Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഓപ്പറേഷൻ തൂഫാൻ 2.0’; ലഹരിക്കെതിരെ നാട് ഒരുമിക്കുന്നു

text_fields
bookmark_border
‘ഓപ്പറേഷൻ തൂഫാൻ 2.0’; ലഹരിക്കെതിരെ നാട് ഒരുമിക്കുന്നു
cancel

ഒരു കാര്യം നന്നായി തുടങ്ങിയാൽ പകുതി വിജയിച്ചു എന്നാണ് പറയാറ്. കേരളം തുടക്കമിട്ട ‘ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്’ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഇന്ത്യയും ലോകവും ശ്രദ്ധിക്കുന്ന സമാനതകളില്ലാത്ത ലഹരിവിരുദ്ധ പോരാട്ടമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. ആദ്യഘട്ടത്തിൽ ലഹരിവിതരണ ശൃംഖലകൾ തകർക്കുന്നതിലും, ദേശീയ അന്തർദേശീയ തലങ്ങളിൽ പടർന്നുകിടക്കുന്ന ലഹരിമാഫിയയുടെ ബന്ധങ്ങൾ കണ്ടെത്തുന്നതിലും, അവരുടെ സാമ്പത്തികസ്രോതസ്സുകൾ മരവിപ്പിക്കുന്നതിലുമാണ് ഊന്നൽ നൽകിയത്.

ആഭ്യന്തരവകുപ്പിന്റെ ദൃഢനിശ്ചയത്തോടുകൂടിയ പോരാട്ടവും മറ്റു വകുപ്പുകളുടെ സഹകരണവും സർവോപരി കേരളീയസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയുമായിരുന്നു ആദ്യഘട്ടത്തിന്റെ സമ്പൂർണവിജയത്തിന് പിന്നിൽ. കേവലം 100 ദിവസങ്ങൾക്കുള്ളിൽത്തന്നെ ശ്രദ്ധേയമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പതിനായിരത്തോളം അറസ്റ്റുകൾ നടന്നു; ലഹരിമാഫിയ ഭയചകിതരായി പിൻവലിയുന്ന സൂചനകൾ കണ്ടുതുടങ്ങി. തൂഫാൻ ഒന്നാംഘട്ടം പ്രതീക്ഷിച്ചതിലും വലിയ വിജയമായി മാറിയത് ശക്തമായ ആ തുടക്കത്തിന്റെ കരുത്തിലാണ്.

കർശനമായ നിയമനടപടികളും പൊലീസിന്റെ നിരന്തരനിരീക്ഷണവും റെയ്ഡുകളും അറസ്റ്റുകളും ശക്തമായി മുന്നോട്ടുപോകുമ്പോഴും, ലഹരിയുടെ ഉപയോഗവും വിതരണവും പൂർണമായി ഇല്ലാതാക്കുന്ന ശാശ്വതപരിഹാരം ഉണ്ടായേ തീരൂ. ലഹരിക്ക് അടിമപ്പെട്ടവരുടെ ചികിത്സ, പുനരധിവാസം, അവരെ ചേർത്തുപിടിക്കൽ എന്നിവ താഴെത്തട്ടിൽനിന്നുതന്നെ ആരംഭിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാംഘട്ടത്തിന്റെ പ്രസക്തി.

പൊലീസ് നടപടികൾക്കൊപ്പം ജനങ്ങളെ അണിനിരത്തിയുള്ള പ്രതിരോധത്തിലൂടെ മാത്രമേ ഈ വിപത്തിൽനിന്ന് നാടിനെ രക്ഷിക്കാൻ കഴിയൂ. വിവിധ സർക്കാർവകുപ്പുകളുടെ ഏകോപനവും പങ്കാളിത്തവും ഇതിൽ അനിവാര്യമാണ്. പോരാട്ടം വാർഡുകളിലേക്കും വീടുകളിലേക്കും തൊഴിലിടങ്ങളിലേക്കും പടരുമ്പോഴാണ് അതൊരു സമഗ്ര ജനകീയമുന്നേറ്റമായി മാറുന്നത്.

വാർഡ് തല ജാഗ്രതാസംവിധാനങ്ങൾ, സമഗ്ര പുനരധിവാസപദ്ധതികൾ, ലഹരിവിൽപനയും ഹോട്ട്സ്പോട്ടുകളും സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി പൊലീസിനെ അറിയിക്കാനുള്ള സംവിധാനങ്ങൾ, യുവജനങ്ങളെയും വിദ്യാർഥികളെയും സർഗാത്മക പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിട്ട് ലഹരിയിൽനിന്ന് അകറ്റിനിർത്തൽ, സുരക്ഷിതമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയാണ് രണ്ടാംഘട്ടത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

തൂഫാൻ രണ്ടാംഘട്ടത്തിലെ നിർണായകമായ ചുവടുവെപ്പാണ് വാർഡ് തല ജനകീയ ജാഗ്രതാസമിതികൾ. സംസ്ഥാനത്തെ 20,999 പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിലും സ്പെഷ്യൽ തൂഫാൻ ഗ്രാമസഭകൾ വിളിച്ച് ലഹരിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്തും. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ, രജിസ്റ്റർ ചെയ്ത തൂഫാൻ വാരിയേഴ്സ്, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധപ്രവർത്തകർ എന്നിവരടങ്ങുന്നതാണ് ഈ സമിതികൾ.

ഇതിനൊപ്പം ജില്ലാ തൂഫാൻ കെയർ കമ്മിറ്റികൾ, തൂഫാൻ ആഫ്റ്റർ കെയർ ഹോമുകൾ, വിദ്യാലയങ്ങളിലെ ലഹരിവിരുദ്ധ ക്ലബ്ബുകൾ എന്നിവ വഴി പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. ലഹരിയുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവർക്ക് വിദഗ്ധസേവനം ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മനശാസ്ത്രജ്ഞർ, ഡി അഡിക്ഷൻ വിദഗ്ധർ, മെഡിക്കൽ ഓഫീസർമാർ എന്നിവരുൾപ്പെടുന്ന സമിതികൾ പ്രവർത്തിക്കും.

ലഹരിവിമുക്തരായവർ വീണ്ടും തെറ്റായ വഴിയിലേക്ക് പോകാതിരിക്കാൻ ആവശ്യമായ പിന്തുണയും സാമൂഹികമായ തിരിച്ചുവരവും ആഫ്റ്റർ കെയർ ഹോമുകൾ വഴി ഉറപ്പാക്കും.

‘ഞാൻ എന്റെ നാടിന്റെ കാവലാൾ’ എന്നതാണ് തൂഫാൻ 2.0 മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. നാടിന്റെ കാവലാളാണെന്ന ബോധം ഓരോ പൗരനിലും ഉറയ്ക്കുമ്പോഴാണ് ഈ പോരാട്ടം കരുത്തുറ്റ ഒരു സാമൂഹികപ്രവാഹമായി മാറുക. ഏത് ലഹരിമാഫിയയെയും പിഴുതെറിയാൻ ആ ജനകീയശക്തിക്ക് സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation Toofan 2.0 Campaign Begins
Next Story