സ്കൂൾ ചുമരുകളിൽ എഴുതപ്പെടുന്നത് രാജ്യത്തിന്റെ ഭാവിയാണ്
text_fieldsഫോട്ടോ- ബിമൽ തമ്പി
ഒരു സമൂഹത്തെ കീഴടക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം അവരുടെ ഭൂമിയല്ല സ്വന്തമാക്കുക; മറിച്ച്, അവരുടെ കുട്ടികളുടെ മനസ്സുകളിലേക്കുള്ള വഴികളാണ്. ഭൂമി നഷ്ടപ്പെട്ട ജനതക്ക് ശത്രുവിനെതിരെ പോരാടാൻ കഴിയും. എന്നാൽ വിമർശനശേഷി നഷ്ടപ്പെട്ട തലമുറകൾക്ക് സ്വന്തം ബന്ധനങ്ങൾ പോലും തിരിച്ചറിയാൻ കഴിയില്ല.
ഇന്ന് കേരളത്തിൽ പി.എം. ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റി ഉയരുന്ന ചർച്ചകളെ, ഒരു വിദ്യാഭ്യാസ പദ്ധതിയെ അനുകൂലിക്കണോ എതിർക്കണോ എന്ന ലളിതമായ ചോദ്യത്തിലേക്ക് ചുരുക്കാനാവില്ല. കാരണം, ഇവിടെ നിർമിക്കപ്പെടുന്നത് ചില സ്കൂൾ കെട്ടിടങ്ങൾ മാത്രമല്ല; വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെയും ഫെഡറൽ ഭരണഘടനയുടെ ആത്മാവിനെയും സ്പർശിക്കുന്ന ഒരു രാഷ്ട്രീയ ചോദ്യമാണ്. പദ്ധതിയുടെ പേരിലല്ല പ്രശ്നം. സ്കൂളുകൾ നവീകരിക്കപ്പെടുന്നതിലും കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കുന്നതിലും ആർക്കും എതിർപ്പില്ല. പക്ഷേ, ഒരു പദ്ധതി യഥാർഥത്തിൽ ജനക്ഷേമത്തിനുവേണ്ടി മാത്രമാണെങ്കിൽ, അത് സ്വീകരിക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുന്നത് എന്തിനാണ്? വിസമ്മതിക്കുന്നവരുടെ ന്യായമായ ധനസഹായ മാർഗങ്ങൾ പോലും തടസ്സപ്പെടുത്തുന്ന സമീപനം എന്തിനാണ്?ഇവിടെയാണ് വികസനത്തിന്റെ മുഖംമൂടിക്ക് പിന്നിലെ രാഷ്ട്രീയം വെളിപ്പെടുന്നത്.
‘‘ഞങ്ങളുടെ നയം സ്വീകരിക്കുക; അല്ലെങ്കിൽ നിങ്ങളുടെ വിഹിതം തടയും’’ എന്ന സന്ദേശം വികസനത്തിന്റേതല്ല; അധികാരത്തിന്റെ ഭാഷയാണ്. ഫാഷിസ്റ്റ് പ്രവണതകൾ കടന്നുവരുന്നത് എല്ലായ്പ്പോഴും ഒരേ രൂപത്തിലാവണം എന്നില്ല. വികസനം, ആധുനികവത്കരണം, ദേശീയ ഐക്യം, ഏകീകൃത നിലവാരം, ഭരണകാര്യക്ഷമത തുടങ്ങിയ ആകർഷകമായ പദങ്ങളുടെ മറവിലൂടെയും അവ വരാം. അത് വാതിലിൽ മുട്ടിവിളിക്കില്ല; വീടിനകത്ത് കയറിയ ശേഷമാണ് അതിന്റെ കാൽപ്പാടുകൾ നമ്മൾ തിരിച്ചറിയുക. അത് വന്നയുടനെ ജനാധിപത്യത്തെ തച്ചുതകർക്കുകയുമില്ല. പകരം, ജനാധിപത്യത്തിന്റെ സംരക്ഷണ സംവിധാനങ്ങളെ നിശ്ശബ്ദമാക്കും. ആദ്യം അധികാരം കേന്ദ്രീകരിക്കും. പിന്നീട് അഭിപ്രായവൈവിധ്യത്തെ അനാവശ്യവും ദേശീയ ഐക്യത്തിന് തടസ്സവുമാണെന്ന് ചിത്രീകരിക്കും. ഒടുവിൽ ഭരണകൂട വിമർശനം പോലും ദേശവിരുദ്ധതയായി മുദ്രകുത്തപ്പെടും. വിദ്യാഭ്യാസരംഗം ഈ പ്രക്രിയയിലെ ഏറ്റവും നിർണായകമായ ലക്ഷ്യങ്ങളിലൊന്നാണ്.
പി.എം. ശ്രീ പദ്ധതിയെക്കുറിച്ചുള്ള തർക്കം ഒരു ധനസഹായ പദ്ധതിയെക്കുറിച്ചുള്ളതല്ല. അത് വിദ്യാഭ്യാസത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്ത്യൻ ഫെഡറലിസത്തിന്റെ ഭാവിയെക്കുറിച്ചും മതനിരപേക്ഷ ജനാധിപത്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ചുമുള്ള ചർച്ചയാണ്. സ്കൂളിന്റെ ചുമരുകളിൽ എഴുതപ്പെടുന്നത് പാഠപുസ്തക ഭാഗങ്ങൾ മാത്രമല്ല, ഒരു രാജ്യത്തിന്റെ ഭാവിയും കൂടിയാണ്. ആ ഭാവി വിമർശനബോധത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കുമോ, അതോ ഏകചിന്തയുടെ അച്ചിൽ വാർത്തെടുക്കപ്പെട്ട അനുസരണത്തിന്റെ രാഷ്ട്രീയത്തിലായിരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട സമയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

