ഓണം: മലയാളി ‘ഓൺ’
text_fieldsഅങ്ങനെ വീണ്ടുമൊരു ഓണക്കാലം കൂടി കടന്നുപോകുന്നു. ഗൃഹാതുരത്വം എന്ന വാക്ക് ചേർത്തുവെച്ചാണ് മലയാളി ഓണത്തെക്കുറിച്ച് പറയുന്നതും എഴുതുന്നതും പതിവ്. എന്നാൽ, നാം അനുഭവിക്കാത്ത, നമ്മുടെ ജീവിതപരിസരത്ത് സംഭവിക്കാത്ത ഒന്നിന്റെ പേര് കൂടിയാണീ ഗൃഹാതുരത്വമെന്ന് തോന്നാറുണ്ട്. കാരണം, സൂക്ഷ്മാർഥത്തിൽ സമൃദ്ധിയുടെ ഓണക്കാലം മലയാളിക്ക് ഉണ്ടായത് വിപണിയുടെ ഓണവരവ് അറിയിക്കലും ആഘോഷവും വന്നതോടെയാണ്. നമ്മുടെ മറ്റേത് ആഘോഷങ്ങളെയുംപോലെ ഓണവും നമ്മെ ആവേശത്തിലാക്കുന്നു. അതിന്റെ പുരാവൃത്തങ്ങളൊന്നും അന്വേഷിക്കാതെയാണ് ഭൂരിഭാഗം മലയാളികളും ഓണത്തെ സ്വീകരിക്കുന്നത്. ഏത് പ്രതിസന്ധികൾക്കിടയിലും ആഘോഷിക്കാനുള്ള ഒരവസരവും നാം ഉപേക്ഷിക്കാറില്ല. അതാണ് ഓണവും നൽകുന്ന പാഠം. ‘ആറുനാട്ടിൽ നൂറുഭാഷ’യെന്നത് മലയാളഭാഷയെക്കുറിച്ചുള്ള പഴമൊഴിയാണ്. ഓണത്തിനും ചേരും ഈ പഴമൊഴി. ഓണത്തിനുമുണ്ട് വൈവിധ്യങ്ങളേറെ. മലബാറിന്റെ സ്വന്തം നോൺവെജ് ഓണം ഉൾപ്പെടെ ഇതിന്റെ തെളിവുകളാണ്. ലോകത്തിന്റെ ഏത് കോണിലായാലും മലയാളി കൂടെക്കൊണ്ടുപോകുന്ന കാണാത്ത ഭാണ്ഡക്കെട്ടാണ് ഓണം; ചിങ്ങമാസത്തിൽ തുറക്കുന്ന ഓർമക്കെട്ട്.
പുരാവൃത്തത്തിൽ
ഓണത്തിന്റെ പിന്നാമ്പുറക്കഥകൾ ഏറെയുണ്ടിവിടെ. ഐശ്വര്യപൂർണമായ ഭരണത്തിൽ അസൂയപൂണ്ട ദേവന്മാർക്കുവേണ്ടി വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും, തന്റെ പ്രജകളെ സന്ദർശിക്കാൻ മഹാബലി ആണ്ടിലൊരിക്കലെത്തുന്നതും മലയാളി തലമുറകളിൽനിന്ന് തലമുറകളിലേക്ക് പകർന്നുനൽകിയ കഥകളിലൊന്നാണ്. പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണ്. ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തുടങ്ങുന്ന ഓണം തിരുവോണം നാളിൽ ആഘോഷിക്കുന്നു; ചതയംനാൾ വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു. ഒരുകാലത്ത് കൊച്ചിക്കടുത്തുള്ള തൃക്കാക്കര വാണിരുന്ന മഹാബലി, പെരുമാൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാൾ ആഘോഷിക്കുന്നതിനായി ചിങ്ങത്തിലെ അത്തംനാളിൽ ജനങ്ങളെ ക്ഷേത്രസന്നിധിയിൽ വിളിച്ചുവരുത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്തിരുന്നു. കൊച്ചിരാജാവ് നടത്തിപ്പോന്ന അത്തച്ചമയം ഇതാണെന്ന് കരുതപ്പെടുന്നു. ഈ ഉത്സവാഘോഷമാണ് പിന്നീട് തിരുവോണമായി ആഘോഷിച്ചുതുടങ്ങിയതത്രെ. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയതെന്ന് ഐതിഹ്യങ്ങൾ പറയുന്നു.
മുമ്പ് മാനം തെളിയുന്ന ചിങ്ങമാസത്തിലാണ് വിദേശക്കപ്പലുകൾ സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി എത്തിയിരുന്നത്. മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണമാസത്തിലെ തിരുവോണ നാളിലാണ്. ദൂരെ നങ്കൂരമിട്ടുകിടന്നിരുന്ന കപ്പലുകൾ അന്നാണ് തുറമുഖത്തെത്തിയിരുന്നത്. അങ്ങനെ സ്വർണനാണയം കൊണ്ടുവന്നിരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാൻ കാരണമായി എന്നും പറയപ്പെടുന്നു.
ബുദ്ധഭിക്ഷുക്കളായ ശ്രവണന്മാരെ സംബന്ധിച്ചുള്ളതാണ് ശ്രാവണം. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് ‘സാവണം’. അത് ആദിരൂപം ലോപിച്ച് ‘ആവണം’ എന്നും പിന്നീട് ‘ഓണം’ എന്നുമുള്ള രൂപം സ്വീകരിച്ചു. ശ്രാവണം ചിങ്ങമാസമാണ്. സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം ശക്തമായിരുന്നു. ബുദ്ധഭിക്ഷുവായി ദീക്ഷ സ്വീകരിച്ചുകഴിഞ്ഞ് ശ്രവണന്മാരായി മാറുന്ന യുവഭിക്ഷുക്കൾക്ക്, അവരുടെ ദീക്ഷയുടെ പ്രതീകമായി ഒരു മഞ്ഞവസ്ത്രംകൂടി നൽകുക പതിവുണ്ടായിരുന്നു. ഈ സംഭവത്തെ അനുസ്മരിക്കുന്നതാണ് ഓണക്കാലത്ത് കുട്ടികൾ ഉടുക്കുന്ന മഞ്ഞക്കോടിയെന്നും വാദമുണ്ട്.
ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ചിങ്ങമാസത്തിലെ ആഘോഷം ക്രമേണ ദേശീയോത്സവമായി വളർന്നുവെന്നാണ് മറ്റൊരു വിശ്വാസം. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, നിറവിന്റെയും സന്തുഷ്ടിയുടെയും വേള-കൃഷിപ്പണി ചെയ്യുന്നവർക്കും ചെയ്യിക്കുന്നവർക്കും കൊണ്ടാടാനുള്ള അവസരം. ജന്മിമാർ, അടിയാന്മാർ എന്ന വ്യത്യാസങ്ങൾ മറന്ന് സമഭാവനയോടുകൂടി കഴിയാനും ഒത്തുചേരാനും ഈ കാർഷികോത്സവം കാരണമായി. അത് ക്രമേണ ദേശീയോത്സവമായി മാറി എന്നതാണ് മറ്റൊരു വിലയിരുത്തൽ.
അത്തംനാൾ മുതൽ തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണനാളിൽ മാവേലിയെ നടുമുറ്റത്ത് കുടിയിരുത്തി, പൂജകൾ ചെയ്ത്, പിന്നെ ഓണക്കളികളും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയുമൊക്കെയായി ചതയംനാളിൽ മാവേലിയെ എടുത്തുമാറ്റുന്നതുവരെ ഓണം തിമിർക്കുകയായിരുന്നു. “കാണം വിറ്റും ഓണമുണ്ണണം” എന്ന ചൊല്ലുപോലും വന്നത് ഈ സാഹചര്യത്തിലാവാം.
ഓണവും കുടവയറും
ഭക്ഷണസമൃദ്ധിയാണ് ഓണത്തിന്റെ മറ്റൊരു സവിശേഷത. ഇത്തവണ പുലികളിയും കുടവയറും ചർച്ചയാക്കിയത് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമനാണ്. പുലികളിക്കാരുടെ വയറും ശരീരപ്രകൃതവും കാടുകയറിക്കിടക്കുകയാണിപ്പോൾ. കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി വയറുനിറയ്ക്കുന്നത് കൂടിയാണ് ഓണം. ഇന്ന് എല്ലാം വിപണിയിൽ റെഡിയാണ്. എണ്ണാമെങ്കിൽ എണ്ണിക്കോ എന്നതരത്തിൽ സദ്യയിലെ വിഭവങ്ങളുടെ എണ്ണം കൂട്ടിയാണ് മത്സരം മുറുകുന്നത്. പഴയകാലത്ത് ഓണസദ്യക്കുള്ള പച്ചക്കറികൾ വരെ വീട്ടുവളപ്പിൽത്തന്നെ കൃഷിചെയ്തുണ്ടാക്കുമായിരുന്നു. പക്ഷേ, ഇന്നത് ആകെ മാറി. ഏറെയും കേരളത്തിന് പുറത്തുനിന്നു വരുന്നതാണ്; എന്തിന് വാഴയില പോലും.
മലബാറിൽ പഴയകാലത്ത് എല്ലാവരും മാംസം കഴിക്കുന്ന സന്ദർഭം കൂടിയാണ് ഓണം. തെക്കൻകേരളത്തിൽ മുമ്പ് ഓണത്തിന് മാംസം ഉണ്ടാകുമായിരുന്നില്ല; ഇന്നതും മാറി. ഇത്രയേറെ ഇറച്ചിക്കടകൾ ഇല്ലാതിരുന്ന കാലത്ത് ഓണം പോലുള്ള ആഘോഷവേളകളിൽ താൽക്കാലിക ഇറച്ചിക്കടകൾ വ്യാപകമായിരുന്നു. ഭക്ഷണം മാത്രമല്ല, കളികളുമുണ്ട് ഓണത്തിന്. ഓണക്കളികൾ ഹരമായി കൊണ്ടുനടക്കുന്നവർ ഏറെയാണ്. അതിനാൽ, വിവിധങ്ങളായ ഓർമകളുടെ ഉത്സവം കൂടിയാണ് ഓണം.
തൂഫാനോണം
ഓപ്പറേഷൻ തൂഫാന്റെ കാലമാണിത്. ഓണം കഴിഞ്ഞാൽ കേരളം കുടിച്ചുതീർത്ത മദ്യത്തിന്റെ കണക്ക് പുറത്തുവരും; അത് പതിവാണ്. ഏത് സ്ഥലമാണ് മുൻപിൽ, രണ്ടാം സ്ഥാനത്ത് ആരാണ് എന്നൊക്കെ... ഈ കണക്കുകൾ മറുനാടിനു മുൻപിൽ കേരളത്തിന്റെ തല കുനിക്കുന്നതാണ്. ഇക്കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒരു കണക്ക് പുറത്തുവിട്ടു-‘മണിക്കൂറിൽ ആറ് ഓപ്പറേഷൻ തൂഫാൻ അറസ്റ്റുകൾ കേരളത്തിൽ നടക്കുന്നു’വെന്നാണത്. മനുഷ്യന് ആഘോഷങ്ങൾ ആവശ്യമാണ്; പക്ഷേ, അതിന് അതിരുകൾ വേണ്ടിവരുമെന്നാണ് കാലം നൽകുന്ന നല്ല പാഠം. ശരിക്കും മലയാളി മലയാളമണ്ണിന്റെ വിഭവങ്ങളെടുത്ത് ഓണം കൊണ്ടാടുന്ന കാലം ഇനി സ്വപ്നത്തിലെങ്കിലും കൊണ്ടുനടക്കാൻ കഴിയുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

