Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകടലിനെ...

കടലിനെ കട്ടുമുടിക്കുന്ന ഖനന പദ്ധതി

text_fields
bookmark_border
കടലിനെ കട്ടുമുടിക്കുന്ന ഖനന പദ്ധതി
cancel

ലോകത്തെ പ്രധാനപ്പെട്ട മത്സ്യസങ്കേതങ്ങളൊക്കെ നാശമടയു​മ്പോളും അൽപമെങ്കിലും മത്സ്യങ്ങൾ അവശേഷിക്കുന്ന അറബിക്കടലിനെയും ബംഗാൾ ഉൾക്കടലിനെയും പാടേ തകർക്കുന്ന കടൽ ഖനന നടപടികളിലേക്ക്​ കടക്കുകയാണ്​ കേന്ദ്ര സർക്കാർ. 2030 ആകുമ്പോഴേക്കും സമുദ്രത്തിന്‍റെ 30 ശതമാനം സംരക്ഷിത മേഖലയായി നിലനിർത്തുമെന്ന യു.എൻ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച രാജ്യമാണ്​ നമ്മു​ടേതെന്ന കാര്യംപോലും മറന്ന്​ കടലിനെ കച്ചവടച്ചരക്കാക്കി സ്വകാര്യമേഖലക്ക്​ തീറെഴുതാൻ തുടക്കമിടുന്നതോ കേരളത്തി​ന്റെ തീരങ്ങളിലും.

2002ലെ കടൽമേഖല ധാതുവികസന നിയന്ത്രണ നിയമം ഭേദ​ഗതി ചെയ്താണ്​ കേന്ദ്ര സർക്കാർ ബ്ലൂ ഇക്കോണമി എന്ന ആശയം മുന്നോട്ടുവെച്ചത്. ഖനനവും വിപണനവും നടത്താനുള്ള അവകാശം 2011ലെ തീരപരിപാലന നിയമ ഭേദഗതി വഴി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഭൗമമന്ത്രാലയം ബ്ലൂ ഇക്കോണമി നയരേഖ പ്രസിദ്ധീകരിച്ചത് 2021 ഫെബ്രുവരി 17നാണ്. ഖനനത്തിന്‍റെ പൊതു അവകാശം പൊതുമേഖലക്കായിരിക്കണമെന്ന 2002ലെ ഖനന നിയമവും 2023ൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. മണിപ്പൂർ സംഭവ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച തക്കം നോക്കിയാണ് ഈ നിർണായക തീരുമാനം എടുത്തത്. കേന്ദ്ര ഏജൻസിയായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഗുജറാത്തിലെ പോർബന്തറിൽ മൂന്നു ബ്ലോക്കുകളിൽനിന്ന് ചുണ്ണാമ്പുചളിയും കേരളത്തിൽ കൊല്ലത്തെ മൂന്നു ബ്ലോക്കുകളിൽനിന്ന്​ നിർമാണ ആവശ്യങ്ങൾക്കുള്ള കടൽമണലും, ആന്തമാനിലെ ഏഴു ബ്ലോക്കുകളിൽനിന്ന്​ പോളിമെറ്റാലിക് നൊഡ്യൂൾസ് എന്നറിയപ്പെടുന്ന ധാതുവിഭവങ്ങളും കൊബാൾട്ടും ഖനനം ചെയ്തെടുക്കാമെന്ന്​ കണ്ടെത്തിയത്​.

കേരളത്തിൽ പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം തെക്ക്, കൊല്ലം വടക്ക് എന്നീ അഞ്ച്​ പ്രദേശങ്ങളിലാണ് മണൽ ധാരാളമായുള്ളത്. കൊല്ലം തീരത്തുള്ള 442 ചതുരശ്ര കിലോമീറ്ററിൽനിന്ന്​ 302.5 ദശലക്ഷം ടൺ മണൽ ഖനനം ചെയ്യാനാണ് ആദ്യ നീക്കം. കരയിൽനിന്ന്​ 21 കിലോമീറ്റർ വരെ വരുന്ന കടലിലെ നിയന്ത്രണാവകാശം സംസ്ഥാന സർക്കാറിനായിരുന്നു. അതുപയോഗിച്ചാണ് കേരളം ട്രോളിങ് നിരോധനം ഉൾപ്പെടെ നടപ്പാക്കുന്നത്. ഈ നിയമം ഭേദഗതി ചെയ്ത് അതിൽ തീരക്കടൽ ഖനനത്തിനുള്ള അവകാശവും ഉൾപ്പെടുത്തുകയായിരുന്നു.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് കേരളത്തിലെ കടൽത്തീരത്തുള്ളത്. വെളുത്ത മണലിനൊപ്പം തന്നെ കരിമണലും ഖനന സമയത്ത് ലഭിക്കും. ഇത് തീരത്ത് കൊണ്ടുവന്ന് എലൂട്രിയേഷൻ പ്രക്രിയ വഴി ഖരലോഹങ്ങൾ മണ്ണിൽനിന്ന് വേർതിരിച്ചെടുക്കാനാവും. ഇത് ഖനനത്തിനായി കോൺട്രാക്ട് പിടിക്കുന്ന കമ്പനിക്ക്​ കൊള്ളലാഭം നേടാൻ സഹായകമാവും.

പരിസ്ഥിതി ആഘാത പഠനം നടത്തി അനുബന്ധ കാര്യങ്ങളെല്ലാം പരി​ഗണിച്ച് മാത്രമേ ഖനന നടപടികളുമായി മുന്നോട്ടു പോകൂവെന്ന് മൈനിങ് മന്ത്രാലയം മുമ്പ്​ ഉറപ്പു പറഞ്ഞിരുന്നു. എന്നാൽ, ആ ഉറപ്പുകളെല്ലാം കാറ്റിൽപറത്തിയാണ് നടപടികളിലേക്ക്​ കടന്നിരിക്കുന്നത്​. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർ​ഗത്തിന് തടസ്സംവരാത്ത രീതിയിൽ മാത്രമേ ഖനന നടപടികൾ പ്രാവർത്തികമാക്കാവൂ എന്ന് സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ആവശ്യപ്പെട്ടിരുന്നു. ചങ്ങാതി മുതലാളിമാരെ സഹായിക്കാനുള്ള തിടുക്കത്തിൽ അതൊന്നും കേന്ദ്രസർക്കാർ ചെവിക്കൊണ്ടതേയില്ല.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blue EconomyOffshore Mining
News Summary - Offshore mining project
Next Story