സിനിമ കാണാതെ അവർ വിലക്കുന്നു...

pratap joseph

ഗോവ ചലച്ചിത്ര മേളയിൽ നിന്നും കേന്ദ്ര ഇടപെടൽ മൂലം പിൻവലിച്ച ചിത്രമാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത എസ്  ദുർഗ്ഗ. അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടും വിവാദങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് ഛായാഗ്രാഹകൻ പ്രതാപ് ജോസഫ് മാധ്യമവുമായി സംസാരിക്കുന്നു.

 

സെൻസർഷിപ് റദ്ദാക്കി കൊണ്ട് എസ് ദുർഗ്ഗ ഗോവ ചലച്ചിത്ര മേളയിൽ നിന്നും അവസാന നിമിഷം തഴയപ്പെട്ടു ?

ആസൂത്രിതമായിട്ടുള്ള നീക്കമാണിതെന്ന് വ്യക്തമാണ്. ഗോവയിൽ ഈ സിനിമ കാണിക്കാതിരിക്കാനായിട്ടുള്ള നടപടികൾ/കുറുക്കു വഴികൾ ഒരുപാട് നടന്നിട്ടുണ്ട്. ജൂറി തെരഞ്ഞെടുത്ത സിനിമ  സെൻസർ ചെയ്തതാണെന്ന് സർക്കാറിന് അറിയാം. ഗോവ ഫെസ്റ്റിവൽ നടക്കുന്നതിനു ഒരു മാസം മുമ്പ് മുംബൈ ഫെസ്റ്റിവലിൽ ഈ സിനിമയുടെ സെൻസർ കോപ്പി കാണിക്കുകയും പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു. ഗോവ മേളയിലേക്ക് സെൻസർ ചെയ്യുന്നതിന്‍റെ മുമ്പാണ് കോപ്പി അയച്ചത്. എന്നാൽ പിന്നീട് ചിത്രം സെൻസർ ചെയ്യുകയും ചെയ്തു. ജൂറി തെരഞ്ഞെടുത്തിട്ടും ചിത്രം വിലക്കി. പിന്നീട് ഹൈകോടതി വരെ ചിത്രത്തിന് അനുകൂല നിലപാട് പുറപ്പെടുവിച്ചു. 

S Durga protest

എന്നാൽ ഗോവയിലെ ഒരു വർഗീയ സംഘടനയെ കൊണ്ട് ഈ സിനിമ പ്രദർശിപ്പിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഒരു പരാതി കൊടുപ്പിക്കുകയായിരുന്നു. അങ്ങിനെയാണ് ചിത്രം പ്രദർശിപ്പിക്കാതിരിക്കാൻ സെൻസർ ബോർഡിനെ കൊണ്ട് സർട്ടിഫിക്കറ്റ് പിൻവലിച്ചത്. എന്‍റെ അറിവിൽ ആദ്യമായിട്ടാണ്  ഒരു ഇന്ത്യൻ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കുന്നത്.

S Durga v

മെർസൽ, ന്യൂഡ്, എസ് ദുർഗ്ഗ എന്നീ ചിത്രങ്ങളെ സംഘപരിവാറിന് ഭയമാണോ ?

സംഘപരിവാറിന് മാത്രമല്ല, എല്ലാ വർഗീയ സംഘടനകളും ഒരുതരത്തിൽ കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയപ്പെടുന്നുണ്ട്. ഒരു കലാകാരൻ സ്വതന്ത്രമായി അഭിപ്രായങ്ങൾ പറഞ്ഞാൽ ഈ സംഘടനകൾ കെട്ടിപ്പൊക്കിയതെല്ലാം ഇടിഞ്ഞുവീഴുമെന്ന് അവർക്ക് കൃത്യമായിട്ടറിയാം. അതാണ് അവരുടെയൊക്കെ പ്രശ്നം.


സിനിമ കാണാതെ സ്‌മൃതി ഇറാനിയടക്കമുള്ളവർ വിമർശിക്കുന്നു ?

പത്മാവതി ആയാലും സെക്സി ദുർഗ്ഗ ആയാലും ചിത്രം കണ്ടിട്ടല്ല ഇവർ അഭിപ്രായം പറയുന്നത്. സെക്സി ദുർഗയെ സംബന്ധിച്ചിടത്തോളം അതിന്‍റെ ടൈറ്റിൽ ഇങ്ങനെയാണ്, അല്ലെങ്കിൽ പത്മാവതി സിനിമയുടെ കഥ ഇങ്ങനെയാണെന്നൊക്കെയുള്ള അഭ്യൂഹങ്ങളാണ് ഉള്ളത്. ചിലർ ഇത്  മുതലെടുക്കുകയാണ്. അവർക്ക് എന്തെങ്കിലും വിഷയങ്ങൾ വേണം. ജനങ്ങളെ സ്വാധീനിച്ചാലേ അവർക്ക് അവരുടെ കാര്യങ്ങൾ നടക്കൂ. അതിന് വേണ്ടി അവർ കൃത്യമായ ഇടവേളകളിൽ എന്തെങ്കിലും വിഷയം കുത്തി പൊക്കിക്കൊണ്ടിരിക്കും. ആളുകളെ ഹരം പിടിപ്പിക്കാനോ, ആളുകളെ ചേരി തിരിച്ചു നിർത്താനോ,ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും പോരടിപ്പിക്കാനോ വേണ്ടിയാണത്. 


ഫാസിസ്റ്റ് കാലത്തെ സ്വാതന്ത്ര സിനിമ നിർമാണം ?

ബി. ജെ.പിയൊ, സംഘപരിവാറോ മാത്രമാണ് ഫാസിസ്റ്റ് കാലത്തിന് കാരണക്കാരെന്ന് തോന്നുന്നില്ല.  എല്ലാ കാലത്തും ഫാസിസം ഉണ്ടാകും.  ചില കാലത്ത് കൂടിയിരിക്കും, ചില കാലത്ത് കുറഞ്ഞിരിക്കും. ഇത് ഏതെങ്കിലും ഒരു പ്രത്യേക കാല ഘട്ടത്തിന്‍റെ പ്രശ്നമാണെന്നെനിക്ക് തോന്നുന്നില്ല. കേരളത്തിലെയോ അല്ലെങ്കിൽ ഇന്ത്യയിലെ അവസ്ഥ എടുത്താലും പല തരത്തിലുള്ള ഇടപെടലുകൾ, മനുഷ്യാവകാശ പ്രശ്നങ്ങളെല്ലാം ചില സംഘടനകൾ കാരണം ഉണ്ടായിട്ടുണ്ട്. സ്വതന്ത്രമായ അഭിപ്രായം പറയുക എന്നത് വെല്ലുവിളി തന്നെ ആണ്. തലയുയർത്തി നിങ്ങൾക്ക് തോന്നുന്ന കാര്യം വിളിച്ചു പറയുക എന്നത് അങ്ങേയറ്റം വെല്ലുവിളി തന്നെയാണ്. അത് ഏതെങ്കിലും ഒരു കാലത്തെ മാത്രം പ്രശ്നമാണെന്നു എനിക്ക് തോന്നുന്നില്ല.

x-durga


ആവിഷ്കര സ്വാതന്ത്ര്യത്തിൽ ഭരണകൂടം നേരിട്ട് ഇടപെടുന്നു ?

ഒരു വർഗീയ സംഘടന നിലപാട്‌ എടുക്കുന്ന പോലെയല്ല ഒരു ഭരണകൂടം നേരിട്ടിടപെട്ടു നിലപാട് എടുക്കുന്നത്.  ജനങ്ങളുടെ പ്രതിനിധികളായി നിൽക്കേണ്ടവർ വൈകാരികമായ രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുകയാണ്. പത്മവതിക്കെതിരെ യു.പി മുഖ്യമന്ത്രിയാണ് അഭിപ്രായം പറയുന്നത്. എസ് ദുർഗ്ഗയുടെ കാര്യത്തിൽ മന്ത്രാലയം നേരിട്ട് തെറി വിളിക്കുകയാണ്. ഭരണകൂടത്തിന്‍റെ നേരിട്ടുള്ള ഇടപെടലുകൾ ഇപ്പോൾ സജീവമാണ്. ഇത് അപകടകരമാണ്. ഏതെങ്കിലും ഒരു സംഘടന ആണെങ്കിൽ അത് സംഘടനയുടെ പ്രശ്നമായി കാണാം. എന്നാൽ ജനങ്ങളുടെ സുരക്ഷയും, സമാധാനവും, സ്വാതന്ത്രവും ഉറപ്പ് വരുത്തേണ്ട ഭരണകൂടം തന്നെ ഇതിന് ഒത്താശ ചെയ്യുകയാണ്. കൽബുർഗി, ധബോ ൽക്കർ,പൻസാരെ, ഗൗരി ലങ്കേഷ്‌ പോലുള്ള സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യരുടെ മരണങ്ങളാണ് കാണുന്നുത്​. അതിൽ പക്ഷേ സർക്കാറിന് ഒന്നും ചെയാനാവുന്നില്ല. 

S Durga v


ഇനിയും രാഷ്ട്രീയ സിനിമകളെടുക്കുമോ ?

നമ്മൾ താഴ്ന്ന് കൊടുത്താലേ  ഒരാൾക്ക് നമ്മുടെ തലയിൽ കയറി ഇരിക്കാൻ പറ്റുകയുള്ളു. ഭയമുള്ളവർ മാത്രമേ ഈ രാഷ്ട്രീയ സിനിമകലെടുക്കാൻ ഭയക്കൂ.
 

COMMENTS