തീവ്ര ഹിന്ദുത്വവും ദേശീയതയും
text_fieldsജ്ഞാനോദയ കാലഘട്ടത്തിലെ ഇംഗ്ലണ്ടിലെ പണ്ഡിതനായിരുന്ന ഫ്രാൻസിസ് ബേക്കൻ ‘അറിവ് അധികാരമാണ്’ എന്ന വസ്തുത പ്രത്യേകിച്ചും ഇംഗ്ലണ്ടിന്റെ സാമ്രാജ്യാധിപത്യം സാധൂകരിക്കാനായി അടിവരയിട്ടു പറഞ്ഞിട്ടുണ്ട് . അറിവിന്റെ കേന്ദ്രങ്ങളെ പിടിച്ചെടുക്കുന്നതും അത് വികൃതമാക്കുന്നതും അധികാരികളുടെ സ്വഭാവരീതിയാണ്. എന്നാൽ, അറിവിന്റെ കേന്ദ്രങ്ങളിൽ നിന്നുതന്നെയാണ് അധീശത്വത്തിനും അറിവിനെ ആധാരമാക്കുന്ന സമഗ്രാധിപത്യത്തിനും നേരെയുള്ള പ്രതിരോധങ്ങളും ഉണ്ടാകുന്നത്.
ഇന്ന് അക്കാദമിക് സാംസ്കാരിക കേന്ദ്രങ്ങൾ മീഡിയോക്രിറ്റിയുടെ ചതുപ്പുനിലങ്ങളാണ്. മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ആജ്ഞാനുവർത്തികളെയാണ് അവിടേക്കെത്തിക്കുന്നത്. സംഘ്പരിവാർ അവയെ വിഷ സംക്രമണത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റി.
സർവകലാശാലകളടക്കമുള്ള അറിവിടങ്ങൾ സംവാദത്തിന്റെ അനന്തമായ തുറസ്സുകളാണ്. യോജിക്കാനും വിയോജിക്കാനും തർക്കിക്കാനും രാജിയാകാനുമുള്ള ഇടങ്ങളുണ്ടവിടെ. സക്രിയമായ വിമർശനമാണ് ജനാധിപത്യത്തിന്റെ കാതൽ. ഇന്ന് ആ അറിവിന്റെ കേന്ദ്രങ്ങളിൽ വിമർശനങ്ങളില്ല. സംഘ്പരിവാർ അനുവദിക്കുന്ന വിമർശനങ്ങളേ ഉള്ളു.
തുറന്ന ചിന്ത ജനാധിപത്യത്തിൽ അനിവാര്യമാണ്. മാനസിക അടിമത്തം തീരെ പാടില്ല. ഒരു മനുഷ്യൻ നേടുന്ന അറിവ് അവനെ കൂടുതൽ വിശാലമനസ്കനാക്കും. അറിവ് എന്ന് പറയുമ്പോൾ മനുഷ്യകുലത്തിന് ഉപകാരപ്രദമായ സർഗാത്മകമായ അറിവ്. അറിവ് നേടുമ്പോൾ ദുരധികാരത്തെ ചോദ്യം ചെയ്യാനുള്ള ധൈര്യം കൈവരും. ടാഗോർ പാടിയതും അതുതന്നെ. ‘‘ധിക്കാര പൂർണമായ അധികാരത്തിന്റെ മുന്നിൽ മുട്ടുമടക്കാതിരിക്കാനുള്ള ആന്തരശക്തി, അല്ലയോ ദൈവമേ എനിക്ക് തരേണമേ’’ എന്നായിരുന്നു പ്രാർഥന.
അതിരുകടന്ന ദേശീയതയെ കുറിച്ചാണ് ഫാഷിസ്റ്റുകൾ എപ്പോഴും പറയുക. ഒരു പൊതുഭാഷ പോലെ, ഒരു പൊതു ദേശീയതയും അടിച്ചേൽപിക്കാമെന്നും ഇതിനുള്ള ഉപകരണം ഭരണമെന്ന മർദനോപകരണം തന്നെയാണെന്നും ഫാഷിസ്റ്റുകൾക്ക് അറിയാം. ഭാഷയോ മതമോ ഭൂപ്രദേശമോ അല്ല, ഒരു ജനസമൂഹത്തിന്റെ അക്രമാത്മകമായ ഇച്ഛയാണ് ദേശീയത എന്ന് മുസ്സോളിനി പറഞ്ഞിട്ടുണ്ട്. ‘‘ഭരണകൂടം പറയുന്ന ഇച്ഛയാണ് ഏതായിരിക്കണം ദേശീയത എന്ന് നിർണയിക്കുന്നത് എന്ന്’’.
അതുകൊണ്ട് ഹിന്ദുത്വമാണ് ഇന്ത്യയുടെ ദേശീയത എന്ന് ഭരണകക്ഷി തന്നെ എന്നോ നിർണയിച്ചു കഴിഞ്ഞു. ഇതിന് ചരിത്രമോ പാരമ്പര്യമോ അല്ല ഭരിക്കുന്നവന്റെ അധികാരം തന്നെയാകുന്നു അടിസ്ഥാനം.
മനുഷ്യവംശത്തെ ഭൂതാവിഷ്ടമാക്കാൻ പോന്ന ഇരുണ്ട ശക്തികളിൽ ഒന്നായി ദേശീയത മാറിത്തീരുമെന്ന് രവീന്ദ്രനാഥ ടാഗോർ ചൂണ്ടിക്കാണിച്ച കാലത്ത് ലോകം ദേശീയതയുടെ വിമോചക ശക്തിയാൽ പ്രചോദിതമായിരുന്നു. അതിതീവ്രമായ ദേശീയതാ ബോധം ഫാഷിസവും നാസിസവുമായി പരിണമിച്ചത് ലോകം കണ്ടു. ഫാഷിസത്തിലേക്കുള്ള ആദ്യ ചുവടായി ലോകമെമ്പാടുമുള്ള സാമൂഹിക ചിന്തകർ ചൂണ്ടിക്കാണിച്ചതുപോലെ അതിതീവ്രമായ ദേശീയ ബോധം മനുഷ്യ സാഹോദര്യത്തെ റദ്ദാക്കിക്കഴിഞ്ഞിരിക്കുന്നു.
വിമോചക ശക്തിയായിരിക്കെ തന്നെ ദേശീയത വിഭജന ശേഷിയുള്ളതാണ്. മനുഷ്യവംശത്തെ ഇരുനിലകളിൽ വിഭജിക്കാൻ കെൽപുള്ള ഒരാശയമാണ് ദേശീയത. ‘‘സങ്കുചിതമായ ഗൃഹഭിത്തികൾ കൊണ്ട് കീറിമുറിക്കപ്പെടാത്ത സ്വാതന്ത്ര്യത്തിന്റെ സ്വർഗം’’ എന്ന ടാഗോറിന്റെ വരികൾ ദേശീയതയുടെ വിഭജന യുക്തിക്കെതിരായ വിമർശനം കൂടി ഉൾക്കൊള്ളുന്നുണ്ട്. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ദേശീയത എന്ന ആശയമാണെന്ന് വരാനിരിക്കുന്ന ആപത് കാലങ്ങളെ ചൂണ്ടി ടാഗോർ പറഞ്ഞിട്ടുണ്ട്. താൻ ഏറ്റവും വില കൊടുക്കുന്നത് മനുഷ്യവംശത്തിനാണ് എന്നും മനുഷ്യവംശത്തിനുമുകളിൽ മറ്റൊന്നും ഇല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തീർത്തും ഒരു ഫാഷിസ്റ്റ് അധികാര ഘടനയിലും ആശയസംഹിതയിലും അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പേശീബലമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്ത്. കൂടെ നവ ഉദാരീകരണത്തിന്റെ ഉറ്റ ചങ്ങാതികളായ വമ്പൻ കോർപറേറ്റുകളുടെ നിർലോഭമായ സഹകരണവും. ഇന്ന് ഭരണകൂടം അത്യുന്നത നീതിപീഠമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാംസ്കാരിക സ്ഥാപനങ്ങളെയും ഹിന്ദുത്വ ആശയത്തിന്റെ വിഷം കുത്തിവെച്ച് അസ്തപ്രജ്ഞമാക്കുന്നു. ചരിത്രം അപ്പാടെ മാറ്റിയെഴുതുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ ചരിത്രം കോൺഗ്രസിന്റെ ലിബറൽ ചരിത്രകാരന്മാരുടെയും ഇടതുപക്ഷ ചരിത്രകാരന്മാരുടെയും കേളീരംഗമായിരുന്നുവെങ്കിൽ ഇന്നത് അസത്യങ്ങളിലും നുണകളിലും അഭിരമിക്കുന്ന ഹിന്ദുത്വ ചരിത്രകാരന്മാരുടേതാണ്. സംഘത്തിന്റെ ശാഖകളിൽ പഠിപ്പിക്കുന്ന ഹിന്ദു സംസ്കാരം ഭൂരിപക്ഷത്തിന്റെ അധികാര ഭാഷയാണ്. അതിന്റെ കളി നിയമങ്ങൾ അനുസരിക്കാൻ ന്യൂനപക്ഷക്കാർ ബാധ്യസ്ഥരാണ്.
ചരിത്രത്തെ വികൃതമാക്കുന്നതിലൂടെ അന്ധവിശ്വാസങ്ങളും യുക്തിരഹിത ചിന്തകളും വ്യാപരിപ്പിക്കുന്നതിലൂടെ അവർ മനുഷ്യനെ പ്രാകൃത ചിന്തയിലേക്ക് കൊണ്ടുപോയി. അവരുടെ ഓരോ തന്ത്രവും അടവുകളും നമ്മുടെ ചിന്താശീലത്തെയും സ്നേഹശീലത്തെയും മാറ്റിനിർത്തും. മാറ്റിനിർത്തുക എന്നത് ഫാഷിസം ആദ്യമായും അവസാനമായും ഉറപ്പാക്കുന്ന തത്ത്വമാണ്. ഈ ഡിഹ്യൂമനൈസേഷൻ അഥവാ വികാര ദുരീകരണം എന്നുള്ളത്, വികാര നിർമാർജനം എന്നുള്ളത് ഒരു ഫാഷിസ്റ്റ് ക്രിയാപദ്ധതിയാണ്. ഒരിക്കലും ഒരു പുതിയ കാര്യവും അകത്തുകടക്കാൻ കഴിയാത്ത ഒരു കവചം കൊണ്ട് നമ്മുടെ ചിന്താ ശക്തിയെ, സ്നേഹവാത്സല്യങ്ങളെ, വികാരങ്ങളെ, കോപതാപങ്ങളെ കവചിതമാക്കിത്തീർക്കുക എന്നത് ഫാഷിസത്തിന്റെ മൗലിക മാർഗമാണ്.
ഇവിടെ അമിത ദേശീയ വികാരം തട്ടിയുണർത്താൻ വന്ദേമാതരം പാർലമെന്റിൽ മണിക്കൂറുകളോളം ചർച്ച ചെയ്യുന്നു. ഒരു രാഷ്ട്രത്തെ എങ്ങനെ പൊളിച്ചുകളയാം എന്നതിന്റെ ഏറ്റവും ഭീതിജനകമായ ഒരു പ്രദർശന മാതൃകയായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇന്ത്യയുടെ ജനാധിപത്യപരമായ അസ്തിത്വത്തിന്റെ അടിസ്ഥാന ശിലകൾ ഇളക്കിമാറ്റിക്കൊണ്ട്, രാഷ്ട്രത്തിന്റെ മതേതരത്വത്തെ ഇല്ലായ്മ ചെയ്ത്, പകരം ഹിന്ദുത്വ അജണ്ടകൾ സ്ഥാപിക്കുക എന്ന പ്രതികാര ബുദ്ധിയോടെയാണ് കേദ്രസർക്കാർ പ്രവർത്തിക്കുന്നത്. പുത്തൻ വിദ്യാഭ്യാസ നയവും അയോധ്യയിലെ ക്ഷേത്ര നിർമാണവും ക്ഷേത്രത്തിലെ ധ്വജാരോഹണവും ക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞതും എല്ലാം ഇതിന്റെ ദൃഷ്ടാന്തങ്ങൾ. ക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത് ‘‘പതിറ്റാണ്ടുകളുടെ മുറിവ് ഇതോടെ ഉണങ്ങുകയാണ്. അയോധ്യ ഹിന്ദുമൂല്യങ്ങളുടെ പ്രതീകം’’ എന്നാണ്. ഉയർത്തിയ പതാക സാംസ്കാരിക ഉണർവിന്റെ പതാകയാണെന്നും പറഞ്ഞു. അവർ പറയുന്ന സാംസ്കാരിക ഉണർവ് ഹിന്ദുത്വ ആശയങ്ങളുടെ ഉണർവാണ്. ഇന്ത്യയിലെ സംസ്കാരത്തിന്റെ വൈവിധ്യങ്ങളുടെ പ്രതീകമാണ് ദേശീയ പതാക എന്ന കാര്യം അവർ നിഷേധിക്കുന്നു. പണ്ട് നെഹ്റു പറഞ്ഞത് ഒന്ന് ഓർത്തു നോക്കൂ. ഭക്രാനംഗൽ അണക്കെട്ട് രാഷ്ട്രത്തിന് സമർപ്പിച്ച് അദ്ദേഹം പറഞ്ഞത്, അണക്കെട്ടുകൾ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ ആണ് എന്നതായിരുന്നു. ഇന്ന് രാഷ്ട്രനിർമാണത്തിൽനിന്ന് മത നിർമാണത്തിലേക്ക് രാജ്യം മാറി.
1937 ഒക്ടോബർ മാസത്തിൽ ടാഗോർ തന്നെ വന്ദേമാതരത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്-‘‘വന്ദേ മാതരത്തെ ദേശീയ ഗാനമാക്കുന്നതിനെക്കുറിച്ച് നിർഭാഗ്യകരമായ വിവാദങ്ങൾ ഉയരുന്നുണ്ട്’’. വന്ദേമാതരത്തിന്റെ ആദ്യ ഖണ്ഡിക ഞാൻ തന്നെ പാടി കൽക്കട്ടയിൽ ചേർന്ന ആദ്യ കോൺഗ്രസ് സമ്മേളനത്തിൽവെച്ച്. അന്ന് ബങ്കിം ചന്ദ്ര ചാറ്റർജി ജീവിച്ചിരിക്കുന്നുണ്ടായിരുന്നു. (ആദ്യ വരികൾ ഇങ്ങനെയാണ് ‘‘വന്ദേമാതരം, വന്ദേമാതരം, സുജലാം സുഫലാം മലയജ ശീതളാം, സസ്യ ശ്യാമളാം, മാതരം, വന്ദേമാതരം, ശുഭ്ര ജ്യോത്സ്ന, പുളകിതയാമണിം, ഫുല്ല കുസുമിത, ദ്രുമതല ശോഭിണീം, സുഹാസിനീം, സുമധുര ഭാഷിണീം, സുഖദാം വരദാം, മാതരം, വന്ദേമാതരം’’- ഈ വരികളാണ് ടാഗോർ പാടിയത്. അദ്ദേഹമാണ് ഈണം നൽകിയതും) ഈ വരികളിൽ പ്രകൃതിയുടെ, നമ്മുടെ മാതൃഭൂമിയുടെ മനോഹാരിത നിറഞ്ഞുനിൽക്കുന്നു. അതിന്റെ അനവദ്യസുന്ദരമായ ഗുണാത്മകതയും നിറഞ്ഞുകവിയുന്നു. അതുകൊണ്ടുതന്നെ ആ ഗീതത്തിന്റെ മറ്റു വരികളുമായി ഞാൻ ബന്ധം വേർപ്പെടുത്തുന്നു. ബങ്കിം ചന്ദ്രയുടെ വരികൾ മുഴുവൻ വായിച്ചാൽ അത് വ്യത്യസ്ത രീതികളിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം. ചില വ്യാഖ്യാനങ്ങൾ മുസ്ലിം സോദരരുടെ വികാരങ്ങളെ മുറിപ്പെടുത്തിയേക്കാം. പ്രസ്തുത ഗീതത്തിന്റെ ആദ്യവരികൾ അതിമനോഹരവും സർവതിനെയും ഉൾക്കൊള്ളുന്നവയുമാണ്’’.
വന്ദേമാതരത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യാൻ മണിക്കൂറുകൾ ഉപയോഗിച്ചത് മഹാകവി ഉപേക്ഷിച്ച വരികൾ ഉയർത്തിപ്പിടിച്ച് അപര വിദ്വേഷം വളർത്താനാണ്. ജനാധിപത്യത്തിന് വായ്ത്താരിയിടുകയും ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും എതിർനിൽക്കുകയുമാണ് അവർ എപ്പോഴും ചെയ്യുക. ജനാധിപത്യ സ്ഥാപനങ്ങളിലൂടെ അവർ സവർക്കറിസ്റ്റ് ഗോൾവാൾക്കറിസം നടപ്പിലാക്കുന്നു. മൃത്യുരാഷ്ട്രീയത്തിന്റെ വിപുലമായ പരീക്ഷണ ഭൂമിയാക്കി രാജ്യത്തെ മാറ്റിക്കൊണ്ട് മുൻകൂട്ടി ആസൂത്രണം ചെയ്ത മതകലാപങ്ങളും വംശഹത്യയോളമെത്തുന്ന കൂട്ടക്കൊലകളും സംഘടിപ്പിച്ച് അപരരെ കണ്ടെത്തുകയും അവരുടെ പൗരത്വം ചോദ്യം ചെയ്യുകയും ചെയ്യുന്നത് മൃത്യുരാഷ്ട്രീയത്തിന്റെ പ്രവണതയാണ്. മറുഭാഗത്ത് രാഷ്ട്രീയ പരമാധികാരമാണ് ആത്യന്തികമായി മൂലധന മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. ലോകത്തെ ഒരൊറ്റ വ്യവസായിക മേഖലയായി കണ്ടുകൊണ്ട് ഭരിക്കാൻ കഴിയണം എന്നതാണ് കോർപറേറ്റ് മൂലധനത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

