തന്റെ രാഖി സഹോദരിക്ക് രാജ്യത്തിന്റെ രണ്ടാമത്തെ ഉന്നത സിവിലിയൻ ബഹുമതി സമ്മാനിക്കാൻ അദ്ദേഹം 11 വർഷം കാത്തിരുന്നുറിപ്പബ്ലിക്കിന്റെ 75ാം ജയന്തി കഴിഞ്ഞതിന്റെ പിറ്റേന്നാൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമുൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ അധികാരികൾ ബോധപൂർവവും വ്യവസ്ഥാപിതവുമായ രീതിയിൽ വിധ്വംസകമായ വിദ്വേഷ പ്രചാരണം തുടരുന്നു. തീവ്രമായ അധിക്ഷേപം പറച്ചിലിനും ആൾക്കൂട്ടത്തെ ഇളക്കിവിടുന്നതിനും ശ്രദ്ധാപൂർവം...
തന്റെ രാഖി സഹോദരിക്ക് രാജ്യത്തിന്റെ രണ്ടാമത്തെ ഉന്നത സിവിലിയൻ ബഹുമതി സമ്മാനിക്കാൻ അദ്ദേഹം 11 വർഷം കാത്തിരുന്നു
റിപ്പബ്ലിക്കിന്റെ 75ാം ജയന്തി കഴിഞ്ഞതിന്റെ പിറ്റേന്നാൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമുൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ അധികാരികൾ ബോധപൂർവവും വ്യവസ്ഥാപിതവുമായ രീതിയിൽ വിധ്വംസകമായ വിദ്വേഷ പ്രചാരണം തുടരുന്നു. തീവ്രമായ അധിക്ഷേപം പറച്ചിലിനും ആൾക്കൂട്ടത്തെ ഇളക്കിവിടുന്നതിനും ശ്രദ്ധാപൂർവം പരിശീലിക്കപ്പെട്ട കാഷായധാരികളായ സ്ത്രീ-പുരുഷന്മാർ ശക്തരായി വളരുകയും ചെയ്യുന്നു. ഇന്ന് നാം കാണുന്ന സാധ്വി പ്രാച്ചിമാരുടെയും രാഗിണിമാരുടെയും പ്രചോദനമായിരുന്ന ഒരു വനിതയെക്കുറിച്ച് ഇവിടെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്-വിഡിയോ കാസറ്റുകളിലൂടെ പ്രചാരണം പൊടിപൊടിച്ചിരുന്ന 1980കളിലെ വിദ്വേഷ മണ്ഡലത്തിന്റെ നെടുനായികയായിരുന്ന, ‘ദുർഗാ വാഹിനി’യുടെ സ്ഥാപകയായി അറിയപ്പെട്ടിരുന്ന ഋതംബര.
‘മുസ്ലിം അപരർ’ എന്ന വളച്ചൊടിക്കപ്പെട്ട, വികൃത വ്യവഹാരത്തിന് മേൽ കെട്ടിപ്പടുത്ത ലോകത്ത് അവർ ജനക്കൂട്ടങ്ങളെ പ്രത്യേകിച്ച് ആൺകൂട്ടങ്ങളെ മയക്കിനിർത്തി. ഗുജറാത്തിലായിരുന്നു അവരുടെ പ്രാരംഭകേന്ദ്രങ്ങൾ എന്നതിൽ ഒട്ടും അതിശയപ്പെടാനില്ല.
2014 ആഗസ്റ്റിൽ ഇന്നത്തെ പ്രധാനമന്ത്രി അവരെ രാഖി സഹോദരിയാക്കാൻ തിരഞ്ഞെടുത്തതിലും അത്ഭുതമില്ല. തന്റെ രാഖി സഹോദരിക്ക് രാജ്യത്തിന്റെ രണ്ടാമത്തെ ഉന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ സമ്മാനിക്കാൻ ഈ വർഷം ജനുവരി 26വരെ അദ്ദേഹം 11 വർഷം കാത്തിരുന്നു.
1980കളിൽ സാധ്വി പ്രചരിപ്പിച്ച വിദ്വേഷം എത്ര ഫലപ്രദമായാണ് അയോധ്യയിൽ, “ഏക് ധക്കാ ഔർ ദോ, ബാബരി മസ്ജിദ് തോഡ് ദോ (ഒരു തൊഴി കൂടി കൊടുക്കൂ, ബാബരി മസ്ജിദ് തകർത്തിടൂ) എന്ന കുപ്രസിദ്ധവും ക്രൂരവുമായ ആഹ്വാനത്തിൽ കലാശിച്ചതെന്ന് സോഷ്യൽ മീഡിയ നയിക്കുന്ന തലമുറയൊന്ന് ഓർത്തുനോക്കാവുന്നതാണ്.
1992 ഡിസംബർ ആറിനുമുമ്പ് വിശ്വഹിന്ദുപരിഷത്ത്- ആർ.എസ്.എസ് കൂട്ടങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്ന അവരുടെ ആക്രോശഭാഷണങ്ങൾ ലിംഗപരമായ പ്രതിച്ഛായ നിർമാണത്തിനും ഹിന്ദുവനിതകൾക്കിടയിൽ, പ്രത്യേകിച്ച് വാഹിനിയുടെ അനുയായികൾക്കിടയിൽ ആക്രമണോത്സുകതക്കും ആക്കംകൂട്ടി. മുസ്ലിം സ്ത്രീകൾക്കെതിരായ അതിക്രമ പ്രവൃത്തികളിൽ സ്ത്രീകൾ സജീവമായി പങ്കുകൊള്ളുന്നത് 1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലും ഈ ലേഖിക നേരിൽ കണ്ടിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്ത ശേഷം മുസ്ലിം സ്ത്രീകൾക്കെതിരെ സൂറത്തിലും (അവിടെ ഒരു ഹിന്ദു സ്ത്രീക്കെതിരെയും) 1992-1993 കാലത്ത് ബോംബെയിലും വരെ നടന്ന ലൈംഗിക അതിക്രമങ്ങൾ പൊതുസമൂഹത്തിന്റെ ഓർമയിൽ നിന്ന് മങ്ങിത്തുടങ്ങിയിരിക്കുന്നു. അവരുടെ വിദ്വേഷഭാഷണത്തിൽ ആകൃഷ്ടരായ സ്ത്രീകൾ ഹിന്ദുത്വ ഗെയിംപ്ലാനിനെ വ്യത്യസ്തമായ സാമൂഹിക മാനങ്ങളിലേക്ക് നയിച്ചെങ്കിൽ കളങ്കപ്പെട്ട ഭൂമിയെ വീണ്ടെടുക്കാനുള്ള ഭ്രാന്തമായ ആഹ്വാനത്തോട് പ്രതികരിച്ച് ഹിന്ദു മാതൃരാജ്യത്തെ പ്രതിരോധിക്കാൻ ഹിന്ദു പുരുഷന്മാരും ആവേശപൂർവം മുന്നോട്ടുവന്നു. മുസ്ലിംകൾ, പ്രത്യേകിച്ച് ഇന്ത്യൻ മുസ്ലിംകൾ മുമ്പെങ്ങുമില്ലാത്തവിധം പൈശാചികവത്കരിക്കപ്പെടുകയും അപകീർത്തിപ്പെടുകയും ചെയ്തു. അവരെ പാലിൽ വീണ നാരങ്ങയോടുപമിച്ചു, ഈച്ചകളെപ്പോലെ പെറ്റുപെരുകി ഹിന്ദുജനസംഖ്യയെ മറികടക്കാൻ പോകുന്നവരെന്ന് അധിക്ഷേപിച്ചു. വലതുപക്ഷ തീവ്രതയുടെ ആ വിദ്വേഷ ഐക്കണിനെ ഇപ്പോഴിതാ ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനത്തിൽ പുരസ്കരിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നു. ഋതംബരക്ക് പത്മഭൂഷൺ നൽകുക എന്നത് പരസ്യമായ ഒരു അടയാളപ്പെടുത്തലാണ്. വിനിയോഗത്തിന്റെയും ഉദ്ദേശ്യത്തിന്റെയും നിർലജ്ജമായ മറ്റൊരു പ്രഖ്യാപനമാണ്.
നമ്മുടെ ഭരണഘടന ഉറപ്പോടെ നിലകൊള്ളവേ, അത് ഞെരിഞ്ഞമർന്നാൽ ആരാണ് അന്തിമ വിജയിയായിമാറുക എന്ന കടുപ്പമുള്ള ചോദ്യം ബാക്കിയാവുന്നു. ജനതയുടെ ഉൽക്കടമായ അഭിലാഷം റിപ്പബ്ലിക്കിനെ വീണ്ടെടുക്കുമോ? അതോ സ്വന്തം ജനതക്കെതിരെ തിരിയുന്ന ഒരു രാജ്യത്തിന്റെ തോടായി അത് പൊടിഞ്ഞുവീഴുമോ?
Thanks to thewire.in