Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചതുരംഗക്കളത്തിലെ...

ചതുരംഗക്കളത്തിലെ രാഷ്ട്രീയം

text_fields
bookmark_border
ചതുരംഗക്കളത്തിലെ രാഷ്ട്രീയം
cancel

ചതുരംഗക്കളിയിൽ എതിരാളിയെ മറികടക്കാനുള്ള ബുദ്ധിപരമായ തന്ത്രങ്ങളാണ് പ്രധാനം. ചെന്നൈക്കടുത്ത ശിൽപനഗരമായ മഹാബലിപുരത്ത് ആഗസ്റ്റ് പത്തുവരെ നടക്കുന്ന 44ാമത് ഫിഡേ ചെസ് ഒളിമ്പ്യാഡിനെ ചുറ്റിപ്പറ്റിയുള്ള ഓരോ കരുനീക്കങ്ങളിലും കാണാം ബഹുവിധ തന്ത്രങ്ങൾ. കളത്തിനകത്തും പുറത്തും എതിരാളിയെ വെട്ടാനുള്ള ഒരു സാധ്യതയും ആരും പാഴാക്കുന്നില്ലെന്നുവേണം പറയാൻ. വിജയിയുടെ ചിരി ആരുടേതാവും എന്നത് കാലമാണ് കാണിച്ചുതരിക.

കളിക്കളത്തിലെത്തിയ 13 അംഗ ടീമിനെ തിരിച്ചുവിളിച്ച് പാകിസ്താൻ ഇന്ത്യയോടുള്ള അരിശം തീർത്തത് ഒളിമ്പ്യാഡിലെ മോശം കരുനീക്കമായി. മേളയെ രാഷ്ട്രീയവത്കരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം. ജമ്മു-കശ്മീരിലൂടെ ചെസ് ഒളിമ്പ്യാഡിന്‍റെ ദീപശിഖ പ്രയാണം നടത്തിയതാണ് പാകിസ്താനെ ചൊടിപ്പിച്ചത്.

സംഘർഷങ്ങൾ സൃഷ്ടിച്ച ഇരുട്ടിലും നടുക്കത്തിലും പതിറ്റാണ്ടുകളായി കഴിഞ്ഞുപോരുന്ന ഒരു ജനതയിലേക്ക് ഏഷ്യയിലേക്ക് അപൂർവമായി മാത്രമെത്തുന്ന കായികമേളയുടെ വിളംബരവെളിച്ചം എത്തിക്കുന്നതുകൊണ്ട് ഒരു അന്താരാഷ്ട്ര മര്യാദയും ലംഘിക്കപ്പെടുന്നില്ല. പക്ഷേ, പാകിസ്താൻ അതുമൊരു രാഷ്ട്രീയ കരുനീക്കമാക്കി. ഇന്‍റർനാഷനൽ ചെസ് ഫെഡറേഷനിൽ വിഷയം ഉന്നയിക്കുമെന്നും അറിയിച്ചു.

ഭരണകൂടത്തിന്‍റെ പൊടുന്നനെയുള്ള പിൻവാങ്ങൽ അറിയിപ്പിൽ കളിക്കാർ ശരിക്കും ഞെട്ടി. നിരാശരെങ്കിലും അഭിപ്രായ പ്രകടനമൊന്നും നടത്താതെ ഉടനടി പുണെയിലേക്ക് വിമാനം കയറി വാഗാ അതിർത്തി വഴി മടങ്ങുകയായിരുന്നു താരങ്ങൾ. തീരുമാനം നിർഭാഗ്യകരമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് പ്രതികരിച്ചെങ്കിലും വിഷയത്തിൽ കടുത്ത പ്രതികരണം നടത്തി ചെസ് ഒളിമ്പ്യാഡിന്‍റെ ശോഭ കെടുത്തേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഹാഷ് ടാഗുകളോടെ തുടക്കം

മോദിയുടെ തമിഴ്നാട് സന്ദർശന വേളയിലെല്ലാം സമൂഹ മാധ്യമങ്ങളിൽ ഹാഷ് ടാഗുകൾ ട്രെൻഡിങ്ങാവുന്നത് പതിവാണ്. അത് ഇത്തവണയും ആവർത്തിച്ചു. വണക്കം മോദി എന്നായിരുന്നു അനുകൂലികളുടെ ഹാഷ് ടാഗ്, ഗോ ബാക്ക് മോദി എന്നത് പ്രതികൂലികളുടേതും. ഏതായിരുന്നു കൂടുതൽ എന്ന കണക്കെടുപ്പിൽ പ്രസക്തിയില്ല, ഈ ഹാഷ്‌ ടാഗുകളുമായി പത്തു ലക്ഷത്തിലധികം ട്വീറ്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്.

ചെസ് ഒളിമ്പ്യാഡ് പ്രചാരണ ബാനറുകളിൽ പ്രധാനമന്ത്രിയുടെ പടം ഒഴിവാക്കി എന്ന ആക്ഷേപമുന്നയിച്ച് ബി.ജെ.പി നൽകിയ ഹരജി പരിഗണിച്ച് ഇരു നേതാക്കളുടെയും പടങ്ങൾ ഉൾപ്പെടുത്താൻ മദ്രാസ് ഹൈകോടതി നിർദേശിച്ചു. ഉദ്ഘാടന പരിപാടി നടക്കവേയാണ് കോടതി ഉത്തരവ് വന്നതെന്നതിനാൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച ഗുണമുണ്ടായില്ല.

സ്റ്റാലിന്‍റെ മാത്രം ചിത്രമുള്ള വാൾപോസ്റ്ററുകളിലും ബാനറുകളിലും ബി.ജെ.പി പ്രവർത്തകർ മോദിയുടെ ചിത്രം പതിച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നു.എന്നാൽ ഈ ചിത്രങ്ങൾക്കുമീതെ തന്തൈ പെരിയാർ ദ്രാവിഡ കഴകം ഉൾപ്പെടെ വിവിധ സംഘടനകളുടെ പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കർക്കശ നടപടികളാണ് സ്വീകരിച്ചത്.

മോദിയും സ്റ്റാലിനും അടുത്തോ?

ഒരു തെന്നിന്ത്യൻ സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെങ്കിലും രാജ്യത്തെ പ്രതിപക്ഷ നേതാവ് എന്ന പ്രതീതിയാണ് എം.കെ. സ്റ്റാലിന്റെ ഓരോ നിലപാടുകളിലും നിഴലിച്ചുനിൽക്കാറ്. ഹിന്ദി അടിച്ചേൽപിക്കൽ, ഫെഡറലിസം, നീറ്റ്, ബഹുസ്വരത തുടങ്ങിയ വിഷയങ്ങളിലെല്ലാം സ്റ്റാലിന് കൃത്യമായ അഭിപ്രായമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നോട്ടുവെക്കുന്ന നിലപാടുകളിൽനിന്ന് തീർത്തും വിഭിന്നവുമാണത്.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തുന്ന ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടന വേളയിലും രാഷ്ട്രീയ പിരിമുറുക്കം പ്രകടമാകുമെന്ന അഭ്യൂഹം മാധ്യമങ്ങൾ പ്രവചിച്ചിരുന്നു.ഉദ്ഘാടന വേദിയിൽ കക്ഷിരാഷ്ട്രീയം കലർത്താതിരിക്കാൻ ശ്രദ്ധിച്ച തമിഴ്നാട് നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ യഥാർഥ ആശയമാണ് അവിടെ ഉയർത്തിക്കാട്ടാൻ ശ്രമിച്ചത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സംഗീതവും കലാരൂപങ്ങളും ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചു. ഇന്ത്യയുടെയും തമിഴകത്തിന്റെയും പൈതൃകവും സംസ്കാര വൈവിധ്യവും ആവിഷ്കരിക്കുന്ന പരിപാടികൾ മോദിയും സ്റ്റാലിനും ഒരുപോലെ ആസ്വദിച്ചിരിക്കുന്നത് തമിഴ്നാട്ടിലെ മാധ്യമങ്ങൾ പ്രാധാന്യപൂർവം എടുത്തുകാട്ടുകയും ചെയ്തു.

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ ഡി.എം.കെ എം.പിമാർ ഉൾപ്പെടെ നിരവധി പ്രതിപക്ഷാംഗങ്ങളെ സസ്പെൻഡ് ചെയ്ത സമയത്താണ് സ്റ്റാലിൻ മോദിയുമായി വേദി പങ്കിട്ടത്. പാർലമെന്‍റിനകത്തും പുറത്തും രണ്ട് കേന്ദ്രമന്ത്രിമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ രൂക്ഷമായ പ്രസ്താവനകൾ നടത്തിയതിനെച്ചൊല്ലി സഖ്യകക്ഷി നേതാവായ സ്റ്റാലിൻ അഭിപ്രായ പ്രകടനം നടത്തിയിരുന്നില്ല.

മോദിക്ക് ഉചിതമായ സ്വീകരണം നൽകിയതിൽ ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ പ്രകീർത്തിക്കുകകൂടി ചെയ്തതോടെ ബി.ജെ.പിയുമായി സ്റ്റാലിൻ അടുക്കുന്നതായ രാഷ്ട്രീയ അഭ്യൂഹം പരന്നു. ഇതിനെച്ചൊല്ലി തമിഴ് ടി.വി ചാനലുകൾ രാത്രികാല ഡിബേറ്റുകളും നടത്തി.

എന്നാൽ, ഡി.എം.കെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്, ഇടതുകക്ഷികൾ, മുസ്ലിം ലീഗ് ഉൾപ്പെട്ട മുന്നണി വെറും തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും ആശയാദർശങ്ങളിലധിഷ്ഠിതമായതാണെന്നും ഈ മുന്നണി സംവിധാനം തുടരുമെന്നും സ്റ്റാലിൻ പ്രസ്താവിച്ചതോടെ അത്തരം പ്രചാരണങ്ങൾക്ക് അവസാനമായി.


Show Full Article
TAGS:Fide Chess Olympiad 2022 
News Summary - Politics in chess board
Next Story