Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകണക്കിനപ്പുറത്തെ...

കണക്കിനപ്പുറത്തെ രാഷ്ട്രീയ വിജയം

text_fields
bookmark_border
കണക്കിനപ്പുറത്തെ രാഷ്ട്രീയ വിജയം
cancel
Listen to this Article

ജൂൺ ഒമ്പതിന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും സംസ്ഥാന നിയമസഭകളിലെയും എൻ.ഡി.എ പ്രാതിനിധ്യം നോക്കിയാൽ 9000 വോട്ടുമൂല്യംകൂടി മാത്രമേ ദ്രൗപദി മുർമുവിന് ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. എന്നാൽ, അജണ്ട നിർണയിക്കുന്നതിലെ പാളിച്ചമൂലം വോട്ടെടുപ്പിനുമുമ്പേ പ്രതിപക്ഷം അതിദയനീയമായി തോറ്റുപോയിരുന്നു. കെൽപുള്ള ഒരു സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഫലംകണ്ടില്ലെന്നു മാത്രമല്ല, നിർത്തിയ സ്ഥാനാർഥി പ്രതിപക്ഷത്തെ ദുർബലമായ പ്രതിരോധത്തിലുമാക്കി.

'ഇന്ത്യ എന്ന ആശയം' നിലനിർത്താൻ തങ്ങൾ ഏതു പ്രത്യയശാസ്ത്രവുമായി പോരാടുന്നുവെന്ന് നിരന്തരം അവകാശപ്പെടുന്നുവോ അതേ ഹിന്ദുത്വ പരിസരത്തുനിന്നൊരാളെ ഇടതുപക്ഷം അടക്കമുള്ള ഒന്നര ഡസൻ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടേണ്ടിവന്നു എന്നതായിരുന്നു ഈ തെരഞ്ഞെടുപ്പിലെ മഹാദുരന്തം. യശ്വന്ത് സിൻഹയും ദ്രൗപദി മുർമുവും തമ്മിലെ മത്സരം ആശയപരമായി സംഘ് പരിവാറുമായുള്ള പ്രതീകാത്മകമായ പോരാട്ടംപോലുമായില്ല.

നേരത്തേ ചർച്ചചെയ്തിരുന്നുവെങ്കിൽ ദ്രൗപദി മുർമുവിനെ സമവായ സ്ഥാനാർഥിയാക്കാമായിരുന്നു എന്ന് യശ്വന്ത് സിൻഹയെ പ്രതിപക്ഷ സ്ഥാനാർഥിയായി ഇറക്കിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പറയേണ്ടിവന്നത് വോട്ടിനുമുമ്പേ തോൽവി സമ്മതിച്ചതുകൊണ്ടാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചത് ഇതേ മമതയാണെന്നോർക്കണം.

രാഷ്ട്രപതിഭവനിലേക്ക് ഒരു ആദിവാസി വനിതയെന്ന ബി.ജെ.പിയുടെ പ്രചാരണതന്ത്രത്തെ മറികടക്കാൻ പ്രതിപക്ഷത്തിനായില്ല. ഏതു വിഭാഗത്തിൽനിന്നായാലും ബി.ജെ.പിയുടെ ഫാഷിസമാണ് അവരും അനുധാവനം ചെയ്യുന്നതെന്നുള്ള, സാമൂഹിക നിരീക്ഷകർ നടത്തിയ വിശകലനംപോലും അവർ ഏറ്റുപറഞ്ഞില്ല. സംസ്ഥാനങ്ങളിലെ ആദിവാസി ബെൽറ്റുകളിൽ കാലിന്നടിയിലെ മണ്ണ് മുർമുവിലൂടെ ബി.ജെ.പിയിലേക്കു ചോരുമെന്ന് അവരെല്ലാം ഭയന്നു. രാംനാഥ് കോവിന്ദിന്‍റെ സ്ഥാനാർഥിത്വം ദലിത് ബെൽറ്റിൽ സൃഷ്ടിച്ച ഓളത്തേക്കാൾ പതിന്മടങ്ങാണ് മുർമുവിന്‍റെ സ്ഥാനാർഥിത്വം ആദിവാസി ബെൽറ്റുകളിലുണ്ടാക്കിയ പ്രതിഫലനം.

യു.പി.എ ഘടകകക്ഷിയായി കോൺഗ്രസിനൊപ്പം ചേർന്ന് ഝാർഖണ്ഡ് ഭരിക്കുന്ന മുഖ്യമന്ത്രി ഹേമന്ത് സോറന് ഝാർഖണ്ഡ് മുക്തി മോർച്ചയുടെ പിന്തുണ ബി.ജെ.പി സ്ഥാനാർഥിക്ക് നൽകേണ്ടിവന്നു. ഇതുമൂലം സ്വന്തം സംസ്ഥാനമായ ഝാർഖണ്ഡിൽനിന്ന് കാമ്പയിൻ തുടങ്ങാൻ സിൻഹക്കായില്ല. ശിവസേനയെ നെടുകെ പിളർത്തി ഭൂരിഭാഗത്തെയും തങ്ങൾക്കൊപ്പമാക്കി ബി.ജെ.പി ഭരണം പിടിച്ച മഹാരാഷ്ട്രയിൽ ശിവസേനയിൽ തനിക്കൊപ്പം അവശേഷിക്കുന്നവരുടെ വോട്ടുപോലും താൻ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച സിൻഹക്ക് നൽകാൻ ഉദ്ധവ് താക്കറെക്കായില്ല.

അവസാന കാലത്ത് തൃണമൂൽ കോൺഗ്രസിൽ കയറിനിന്ന യശ്വന്ത് സിൻഹയെ പ്രതിപക്ഷ സ്ഥാനാർഥിയായി നിർദേശിച്ച മമത ബാനർജിക്കുതന്നെ അദ്ദേഹം ബംഗാളിലേക്ക് പ്രചാരണത്തിന് വരുന്നത് തടയേണ്ടിവന്നു. കേവലം മൂന്ന് എം.പിമാരുടെ മാത്രം വോട്ടുള്ള നിയമസഭയില്ലാത്ത ജമ്മു-കശ്മീരിലേക്ക് പ്രചാരണത്തിനു പോയ യശ്വന്ത് സിൻഹക്ക് ഇതിൽപരം നാണക്കേടില്ലായിരുന്നു. രാഷ്ട്രപതിപദത്തിലേക്കുള്ള ദ്രൗപദി മുർമുവിന്‍റെ വരവ് ബി.ജെ.പി കണക്കുകൂട്ടിയതിനപ്പുറത്തുള്ള രാഷ്ട്രീയ വിജയമായി മാറുന്നത് ഇങ്ങനെയൊക്കെയാണ്.

Show Full Article
TAGS:Draupadi Murmu 
News Summary - Political success beyond measure
Next Story