്നു. രാമന്റെ പേരിൽ രാജ്യമൊട്ടുക്ക് രഥമുരുട്ടിയവർ രാമായണം വായിച്ചിട്ടില്ലേ? വായിക്കാത്തവർക്കും മറന്നുപോയവർക്കുമായി രാമായണം ഉത്തരകാണ്ഡത്തിലെ ഒരു കഥ ഇവിടെ പകർത്തുന്നു:
ശ്രീരാമൻ അയോധ്യ വാഴുന്ന കാലത്ത് ജനങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് നേരിട്ട് ബോധിപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. ലക്ഷ്മണനോട് കൊട്ടാരവാതിൽക്കൽ ചെന്ന് ആരെങ്കിലും പരാതിയുമായി കാത്തുനിൽക്കുന്നുണ്ടോ എന്ന് നോക്കാൻ ശ്രീരാമൻ ലക്ഷ്മണനെ അയച്ചു. അദ്ദേഹം ചെന്നു നോക്കുമ്പോൾ തലയിൽ പരിക്കേറ്റ ഒരു നായ സങ്കടത്തോടെ നിൽക്കുന്നത് കണ്ടു. ലക്ഷ്മണൻ വിവരം അറിയിച്ചതനുസരിച്ച് രാമൻ ആ നായയെ സഭയിലേക്ക് വിളിപ്പിച്ചു.
സർവ്വാർത്ഥസിദ്ധൻ എന്ന ബ്രാഹ്മണൻ അകാരണമായി വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു എന്നായിരുന്നു നായയുടെ പരാതി. ശ്രീരാമൻ അയാളെ വിളിപ്പിച്ചു വിചാരണ ചെയ്തു, അയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് എന്തു ശിക്ഷയാണ് അയാൾക്ക് നൽകേണ്ടതെന്ന ചർച്ചയായി. ശാസ്ത്രവിധി പ്രകാരം ബ്രാഹ്മണരെ കഠിനമായി ശിക്ഷിക്കാനാവില്ല എന്ന് സഭാംഗങ്ങൾ അഭിപ്രായപ്പെട്ടു. തുടർന്ന് എന്തു ശിക്ഷ നൽകണമെന്ന് രാമൻ നായയോട് തന്നെ ആരാഞ്ഞു. ‘കൌലഞ്ചരം’ എന്ന സ്ഥലത്തെ ദേവാലയാധിപൻ ആക്കണം എന്നായിരുന്നു നായയുടെ മറുപടി. അതീവ സന്തുഷ്ടനായ ആ ബ്രാഹ്മണനെ ഉടനടി ആനപ്പുറത്തേറ്റി കൌലഞ്ചരത്തേക്കയച്ചു.
ക്ഷേത്രപൂജാരി അല്ലെങ്കിൽ ദേവാലയാധിപൻ എന്നത് മഹനീയമായ ഒരു പദവിയല്ലേ, അതെങ്ങിനെയാണ് ശിക്ഷയാകുന്നതെന്നു രാമൻ ചോദിച്ചു. ആ പദവിയിൽ ഇരിക്കുമ്പോൾ അയാൾക്ക് കിട്ടുന്ന അധികാരവും ധനവും കാരണം അയാൾ തെറ്റുകൾ ചെയ്യുമെന്നും, കോപവും അഹങ്കാരവും മൂത്ത് അടുത്ത ജന്മത്തിൽ നായയായി ജനിക്കുമെന്നുമായിരുന്നു മറുപടി.
ബ്രഹ്മസ്വവും ദേവസ്വവും അപഹരിക്കുന്നവർ ഉടനടി വിചി എന്ന നരകത്തിൽ പതിക്കുമെന്നും, താൻ കഴിഞ്ഞ ജന്മത്തിൽ ആ മഠത്തിന്റെ അധിപതിയായിരുന്നുവെന്നും, ധർമ്മിഷ്ഠനായി ജീവിച്ചിട്ടും അവിടെയുണ്ടായ ചെറിയ വീഴ്ചകൾ കാരണമാണ് ഈ ജന്മത്തിൽ തനിക്ക് ഈ രൂപത്തിൽ ജനിക്കേണ്ടി വന്നതെന്നും ആ നായ വെളിപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

