Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഎ​ന്നെ കൊ​ന്നോ​ളൂ,...

എ​ന്നെ കൊ​ന്നോ​ളൂ, എ​ന്റെ കു​ഞ്ഞി​നെ ക​ട​ത്തി​വി​ടൂ’’

text_fields
bookmark_border
എ​ന്നെ കൊ​ന്നോ​ളൂ, എ​ന്റെ കു​ഞ്ഞി​നെ ക​ട​ത്തി​വി​ടൂ’’
cancel
camera_alt

അഹ്മദിന്റെ ഖബറിനരികിൽ അമ്മായി സെന്യോറ സെയ്ദ്

ചെറുചെറു സന്തോഷങ്ങളോടെയാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് വടക്കുപടിഞ്ഞാറുള്ള ദൈർ അമ്മാർ അഭയാർഥി ക്യാമ്പിലെ ആ കുടുംബത്തിൽ ആ ഞായറാഴ്ച പുലർന്നത്. മൂന്ന് മാസം മാത്രം പ്രായമുള്ള അഹ്മദ് സെയ്ദ് അന്ന് രാവിലെ പതിവിലും കൂടുതൽ പാൽ കുടിച്ചു;പിതാവ് മഅ്റൂഫ് അവന്റെ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റാനായി റാമല്ലയിൽ പോയതായിരുന്നു. മൂന്ന് പെൺകുട്ടികൾക്ക് ശേഷമാണ് മഅ്റൂഫിനും യാസ്മിനും അഹ്മദിനെ ലഭിക്കുന്നത്. പിറ്റേന്ന് കുടുംബത്തിലെ സഹോദരങ്ങൾക്കൊപ്പം ജെറിക്കോയിലേക്ക് ഒരു ചെറിയ യാത്ര പോയി അഹ്മദിനെ ആദ്യമായി പുറംലോകം കാണിക്കാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം.

എന്നാൽ ഉച്ചയോടെ എല്ലാം മാറിമറിഞ്ഞു. അഹ്മദ് അനക്കമില്ലാതെ കിടക്കുന്നത് കണ്ട ഉമ്മ യാസ്മിൻ അവനെയുമെടുത്ത് അടുത്തുള്ള മെഡിക്കൽ സെന്ററിലേക്കോടി. ജീവനക്കാർ കുഞ്ഞിനെ റാമല്ലയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഒരു ആംബുലൻസ് വരുത്തിച്ചു. എന്നാൽ ദൈർ അമ്മാറിനും റാമല്ലക്കും ഇടയിലുള്ള റോഡിലെ പൂട്ടിക്കിടന്ന ഇസ്രായേൽ സൈനിക ഗേറ്റ് ആംബുലൻസിന്റെ വഴി തടഞ്ഞു. അഹ്മദിനെ ആ ഗേറ്റ് വരെ കാറിൽ കൊണ്ടുപോവുക, തുടർന്ന് ആരോഗ്യപ്രവർത്തകർ ഓക്സിജൻ മാസ്കുമായി അവനെ എടുത്ത് നടന്ന് കുറച്ചകലെയുള്ള ആംബുലൻസിലേക്ക് മാറ്റുക-ഇതായിരുന്നു പ്ലാൻ. പക്ഷേ, അവിടെ നിലയുറപ്പിച്ചിരുന്ന ഇസ്രായേലി സൈനികർ ആ പ്ലാൻ പൊളിച്ചു. റാമല്ലയിൽ നിന്ന് മടങ്ങിവന്ന മഅ്റൂഫ്, ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ കടത്തിവിടാൻ സൈനികരോട് കെഞ്ചിപ്പറഞ്ഞെങ്കിലും അവർ ഗേറ്റ് തുറന്നില്ലെന്ന് മാത്രമല്ല, കാൽനടയായി കടന്നുപോകാൻ പോലും അവർ അനുവദിച്ചില്ല.

‘‘അവർ ഞങ്ങളെ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി. കുഞ്ഞിനെ കണ്ടപ്പോൾ ആദ്യമൊന്ന് മടിച്ചെങ്കിലും, പിന്നീട് കൂടുതൽ അക്രമാസക്തമായി ആക്രോശിച്ചു’’ മഅ്റൂഫിന്റെ സഹോദരഭാര്യ ഫാത്തിമ അൽ അബ്ദ് ഖലീൽ ‘അൽ ജസീറ’യോട് പറഞ്ഞു. മഅ്റൂഫ് അഹ്മദിനെയുമെടുത്ത് സൈനികർക്കരികിലെത്തി കെഞ്ചിപ്പറഞ്ഞു- ‘‘എന്റെ കുഞ്ഞ് മരിക്കാൻ പോവുകയാണ്. എന്നെ വെടിവെച്ചോളൂ, പക്ഷേ ഈ കുഞ്ഞിനെ കടത്തിവിടൂ’’. കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചാണ് സൈനികർ ഇതിനോട് പ്രതികരിച്ചത്. ഇതോടെ കുടുംബം വണ്ടി തിരിച്ച്, വളഞ്ഞുപുളഞ്ഞ നീളമേറിയ മൺറോഡുകളിലൂടെ പുറപ്പെട്ടു.

വൈകുന്നേരം 3:20-ഓടെ അഹ്മദിനെ ആംബുലൻസിൽ എത്തിച്ചപ്പോഴേക്കും ഏറെവൈകിയിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ അവൻ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ജനന സർട്ടിഫിക്കറ്റ് വാങ്ങിയ അതേ ദിവസം തന്നെ മകന്റെ മരണ സർട്ടിഫിക്കറ്റും കൈപ്പറ്റേണ്ടി വന്നു മഅ്റൂഫിന്. ദൈർ അമ്മാറിനെയും അടുത്തുള്ള രണ്ട് ഗ്രാമങ്ങളെയും റാമല്ലയിലേക്കുള്ള പ്രധാന റോഡിൽ നിന്ന് വേർതിരിക്കുന്നത് പൂട്ടിക്കിടക്കുന്ന ഒരു ഇസ്രായേലി സൈനിക ഗേറ്റാണ്.

ഉയിരറ്റ കുഞ്ഞിനെ ഖബറടക്കുന്നതിന് മുൻപ് മാറോട് ചേർത്ത് ചുംബിക്കുന്ന മാതാവ് യാസ്മിൻ

‘ഇത് ആദ്യത്തെ തവണയല്ല, അവസാനത്തേതുമല്ല’

ഇറാനു നേരെ യുദ്ധം ആരംഭിച്ച ശേഷമാണ് ഇസ്രായേൽ ദൈർ അമ്മാർ സൈനിക ഗേറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2025-ൽ മാത്രം അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ആരോഗ്യ കേന്ദ്രങ്ങൾക്കും ജീവനക്കാർക്കും ആംബുലൻസുകൾക്കും നേരെ 233 അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും വഴി തടസ്സപ്പെടുത്തിയും അനുമതി നിഷേധിച്ചുമാണ് നടപ്പാക്കിയത്.

‘‘ഒരു സൈനികന് എപ്പോൾ വേണമെങ്കിലും ഒരു ഗ്രാമത്തിന്റെ പ്രവേശന കവാടം അടക്കാൻ തീരുമാനിക്കാം, അതോടെ ഒരു സമൂഹം മുഴുവനും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുന്നു’’- ഫലസ്തീൻ കോളനൈസേഷൻ ആൻഡ് വാൾ റെസിസ്റ്റൻസ് കമീഷനിലെ സെൻട്രൽ വെസ്റ്റ് ബാങ്ക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സലാ അൽ-ഖവാജ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാസൗകര്യം വർധിപ്പിക്കുന്ന അതേ റോഡുകൾ തന്നെയാണ് ഫലസ്തീൻ സമൂഹങ്ങളെ പരസ്പരം ഒറ്റപ്പെടുത്തുന്നത്. ഈ ശൃംഖലയുടെ പ്രധാന ഉദ്ദേശ്യം സുരക്ഷയല്ല, മറിച്ച് ഫലസ്തീൻ നഗരങ്ങളെയും ഗ്രാമങ്ങളെയും വിഭജിച്ച് ഒറ്റപ്പെടുത്തുകയാണ്.

നിയന്ത്രണങ്ങൾക്കിടയിലെ ഖബറടക്കം

അഹ്മദിന്റെ സംസ്കാര ചടങ്ങിനും ഇസ്രായേൽ സൈനിക അധികൃതർ കർശന നിയന്ത്രണങ്ങൾ നിർദേശിച്ചതായി കുടുംബം പറഞ്ഞു. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ, രക്തസാക്ഷി പോസ്റ്ററുകൾ, പരസ്യ പ്രകടനങ്ങൾ എന്നിവ പാടില്ലെന്നും ഉത്തരവ് ലംഘിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. മകന്റെ മരണശേഷം മഅ്റൂഫ് ജലപാനം പോലും നടത്തിയിട്ടില്ല. ‘‘അവൻ എന്നോട് പറയുന്നു: എനിക്കെന്റെ കുഞ്ഞിനെ ഖബറിൽ നിന്ന് തിരികെ കൊണ്ടുവരണം; അഹ്മദ് ഇനിയില്ലെന്ന യാഥാർഥ്യം അവന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല’’- അഹ്മദിന്റെ ഖബറിനരികിലിരുന്ന് മഅ്റൂഫിന്റെ സഹോദരി സെന്യോറ സെയ്ദ് പറയുന്നു.

(ഫലസ്തീനി സ്വതന്ത്ര മാധ്യമ പ്രവർത്തകയായ ലേഖിക അൽ ജസീറയിൽ എഴുതിയത്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlerefugee campopen forum
News Summary - "Kill me, let my child go."
Next Story