Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightരാഹുൽ ഗാന്ധി​; പുതിയ...

രാഹുൽ ഗാന്ധി​; പുതിയ രൂപത്തിലും ഭാവത്തിലും

text_fields
bookmark_border
രാഹുൽ ഗാന്ധി​; പുതിയ രൂപത്തിലും ഭാവത്തിലും
cancel

കഴിഞ്ഞ രണ്ടുമാസമായി നാം കാണുന്നത്​ അക്ഷരാർഥത്തിൽ പുതിയ അവതാരമെടുത്ത രാഹുൽ ഗാന്ധിയെയാണ്​. സമാനതകളില്ലാത്ത ഇൗ ആരോഗ്യ പ്രതിസന്ധിക്കിടെ പ്രതിപക്ഷ നേതാവെന്ന നിലക്ക്​ നിരന്തരം ഇടപെടൽ നടത്തുന്ന​^ അതുതന്നെ വളരെ കൃത്യവും സുചിന്തിതവുമായി^ അദ്ദേഹം പാർട്ടിയുടെ നേതൃത്വം കൈയാളിയ കഴിഞ്ഞ പാർലമ​​െൻറ്​ തെരഞ്ഞെടുപ്പ്​ കാലത്തുനിന്ന്​ ഏറെ മുന്നോ​ട്ടുപോയെന്ന​ തോന്നൽ നൽകുന്നു​. 

പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കുന്ന ‘ചൗക്കിദാർ ചോർ ഹൈ’ (കാവൽക്കാരൻ കള്ളനാണ്​) എന്ന ഒറ്റവരി മുദ്രാവാക്യമായിരുന്നു രാഹുൽ ഗാന്ധിയുടെ ആയുധം. പ്രമാദമായ റഫാൽ ജെറ്റ്​ ഇടപാടിൽ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു എല്ലാം. ഇതിനിടെ, മറ്റു ജീവൽ പ്രശ്​നങ്ങൾ സ്​പർശിച്ചുപോകുക മാത്രം ചെയ്​തു.

rahul-gandhi
രാഹുൽ ഗാന്ധി അന്തർ സംസ്​ഥാന തൊഴിലാളികളോട്​ സംസാരിക്കുന്നു
 

അപ്പോഴും, ഒറ്റക്കൊറ്റക്കുള്ള കൂടിക്കാഴ്​ചകളിൽ പതിവു ആക്ര​മണോത്സുകത അദ്ദേഹം പ്രകടിപ്പിച്ചില്ല. സൗഹൃദം വിടാത്ത, ശാന്തത സ്​ഫുരിക്കുന്ന, ചിന്താബന്ധുരമായ വ്യക്​തിത്വമായിരുന്നു അഭിമുഖങ്ങളിൽ രാഹുലിന്‍റെ ഭാവം. കോൺഗ്രസ്​ നേതാവെന്ന നിലക്ക്​ ഉണ്ടാകേണ്ട ആക്രമണോത്സുകതയുടെ എതിർവശത്തായിരുന്നു രാഹുലിന്‍റെ വ്യക്​തിത്വം. പൊതുതെരഞ്ഞെടുപ്പിൽ തോറ്റു​തുന്നംപാടിയതോടെ താത്​കാലിക വനവാസത്തിലേക്ക്​ അദ്ദേഹം മടങ്ങി. മുങ്ങുന്ന കപ്പലിന്‍റെ അമരത്തേക്ക്​ തന്‍റെ മാതാവ്​ സോണിയ ഗാന്ധിയെ വീണ്ടും കൊണ്ടുവരിക മാത്രമായിരുന്നു പാർട്ടിക്കു മുന്നിലെ പോംവഴി.

സോണിയ വിരമിക്കുന്നതോടെ വീണ്ടും കോൺഗ്രസ്​ തലപ്പത്ത്​ തിരിച്ചുവരു​െമന്ന്​ മാധ്യമങ്ങളും രാഷ്​ട്രീയ വൃത്തങ്ങളും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന നീണ്ട ഒരു വർഷം രാഹുൽ മൗനം തുടർന്നു. പാർട്ടിക്കകത്തെ സംഘടന തെരഞ്ഞെടുപ്പോ, മഹാരാഷ്​ട്രയിലെ കോൺഗ്രസ്​^ശിവസേന ബന്ധമോ തുടങ്ങി ഒൗദ്യോഗിക പ്രതികരണം ആവശ്യമുള്ള വിഷയങ്ങളിൽ മാധ്യമങ്ങൾ സമീപിച്ചപ്പോ​െഴാക്കെയും ഒന്നുംപറയാതെ ഒഴിഞ്ഞുമാറി. 

പാർലമ​​െൻറ്​ അംഗമെന്ന നിലക്ക്​ പക്ഷേ, അപ്പോഴും, അദ്ദേഹം നിലപാട്​ എടുക്കാതിരുന്നില്ല. കേരളത്തിൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വയനാട്​ മണ്​ഡലത്തിലും രാഹുൽ എത്തി. മഹാപ്രളയം കേരളത്തെ തകർത്തപ്പോഴും ബന്ദിപൂർ കടുവ സ​േങ്കതം വഴി വയനാടിലേക്ക്​ രാത്രി യാത്ര നിഷേധത്തിനെതിരെ പ്രതിഷേധിക്കാനും എം.പിയെന്ന നിലക്ക്​ അദ്ദേഹം സജീവ സാന്നിധ്യമായി. ഇക്കാലത്ത്​, പാർലമ​​െൻറിൽ നടത്തിയ ചില ഇടപെടലുകളും ശ്രദ്ധിക്കപ്പെടാതിരുന്നില്ല. വിവാദ പൗരത്വ നിയമം, നിർദിഷ്​ട ദേശീയ പൗരത്വ രജിസ്​റ്റർ, ഭരണഘടനയുടെ 370ാം വകുപ്പ്​ റദ്ദാക്കൽ തുടങ്ങിയവയിൽ വിശേഷിച്ചും.

കോവിഡ്​ മഹാമാരിയുടെ കാലത്ത്​ ​പക്ഷേ, രാഹുൽ കൂടുതൽ പക്വതയാർജിച്ച നേതാവിന്‍റെ ഭാഷ സ്വാംശീകരിച്ചിരിക്കുന്നു. പാർട്ടി പ്രസിഡൻറ്​ പദത്തിലേക്ക്​ അദ്ദേഹം തിരിച്ചുവരുമോ? എങ്കിൽ, സ്വഭാവ പരിണാമം സ്വീകരിച്ച നേതാവാണ്​ രാഹുലിപ്പോൾ. 


 

രാഹുലിന്‍റെ രാഷ്​ട്രീയത്തിന്​ വേറിട്ട ഭാഷ
പലവട്ടം നടന്ന ‘വെർച്വൽ’ സംവാദങ്ങളിൽ സുചിന്തിത ഭാഷയുമായി ​രാഹുൽ സ്വയം നവീകരിച്ച വ്യക്​തിത്വമാണ്​ പ്രകടിപ്പിക്കുന്നത്​. കോൺഗ്രസ്​ പ്രസിഡൻറ്​ സോണിയ ഗാന്ധിയും പാർട്ടി നേതൃത്വവും ഒറ്റക്കെട്ടായി സർക്കാറിനെതിരെ രൂക്ഷ ആക്രമണം തുടരുകയും, വൈകിയാണെങ്കിലും വിശാല പ്രതിപക്ഷ നിരക്ക്​ ശ്രമം നടത്തുകയും ചെയ്യു​േമ്പാൾ, ഒരിക്കലും നേരിട്ട്​ പ്രധാനമന്ത്രിയെ വിമർശിക്കാൻ രാഹുൽ മുതിർന്നില്ല. പകരം, സർക്കാർ പ്രകടിപ്പിക്കുന്ന സുതാര്യത ഇല്ലായ്​മയിലായിരുന്നു​ അദ്ദേഹത്തിന്‍റെ ഉൗന്നൽ. എല്ലാം അടഞ്ഞുകിടന്ന ലോക്​ഡൗൺ കാലം രാജ്യത്തിന്​ പകരം നൽകിയ സാമ്പത്തിക ദുരന്തത്തിന്​ പോംവഴി തേടി പ്രമുഖ സാമ്പത്തിക വിദഗ്​ധരായ രഘുറാം രാജൻ, അഭിജിത്​ ബാനർജി എന്നിവരുമായി കൂടിക്കാഴ്​ച നടത്തു​േമ്പാൾ പാതി മാധ്യമ പ്രവർത്തക​േൻറതായിരുന്നു രാഹുലിന്‍റെ ഭാഷ.

ഇന്ത്യയിലെ തൊഴിൽ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്​ നിരന്തരം അദ്ദേഹം നടത്തിയ ഇടപെടലുകൾ അതിനെ രാജ്യത്തെ പ്രഥമ പരിഗണനയുള്ള വിഷയമാക്കി മാറ്റി. കോവിഡ്​ വ്യാപനം തടയാൻ സമഗ്ര പദ്ധതി മുന്നോട്ടുവെക്കാനും രാഹുലിനായി. വർധിത പരിശോധന, ആരോഗ്യ രംഗത്തെ അടിസ്​ഥാന സൗകര്യ വികസനം തുടങ്ങിയവയിലൂന്നി ആഗോള ആരോഗ്യ വിദഗ്​ധർ മുന്നോട്ടുവെക്കുന്നതിനു സമാനമായ പദ്ധതി എങ്ങനെ കോവിഡിൽനിന്ന്​ രാജ്യത്തെ പുറത്തുകടത്താമെന്നതിനും വഴി പറഞ്ഞുനൽകി.

Rahul-Gandhi.jpg

രാഹുലിന്‍റെ പദ്ധതി സാധാരണക്കാരന്​ ശരിക്കും ബോധിച്ചു. മോദി സർക്കാറിനെ നേരിട്ടു പറയാതെ, എന്നാൽ, പരാജയങ്ങൾ അക്കമിട്ടു പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ ആക്രമണം. തന്‍റെ വാക്കുകൾ രാഷ്​ട്രീയ പക്ഷപാതിത്വം പേറുന്നില്ലെന്നും നിർമാണാത്​കമായി അതിനെ കാണണമെന്നും ഇടക്കിടെ രാഹുൽ ഒാർമിപ്പിച്ചു. മോദിയുടെ ‘കേന്ദ്രീകൃത’ ഭരണ രീതിയോട്​ സമ്പൂർണ വിയോജിപ്പ്​ തുടരു​േമ്പാഴും വൈറസ്​ ബാധ തടയുന്നതിൽ ഏതറ്റം വരെയും സഹകരണമാവാമെന്നും വാഗ്​ദാനം ചെയ്​തു.

അതേ സമയം, സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ പല്ലും നഖവുമുപയോഗിച്ച്​ എതിർക്കാൻ രാഹുൽ മറന്നില്ല. സാധാരണക്കാരന്​ ഒട്ടും പ്രയോജനമില്ലാത്ത ‘വായ്​പമേള’യെന്ന്​ ഇതിനെ പരിഹസിച്ചു. പാർലമ​​െൻറ്​ തെരഞ്ഞെടുപ്പ്​ കാലത്ത്​ ​േകാൺഗ്രസ്​ മുന്നോട്ടുവെച്ച, പാവപ്പെട്ടവന്​ നേരിട്ട്​ പണമെത്തിക്കുന്ന ‘ന്യായ്​’ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കോൺഗ്രസ്​ സർക്കാറുകൾ തുടങ്ങിവെച്ച തൊഴിലുറപ്പ്​ പദ്ധതി, റേഷൻ പൊതുവിതരണ സംവിധാനം തുടങ്ങി സാമൂഹിക പദ്ധതികളും തന്‍റെ മുൻഗണന പട്ടികയിൽ ഇടംപിടിച്ചു. കൊമ്പുകോർക്കലിന്‍റെതിനു പകരം നിർമാണാത്​കമായ ഭാഷയിൽ സംസാരിക്കുകയായിരുന്നു കഴിഞ്ഞ രണ്ടു മാസവും രാഹുൽ ചെയ്​തത്​. 

കോവിഡ്​ കുത്തനെ ഉയരുന്ന രാജ്യത്ത്​ 60 ദിവസം പിന്നിട്ട ലോക്​ഡൗൺ സമ്പൂർണ പരാജയമാണെന്ന്​ കുറ്റപ്പെടുത്തിയപ്പോഴും അദ്ദേഹത്തിന്‍റെ ഭാഷ ഇങ്ങനെയായിരുന്നു:

‘‘രാജ്യത്തെ പൗരന്മാർക്കു വേണ്ടി അതിവിനയത്തോടെയും നിഷ്​പക്ഷമായും സർക്കാറിനോട്​ എന്‍റെ ചോദ്യം, തീവ്രമായി മാറുന്ന ഇൗ പ്രതിസന്ധിയിൽനിന്ന്​ പുറത്തുകടക്കാൻ ഗവൺമ​​െൻറിനു മുന്നിലെ വഴിയെന്താണ്​? നാലു ഘട്ടങ്ങൾ പിന്നിട്ട ലോക്​ഡൗൺ പ്രതീക്ഷിച്ച ഫലം തന്നില്ലെന്ന്​ വ്യക്​തം. ഇനി സർക്കാറിനു മുന്നിലെ പ്ലാൻ ബി എന്താണ്​?’’ അനുബന്ധമായി ചില ഫെഡറൽ ഉത്​കണ്​ഠകൾ കൂടി ഇതോടൊപ്പം പങ്കുവെച്ചു. ‘‘ഇൗ പോരാട്ടത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ പ്രധാന റോൾ ഏറ്റെടുക്കാൻ മുന്നിലായിരുന്നു പ്രധാനമന്ത്രി. ഇപ്പോൾ, ​തന്‍റെ നേതൃത്വം രാജ്യം ഏറ്റവും കൂടുതൽ കൊതിക്കുന്ന ഘട്ടത്തിൽ അദ്ദേഹം പുറംതിരിഞ്ഞുനിൽക്കുകയാണ്​. അപ്പോഴും, നമ്മുടെ സംസ്​ഥാന സർക്കാറുകൾ ധീരമായ ചുവടുകളുമായി പോരാട്ടം തുടരുകയാണ്​. അവർക്കു പക്ഷേ, പ്രതിസന്ധി സാമ്പത്തികമാണ്​. കേന്ദ്രം അനുവദിച്ചുനൽകേണ്ട അടിയന്തര സഹായം ഇനിയും വരുന്നില്ല’’.

പ്രതിസന്ധിയുടെ ആരോഗ്യ, സാമ്പത്തിക ആഘാതങ്ങൾ മറികടക്കാൻ രാജ്യം​ ദീർഘകാല പദ്ധതി ആവിഷ്​കരിക്കണമെന്ന്​ ആണയിടുന്ന രാഹുൽ, മഹാഭാരത യുദ്ധത്തിനു സമാനമായി ഇൗ പോരാട്ടം 21 ദിവസം കൊണ്ട്​ എല്ലാം തീരുമെന്ന്​ കരുതാനാവില്ലെന്ന്​ കൂടി പറയുന്നു. മാർച്ച്​ 24ന്​ ആദ്യമായി ലോക്​ഡൗൺ പ്രഖ്യാപിച്ച പ്രസംഗത്തിൽ മഹാഭാരത യുദ്ധത്തിനു സമാനമായി 21 ദിവസം കൊണ്ട്​ നാം അങ്കം ജയിക്കുമെന്ന്​ പ്രധാനമന്ത്രി വീരവാദം മുഴക്കിയിരുന്നു.

‘‘അന്ന്​ കൊറോണ വൈറസിനെതിരായ പോരാട്ടം നാം 21 നാൾ കൊണ്ട്​ ജയിക്കുമെന്ന്​ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്നിപ്പോൾ 60 നാൾ പിന്നിട്ടിട്ടും വൈറസിനെ നാടുകടത്താൻ നമുക്കായിട്ടില്ല. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുത്തനെയാണ്​ രോഗികളുടെ എണ്ണം വർധിക്കുന്നത്​. കൊറോണവൈറസിനെ തോൽപിക്കാൻ ഇന്ത്യ നടത്തേണ്ട ​അങ്കം ചെറുതായി കാണുകയായിരുന്നു.’’ അതിനാൽ, ഇനിയെങ്കിലും ‘‘കുടിയേറ്റ തൊഴിലാളി പ്രശ്​നം എങ്ങനെ പരിഹരിക്കുമെന്നും വ്യവസായങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്നുമുള്ള പദ്ധതികൾ സർക്കാർ പങ്കുവെക്കണമെന്നുകൂടി രാഹുൽ ആവശ്യപ്പെട്ടു.

rahul-and-nirmala

അൽപം കൂടി നേരത്തേയാകാമായിരുന്നു...

 

മോദി സർക്കാർ സുതാര്യത പുലർത്തണമെന്ന ആവശ്യമാണ്​​ ഇൗ ഇടപെടലുകളുടെയൊക്കെയും മർമം. വിഷയം അതായതിനാൽ പ്രധാനമന്ത്രിയുടെ ഭക്​തർക്കു പോലും മറുത്തുപറയാനുണ്ടാകില്ലെന്നതാണ്​ സത്യം. വിമർശനം കൃത്യമായി ഉന്നയിക്കുന്നതിലെ മിടുക്ക്​ പക്ഷേ, ​അടിസ്​ഥാന തലത്തിലെത്തു​േമ്പാൾ കാണാതെ പോകുന്നോ എന്നാണ്​ സംശയം.

ലോക്​ഡൗൺ നടപ്പായ ഒന്നാം നാൾ തൊട്ട്​ കുടിയേറ്റ തൊഴിലാളികൾ നാടണയാൻ നടത്തുന്ന തത്രപ്പാട്​ അറിയാത്തവരുണ്ടാകില്ല. പക്ഷേ, മേയ്​ പകുതിയാകു​േമ്പാഴാണ്​ അവരിൽ ചിലരെ നേരിട്ടുചെന്ന്​ രാഹുൽ കാണുന്നത്​. അത്​ ഫലം കണ്ടിരിക്കാം. കാരണം, പലപ്പോഴായി വിഡിയോ കോൺഫറൻസുകളിൽ വിഷയം രാഹുൽ ഉന്നയിച്ചിരുന്നതാണ്​. പക്ഷേ, വിഷയം ഏറ്റെടുത്ത​, വൈകിയ ഘട്ടത്തിൽ സർക്കാർ അവർക്കായി ട്രെയിൻ സർവിസ്​ ആരംഭിച്ചിരുന്നു. സർക്കാർ സംവിധാനത്തിലെ വീഴ്​ചകൾ ചൂണ്ടിക്കാണിക്കൽ മാത്രമായി പിന്നെ രാഹുലിന്‍റെ ജോലി. 

കുടിയേറ്റ തൊഴിലാളികൾക്ക്​ ബസുകൾ ഏർപെടുത്തി വൈകിയാണെങ്കിലും കോൺഗ്രസ്​ പാർട്ടിയും രാഹുലിന്​ പിന്തുണ നൽകി. ജനങ്ങളോട്​ അനുതാപമുള്ള പാർട്ടിയെന്ന നിലക്കും കുടിയേറ്റക്കാർക്കായുള്ള​ ബസുകളുടെ പേരിൽ യു.പി സർക്കാറുമായി നടത്തിയ പോരാട്ടത്തിലും ​േകാൺഗ്രസിന്​ നഷ്​ടത്തെക്കാൾ ലാഭമായിരുന്നു ബാക്കിപത്രം. പക്ഷേ, ഇതൊക്കെ എന്തുകൊണ്ട്​ നേരത്തെയാകാമായിരുന്നില്ലേ എന്ന ചോദ്യവും ബാക്കി. 

rahul-gandhi-27-05-2020

2019ൽ തോൽവി വഴങ്ങിയിട്ടും തന്‍റെ പഴയ തട്ടകമായ അമേത്തിയിലേക്ക്​ സോപും സാനിറ്റൈസറും മാസ്​കുകളും ലോക്​ഡൗണിന്‍റെ തുടക്കത്തിലേ രാഹുൽ അയച്ചിരുന്നു. ജനത്തോടൊപ്പം നിൽക്കാൻ കാണിച്ച മനസ്സി​ന്​ ആദരം ലഭിച്ചുവെങ്കിലും തുടർച്ചകളില്ലാതെ വന്നതോടെ ജനം എളുപ്പം മറന്നു. അടുത്തിടെയായി, കോൺഗ്രസ്​ സംവിധാനം കുറ്റമറ്റ നിലയിൽ പ്രവർത്തിക്കുന്നതിന്‍റെ സൂചനകൾ പ്രകടമാണ്​. ഗാന്ധി കുടുംബത്തിന്​ ഇപ്പോഴും സ്വാധീനം ശക്​തമായതിനാൽ, രാഹുൽ രാഷ്​ട്രീയം നയിക്കുകയും പ്രിയങ്ക ഉത്തർ പ്രദേശിൽ പാർട്ടിക്ക്​ നേതൃത്വം നൽകുകയും ചെയ്യുക വഴി പാർട്ടിയിലെ പടലപ്പിണക്കങ്ങൾ പാതി അവസാനിച്ചമട്ടാണ്​, തത്​കാലത്തേ​ക്കെങ്കിലും. 

വൈകിയാണെങ്കിലും, ദുരിതമനുഭവിക്കുന്നവരെ കണ്ടും കേട്ടും രാഹുൽ താഴെത്തട്ടിൽ സജീവമാണ്​. പഴയ വിപ്ലവ നായകനു പകരം, പുതിയ ഇൗ റോൾ കുറച്ചുകൂടി അദ്ദേഹത്തിന്​ ചേരുന്നുണ്ട്​. ബി.ജെ.പിക്കെതിരെ വലിയ പോര്​ ജയിക്കാനുള്ള പാതയുറപ്പിക്കുകയാണ്​ രാഹുലിപ്പോൾ എന്ന്​ കരുതാം. ചലനം പാതിനിലച്ച പാർട്ടി കരുത്തുപകരാൻ കൂടെയില്ലാതിരിക്കു​േമ്പാൾ അടിസ്​ഥാന തലത്തിലാണ്​ യഥാർഥ ജയം കിടക്കുന്നത്​. ഭീമാകാരമായ ബി.​െജ.പി സംവിധാനത്തെ മാത്രമല്ല, ജനകീയ നേതാവായും പ്രഭാഷകനായും മോദി നിലനിർത്തുന്ന ​പ്രഭാവം കൂടി മറികടക്കാൻ രാഹുലിനാകണം.

 

കടപ്പാട്​: thewire.in
മൊഴിമാറ്റം: കെ.പി. മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsmalayalam newsRahul Gandhi
News Summary - Rahul Gandhi Has Emerged as a Sure-Footed Leader-India News
Next Story