പാർലമെന്റ് 47ലേക്ക്, ചെങ്കോൽ 24ലേക്ക്
text_fieldsആര്യ - ദ്രാവിഡ പോരാട്ടത്തിെൻറ ഓർമകൾ മായ്ക്കാവുന്ന ചരിത്രാഖ്യാനങ്ങളുണ്ടാക്കിയ തമിൾ സംഗമങ്ങൾ ഇനിയും നടത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബി.ജെ.പി സർക്കാർ ഭരണത്തുടർച്ച നേടുമോ എന്ന ചോദ്യം പോലും അനാവശ്യമാണ് എന്ന മട്ടിലാണ് ഹിന്ദുത്വ ശക്തികൾ പടച്ചുവിടുന്ന പ്രോപഗണ്ട.
2047 വരെ ബി.ജെ.പി അല്ലാത്ത ഒരുകക്ഷിയും രാജ്യം ഭരിക്കില്ലെന്നും തങ്ങളുടെ സർക്കാർ 33 വർഷം തികക്കുമെന്നുമൊക്കെ പ്രചാരണം നടത്തുന്നത് അമിത് ഷായെയും രാം മാധവിനെയും പോലുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മുതിർന്ന നേതാക്കളാണ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പോലെ ശതാബ്ദിയാഘോഷവും തങ്ങൾ നടത്തുമെന്നാണ് ഏറ്റവുമൊടുവിൽ നടന്ന ദേശീയ നിർവാഹക സമിതിയിലും പാർട്ടി അവകാശപ്പെട്ടത്.
സ്വായത്തമാക്കിയതിലും എത്രയോ മടങ്ങാണ് തങ്ങളുടെ സ്വാധീനമെന്ന പ്രതീതി സൃഷ്ടിച്ച് രാഷ്ട്രീയ എതിരാളികളുടെ ആത്മവീര്യം ചോർത്തുകയാണ് അധികാരത്തിലേറിയതുമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തെരഞ്ഞെടുപ്പുകളിൽ അനുവർത്തിക്കുന്ന രീതി.
അതിന്റെ തുടർച്ച മാത്രമാണ് വസ്തുതകളുടെയോ സ്ഥിതി വിവരക്കണക്കിന്റെയോ സാധ്യതാ പഠനങ്ങളുടെയോ പിൻബലമില്ലാതെ നടത്തിയ 2047വരെ ഭരിക്കുമെന്ന അവകാശവാദം.
ഹിന്ദുത്വ ഇന്ത്യയുടെ പാർലമെന്റ് മന്ദിരം
കോൺഗ്രസ് ഭരണകാലത്ത് ഉയർന്നുവന്ന ഒരു പദ്ധതിനിർദേശം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിപോലും പരിഗണിക്കാതെ പൊടിതട്ടിയെടുത്ത് നടപ്പാക്കി മോദിയുടെയും ഹിന്ദുത്വത്തിന്റെയും അഭിമാന നേട്ടമായി ആഘോഷപൂർവം അവതരിപ്പിക്കുകയാണ് പുതിയ പാർലമെന്റ് മന്ദിരത്തിലൂടെ.
രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ സങ്കൽപങ്ങൾക്കുപോലും മുകളിലാണ് തങ്ങളെന്ന് ഉദ്ഘാടനം നിശ്ചയിച്ച രീതിയിലൂടെ അവർ പ്രഖ്യാപിക്കുന്നു. നിലവിലുള്ള പാർലമെന്റ് മന്ദിരവും അതിലെ സംവിധാനങ്ങളും ഇന്നുമുതൽ പൂർണമായും പുതിയ കെട്ടിടത്തിലേക്ക് കൂടൊഴിഞ്ഞ് പോവുകയില്ല. പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്ന കാലത്ത് മാത്രം സജീവമാകുന്ന തരത്തിലാണ് പുതിയ മന്ദിരം പ്രവർത്തിക്കുക.
സ്വാഭാവികമായും പഴയ മന്ദിരത്തിലെ ലോക്സഭ, രാജ്യസഭ ഹാളുകൾ കാഴ്ചവസ്തുവാകുമെങ്കിലും നിലവിലെ ലോക്സഭയുടെയും രാജ്യസഭയുടെയും സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട വലിയൊരു വിഭാഗം ഉദ്യോഗസ്ഥ വൃന്ദത്തെ ഉൾക്കൊള്ളാനുള്ള ഇടം പുതിയ മന്ദിരത്തിനില്ല. നിലവിലുള്ള സാഹചര്യത്തിൽ അവരുടെ പ്രവർത്തനവും പാർലമെന്റിന്റെ ദൈനംദിന നടത്തിപ്പുമെല്ലാം പഴയ മന്ദിരത്തിൽ തുടരും.
മോദിയുടെ ‘അമൃത കാലത്ത്’ രാമക്ഷേത്രം പോലൊരു ആത്മനിർഭരമായ ഹിന്ദുത്വ ഇന്ത്യയുടെ പ്രതീകമാക്കി അവതരിപ്പിക്കുകയാണ് പുതിയ പാർലമെന്റ് മന്ദിരം.
ഹിന്ദുത്വ ഇന്ത്യയിലേക്കുള്ള പരിണാമം നരേന്ദ്ര മോദിയെന്ന വ്യക്തിയെ മുന്നിൽ നിർത്തിയായതുകൊണ്ടാണ് രാഷ്ട്രപതി, ഉപ രാഷ്ട്രപതി, സ്പീക്കർ തുടങ്ങിയ ഭരണഘടനാപരമായി അതിന്റെ മേധാവികൾ അപ്രസക്തരാകുന്നത്. കേവലം ആതിഥേയനാകേണ്ട പ്രധാനമന്ത്രി വിശിഷ്ടാതിഥിയാകുന്നതും.
ഹിന്ദുത്വം കണ്ടെത്തിയ തെന്നിന്ത്യൻ ചെങ്കോൽ
എതിരാളികൾക്കുമുന്നിൽ 2047നെക്കുറിച്ച് വീമ്പുപറയുമ്പോഴും അതത്ര എളുപ്പമല്ല എന്ന തിരിച്ചറിവ് മോദിക്കും അമിത് ഷാക്കുമുണ്ട്. അതുകൊണ്ടാണ് മ്യൂസിയത്തിൽ സൂക്ഷിച്ച ഒരു ചെങ്കോലുമായി, ഹിന്ദുത്വത്തിന് ഇനിയും കാലൂന്നാൻ കഴിയാത്ത തെന്നിന്ത്യയിലേക്ക് കണ്ണെറിയാൻ അവർ ശ്രമിക്കുന്നത്.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് തമിഴ്നാട്ടിലെ തിരുവാവാടുതുറൈ ആധീനം സമ്മാനിച്ച ചെങ്കോൽ ഹിന്ദുത്വ ആഖ്യാനത്തിന്റെ പട്ടിൽ പൊതിഞ്ഞ് ‘അധികാര കൈമാറ്റ’ത്തിന്റെ പ്രതീകമായി പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ആനയിക്കുന്നതും അതിന്റെ ഭാഗം തന്നെ. ചരിത്രത്തിൽ ഒട്ടും പ്രസക്തമല്ലാത്ത വിഷയങ്ങൾ ഊതിവീർപ്പിച്ചും ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചും ചരിത്ര സന്ദർഭങ്ങളാക്കി മെനയുന്ന കഥകളിലാണ് ഹിന്ദുത്വ ഇന്ത്യയുടെ നിർമിതി.
‘ചെങ്കോൽ കഥ’യിലൂടെ ഇത്തരമൊരു ഹിന്ദുത്വ പുനരാഖ്യാനമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലും ധനമന്ത്രി നിർമല സീതാരാമൻ ചെന്നെയിലും നടത്തിയ വാർത്തസമ്മേളനങ്ങളിൽ അവതരിപ്പിച്ചത്.
സമ്മാനമായി നൽകിയ ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി മൗണ്ട് ബാറ്റൻ നിർദേശിച്ചതുപ്രകാരം കൈമാറിയതാണെന്ന അവകാശവാദത്തെ ബലപ്പെടുത്താൻ ‘വാട്സ് ആപ് ഹിസ്റ്ററി’ എന്ന പേരിൽ തമിഴ് എഴുത്തുകാരൻ ജയമോഹൻ എഴുതിയ ഒരു ആക്ഷേപഹാസ്യവും ആർ.എസ്.എസിന്റെ തമിഴ് ബുദ്ധിജീവി എസ്. ഗുരുമൂർത്തി തന്റെ പത്രാധിപത്യത്തിലുള്ള ‘തുഗ്ലക്ക് മാഗസിനി’ൽ 2021ലെഴുതിയ ഒരു ലേഖനവുമാണ് ആകെക്കൂടിയുള്ളതെന്ന് ‘ദ ഹിന്ദു’ ലേഖകൻ പൊൻവസന്ത് പറയുന്നു.
മഠാധിപതിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിരുവാവാടുതുറൈയിൽനിന്ന് ഡൽഹിയിലേക്ക് ട്രെയിൻ കയറാൻ മദ്രാസ് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെ ചിത്രം 1947 ആഗസ്റ്റ് 11ന് ‘ഹിന്ദു പത്ര’ത്തിൽ പ്രസിദ്ധീകരിച്ചതുള്ളപ്പോഴാണ് പ്രത്യേക വിമാനം പിടിച്ചാണ് ഇവർ ‘ചെങ്കോലു’മായി വന്നതെന്ന് ആഭ്യന്തര മന്ത്രി അവകാശപ്പെട്ടത്.
ബ്രിട്ടീഷുകാരെ പൊരുതിത്തോൽപിച്ച് സ്വാതന്ത്ര്യം നേടിയെന്ന ഇന്ത്യൻ നിലപാടിന് വിരുദ്ധമായി തങ്ങൾ ഇന്ത്യക്ക് അധികാര കൈമാറ്റം നടത്തി എന്ന ബ്രിട്ടീഷ് ഭാഷ്യമാണ് ‘ചെങ്കോൽ കഥ’യിലൂടെ സംഘ്പരിവാർ ഏറ്റുപിടിക്കുന്നത്.
വാരാണസിയിൽനിന്ന് രാമേശ്വരത്തേക്കുള്ള പാലം
ശൈവ പാരമ്പര്യമുള്ള 22 ആധീനങ്ങളെ പ്രത്യേക ക്ഷണിതാക്കളാക്കി വിളിച്ചുവരുത്തി ചെങ്കോലിനെ പ്രതീകവത്കരിച്ച് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്നതിനുംമുമ്പേ തുടങ്ങിയതാണ് ആര്യമേധാവിത്വമുള്ള വടക്കെ ഇന്ത്യൻ ഹിന്ദുത്വത്തിന് ദ്രാവിഡ മേധാവിത്വമുള്ള തെന്നിന്ത്യയിലേക്ക് ഒരു പാലം പണിയാനുള്ള മോദി സർക്കാറിന്റെ നീക്കം.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞ വർഷം നവംബറിൽ സംഘടിപ്പിച്ച ഒരുമാസം നീണ്ട ‘കാശി തമിൾ സംഗമ’വും ഈ വർഷം ഏപ്രിലിൽ മോദിയുടെ ഗുജറാത്തിൽ സംഘടിപ്പിച്ച ‘സൗരാഷ്ട്ര തമിൾ സംഗമ’വും ദ്രാവിഡ മണ്ണിനെ ഹിന്ദുത്വ വിളവെടുപ്പിന് പാകമാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ആര്യ - ദ്രാവിഡ പോരാട്ടത്തിന്റെ ഓർമകൾ മായ്ക്കാവുന്ന ചരിത്രാഖ്യാനങ്ങളുണ്ടാക്കിയ തമിൾ സംഗമങ്ങൾ ഇനിയും നടത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
വാരാണസിയിൽനിന്ന് ലോക്സഭയിലേക്കെത്തിയ പ്രധാനമന്ത്രി ഇക്കുറി രാമേശ്വരം അടങ്ങുന്ന രാമനാഥപുരം ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന പ്രചാരണം ബി.ജെ.പി നടത്തിയതും 2024 ലക്ഷ്യമിട്ടായിരുന്നു. ഡി.എം.കെ സഖ്യകക്ഷിയായ മുസ്‍ലിം ലീഗിന് നൽകി നവാസ് കനിയെ ജയിപ്പിച്ച മണ്ഡലമാണ് രാമനാഥപുരം.
ഉത്തരേന്ത്യയിൽനിന്ന് ഹിന്ദുക്കൾ തമിഴ്നാട്ടിലേക്ക് പതിവായി തീർഥാടനത്തിന് പോകാറുള്ള രണ്ട് കേന്ദ്രങ്ങളിലൊന്നാണ് രാമേശ്വരം.
മറ്റൊന്ന് കന്യാകുമാരിയാണ്. എന്നാൽ, ഇതൊന്നും 2024ൽ പ്രതിഫലനമുണ്ടാക്കുന്ന തരത്തിലുള്ള ഒരു ഇളക്കവും തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിലുണ്ടാക്കാൻ പര്യാപ്തമായിട്ടില്ല. മറുഭാഗത്ത് ബി.ജെ.പിയുടെ പ്രോപഗണ്ടക്ക് ശക്തമായ പ്രതികരണങ്ങൾ തമിഴ്നാട്ടിലുയരുന്നുണ്ടുതാനും.