അക്ഷയ ഊർജമാണ് ഭാവി
text_fieldsപ്രവർത്തനം നിർത്തിയ യു.എസിലെ ത്രീമൈൽസ് ഐലൻഡ് അണുശക്തി നിലയം
ചരിത്രത്തിൽ ഏറ്റവും കൂടുതൽ അണുശക്തി നിലയങ്ങൾ പ്രവർത്തിച്ചിരുന്നത് 2002ലാണ്; 438 എണ്ണം.
2024 സെപ്റ്റംബറിൽ പുറത്തിറക്കിയ വേൾഡ് ന്യൂക്ലിയർ ഇൻഡസ്ട്രി സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം 32 രാജ്യങ്ങളിലായി 408 അണുശക്തി നിലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഈ നിലയങ്ങൾ എല്ലാംകൂടിയുള്ള വൈദ്യുതോൽപാദന ശേഷി 367.3 ഗിഗാ വാട്ട് (GW) അഥവാ 367300 മെഗാവാട്ട് ആണ്. ഇതാകട്ടെ, ലോകത്തെ മൊത്തം വൈദ്യുതി സ്ഥാപിത ശേഷിയുടെ വെറും നാലു ശതമാനത്തോളമേയുള്ളൂ.
അണുശക്തി നിലയങ്ങൾക്ക്, തുല്യ സ്ഥാപിതശേഷിയുള്ള സൗര വൈദ്യുത നിലയങ്ങളേക്കാൾ ഒമ്പത് മടങ്ങ് ഊർജോൽപാദനം സാധ്യമാവേണ്ടതാണ്. എന്നിരുന്നാലും 2023ൽ ആഗോള തലത്തിൽ അണുവൈദ്യുത നിലയങ്ങൾ മൊത്തം ഉൽപാദിപ്പിച്ചത് 9.15 ശതമാനം വൈദ്യുതോർജം മാത്രമാണ്. ഇത്, തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് അൽപം കുറവും ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലയായ 1996ലെ 17.5 ശതമാനത്തേക്കാൾ വളരെ താഴെയാണെന്നും കാണാം.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി (2004 മുതൽ 2023 വരെ) 102 യൂനിറ്റുകൾ പ്രവർത്തനം തുടങ്ങുകയും 104 എണ്ണം അടക്കുകയും ചെയ്തു. ഈ പുത്തൻ നിലയങ്ങളിൽ 49 എണ്ണം ചൈനയിലായിരുന്നു. അവിടെ ഒരെണ്ണവും പൂട്ടേണ്ടിവന്നിട്ടില്ല.
2024 ജൂലൈ ഒന്നാം തീയതിയിലെ കണക്ക് പ്രകാരം ആഗോളതലത്തിൽ 59 റിയാക്ടറുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. ശരാശരി ആറു വർഷത്തോളം മുമ്പു പണിതുടങ്ങിയ ഇവയിൽ മിക്കതും പൂർത്തിയാക്കാൻ ഇനിയും ഏറെ സമയമെടുക്കും. ചിലത് ദശകങ്ങൾക്കുമുമ്പ് പണി തുടങ്ങിയവയാണ്. 40 വർഷം മുമ്പ് പണി തുടങ്ങിയ സ് ലോവാക്യയിലെ മൊക്കൊവ്സി-4 റിയാക്ടർ, 1976ൽ പണി തുടങ്ങിയ ഇറാനിലെ ബുഷർ-2 ഒക്കെ ഇവയിൽ പെടും. ഒരു ദശകത്തിലേറെയായി പണി നടക്കുന്നവയിൽ ഫാസ്റ്റ് ബ്രീഡർ പ്രോട്ടോ ടൈപ് റിയാക്ടറായ രാജസ്ഥാൻ ഏഴ്, എട്ട് എന്നിവയും ജപ്പാനിലെ ഷിമാനെ-3, ഫ്രാൻസിലെ ഫ്ലമാൻവില്ലെ (എഫ്.എൽ-3), അർജന്റീനയിലെ കറം എന്നിവയൊക്കെപ്പെടും.
മറ്റൊരു പ്രധാന കാര്യം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റിയാക്ടറുകളിൽ ഭൂരിപക്ഷവും പഴക്കംചെന്നവയാണെന്ന വസ്തുതയാണ്. 408 എണ്ണം ഉള്ളതിൽ 269 എണ്ണവും 31 വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. ഇവയിൽതന്നെ 127 എണ്ണം (31ശതമാനം) 41 വർഷത്തിലേറെയായി പ്രവർത്തിക്കുന്നവയാണ്. ആദ്യകാല റിയാക്ടറുകൾ രൂപകൽപന ചെയ്തിട്ടുള്ളത് ഏകദേശം 30 വർഷത്തെ ആയുർ ദൈർഘ്യം കണക്കിലെടുത്താണ്. നവീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് ഇവയിൽ പലതും തുടർന്നു പ്രവർത്തിക്കുന്നത്. പുതിയ പ്ലാന്റുകൾ ഡിസൈൻ ചെയ്തിട്ടുള്ളത് 40 മുതൽ 60 വർഷം വരെ പ്രവർത്തനം കണക്കാക്കിയാണ്.
ഉയർന്ന നിർമാണച്ചെലവും പ്രവർത്തനച്ചെലവും അവശിഷ്ട നിർമാർജനച്ചെലവും അതോടൊപ്പം കാറ്റിൽനിന്നും സൗരനിലയങ്ങളിൽനിന്നുമൊക്കെ വിലക്കുറവുള്ള വൈദ്യുതിയുടെ ലഭ്യതയും അണുവൈദ്യുതി രംഗം നേരിടുന്ന തിരിച്ചടികളാണ്.
ന്യൂക്ലിയർ നിലയങ്ങളുടെ നിർമാണം വേഗത്തിലാക്കാനായി മുൻകൂട്ടി തയാറാക്കിയ ചെറിയ മോഡുലർ റിയാക്ടറുകൾ (Small Modular Reactors) നിരവധിയെണ്ണം ആവശ്യാനുസൃതം കൂട്ടിയോജിപ്പിച്ചു പ്രവർത്തിക്കാമെന്നത് ആണവ ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ, ഇവയും ഇന്ധന അവശിഷ്ട പ്രശ്നങ്ങളിൽനിന്നോ ഇന്ധനം നിറക്കാനെടുക്കുന്ന സമയത്തിന്റെ കാര്യത്തിലോ മെച്ചമൊന്നും വരുത്തുന്നില്ല. ഇന്ധനത്തിന്റെ അളവു കുറയുമെന്നോ നിർമാണച്ചെലവു കുറയുമെന്നോ അപകടരഹിതമെന്നോ കരുതാനുമാവില്ല.
ഇതേസമയം, ലോകം ഒന്നാകെ അക്ഷയ ഊർജസ്രോതസ്സുകളിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നത് മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ആശ്വാസകരമായ വസ്തുതയാണ്. കഴിഞ്ഞ ദശകത്തിലെ ഈ രംഗത്തെ വളർച്ച ശുഭോദർക്കമാണ്. ജൈവ ഇന്ധനങ്ങൾ കൂടി കണക്കാക്കിയാൽ ആഗോളതലത്തിൽ ഇപ്പോൾതന്നെ അക്ഷയ സ്രോതസ്സുകളുടെ പങ്ക് മൊത്തം ഊർജോപയോഗത്തിന്റെ 20 ശതമാനത്തോളമാണ്. വൈദ്യുതോൽപാദനത്തിന്റെ മാത്രം കാര്യത്തിൽ ഇത് 30 ശതമാനത്തോളമുണ്ട്. നാലുശതമാനത്തിലും താഴെയാണ് അണുശക്തിയിൽനിന്നുമുള്ള വൈദ്യുതോൽപാദനം. ബാക്കി ഖനിജ ഇന്ധന സ്രോതസ്സുകളിൽനിന്നുമാണ് ലഭ്യമാകുന്നത്.
ആഗോളതാപനം കുറക്കാനായി അന്തരീക്ഷത്തിലെ കാർബൺ വാതകങ്ങളെ കുറച്ചുകൊണ്ടുവരാൻ പുതുക്കപ്പെടാവുന്ന ഊർജ സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തുകയും ഊർജക്ഷമത വർധിപ്പിച്ച് ഉപഭോഗം കുറക്കുകയും വേണം. അന്തരീക്ഷ മലിനീകരണം വർധിപ്പിക്കുന്ന മോട്ടോർ വാഹനങ്ങൾ ക്രമാതീതമായി കൂടിയിരിക്കുന്നു. വാഹനങ്ങൾ വൈദ്യുതിയിലേക്ക് മാറാനുള്ള പ്രവണത കൂടിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
അക്ഷയ ഊർജരംഗത്ത് ഇന്ത്യയിലെ സ്ഥിതി തികച്ചും ആശാവഹംതന്നെയാണ്. വൈദ്യുതിരംഗത്ത് വൻകിട ജലവൈദ്യുത പദ്ധതികളെ മാറ്റിനിർത്തിയാൽ പോലും 30 ശതമാനത്തിലേറെ ഉൽപാദനം അക്ഷയസ്രോതസ്സുകളിൽനിന്നുമാണ്. കേന്ദ്രസർക്കാറിന്റെ 2023 മേയ് 31ലെ കണക്കനുസരണിച്ച് 173, 619 മെഗാ വാട്ട് (MW). ഈ തീയതിയിലെ മൊത്തം സ്ഥാപിത ശേഷി 417, 668 മെഗാവാട്ട് ആണ്. വൻകിട ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിത ശേഷി ഈ ദിനത്തിൽ 46,850 മെഗാവാട്ട് (11.2 ശതമാനം) ആണ്.
ഇതുകൂടി കണക്കിലെടുത്താൽ മൊത്തം 41.3 ശതമാനം ഉൽപാദനശേഷി അക്ഷയസ്രോതസ്സുകളിൽ നിന്നുതന്നെയാണെന്നുള്ളത് പ്രശംസനീയമാണ്. ലോകത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മൂന്നാമത്തെ രാഷ്ട്രമാണ് ഇന്ത്യ. ഇവിടത്തെ ന്യൂക്ലിയർ നിലയങ്ങളുടെ സ്ഥാപിതശേഷി 6780 മെഗാവാട്ട് മാത്രമാണ്. അതായത് മൊത്തം സ്ഥാപിതശേഷിയുടെ 1.6 ശതമാനം. കാറ്റിൽനിന്നുമുള്ള ഉൽപാദനശേഷി 42,868 മെഗാവാട്ടും (10.3 ശതമാനം) സൗരവൈദ്യുത ശേഷി 67,078 (16.1ശതമാനം) മെഗാവാട്ടും ആണ്. 2024ലെ ചില റിപ്പോർട്ടുകളിൽ കാണുന്നത് കാറ്റിൽനിന്നും 47,000 മെഗാവാട്ടും സൗരവൈദ്യുതിയായി 90,000 മെഗാവാട്ടും അണുവൈദ്യുതിയായി 8180 മെഗാവാട്ടും എത്തിയിരിക്കുന്നു എന്നാണ്.
ചുരുക്കത്തിൽ ആഗോളതലത്തിലും ഇന്ത്യൻ ഊർജരംഗത്തും അണുശക്തി നിലയങ്ങളുടെ പ്രസക്തി ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്ഷയ ഊർജരംഗത്ത് പ്രതീക്ഷിച്ചതിലേറെ വേഗത്തിലാണ് ലോകരാഷ്ട്രങ്ങൾ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച്, സൗരവൈദ്യുതി രംഗം മുന്നിട്ടുനിൽക്കുകയും ചെയ്യുന്നു. സ്ഥലലഭ്യതയനുസരിച്ച് വളരെ വേഗം പണിതീർക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ആകർഷണം.
ലളിതമായ സാങ്കേതികവിദ്യയാണെന്നതും ഇതിന്റെ സവിശേഷതതന്നെ. എങ്കിലും ഒരു വസ്തുത നാം കാണാതെ പോകരുത്. സൗരസെല്ലുകളുടെ പാനൽ പരിസ്ഥിതി സൗഹൃദമെന്നു നാം കരുതുമ്പോഴും 25-30 വർഷം നീളുന്ന അവയുടെ ആയുസ്സെത്തിക്കഴിഞ്ഞാൽ പരിസ്ഥിതി ദോഷം വരാതെ നിർമാർജനം ചെയ്യേണ്ടതുണ്ട്. മറ്റൊന്നുള്ളത്, സൗര സെല്ലുകളുണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ നിർമാണം കുറെയൊക്കെ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമാണ്.
സുസ്ഥിര വികസനത്തിന്റെ പാതയിൽ ഊർജോൽപാദനം പരിസ്ഥിതി സൗഹൃദമാക്കുന്നതോടൊപ്പം ഊർജ സംരക്ഷണത്തിന്റെ പ്രസക്തിയും തിരിച്ചറിയണം. ഊർജം പാഴാകുന്നത് തടയുക, ഊർജക്ഷമത ഉയർത്തി കഴിയുന്നത്ര ഉപയോഗം കുറച്ച് കൂടുതൽ പ്രവൃത്തികൾ നടത്തുക, പരിസ്ഥിതിസൗഹൃദ സാങ്കേതിക വിദ്യകൾക്ക് മുൻതൂക്കം നൽകുക എന്നിവയെല്ലാം പ്രധാനമാണ്.
ഏതായാലും ഇന്നത്തെ നിലയിൽ നമ്മുടെ നാട്ടിൽ വൈദ്യുതോൽപാദനത്തിനായി അണുശക്തി നിലയങ്ങളെ ആശ്രയിക്കേണ്ട യാതൊരു കാര്യവുമില്ല. അക്ഷയസ്രോതസ്സുകൾ പൊതുവെ കുറവായ ഫ്രാൻസ്, ജപ്പാൻ, തായ്വാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ ഇനിയും കുറെക്കാലം കൂടി അവയുടെ പ്രസക്തി നിലനിന്നെന്നുവരാം. പിന്നെ, അണ്വായുധ നിർമാണത്തിന് അണുശക്തി നിലയങ്ങളെ മറയാക്കാൻ പല രാഷ്ട്രങ്ങളും ഉപയോഗിക്കാനിടയില്ലേ എന്ന സംശയം അസ്ഥാനത്താണെന്നു വിശ്വസിക്കാനും നിർവാഹമില്ല.
(അവസാനിച്ചു)
(ഗവ. എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലും ANERT മുൻ ഡയറക്ടറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

