പിടിച്ചു വാങ്ങുന്നതാണ് സ്വാതന്ത്ര്യം
text_fieldsഇസ്രായേൽ-ഫലസ്തീൻ വിഷയങ്ങൾ സമഗ്രമായി അവതരിപ്പിക്കുന്ന ഒാൺലൈൻ പോർട്ടലായ മിഡ്ൽ ഇൗസ്റ്റ് മോണിറ്ററിെൻറ ഡയറക്ടറാണ് ഡോ. ദാവൂദ് അബ്ദുല്ല. മുസ്ലിം കൗൺസിൽ ഒാഫ് ബ്രിട്ടൻ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കൂടിയാണ് അദ്ദേഹം. ഫലസ്തീനിെൻറ അധിനിവേശപോരാട്ടത്തിന് മാധ്യമങ്ങളുടെ പിന്തുണതേടിയുള്ള പര്യടനത്തിെൻറ ഭാഗമായി ഇന്ത്യയിലെത്തിയ അദ്ദേഹം രാജ്യത്തെ വിവിധമാധ്യമസ്ഥാപനങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ‘മാധ്യമം’ സന്ദർശിച്ച അദ്ദേഹം, ഫലസ്തീൻ പോരാട്ടത്തെയും ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിെൻറ നടപടിയെയും കുറിച്ച് സംസാരിച്ചു.
ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് നടപടിയുടെ പ്രത്യാഘാതങ്ങൾ എന്തായിരിക്കും?
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടി മേഖലയെ കലുഷമാക്കുന്ന ഒന്നാണ്. ഇത് ഫലസ്തീൻ ജനതയെയും മുസ്ലിം, ക്രിസ്ത്യൻ സമൂഹങ്ങളെയും ഒരുപോലെ പ്രയാസത്തിലാക്കുന്ന നടപടിയാണെന്ന് പറയേണ്ടതില്ല. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഖുദ്സ് ദേവാലയം മക്ക, മദീന പോലെ പ്രധാനമാണ്. ഭാവിയിൽ മക്ക, മദീന ലക്ഷ്യമാക്കിയും നീങ്ങുമെന്ന മുന്നറിയിപ്പാണ് ഖുദ്സിനെതിരായ നീക്കം തെളിയിക്കുന്നത്. മുസ്ലിംകൾ സ്വതവേ സമാധാനകാംക്ഷികളും സഹിഷ്ണുക്കളുമാണ്. എന്നാൽ, ജറൂസലമിനെതിരായ നീക്കം അവർക്ക് അംഗീകരിക്കാനാവില്ല. കാരണം, ഖുദ്സിനുമേൽ ഇസ്രായേലിെൻറ അധികാരം അംഗീകരിക്കുന്നതുവഴി, ആ വിശുദ്ധനഗരത്തിൽ മുസ്ലിംകളുെടതായി നിലനിൽക്കുന്ന എല്ലാ അടയാളങ്ങളും നശിപ്പിച്ചുകളയാൻ സ്വതന്ത്രാധികാരം നൽകും. നീക്കത്തിനെതിരെ ബോധവത്കരണം നൽകുന്നതിനും അത് പിൻവലിക്കുന്നതിന് അമേരിക്കയുടെമേൽ സമ്മർദം ചെലുത്താനും എല്ലാവരും ഒന്നിക്കേണ്ടതുണ്ട്. അതിൽ മാധ്യമങ്ങൾക്ക് വളരെയേറെ ചെയ്യാനുണ്ട്. അത് അവരെ ബോധ്യപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഞങ്ങളുടെ ഇൗ സന്ദർശനം.
ട്രംപിെൻറ നടപടി അപ്രതീക്ഷിതമായിരുന്നോ?
സ്വന്തം നിലനിൽപ് അപകടത്തിലാവുേമ്പാൾ മുൻവിചാരമില്ലാത്ത ഏതൊരു നേതാവും ചെയ്യുന്ന നടപടി മാത്രമാണ് ട്രംപിെൻറ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വേളയിൽ റഷ്യൻ അധികൃതരുമായി ഒത്തുകളിച്ചുവെന്ന ആരോപണം ശക്തമാവുകയും അതിെൻറപേരിൽ യു.എസ് കോൺഗ്രസിെൻറ ഇംപീച്ച്മെൻറ് വരെ നേരിേട്ടക്കുമെന്ന സാഹചര്യങ്ങൾ ഉയർന്നുവന്നിരുന്നു. അദ്ദേഹത്തിെൻറ ജനകീയത യു.എസിൽ വളരെയധികം കുറഞ്ഞതായി സർവേകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു വിഷമവൃത്തത്തെ മറികടക്കാൻ നാടകീയമായ എന്തോ ഒന്ന് ചെയ്യേണ്ടതുണ്ടായിരുന്നു. ഇതാണ് ഫലസ്തീൻ വിഷയത്തിൽ പ്രകോപനപരമായ തീരുമാനമെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് ഞാൻ കരുതുന്നു. അത് ജനങ്ങൾക്കിടയിൽ തെൻറ സ്വീകാര്യത തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം കരുതുന്നുണ്ടാവണം. ഒരുപക്ഷേ, 2020ൽ നടക്കുന്ന തെരഞ്ഞെടുപ്പിലും വിജയിക്കാൻ ഇൗ നീക്കം സഹായകമാവുമെന്നും അദ്ദേഹം സ്വപ്നം കാണുന്നുണ്ടാവാം.
ട്രംപിനു മുമ്പ് എത്രയോ പ്രസിഡൻറുമാർ ഫലസ്തീൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് ഒരു ഫോർമുല അവതരിപ്പിച്ച് കക്ഷികൾക്കിടയിൽ ചർച്ചയിൽ ഇടപെടുന്നവരെ ഹീറോ ആയി മാധ്യമങ്ങൾ ആഘോഷിച്ചു. പക്ഷേ, മറ്റൊരു പ്രസിഡൻറും ചെയ്യാത്തതാണ് ട്രംപ് ചെയ്തത്. അധികാരപ്രമത്തതയുടെ ശരിയായ പ്രകടനമാണ് അദ്ദേഹത്തിെൻറ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഫലസ്തീൻ ജനതയോടുള്ള അദ്ദേഹത്തിെൻറ മുൻധാരണയും ഇതിൽ പ്രകടമാണ്. ഇസ്രായേൽ അല്ലാതെ മറ്റൊരു രാജ്യവും അദ്ദേഹത്തിെൻറ നീക്കത്തെ പിന്തുണച്ചില്ലെന്നത് ശ്രദ്ധേയമാണ്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയവരെല്ലാം അത് തള്ളി. ഇൗ നീക്കം അന്യായമാണെന്നതുതന്നെയാണ് അതിനുകാരണം. തീവ്രവാദ ചായ്വുള്ളവർക്ക് ന്യായംചമക്കാനുള്ള സാഹചര്യമാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നത്. നേർക്കുനേർ പറഞ്ഞാൽ, അന്താരാഷ്ട്ര തലത്തിൽനിലനിൽക്കുന്ന ഒരു വ്യവസ്ഥയെ അട്ടിമറിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്.

മുസ്ലിം രാജ്യങ്ങളുടെ പ്രതികരണം? അത് ഫലം ചെയ്യുമോ?
അറബ് മേഖലയിലെ ഏതാനും രാജ്യങ്ങൾ ഇസ്രായേലുമായി സഹകരിക്കാൻ തയാറാണെന്നത് നിർഭാഗ്യകരമായ യാഥാർഥ്യമാണ്. ട്രംപിെൻറ നീക്കത്തിനെതിരെ ഏറക്കുറെ മൗനം പാലിക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. വളരെ പ്രയാസെപ്പടുത്തുന്ന അവസ്ഥയാണിത്. പക്ഷേ, ലോകത്തിെൻറ മറ്റുഭാഗത്തുള്ള ജനങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് ഏറെ ബലം നൽകുന്നതാണ്. യു.എസ് പ്രസിഡൻറിെൻറ വിവേകശൂന്യ നടപടിക്കെതിരെ ജർമനി, മലേഷ്യ, ദക്ഷിണാഫ്രിക്ക, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കുന്ന കാഴ്ച ചേതോഹരമാണ്. ആ പ്രതികരണങ്ങളാണ് ഫലങ്ങൾ ചെയ്യുക. ട്രംപും ഇസ്രായേലും ലോകത്ത് ഒറ്റപ്പെട്ട പ്രതീതിയാണ് ലോകത്തിെൻറ വിവിധ കോണുകളിലുള്ള പ്രതികരണം കാണിക്കുന്നത്.
നിങ്ങൾക്കെതിരെ നിൽക്കുന്നത് വളരെ ശക്തരായ ഒരു വിഭാഗമാണ്. ഇൗ ചെറുത്തുനിൽപ് വിജയിക്കുമെന്ന പ്രത്യാശ എത്രയളവിൽ യാഥാർഥ്യവുമായി ചേരുന്നതാണ്?
മധ്യേഷ്യയുടെ ഹൃദയഭൂമിയിൽ തീർത്തും വംശീയമായ ഒരുരാഷ്ട്രം പണിയുകയാണ് ഇസ്രായേൽ ചെയ്തിരിക്കുന്നത്. ഫലസ്തീൻ ജനതയെ ആട്ടിയോടിച്ച്, അവരുടെ ഭൂമി തട്ടിയെടുക്കുകയാണ് അവർ ചെയ്തത്. ശേഷം, സ്വന്തം നിലക്ക് ഒരുനിയമവും സംവിധാനവും സൃഷ്ടിക്കുകയായിരുന്നു. ഇതിന് ഒരു മുൻമാതൃകയുണ്ട്, ദക്ഷിണാഫ്രിക്കയിൽ. അവിടത്തെ വംശീയഭരണകൂടത്തിനെതിരായ പ്രക്ഷോഭം ജയിച്ചത് ജനങ്ങളുടെ പോരാട്ടത്തിലൂടെയായിരുന്നു. പാശ്ചാത്യരാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടും വംശീയഭരണകൂടത്തിന് പിടിച്ചുനിൽക്കാനായില്ല. യു.എസ് പ്രസിഡൻറായിരുന്ന റൊണാൾഡ് റീഗനും ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറും അപാർത്തീഡ് ഭരണകൂടത്തിന് സംരക്ഷകരായി നിലെകാണ്ടു. എന്നാൽ, സാംസ്കാരികവും രാഷ്ട്രീയപരവുമായ ബഹിഷ്കരണം നേരിട്ട ദക്ഷിണാഫ്രിക്കയിലെ വംശീയ ഭരണകൂടം ഒടുവിൽ അടിയറവ് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായുണ്ടായിരുന്ന അതേ മനോഭാവമാണ് ഇന്ന് ആഗോളസമൂഹം ഇസ്രായേലിനെതിരെ പുലർത്തുന്നത്. അവർക്കെതിരെ 2004ൽ തുടങ്ങിയ ‘ബോയ്കോട്ട്, ഡൈവസ്റ്റ്മെൻറ്, സാംക്ഷൻ (ബി.ഡി.എസ് -ബഹിഷ്കരണം, നിക്ഷേപം നിരസിക്കൽ, ഉപരോധം)’ കാമ്പയിൻ ഇന്ന് ലോകത്തെങ്ങും സജീവമാണ്. ഇസ്രായേലുമായി സഹകരിക്കുന്ന കമ്പനികൾ ജനങ്ങൾ ബഹിഷ്കരിക്കുന്നു. ഇസ്രായേൽ ധനസഹായം നിരസിക്കുന്നു. ഇൗ കാമ്പയിൻ വിജയിച്ചാൽ ഇസ്രായേൽ തീർത്തും ഒറ്റപ്പെടും. ഇസ്രായേൽ ഒരു വംശീയ രാഷ്ട്രമാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യം എന്നുപറയുന്നത് ഒരിക്കലും ഒൗദാര്യമല്ല. അത് അടിച്ചമർത്തപ്പെടുന്നവർ പിടിച്ചുവാങ്ങുന്നതാണ്. അത് ഫലസ്തീനിലും സംഭവിക്കുമെന്നാണ് ഞാൻ കരുതുന്നത്.

ഇടതുപക്ഷവും ലിബറലുകളും നിങ്ങളുടെ പോരാട്ടത്തിന് നൽകുന്ന പിന്തുണ ഏതുവിധമാണ്?
മികച്ച രീതിയിലുള്ള പിന്തുണയാണ് അവർ നൽകുന്നത്. ലോകത്തെങ്ങുമുള്ള സർവകലാശാലകളിലും ട്രേഡ് യൂനിയനുകളിലും അവർ ഞങ്ങൾക്കൊപ്പം നിന്ന് സമരപരിപാടികളുടെ ഭാഗമാവുന്നു. വിദ്യാർഥി പ്രസ്ഥാനങ്ങൾ, ചർച്ചുകൾ എന്നിവയെല്ലാം ഞങ്ങൾക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് യൂറോപ്പിലും അമേരിക്കയിലും കാണുന്നത്.
അറബ്, മുസ്ലിം രാഷ്ട്രീയ നീക്കങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നയാളാണ് താങ്കൾ. അറബ് വസന്തെത്ത കുറിച്ച് ഇപ്പോൾ നടത്തുന്ന വിലയിരുത്തലെന്താണ്?
മേഖലയിൽ ജനാധിപത്യപരമായ ഒരുമാറ്റം കൊണ്ടുവരാനുള്ള കൂട്ടായശ്രമമാണ് അറബ് വസന്തത്തിൽ നാം കണ്ടത്. സുതാര്യമായ, ഉത്തരവാദിത്തമുള്ള ഭരണസംവിധാനത്തിന് ജനങ്ങൾ കൊതിച്ചു. അതിെൻറ ഭാഗമായിരുന്നു അറബ് വസന്ത പ്രക്ഷോഭങ്ങൾ. എന്നാൽ, അവരുടെ അഭിലാഷങ്ങൾ അട്ടിമറിക്കപ്പെട്ട നിർഭാഗ്യകരമായ അവസ്ഥയാണ് പിന്നീടുണ്ടായത്. എന്നിരുന്നാലും, പ്രതീക്ഷയുണ്ട്. മാറ്റം എന്നുപറയുന്നത് ഒരു പ്രക്രിയയാണ്. അത് ഒറ്റരാത്രി കൊണ്ടുണ്ടാവുന്നതല്ല. അറബ് േമഖല മാറ്റത്തിെൻറ ഒരുഘട്ടത്തിലൂടെ കടന്നുപോവുകയാണ്. അവിടത്തെ ജനങ്ങൾ അവരുടെ അഭിലാഷങ്ങളും പ്രതീക്ഷകളും കൈയൊഴിയാൻ പോകുന്നില്ല.
നീതിയും സമാധാനവും നിയമവാഴ്ചയും സ്ഥാപിക്കപ്പെടണമെന്ന അവരുടെ ചിരകാലാഭിലാഷം സഫലമാകുമെന്നുതന്നെയാണ് ഞാൻ ഇപ്പോഴും കരുതുന്നത്. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ജനകീയതയാണ് 2011ൽ നാം കണ്ടത്. എവിടെയൊക്കെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകൾ നടന്നുവോ അവിടെെയല്ലാം അവർ വിജയിച്ചു. ഹുസ്നി മുബാറകിെൻറ പതനത്തിനു ശേഷം അഞ്ച് തെരഞ്ഞെടുപ്പുകളാണ് ഇൗജിപ്തിൽ നടന്നത്. എല്ലാ ഘട്ടത്തിലും മുസ്ലിം ബ്രദർഹുഡിനായിരുന്നു വിജയം. സോഷ്യലിസം, ദേശീയത തുടങ്ങി വിവിധ രാഷ്ട്രീയപരീക്ഷണങ്ങൾക്ക് തയാറായ ജനത വ്യത്യസ്തമായൊരു പരീക്ഷണത്തിന് മുന്നിട്ടിറങ്ങുന്നതാണ് നാം കണ്ടത്. പക്ഷേ, പാശ്ചാത്യശക്തികൾ ഏകാധിപതികളുമായി ചേർന്ന് ആ ശ്രമങ്ങൾ അട്ടിമറിച്ചു. മധ്യേഷ്യയിൽ ജനാധിപത്യമല്ല, ഭരണസ്ഥിരതയാണ് പ്രധാനമെന്ന പാശ്ചാത്യ നിലപാടാണ് അതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
