കോട്ടയിൽ കൊടിപാറിച്ച പ്രശാന്ത് കിഷോർ
text_fieldsതെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം അണികളെ അഭിവാദ്യം ചെയ്യുന്ന പ്രശാന്ത് കിഷോർ
കഷ്ടിച്ച് ഒമ്പത് മാസം മുമ്പ് ‘‘ഹർ-ഹർ മോദി, ഘർ-ഘർ മോദി’’എന്ന് മുദ്രാവാക്യം വിളിച്ച വോട്ടർമാർ ബിഹാർ രാഷ്ട്രീയത്തിൽ ഹിന്ദുത്വപ്പാർട്ടിയുടെ കോട്ടയായി കണക്കാക്കപ്പെടുന്ന ബങ്കിപൂർ നിയമസഭാ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥി നീരജ് കുമാർ സിൻഹയെ കൈയൊഴിഞ്ഞ് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് ഗംഭീര വിജയം സമ്മാനിച്ചിരിക്കുന്നു. മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന നിതിൻ നബീൻ ബി.ജെ.പി ദേശീയ പ്രസിഡന്റായതിനെത്തുടർന്ന് രാജ്യസഭയിലേക്ക് ചേക്കേറിയതോടെയാണ് ഇവിടെ ഒഴിവുവന്നത്. ഫലം പ്രഖ്യാപിച്ചപ്പോൾ നൂറുശതമാനവും ഉറപ്പിച്ച വിജയത്തിന്റെ ആഘോഷങ്ങൾക്കായി തയാറാക്കിവെച്ച ടൺ കണക്കിന് ലഡു എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബി.ജെ.പി അണികൾ.
ഹിന്ദുത്വ ഐക്കൺ നരേന്ദ്ര മോദി, സോഷ്യലിസ്റ്റ് നിതീഷ് കുമാർ, പ്രത്യയശാസ്ത്രബാധ്യതകളില്ലാത്ത അരവിന്ദ് കെജ്രിവാൾ, ദ്രാവിഡ പ്രസ്ഥാന നായകൻ എം.കെ. സ്റ്റാലിൻ എന്നിങ്ങനെ വൈവിധ്യമാർന്ന ആശയധാരകളിലെ നേതാക്കൾക്കൊപ്പം തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ പ്രവർത്തിച്ചയാളാണ് പ്രശാന്ത് കിഷോർ. ബംഗാളിൽ മമതാ ബാനർജിയുടെയും പഞ്ചാബിൽ അമരീന്ദർ സിങ്ങിന്റെയും പ്രചാരണ തന്ത്രങ്ങൾ അദ്ദേഹം രൂപകൽപ്പന ചെയ്തു. ഡസൻ കണക്കിന് മുഖ്യമന്ത്രിമാരുടെ പ്രതിച്ഛായ നിർമാണച്ചുമതലയും വഹിച്ചു. പ്രത്യയശാസ്ത്ര വഴക്കവും വോട്ടർമാരുടെ മനസ്സിലെ വികാരങ്ങൾ തിരിച്ചറിയാനുള്ള കൃത്യമായ നിരീക്ഷണപാടവവുമാകാം വ്യത്യസ്ത സംസ്ഥാനങ്ങളിലെ വിവിധ തരം രാഷ്ട്രീയ നിലപാടുകൾ പുലർത്തുന്ന ഉന്നതരായ ‘‘ക്ലയന്റുകൾക്ക്’’ വേണ്ടി വിജയകരമായി പ്രവർത്തിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. എന്നാൽ, സ്വയം ക്ലയന്റാവുകയും സ്വന്തം നാടായ ബിഹാറിൽ രാഷ്ട്രീയ പരീക്ഷണം നടത്തുകയും ചെയ്തപ്പോൾ കാര്യങ്ങൾ എളുപ്പമായിരുന്നില്ല.
തോൽവിയിൽ നിന്ന് പഠിച്ച പാഠം
കഴിഞ്ഞ വർഷം നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 238 സീറ്റുകളിൽ മത്സരിച്ച ജൻ സുരാജ് പാർട്ടിക്ക് 3.44 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്, ഭൂരിഭാഗം ഇടങ്ങളിലും കെട്ടിവെച്ച പണം നഷ്ടമായി. ഒരു മാനേജരിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് പരിണമിക്കുന്നതിന് മുന്നോടിയായി നാല് വർഷം മുമ്പ് ബിഹാറിലുടനീളം അദ്ദേഹം കാൽനടയായി സഞ്ചരിച്ചിരുന്നു. പാവപ്പെട്ടവരിലേക്കും പണക്കാരിലേക്കും, മേൽത്തട്ടുകാരിലേക്കും പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും, ഹിന്ദുക്കളിലേക്കും മുസ്‍ലിംകളിലേക്കും അദ്ദേഹം നടന്നെത്തി; ജാതിയോ വിഭാഗീയതയോ നോക്കാതെ സൗഹാർദ്ദത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും സംസാരിച്ചു. അതിനു പിന്നാലെയാണ് ജൻ സുരാജ് പാർട്ടി പ്രഖ്യാപിച്ചത്.
രാഷ്ട്രീയക്കാരായ ശേഷം പണം സമ്പാദിക്കുന്ന ഇന്ത്യൻ ശീലത്തിന് വിരുദ്ധമായി രാഷ്ട്രീയക്കാരനാകുന്നതിന് മുമ്പ് സമ്പാദിക്കുകയും, ആ സമ്പാദ്യം രാഷ്ട്രീയ വിജയത്തിനായി നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയാണ് പ്രശാന്ത് പയറ്റിയത്. പണത്തിന് പഞ്ഞമില്ലാതിരുന്ന അദ്ദേഹം പക്ഷേ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ പരിശീലനം ലഭിച്ച അണികളുടെയും അനുയോജ്യമായ സംഘടനാ ചട്ടക്കൂടിന്റെയും കാര്യത്തിൽ പാപ്പരായിരുന്നു. മഹാത്മാഗാന്ധി നേതൃത്വം നൽകിയ സ്വാതന്ത്ര്യസമര കാലത്തെ കോൺഗ്രസിനോടാണ് തുടക്കത്തിൽ പ്രശാന്ത് ജൻ സുരാജ് പാർട്ടിയെ ഉപമിച്ചത്. പിന്നീട് താഴെത്തട്ടിൽ നിന്നുള്ള പ്രതികരണങ്ങൾ ഉൾക്കൊണ്ട് പാർട്ടിയുടെ ലോഗോയിൽ ഗാന്ധിക്കൊപ്പം ബി.ആർ. അംബേദ്കറെയും കൂട്ടിച്ചേർത്തു.
കാഴ്ചപ്പാടിന്റെ പോരായ്മ കൊണ്ടാവാം, ശമ്പളം വാങ്ങുന്ന പ്രഫഷണലുകളെയാണ് ആദ്യഘട്ടത്തിൽ പ്രശാന്ത് പാർട്ടി ഭാരവാഹികളായി നിയോഗിച്ചത്. അത്തരം ആളുകൾക്ക് താൽപര്യം കരിയർ വളർച്ചയിൽ മാത്രമായിരിക്കും. താഴെത്തട്ടിൽ രാഷ്ട്രീയ അണികളെ നേടാനോ നേരിടാനോ അവർക്ക് പ്രാപ്തിയുണ്ടാവില്ല.ഗാന്ധിയും അംബേദ്കറും നെഹ്‌റുവും രാഷ്ട്രീയ പ്രവർത്തകരാകാൻ വേണ്ടി കരിയർ ഉപേക്ഷിച്ചവരാണ്, അതിന് വ്യത്യസ്തമായ ഒരു മാനസികാവസ്ഥ ആവശ്യമാണ്.
വമ്പൻ തോൽവി നേരിട്ടിട്ടും പോരാട്ടവീര്യം ഉപേക്ഷിക്കാഞ്ഞതിന് പ്രശാന്തിനെ സമ്മതിക്കണം. 2025 ലെ തിരിച്ചടിക്ക് ശേഷം, പാർട്ടിയുടെ പോഷക സംഘടനയായി ‘സംഘർഷ് വാഹിനി’ രൂപവത്കരിക്കുകയും, ‘പന്ന പ്രമുഖ്’ പോലുള്ള ബി.ജെ.പിയുടെ അടിത്തട്ട് സംവിധാനങ്ങളെ നേരിടാൻ ബൂത്തുകളിലും മൊഹല്ലകളിലും അണികളെ വിന്യസിക്കുകയും ചെയ്തു. അതിനെല്ലാമുപരിയായി താനെന്ന ഭാവം വലിയൊരളവോളം മാറ്റിവെച്ച്, എളിമയോടെ ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. ബി.ജെ.പിക്ക് അനുകൂലമായ പൊലീസിന്റെ പക്ഷപാത നടപടികളിൽ നിന്ന് അണികളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറായതുമില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രാത്രിയിൽ പുലർച്ചെ രണ്ട് മണി വരെ പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കിച്ച് പ്രശാന്ത് അണികൾക്ക് ആത്മവിശ്വാസം പകരുകയും ചെയ്തു.
അയോധ്യ രാമക്ഷേത്രത്തിലെ ഊരാളൻമാർ നടത്തിയ കൊള്ളയെക്കുറിച്ചുള്ള ആരോപണങ്ങളും ‘ജെൻ സി’ പ്രക്ഷോഭവും പ്രധാനമന്ത്രിയുടെയും പാർട്ടിയുടെയും പ്രതിച്ഛായയിൽ കാര്യമായ ഇടിവ് വരുത്തിയത് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും പ്രശാന്ത് കിഷോറിന് ഗുണകരമായി മാറുകയും ചെയ്തു.
വെറുപ്പിന്റെയും വിഭജനത്തിന്റെയും പ്രത്യയശാസ്ത്രത്തിൽ ആണ്ടുനിൽക്കുന്ന ബി.ജെ.പിക്ക് ‘ജെൻ സി’യുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയില്ല. ഇന്ത്യൻ യുവതയുമായി സംവാദം നടത്താനുള്ള ഭാഷയും അവർക്കില്ല. പ്രശാന്ത് കിഷോറും അണികളും തങ്ങളുടെ ശൈലികൾ കൂടുതൽ മൂർച്ച കൂട്ടുകയും ജെൻ സിയുടെ ആവശ്യങ്ങളോട് രാഷ്ട്രീയമായി ഒത്തുപോവുകയും വേണം. സംഘപരിവാർ രാഷ്ട്രീയത്തിന്റെ കാതലിനെ ആക്രമിക്കുന്നതിന് പകരം ഭരണ സംവിധാനങ്ങളും സേവന വിതരണ മാർഗങ്ങളും മെച്ചപ്പെടുത്തുമെന്ന ധാരണ സൃഷ്ടിച്ചതുകൊണ്ട് മാത്രം വിജയിക്കാമെന്ന് കരുതിയാൽ പ്രശാന്ത് കിഷോറിനും പാർട്ടിക്കും അത് വലിയ തിരിച്ചടിയായി മാറും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ ആശയപരമായ വഴക്കം അദ്ദേഹത്തിന് ഉപകരിച്ചിട്ടുണ്ടാകാം. എന്നാൽ ബിഹാർ പോലുള്ള ഒരു രാഷ്ട്രീയ സംസ്ഥാനത്ത് ദീർഘകാല നിലനിൽപ്പിനും വളർച്ചക്കും ആശയപരമായ വ്യക്തത അത്യന്താപേക്ഷിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

