Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകൈകോർത്ത് കരുത്തോടെ...

കൈകോർത്ത് കരുത്തോടെ നാം മുന്നോട്ട്

text_fields
bookmark_border
pinarayi vijayan
cancel
camera_alt

അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പോഷകാഹാര പദ്ധതിക്ക്

തുടക്കം കുറിച്ചപ്പോൾ

ഇടതുമുന്നണി സർക്കാർ സാങ്കേതികമായി മൂന്നാം വർഷത്തിലേക്കാണ് കടക്കുന്നതെങ്കിലും 2016 ൽ നമ്മൾ ഏറ്റെടുത്ത വികസന - ക്ഷേമ പദ്ധതികളുടെ തുടർച്ച എട്ടാം വർഷത്തിലേക്കു പ്രവേശിക്കുകയാണ്. അപ്പോഴപ്പോഴുള്ള കാര്യങ്ങളെ സംബോധന ചെയ്തു മുന്നേറുന്ന അഡ്ഹോക്ക് ഭരണ സംസ്​കാരത്തിന് പകരം , ഒരു സഹസ്രാബ്ദ ഘട്ടത്തിന്റെ ആവശ്യകതക്കനുസരിച്ച് കേരളത്തെ ആധുനികവത്കരിക്കുക എന്ന ദീർഘവീക്ഷണത്തോടെയുള്ള പുതിയ ഭരണ സംസ്​കാരമാണ് നാം മുന്നോട്ടുവെച്ചത്.

വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം, കാർഷിക നവീകരണം എന്നീ മേഖലകളിൽ ഊന്നിക്കൊണ്ടാണ് നാം മുന്നേറുന്നത്. നമ്മുടെ സമൂഹത്തിന്റെ ജീവിതനിലവാരം വികസിത രാജ്യങ്ങളുടെ തലത്തിലേക്കു സമയബന്ധിതമായി ഉയർത്തിയെടുക്കാനുള്ള ​പരിശ്രമങ്ങളാണ്​ നടത്തി വരുന്നത്​.

ഇതു പ്രായോഗികമാണോ എന്നു ചിലർ സംശയിക്കും. എന്നാൽ അസാധ്യമെന്നും അപ്രായോഗികമെന്നും പലരും തള്ളിക്കളഞ്ഞ എത്രയെത്ര പദ്ധതികളാണ് കർമോന്മുഖമായ പ്രതിബദ്ധതയോടെ നമ്മൾ നടപ്പാക്കിയത്. ഒരു വശത്ത് പരമ്പരാഗത വ്യവസായങ്ങളെ ഉദ്ധരിക്കാനുള്ള പദ്ധതികൾ, മറുവശത്ത് അത്യാധുനിക സ്റ്റാർട്ടപ് സംരംഭമുന്നേറ്റങ്ങൾ. രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടുപോവുകയാണ്. ​

ഒരു വിഭാഗവും സർക്കാറിന്റെ കരുതലിനു പുറത്താവുന്നില്ല. 2016 മുതൽക്കിങ്ങോട്ട് ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ മൂന്നര ലക്ഷത്തോളം വീടുകൾ, സംസ്​ഥാനത്താകെ വിതരണം ചെയ്ത മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ, പാവപ്പെട്ടവർക്കായി അനുവദിച്ച മൂന്നരലക്ഷത്തോളം മുൻഗണന റേഷൻ കാർഡുകൾ തുടങ്ങി ഒട്ടനവധി നേട്ടങ്ങൾ. ഇപ്പോഴാകട്ടെ അതിദാരിദ്യ്രം നിർമാർജനം ചെയ്യാനായി പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്.

നൂതന സാങ്കേതികവിദ്യ രംഗത്ത് കാര്യക്ഷമമായ ഇടപെടലുകൾ നടത്തിക്കൊണ്ട് നൂതന സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്​ വ്യവസായം എന്നീ മേഖലകളിൽ മുന്നേറ്റം കൈവരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് ഗ്രഫീൻ ഗവേഷണകേന്ദ്രം ആരംഭിച്ചത്.

1500 കോടി ചെലവിൽ നിർമിക്കുന്ന ഡിജിറ്റൽ സയൻസ്​ പാർക്കിന്​ കഴിഞ്ഞ മാസം ശിലയിട്ടു കഴിഞ്ഞു. ശാസ്​ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളർച്ചക്കായി ഉപയോഗിക്കാൻ കഴിയുന്ന നാല് സയൻസ്​ പാർക്കുകളാണ് കേരളത്തിൽ സ്​ഥാപിക്കുന്നത്.

കേരളം വ്യവസായ സൗഹൃദ സംസ്​ഥാനമല്ല എന്ന ധാരണ തിരുത്തി വൻകിട കമ്പനികൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം ലക്ഷം സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, എട്ടു മാസം കൊണ്ടുതന്നെ 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭകവർഷം പദ്ധതിയിലൂടെ തുടങ്ങിയിട്ടുള്ളത്.

അവയിലൂടെ 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്​ടിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന കെ-ഫോൺ പദ്ധതി പൂർത്തീകരിക്കപ്പെടുകയാണ്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം തിരുവനന്തപുരം ടെക്നോപാർക്കിൽ 82 ഉം കൊച്ചി ഇൻഫോപാർക്കിൽ 171 ഉം കോഴിക്കോട് സൈബർ പാർക്കിൽ 28 ഉം ഉൾപ്പെടെ 281 ഐ.ടി കമ്പനികളാണ് കേരളത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ളത്. 2016 മുതൽ 2022 വരെയുള്ള ആറു വർഷം കൊണ്ട് കേരളത്തിലെ ഐ.ടി പാർക്കുകളിലെ കയറ്റുമതി 9,753 കോടിയിൽ നിന്ന് 17,536 കോടിയായി ഉയർന്നു. അതായത്, ഏകദേശം ഇരട്ടിയോളം വർധനവുണ്ടായി.

കേരള സ്റ്റാർട്ടപ് മിഷനെ ലോകത്തിലെ ഒന്നാം സ്​ഥാനമുള്ള പബ്ലിക് ബിസിനസ്​ ഇൻക്യുബേറ്റർ ആയി യു.ബി.ഐ ഗ്ലോബൽ പ്രഖ്യാപിച്ചു. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് ആൻഡ് ഇന്നൊവേഷൻ ഹബ്ബുകളിലൊന്ന് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്.

രാജ്യത്ത് ഏറ്റവും മികച്ച സ്റ്റാർട്ടപ് സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്​ഥാനമാണ് കേരളം. പ്രമുഖ കമ്പനികളിൽ നിന്നും എയ്ഞ്ചൽ ഫണ്ടിങ് സ്വീകരിച്ചുകൊണ്ട് നമ്മുടെ നഗരങ്ങൾ കേന്ദ്രീകരിച്ച് സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. 2026 ഓടെ കേരളത്തിൽ 15,000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംസ്​ഥാനമാണ് കേരളം. 2035 ഓടെ 90 ശതമാനത്തിലധികം നഗരജനസംഖ്യയുള്ള സംസ്​ഥാനമായി കേരളം മാറും. ഇത് മനസ്സിലാക്കിക്കൊണ്ടുവേണം നഗരഗതാഗതം, മാലിന്യനിർമാർജനം എന്നിവയടക്കമുള്ള വിഷയങ്ങളെ നാം സമീപിക്കേണ്ടത്.

തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്​ഥാനത്താകെ വിട്ടുവീഴ്ചയില്ലാതെ മാലിന്യസംസ്​കരണം നടപ്പാക്കണമെന്നതാണ് സർക്കാറിന്റെ നയം. ഖര, ദ്രവ മാലിന്യങ്ങൾ, ബയോ മെഡിക്കൽ മാലിന്യങ്ങൾ, ഇ-വേസ്റ്റ് എന്നിവയുടെ ശാസ്​ത്രീയമായ സംസ്​കരണം നടപ്പാക്കേണ്ടതുണ്ട്.

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ രണ്ടുഘട്ടങ്ങളിലുള്ള സമഗ്രപദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഗാർഹിക ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്​കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശസ്​ഥാപനങ്ങൾ വഴി ലഭ്യമാക്കും. മാലിന്യ നിർമാർജനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ഒരു സോഷ്യൽ ഓഡിറ്റിങ്ങും നടപ്പാക്കും.

വികേന്ദ്രീകൃത മാലിന്യസംസ്​കരണ സംവിധാനം നല്ലൊരു തൊഴിൽമേഖല കൂടിയാണ്. ആ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര സഹകരണത്തോടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ്. അങ്ങനെ മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കാർഷികമേഖലയുടെ വളർച്ചക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകിവരുന്നത്. 2018 ലെ പ്രളയം, 2019 ലെ അതിവർഷം, 2020 മുതലുള്ള കോവിഡ് മഹാമാരി എന്നീ പ്രതിസന്ധികളെ അതിജീവിച്ച് 2021-22 ൽ 4.64 ശതമാനം വളർച്ച കൈവരിക്കാൻ നമ്മുടെ കാർഷികമേഖലക്കു കഴിഞ്ഞു. പഴങ്ങൾക്കും പച്ചക്കറികൾക്കും താങ്ങുവില ഏർപ്പെടുത്തി നമ്മൾ രാജ്യത്തിനു മാതൃകയായി.

റബർ മേഖലയിലെ സുപ്രധാനമായ ഒരിടപെടലായിരുന്നു റബർ വിലസ്​ഥിരത ഫണ്ട്. അതിനുപുറമെ, 1,050 കോടി രൂപ ചെലവിട്ട് കേരള റബർ ലിമിറ്റഡ് എന്ന പൊതുമേഖല സ്​ഥാപനം കോട്ടയത്ത് സ്​ഥാപിക്കുകയാണ്. ലാറ്റക്സ്​ ഉൽപന്നങ്ങളുടെ ഒരു ഹബ്ബും സ്വാഭാവിക റബർ സംഭരണത്തിനായുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. ആദ്യ ഘട്ടത്തിൽ 200 കോടി രൂപയാണ് മുതൽമുടക്ക് പ്രതീക്ഷിക്കുന്നത്.

പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലോകത്താകെയുള്ള അറിവുകളെ സ്വാംശീകരിക്കാനും അവയെ ഉൽപന്നങ്ങളും സേവനങ്ങളുമാക്കി മാറ്റാൻ നമ്മുടെ ചെറുപ്പക്കാരെ പ്രാപ്തരാക്കാനും കഴിയുന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനം നടത്തുകയാണ്.

ഈ പുതിയ തലമുറക്കുകൂടി സ്വീകാര്യമാവുന്ന വിധത്തിൽ ഇതിനകംതന്നെ 900 ത്തിലധികം സർക്കാർ സേവനങ്ങളെ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം തന്നെ അവശവിഭാഗങ്ങൾക്ക് അവ പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താൻ സർക്കാർ സേവനങ്ങളെ വീട്ടുപടിക്കൽ എത്തിക്കുകയുമാണ്.

പഠനത്തോടൊപ്പം തൊഴിൽ എന്ന സംസ്​കാരം വളർത്തിയെടുക്കുന്നതിനായി ഏൺ വൈൽ യു ലേൺ പദ്ധതി നടപ്പാക്കിവരുകയാണ്. ഗവേഷണം േപ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3,500 കോടി രൂപയുടെ റിസർച് ആൻഡ് ഡെവലപ്മെന്റ് ബജറ്റാണ് ഈ സാമ്പത്തിക വർഷം പ്രഖ്യാപിച്ചിരിക്കുന്നത്.

ഗവേഷണ രംഗത്തെ അറിവുകളെ സാമൂഹികപുരോഗതിക്ക് ഉതകുന്ന വിധത്തിൽ മാറ്റിത്തീർക്കുന്നതിന് ട്രാൻസ് ലേഷൻ ലാബുകൾ സ്​ഥാപിക്കുകയാണ്. 200 കോടി മുതൽമുടക്കിൽ 10 സർവകലാശാലകളിലാണ് ഇത്തരം ലാബുകൾ സ്​ഥാപിക്കുക. ഇതിനെല്ലാം പുറമെയാണ് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന വൻകിട വികസന പദ്ധതികൾ നടപ്പാക്കുന്നത്. 1,136 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച

കൊച്ചി വാട്ടർ മെേട്രാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബേക്കൽ മുതൽ കോവളം വരെയുള്ള ദേശീയ ജലപാതയുടെ പുനരുദ്ധാരണം പൂർത്തീകരിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ദേശീയപാത വികസനം യാഥാർഥ്യമാവുകയാണ്. നാഷനൽ ഹൈവേ വികസനം കേന്ദ്രസർക്കാറിന്റെ പൂർണ ഉത്തരവാദിത്തമായിരുന്നിട്ടുകൂടി ഇതിനായി 5,580 കോടി രൂപയാണ് സംസ്​ഥാന സർക്കാർ ചെലവഴിച്ചിരിക്കുന്നത്.

6,500 കോടി രൂപ ചെലവിലും 625 കിലോ മീറ്റർ നീളത്തിലും തിരുവനന്തപുരത്തെ പൂവാർ മുതൽ കാസർകോട്ടെ കുഞ്ചത്തൂർ വരെ തീരദേശ ഹൈവേ യാഥാർഥ്യമാവുകയാണ്. 3,500 കോടി രൂപ ചെലവിലും 1,251 കിലോമീറ്റർ നീളത്തിലും തിരുവനന്തപുരത്തെ പാറശ്ശാല മുതൽ കാസർകോട്ടെ നന്ദാരപ്പടവ് വരെ മലയോര ഹൈവേ ഒരുങ്ങുകയാണ്.

കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ ഉപകരിക്കുന്നതും 200 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്നതുമായ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ ശ്രദ്ധേയമായ പദ്ധതിയാണ്.

പൊതുജനാരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ കൂടുതൽ മികവുറ്റതാക്കുകയാണ്. കാൻസർ കെയർ സ്​ട്രാറ്റജി, ജീവിതശൈലി രോഗനിവാരണ പദ്ധതി പോലുള്ളവ യാഥാർഥ്യമാക്കിയിട്ടുണ്ട്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ്.

5,409 ജനകീയാരോഗ്യ കേന്ദ്രങ്ങളും ഒരുങ്ങുകയാണ്. കോഴിക്കോട്ട് സ്​ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്​പ്ലാന്റേഷൻ അവയവമാറ്റിവെക്കലിൽ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനുപകരിക്കും.

വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമായ നവകേരളം സുസ്​ഥിരവും ഉൾച്ചേർക്കലിൽ അടിസ്​ഥാനപ്പെട്ടതുമായിരിക്കും. അതിന്റെ ദൃഷ്​ടാന്തങ്ങളാണ് സാമൂഹികസുരക്ഷ പെൻഷൻ, പുനർഗേഹം, പഠനമുറി എന്നിങ്ങനെയുള്ള പദ്ധതികൾ. പി.എസ്​.

സി നിയമനങ്ങളുടെയും തസ്​തിക സൃഷ്​ടിക്കലിന്റെയും കാര്യത്തിൽ റെക്കോഡ് സൃഷ്​ടിച്ചും പ്രത്യേക റിക്രൂട്ട്മെന്റുകൾ നടത്തി അവശവിഭാഗങ്ങളെ ചേർത്തുപിടിച്ചും ഒക്കെയാണ് നമ്മൾ നവകേരളത്തിലേക്ക് മുന്നേറുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ് സർക്കാർ.

അതിനായി രാജ്യത്തിനു തന്നെ വഴികാട്ടിയാവുന്ന നിരവധി മുൻകൈകളാണ് ക്രമസമാധാന പാലനത്തിൽ കേരളത്തിൽ ഉണ്ടാകുന്നത്. അമിതാധികാര സ്വേച്ഛാധിപത്യ പ്രവണതകളും വർഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തിപ്പെടലുംകൊണ്ട് കലുഷമായ ദേശീയാന്തരീക്ഷത്തിൽ പ്രത്യാശയുടെ ദ്വീപ് എന്ന നിലയിൽ ജനങ്ങൾ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംസ്​ഥാനമാണ് നമ്മുടേത്.

മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിൽ അൽപവും വിട്ടുവീഴ്ച ചെയ്യാതെയും വർഗീയത- ജനവിരുദ്ധ നീക്കങ്ങളെ ഇഞ്ചിനിഞ്ചിനു ചെറുത്തും ജനകീയ ബദലുകൾ അവതരിപ്പിച്ചും കേരളം മുന്നോട്ടുപോകും. കരുത്തോടെയുള്ള ആ മുന്നേറ്റത്തിനായി നമുക്കേവർക്കും കൈ കോർക്കാം.

Show Full Article
TAGS:pinarayi vijayanpinarayi governmentwelfare schemedevelopment
News Summary - pinarayi government-development and welfare scheme
Next Story