Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാലാഖമാരെന്ന വിളി മാത്രം പോര; നഴ്​സുമാർക്ക്​ സുരക്ഷയും വേണം
cancel
camera_alt

കടപ്പാട്​: എറിൻ ക്ലർക്ക്​

Homechevron_rightOpinionchevron_rightOpen Forumchevron_rightമാലാഖമാരെന്ന വിളി...

മാലാഖമാരെന്ന വിളി മാത്രം പോര; നഴ്​സുമാർക്ക്​ സുരക്ഷയും വേണം

text_fields
bookmark_border

ഡൽഹിയിലെ ഹക്കീം അബ്​ദുൽ ഹമീദ് സെൻറിനറി ആശുപത്രിയിൽ നഴ്സായിരുന്ന ഗുഫ്റാന ഖാത്തൂന് ജൂലൈ മൂന്നിനാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. മൂന്നു വർഷമായി കരാർ അടിസ്ഥാനത്തിൽ ഇവിടെ ജീവനക്കാരിയാണ് ഖാത്തൂൻ. വൈറസ് ബാധിതരുടെ വാർഡിൽ ജോലി ചെയ്യേണ്ടിവന്നിട്ടും കോവിഡ് പരിശോധന സൗജന്യമായി ചെയ്തുനൽകാനാകില്ലെന്നായിരുന്നു ആശുപത്രി നിലപാട്. ജൂലൈ 11ന് വീട്ടിൽ ക്വാറൻറീനിൽ കഴിയവെ ഇവർ ഉൾപെടെ 84 കരാർ ജീവനക്കാരെ ആശുപത്രി പിരിച്ചുവിട്ടു. ആരോഗ്യജീവനക്കാർ രാജിവെച്ചുപോകരുതെന്ന് ഒമ്പതു ദിവസം മുമ്പ് സർക്കുലർ ഇറക്കിയ അതേ ആശുപത്രി തന്നെ ഇതുചെയ്തല്ലോ എന്ന ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല, ഖാത്തൂനും സഹപ്രവർത്തകർക്കും.

ഡൽഹിയിൽ മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും തങ്ങൾ അരക്ഷിതരാണെന്ന് നഴ്സുമാരുടെ സംഘടനകളായ യുനൈറ്റഡ് നഴ്സസ് അസോസിയേഷനും ഇന്ത്യൻ പ്രഫഷനൽ നഴ്സസ് അസോസിയേഷനും പറയുന്നു. വൈറസ് ബാധയേൽക്കാതിരിക്കാൻ വേണ്ട നടപടികളൊന്നും നഴ്സുമാരുടെ കാര്യത്തിൽ ഇവർ സ്വീകരിക്കാറില്ല. തോന്നുംപടി പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്യും.

ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാറും ഇക്കാര്യത്തിൽ നൽകിയ കർശന നിർദേശങ്ങളെ നോക്കുകുത്തിയാക്കിയാണ് ഈ കടുംകൈ പ്രയോഗങ്ങൾ. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പലവുരു കാണുകയും കേന്ദ്ര സർക്കാർ വകുപ്പുകളെ വിഷയം ബോധ്യപ്പെടുത്തുകയും സുപ്രീം കോടതി വരെ കയറിയിറങ്ങുകയും ചെയ്തിട്ടും നടപ്പുരീതികളിൽ മാറ്റമുണ്ടായിട്ടില്ല.

മഹാമാരി കാലത്ത്, പരസ്യമായി പാത്രംകൊട്ടാൻ നിർദേശിച്ചും ഹെലികോപ്റ്ററുകളിൽ പുഷ്​പവൃഷ്ടി നടത്തിയും നരേന്ദ്ര മോദി സർക്കാർ ആരോഗ്യ പ്രവർത്തകരോട് പിന്തുണയറിയിച്ചതാണ്. ഇത്തരം പ്രചാര വേലകൾ മാറ്റി അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കിയിരുന്നുവെങ്കിൽ എന്ന് കുറ്റപ്പെടുത്തിയവരേറെ. വൈറസ് രാജ്യത്ത് പിടിമുറുക്കി ആറു മാസത്തോളമായിട്ടും അന്ന്, മാർച്ച്- ഏപ്രിൽ മാസങ്ങളിൽ കേട്ട പരാതികളേറെയും ഇപ്പോഴും അതേ പടി നിലനിൽക്കുകയാണ്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ജൂ​ൈല അവസാനിച്ചപ്പോൾ 4,000ത്തിലേറെ ആരോഗ്യ പ്രവർത്തകരാണ് രാജ്യത്ത് കോവിഡ് ബാധിതരായത്. ഏപ്രിൽ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 21 ആശുപത്രികളിലായി 226 പേർ രോഗബാധിതരായ ഡൽഹിയിൽ കാര്യങ്ങൾ ഭീകരമാണ്. 20 നഴ്സുമാർ മരിക്കുകയും 3,000 ഓളം നഴ്സുമാർ രോഗബാധിതരാകുകയും ചെയ്ത ഗുരുതര സാഹചര്യം ജൂലൈ 24ന് ഡൽഹി ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ആശുപത്രികൾ, വിശേഷിച്ച് സ്വകാര്യ മേഖലയിലുള്ളവ എങ്ങനെയാണ് ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യ വകുപ്പിെൻറയും മാർഗനിർദേശങ്ങൾ അവഗണിക്കുന്നതെന്ന് ഡൽഹിയിലെ നഴ്സുമാരും സംഘടന പ്രതിനിധികളും വിശദീകരിക്കുന്നുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന നഴ്സുമാർക്ക് പി.പി.ഇ കിറ്റുകൾ നിർബന്ധമായും നൽകണമെന്ന് ആദ്യം ലോകാരോഗ്യ സംഘടനയും ഏപ്രിൽ എട്ടിന് സുപ്രീം കോടതിയും ആവശ്യപ്പെട്ടതാണ്. പക്ഷേ, അത് ആവശ്യപ്പെട്ടവരെ പേടിപ്പിച്ച് നിശ്ശബ്ദരാക്കുകയായിരുന്നു.


'ജോലിക്കിടെ കോവിഡ്​ പിടിച്ച ഞങ്ങളെ എങ്ങനെയാണവർ പിരിച്ചുവിടുക?

'തുടക്കം മുതലേ, പി.പി.ഇ കിറ്റ് അവർ നൽകിയിരുന്നില്ല'- ഹകീം അബ്​ദുൽ ഹമീദ് സെൻറിനറി ആശുപത്രിയിൽ പിരിച്ചുവിട്ട 84 നഴ്സുമാരിൽ ഒരാൾ പറഞ്ഞു. 'മഹാമാരി തുടങ്ങിയതു മുതൽ ജൂലൈ പകുതി വരെ കാലയളവിൽ ആകെ ലഭിച്ചത് ഏഴ് സാധാരണ മാസ്കുകൾ മാത്രം'. ജോലിക്കിടെ ഇതേ ആശുപത്രിയിൽ ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ പോലും പാടുപെടേണ്ടിവന്നതിെൻറ കഥ 'കാരവൻ' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വിഷയം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി നഴ്സുമാർ പറയുന്നു. ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിൽ ജൂലൈ പകുതിയോടെ സമരമുഖത്തിറങ്ങാനും അവർ തീരുമാനമെടുത്തതാണ്. പക്ഷേ, ജൂലൈ 11ന് 84 നഴ്സുമാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു. ഫെബ്രുവരിക്കും ജൂലൈ 10നുമിടയിൽ കരാർ പുതുക്കേണ്ടവരാണെങ്കിലും മഹാമാരി കാരണം അത് സാധ്യമല്ലെന്നായിരുന്നു കത്തിലെ പരാമർശം. വേണമെങ്കിൽ, പുതുതായി അപേക്ഷിച്ച് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാമെന്ന 'ഔദാര്യം' കൂടി കമ്പനി മുന്നോട്ടുവെച്ചതാണ് കൗതുകകരം.

മഹാമാരിയാണ് കാരണമായി നിരത്തിയതെങ്കിലും പിരിച്ചുവിടൽ നോട്ടീസിൽ വേണ്ടുവോളം അധിക്ഷേപവുമുണ്ടായിരുന്നു. അനുവദിച്ചും അല്ലാതെയും അവധിയെടുക്കുന്നുവെന്നായിരുന്നു അതിലൊന്ന്​. എന്നാൽ, ഒരിക്കൽ പോലും താൻ അവധിയെടുത്തില്ലെന്ന്​ ഉറപ്പുപറയുന്നു, ഖാത്തൂൻ. 'കിലോമീറ്ററുകൾ നടന്നാണ്​ ഞാൻ ജോലിക്കെത്തിയത്​. കണ്ടെയ്​ൻമെൻറിലും ലോക്​ഡൗണിലും കുടുങ്ങി ചില നഴ്​സുമാർ അപൂർവം ദിവസങ്ങളിൽ എത്താതിരുന്നിട്ടുണ്ടാകാം. അത്രമാത്രം''. അവർ പറയുന്നു.

'ജോലിക്കിടെ കോവിഡ്​ പിടിച്ച ഞങ്ങളെ എങ്ങനെയാണവർ പിരിച്ചുവിടുക?'^ ഖാത്തൂനിന്​ അരിശം തീരുന്നില്ല. ജോലിക്കെത്താത്തതിന്​ കരാർ ജീവനക്കാരെ പിരിച്ചുവിടരുതെന്ന്​ തൊഴിൽ മന്ത്രാലയം നൽകിയ ഉത്തരവു പോലും ആശുപത്രി പരിഗണിച്ചില്ല. ഇത്തരക്കാരുടെ ഉപജീവനം വഴിമുട്ടുന്നതിനൊപ്പം മാനസിക നില തകരാറിലാക്കാൻ ഇത്​ വഴിവെക്കുമെന്നുകൂടി മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയിരുന്നു. ഏതെങ്കിലും തരത്തിൽ തങ്ങളുടെ ആവശ്യങ്ങൾക്കായി അധികൃതരോട്​ ശബ്​ദമുയർത്തിയവരെ പടികടത്തലായിരുന്നു ആശുപത്രി മാനേജ്​മെൻറി​െൻറ ലക്ഷ്യമെന്ന്​ ഒരു നഴ്​സ്​ പറഞ്ഞു.

എന്നിട്ടും, പിരിച്ചുവിട്ട നഴ്​സുമാരിൽ പലരും പുതുതായി വീണ്ടും അപേക്ഷ നൽകി. അതല്ലാതെ അവർക്കു മുമ്പിൽ വഴികളുണ്ടായിരുന്നില്ല. 30 പേരെ തിരിച്ചെടുത്തതിൽ ഖാത്തൂ​െൻറ പേരുമുണ്ടായിരുന്നു. പട്ടികയിൽ പേരുണ്ട്​, പക്ഷേ അഭിമുഖത്തിന്​ ഖാത്തൂൻ പ​െങ്കടുത്തിരുന്നില്ലെന്ന്​ അവരുടെ അഭിഭാഷക സുഭാഷ്​ ചന്ദ്രൻ പറയുന്നു. പിരിച്ചുവിടലിനെതിരെ ജൂലൈ 23ന്​ ഖാത്തൂൻ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. ആരോപണങ്ങൾ നിഷേധിച്ച്​ ആശുപത്രി വെബ്​സൈറ്റിൽ മെഡിക്കൽ സൂപ്രണ്ട്​ സുനിൽ കോഹ്​ലി ഒരു വിഡിയോ അപ്​ലോഡ്​ ചെയ്​തതിലൊതുങ്ങി മാനേജ്​മെൻറി​െൻറ ഭാഗത്തുനിന്നുള്ള പ്രതികരണം.

നിർബന്ധിതാവസ്​ഥയിലല്ലാതെ ആരോഗ്യ പ്രവർത്തകർ പി.പി.ഇ കിറ്റ്​ നീണ്ട സമയം ധരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന്​ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. രണ്ടോ മൂന്നോ മണിക്കൂർ തുടർച്ചയായി ഇത്​ അണി​യുന്നതുതന്നെ ശ്വാസം മുട്ടിക്കുന്നതാണെന്ന്​ 'പബ്ലിക്​ സർവിസസ്​ ഇൻറർനാഷനൽ' സബ്​ റീജ്യനൽ സെക്രട്ടറി കണ്ണൻ രാമൻ പറയുന്നു. നാലു മണിക്കൂറിൽ കൂടുതൽ ഒരിക്കലും പി.പി.ഇ കിറ്റ്​ തുടർച്ചയായി അണിയുന്ന സാഹചര്യം ഉണ്ടാകരുതെന്ന്​ ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളിൽ നിയമമുണ്ട്​.

എന്നാൽ, തുടർച്ചയായി 12 മണിക്കൂർ പി.പി.ഇ കിറ്റ്​ അണിയേണ്ടി വരുന്നതായി കോവിഡ്​ ആശുപത്രിയായ ഡൽഹി പ്രൈമസ്​ സൂപ്പർ സ്​പെഷാലിറ്റി ഹോസ്​പിറ്റലിലെ ഒരു നഴ്​സ്​ പറയുന്നു. തുടർച്ചയായ 15 ദിവസം അവധിയി​ല്ലാതെ 12 മണിക്കൂർ ഷിഫ്​റ്റിലായിരുന്നു ജോലി​ ചെ​േ​യ്യണ്ടിവന്നതെന്ന്​ ഇവിടെനിന്നു വിരമിച്ച ഒരു നഴ്​സ്​ വ്യക്​തമാക്കുന്നു. ദിവസത്തേക്ക്​ ഒരു പി.പി.ഇ കിറ്റാണ്​ ലഭിക്കുക. വാഷ്​റൂം ഉപയോഗിക്കാനും ഭക്ഷണത്തിനും അഴിച്ചുവെച്ച ശേഷം വീണ്ടും അതുത​ന്നെ അണിയണം. നാലോ അഞ്ചോ ദിവസത്തേക്ക്​ ഒരു മാസ്​കും ലഭിക്കും.


'വിയർപ്പ്​ ​മൂടിയ ചേംബറുകള'ണിഞ്ഞ്​, ശമ്പളമില്ലാതെ...

ഇത്രയും ദീർഘമായ നേരം പി.പി.ഇ കിറ്റ്​ അണിയുന്നത്​ സങ്കൽപിക്കാൻ പോലുമാകില്ലെന്ന്​ രാമൻ അദ്​ഭുത​പ്പെടുന്നു. സ്വകാര്യ ആശുപത്രികളിൽ പലതിലും ഉപയോഗിക്കുന്ന പി.പി.ഇ കിറ്റുകളുടെ നിലവാര​മാണ്​ അതിലേറെ ഭീതിദം. ലോകത്തെ രണ്ടാമത്തെ വലിയ പി.പി.ഇ കിറ്റ്​ നിർമാതാക്കളായി ഇന്ത്യ ഉയർന്നതിനിടെ, പരിഗണിക്കേണ്ട ആരോഗ്യമാനദണ്​ഡങ്ങൾക്ക്​​ പുല്ലുവിലയായിരുന്നുവെന്ന്​ ജൂലൈ 21ലെ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. ഉപയോഗിച്ചുകഴിഞ്ഞാൽ 'വിയർപ്പ്​ ​മൂടിയ ചേംബറുകളാ'കും​ പലതുമെന്ന്​ മെഡിക്കൽ രംഗത്തുള്ളവരുടെ സാക്ഷ്യം. കയറ്റി അയക്കാൻ പോയിട്ട്​ രാജ്യത്തും അണിയാൻ ഒട്ടും കൊള്ളാത്തവ. ശമ്പളം വൈകുന്നതും വെട്ടിക്കുറക്കുന്നതും തുടർക്കഥയായതിന്​ പ്രൈമസ്​ ആശുപത്രിയിലെ നഴ്​സുമാരുടെ തന്നെ അനുഭവങ്ങളേറെ. 30 ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കപ്പെട്ടവരുണ്ട്​.

ഒടുവിൽ, ജൂണിൽ പ്രൈമസ്​ ആശുപത്രിയിലെ നഴ്​സുമാർ സമരത്തിനിറങ്ങി. സമരം കനത്തതോടെ 25 ശതമാനം ശമ്പള വർധനക്ക്​ മാനേജ്​മെൻറ്​ സമ്മതിച്ചു. എന്നിട്ടും, കടുത്ത സമ്മർദം താങ്ങാനാവാതെ ജോലി നിർത്തിപോകാനായിരുന്നു പല നഴ്​സുമാരുടെയും തീരുമാനം.

രോഗം പടരാതെ സൂക്ഷിക്കാനുള്ള പല മാർഗങ്ങളിൽ ഒന്നുമാത്രമാണ്​ പി.പി.ഇ കിറ്റെന്ന്​ ലോകാരോഗ്യ സംഘടന വ്യക്​തമാക്കുന്നുണ്ട്​. കരുതലിന്​ കടുത്ത നടപടികളില്ലായെങ്കിൽ അതുകൊണ്ട്​ വലിയ ഫലമുണ്ടാകില്ലെന്നർഥം. അടിസ്​ഥാന സൗകര്യമൊരുക്കൽ, അണുബാധ തടയൽ, കൃത്യമായ നയങ്ങൾ, ലാബ്​ പരിശോധന നടത്തൽ, രോഗികളുടെ ട്രയാജും മറ്റു ചികിത്സയും പിഴവില്ലാതിരിക്കൽ തുടങ്ങി പലതുണ്ട്​ വിഷയങ്ങൾ. പി.പി.ഇ കിറ്റ്​ അണിയാനും അഴിക്കാനും പ്രത്യേക ഇടം അനുവദിക്കണമെന്ന്​ 'എയിംസ്​' നിർദേശമുണ്ട്​.

പക്ഷേ, അടിസ്​ഥാന സൗകര്യങ്ങളാണ്​ മിക്ക ആശുപത്രികളിലെയും വിഷയമെന്ന്​ യുനൈറ്റഡ്​ നഴ്​സസ്​ അസോസിയേഷൻ (യു.എൻ.​െഎ) പ്രസിഡൻറ്​ റിൻസ്​ ജോസഫ്​ പറയുന്നു. 3.8 ലക്ഷം അംഗങ്ങളുള്ള നഴ്​സുമാരുടെ മാതൃസംഘടനയാണ്​ യു.എൻ.​െഎ. ഡൽഹി എയിംസിലെ നഴ്​സുമാർ ഇതി​െൻറ പേരിൽ സമരം ചെയ്​തത്​ ജൂണിലായിരുന്നു.

സ്വന്തമായി നടത്തിയ കോവിഡ്​ പരിശോധനക്ക്​ ഹക്കീം അബ്​ദുൽ ഹമീദ് സെൻറിനറി ആശുപത്രി പണമൊന്നും നൽകിയില്ലെന്ന്​ ഖാത്തൂൻ പറയുന്നു. കുടുംബം ഇല്ലായ്​മയിലും തണലായി ഒപ്പം നിന്നതിനാൽ താൻ ഇപ്പോഴും ജീവനോടെ നിലനിൽക്കുന്നുവെന്നും അവർ പറയുന്നു. വൈറസ്​ ബാധ അറിയാൻ രാജ്യതലസ്​ഥാന നഗരത്തിൽ ​ആരോഗ്യ ജീവനക്കാർക്ക്​ ഇപ്പോഴും ഇടവിട്ട പരിശോധനക്ക്​ സംവിധാനങ്ങളൊന്നുമില്ല.

ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധിക്കണമെന്നതാണ്​ ആരോഗ്യ ജീവനക്കാരുടെ കാര്യത്തിൽ ഇപ്പോഴുമുള്ള ചട്ടം^ ഏപ്രിലിലുണ്ടായിരുന്നു അതേ നിയമം. ഇതോടെ, ആരോഗ്യമേഖലയിലുള്ളവർ സ്വന്തമായി പരിശോധന നടത്തേണ്ടിവരുന്നു. രാജ്യത്തെ മിക്ക സ്വകാര്യ ആശുപത്രികളും വിദഗ്​ധ തൊഴിലാളികൾക്ക്​ നൽകേണ്ട വേതനത്തി​െൻറ അടുത്തുപോലും നൽകുന്നില്ലെന്നത്​ ഇതോടു ചേർത്തുവായിക്കണം.

മിക്ക ആശുപത്രികളും ജീവനക്കാർക്ക്​ ക്വാറൻറീൻ സൗകര്യവും അനുവദിക്കുന്നില്ല. ആശുപത്രിയിലെ ഏതു ജീവനക്കാരനും കോവിഡ്​ വാഹകനായേക്കും. ഏഴു ദിവസവും 24 മണിക്കൂറും രോഗിക്കൊപ്പമാണ്​ അവൻ/അവൾ കഴിയുന്നത്​. വീട്ടിലെത്തുന്നതോടെ കുടുംബത്തി​െൻറ ആരോഗ്യമാണ്​ അപകടപ്പെടുന്നത്​. ആശുപത്രികളിൽ ക്വാറൻറീൻ സൗകര്യമുള്ളിട​ത്തുപോലും വീട്ടിലേക്കു വിടുന്നതാണ്​ പതിവെന്ന്​ ഇന്ത്യൻ പ്രഫഷനൽ നഴ്​സസ്​ ​​അസോസിയേഷൻ ജോയിൻറ്​ സെക്രട്ടറി സിജു തോമസ്​ പറയുന്നു.

ആരുഷി ജെയ്​നും കേന്ദ്ര സർക്കാറും തമ്മിലെ കേസിൽ ആരോഗ്യ ജീവനക്കാർക്ക്​ മതിയായ ക്വാറൻറീൻ സൗകര്യം ഒരുക്കാൻ സുപ്രീം കോടതി ആരോഗ്യ മന്ത്രാലയത്തിന്​ ശിപാർശ ചെയ്​തിരുന്നു. കോവിഡ്​ രോഗികളുമായി നേരിട്ട്​ സമ്പർക്കമുള്ളവർക്ക്​ ക്വാറൻറീൻ സൗകര്യം അനുവദിക്ക​ുമെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതായും വിധി എടുത്തുപറയുന്നുണ്ട്​. ആരോഗ്യ ജീവനക്കാർക്ക്​ ​ഒരാഴ്​ചത്തേക്ക്​ ക്വാറൻറീൻ എന്നതായിരുന്നു തുടക്കത്തിലെ കേന്ദ്ര നിർദേശം. വേണ്ടിവന്നാൽ ഒരാഴ്​ച നീട്ടിനൽകുകയുമാകാം. രണ്ടു ദിവസം കഴിഞ്ഞ്​ ഇൗ പരിധി രണ്ടാഴ്​ചയായി കേന്ദ്രം ഉയർത്തി.

ജെറിൽ ബെനെയ്​റ്റും കേന്ദ്ര സർക്കാറും തമ്മിലെ കേസിൽ ആരോഗ്യ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്ന്​ തുഷാർ മേത്ത അറിയിച്ചതായി സുപ്രീം കോടതിയുടെ മറ്റൊരു വിധിയിൽ വ്യക്​തമാക്കുന്നുണ്ട്​. അതി​െൻറ തുടർച്ചയായി, കോവിഡ്​ ഡ്യൂട്ടിയിലുള്ള ആരോഗ്യ ജീവനക്കാരുടെ ശമ്പളം കുറക്കുന്നത്​ ഇന്ത്യൻ ശിക്ഷാ നിയമത്തി​െൻറയും ദുരന്ത നിവാരണ നിയമത്തി​െൻറയും പരിധിയിൽ പെടുത്തി ആരോഗ്യ സെക്രട്ടറി പ്രീതി സുദൻ ജൂൺ 18ന്​ ഉത്തരവ്​ പുറപ്പെടുവിച്ചു.

നിയമം ഒരുവഴിക്കും നടപടികൾ മറുവഴിക്കും

നിയമം ഒരുവഴിക്കും നടപടികൾ മറുവഴിക്കും എന്ന പ്രകാരമാണ്​​ ഇപ്പോഴും പല ആശുപത്രികളിലും കാര്യങ്ങളെന്ന്​ നഴ്​സുമാരുടെ സംഘടന കുറ്റപ്പെടുത്തുന്നു. 15 ദിവസം ജോലിയെടുത്തതിന്​ വേതനം നൽകുകയും അവശേഷിച്ച 15 ദിവസം അവധിയെടുക്കാൻ നിർദേശിക്കുകയുമാണ്​ ചില ആശുപത്രികൾ. നിർബന്ധിത അവധിക്ക്​ വേതനമുണ്ടാകില്ല. ആർ.ജി സ്​റ്റോൺ ആൻഡ്​​ യൂറോളജി ആൻഡ്​​ ലാപ്രോസ്​കോപി ആശുപത്രിയിൽ 30 ഒാളം നഴ്​സിങ്​ സ്​റ്റാഫിന്​ 50^ 60 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ചതായാണ്​ ആരോപണം. മാർച്ച്​ അവസാനം ലോക്​ഡൗൺ പ്രഖ്യാപിക്കപ്പെട്ടയുടൻ ജീവനക്കാർക്കും സമയക്രമം പുതുക്കിയിരുന്നു. ഇത്​ ശമ്പളം വെട്ടിക്കുറക്കാനാണെന്ന്​ മനസ്സിലായില്ലെന്ന്​ ജീവനക്കാർ.

സ്വകാര്യ ആശുപത്രികൾക്ക്​ മാത്രം ബാധകമല്ല, തൊഴിൽ സുരക്ഷയുടെയും ശമ്പളത്തി​െൻറയും പ്രശ്​നങ്ങൾ. സമാന പ്രശ്​നങ്ങൾക്ക്​ ഡൽഹിയിലെ നിരവധി സർക്കാർ ആശുപത്രികളിലും ജീവനക്കാർ സമരവുമായി ഇറങ്ങേണ്ടിവന്നു. ഡൽഹി സർക്കാറിനു കീഴിലെ ജാനകിപുരി സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയിൽ ജൂലൈ 15ന്​ 42 കരാർ ജീവനക്കാരെയാണ്​ പിരിച്ചുവിട്ടത്​. മറ്റൊരു ഏജൻസി വഴിയായിരുന്നു ഇവരുടെ കരാർ. അഞ്ചു ദിവസം കഴിഞ്ഞ്​ 40 നഴ്​സുമാർ സമരത്തിനിറങ്ങി. വടക്കൻ ഡൽഹിയിലെ കസ്​തൂർബ ആശുപത്രിയിലും സമാന സമരം നടന്നു. മൂന്നു മാസമായി വേതനം മുടങ്ങിയതിനായിരുന്നു അവരുടെ സമരം.

പക്ഷേ, സ്വകാര്യ ആശുപ​ത്രികളിലാണ്​ സ്​ഥിതി ഗുരുതരം. പരമാവധി ഉൗറ്റിയെടുക്കാനുള്ള മത്സരമാണ്​ ശരിക്കും നടക്കുന്നത്​. ആരോഗ്യ മോഡൽ എന്ന പേരിൽ ആദരിക്കപ്പെടുന്ന കേരളത്തിലും മഹാരാഷ്​ട്ര, പശ്​ചിമ ബംഗാൾ തുടങ്ങിയ സംസ്​ഥാനങ്ങളിലും നഴ്​സുമാർ മാസം മുഴുക്കെ ജോലിയെടുക്കേണ്ടിവരികയും പാതി മാത്രം ശമ്പളം വാങ്ങുകയും ചെയ്യുന്നു. രോഗികളുടെ ​കുറവിനു പോലും ചില ആശുപത്രികൾ നഴ്​സുമാർക്ക്​ ശമ്പളം കുറക്കുന്നു. രോഗി കുറഞ്ഞാൽ വരുമാനമില്ലെന്നാണ്​ അവരുടെ വിശദീകരണം. ഉള്ള രോഗികളിൽനിന്ന്​ കഴുത്തറപ്പൻ നിരക്കുവാങ്ങി ജീവനക്കാർക്ക്​ നൽകാതിരിക്കുകയാണ്​ പലരും ചെയ്യുന്നതും.

പരാതിപ്പെട്ടാൽ നിയമനടപടിയുടെ ഭീഷണിയും ഇവർക്കുനേരെയുണ്ടാകും. മഹാരാഷ്​ട്രയിൽ അടിയന്തര സേവന നിയമം ഉയർത്തിയാണ്​ നഴ്​സുമാരെ മതിയായ സുരക്ഷയില്ലാതെ തൊഴിലെടുക്കാൻ നിർബന്ധിക്കുന്നത്​. തലസ്​ഥാന നഗരത്തിൽ നഴ്​സുമാർക്ക്​ അവധി പോലും നിഷേധിക്കപ്പെടുന്നത്​ മറ്റൊരു പരാതി. തുടർച്ചയായ 20 മണിക്കൂർ വരെ ജോലിയെടുക്കേണ്ടിവരുന്നതായി ദേശീയ ​ട്രേഡ്​ യൂനിയൻ​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി അമർജിത്​ കൗർ പറയുന്നു.

കോടതി ഉത്തരവുകൾ പോലും പലയിടത്തും ഫലം കാണുന്നില്ല. സ്വകാര്യ ആശുപത്രികളിൽ കോവിഡ്​ ചികിത്സക്കുള്ള ആരോഗ്യ ജീവനക്കാർക്ക്​ അടുത്തിടെ 50 ലക്ഷം ഇൻഷുറൻസ്​ പദ്ധതി നടപ്പാക്കിയത്​ മാത്രമാണ്​ പ്രതീക്ഷയുടെ ഏക വെള്ളിരേഖ.

മൊഴിമാറ്റം: കെ.പി. മൻസൂർ അലി
കടപ്പാട്​: www.caravanmagazine.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nurses salarynurses issuenurses protest​Covid 19
News Summary - Nurses needs security measures to fight with covid 19
Next Story