വംശീയതയും വിദ്വേഷവുമല്ല; സാഹോദര്യവും സംവാദവുമാണ് ആവശ്യം
text_fields''മുസ്ലിംകളെയും സഭ ആദരവോടെ കാണുന്നു. കാരുണ്യവാനും സര്‍വശക്തനുമായ, ആകാശഭൂമികളുടെ സ്രഷ്ടാവായ, മനുഷ്യനോട് സംസാരിച്ച ഏകദൈവത്തെ അവര്‍ ആരാധിക്കുന്നു. അബ്രഹാമിനെപ്പോലെ ദൈവത്തിന് സമ്പൂര്‍ണമായി സമര്‍പ്പിക്കാന്‍ അവര്‍ കഠിനമായി പ്രയത്നിക്കുന്നു. അവര്‍ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിലും പ്രവാചകനായി ആദരിക്കുന്നു. കന്യകാമര്യത്തെ ആദരിക്കുന്നു. ഉയിര്ത്തെഴുന്നേല്പിലും അന്തിമവിധിയിലും വിശ്വസിക്കുന്നു. ധാര്‍മികജീവിതത്തെ വിലമതിക്കുകയും പ്രാര്‍ഥനയിലൂടെയും ദാനത്തിലൂടെയും വ്രതത്തിലൂടെയും ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിലെ ശത്രുതകളും സംഘട്ടനങ്ങളും വിസ്മരിച്ച്, മനുഷ്യസമൂഹത്തിെൻറ നന്മ, സാമൂഹികനീതി, ധര്‍മം, ക്ഷേമം, സമാധാനം, സ്വാതന്ത്ര്യം എന്നിവക്കായി ആത്മാര്‍ഥമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും അഭ്യര്‍ഥിക്കുന്നു'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, അക്രൈസ്തവ മതങ്ങള്‍).
ചരിത്രത്തിന് ഒരിക്കലും വിസ്മരിക്കാനാകാത്ത എന്നാല്‍, ആരും ഓര്മിക്കാനിഷ്ടപ്പെടാത്ത മധ്യകാല, കുരിശുയുദ്ധ സംഭവവികാസങ്ങളെ മറികടന്ന് കത്തോലിക്കാസഭ സഞ്ചരിച്ചതിെൻറ പ്രോജ്ജ്വല ഉദാഹരണമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. കഴിഞ്ഞദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ ഹംഗറിയില്‍ നടത്തിയ പ്രസ്താവന ഇതരസമൂഹങ്ങളോട് സ്നേഹത്തിലും ആദരവിലും പരിഗണനകളോടും കൂടി ബന്ധം സ്ഥാപിക്കേണ്ടതിനെ കുറിച്ചായിരുന്നു.
''പ്രവാചകരേ പറയുക: അല്ലയോ, വേദവിശ്വാസികളെ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്ക് വരുവിന്‍,...'' (ഖുര്‍ആന്‍ 3:64). ഇസ്ലാമിെൻറ അടിസ്ഥാന വിശ്വാസങ്ങളും മറ്റുള്ളവര്‍ക്ക് നിഷേധിക്കാന്‍ സാധിക്കാത്തതുമായ കാര്യങ്ങളില്‍ പരസ്പരം യോജിക്കുന്നതിനെ ഈ സൂക്തം അഭിവാദ്യം ചെയ്യുന്നു.
അഭിപ്രായ സ്വാതന്ത്ര്യം, ഇഷ്ടമുള്ള മതം സ്വീകരിക്കുക, ആചരിക്കുക, പ്രചരിപ്പിക്കുക-ഇവ ഇന്ത്യന്‍ ഭരണഘടന പൗരന് നല്കുന്ന മൗലികാവകാശങ്ങളാണ്. ഈ അവകാശത്തെ മത, നിര്‍മത, രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങളെല്ലാം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിെൻറ ഏറ്റവും വലിയ സവിശേഷതതന്നെ ഈ മഴവില്‍ സൗന്ദര്യമാണ്.
പരസ്പര ഐക്യത്തിന് വിശ്വാസികളെ ആഹ്വാനംചെയ്യുന്ന ഉദ്ധരണികളും അവയോട് എത്രമേല്‍ താദാത്മ്യപ്പെടുന്നു നമ്മുടെ രാഷ്ട്രസങ്കല്പമെന്നും മേല്‍വാചകങ്ങള്‍ വ്യക്തമാക്കുന്നു. ഇവയോട് നീതിചെയ്യാന്‍ നമുക്ക് ചുമതലയുണ്ട്. നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഈ മൂല്യങ്ങള്‍ക്കെല്ലാം തീര്‍ത്തും വിരുദ്ധമായാണ് കേരളത്തിലെ കത്തോലിക്കാസഭയിലെ ഒരുവിഭാഗം നേതൃത്വം നീങ്ങുന്നത്. പാലാ ബിഷപ്പിെൻറ പ്രസ്താവനയോട് ക്രൈസ്തവ വിശ്വാസികളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും ഒരുവിഭാഗം വിയോജിച്ചു എന്നത് ആഹ്ലാദകരമാണ്.
കേരളത്തിെൻറ പൊതുമണ്ഡലത്തില്‍ ക്രൈസ്തവ-ഇസ്ലാം സാന്നിധ്യമുണ്ട്. മറ്റേതൊരു വിഭാഗത്തെയും പോലെ, വിവിധ ക്രൈസ്തവ വിഭാഗങ്ങളും മുസ്ലിം വിഭാഗങ്ങളും വളരെ സജീവമായിതന്നെ കേരളത്തിെൻറ സംവാദ മേഖലകളില്‍ നിലകൊള്ളുന്നു. ക്രൈസ്തവ-ഇസ്ലാം സംവാദത്തിെൻറ ചരിത്രംതന്നെ കേരളത്തിനുണ്ട്. ആഗോളതലത്തില്‍ ആരോഗ്യകരമായ ക്രൈസ്തവ-ഇസ്ലാം സംവാദങ്ങളുടെ നീണ്ട അനുഭവങ്ങളും. സവിശേഷമായ ഒരു പ്രതിസന്ധിയും ലോകത്ത് അത് സൃഷ്ടിച്ചിട്ടില്ല എന്ന് മാത്രമല്ല, കേരളത്തിെൻറയും ലോകത്തിെൻറയും പ്രബുദ്ധതക്കും സാംസ്കാരിക ഔന്നത്യത്തിനും അവ മികവ് നല്‍കിയിട്ടേയുള്ളൂ. കൂടുതല്‍ കരുത്തോടെ ആശയപ്രഘോഷണങ്ങള് നിലനില്ക്കട്ടെ എന്നുതന്നെയാണ് ആരോഗ്യമുള്ള മനസ്സും മസ്തിഷ്കവും ആഗ്രഹിക്കുക.
പക്ഷേ, വര്‍ഗീയവും സാമുദായികവുമായ ധ്രുവീകരണത്തിലൂടെ തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങള് നേടിയെടുക്കാന്‍ രാജ്യത്ത് സംഘ്പരിവാര്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്നത് സുവിദിതമാണ്. അവരുടെ മുന്നിലെ ഏറ്റവും വലിയ പ്രതിബന്ധം രാജ്യത്ത് മതസമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരസ്പരസ്നേഹവും സഹവര്‍ത്തിത്വവുമാണ്. ഹിന്ദു-മുസ്ലിം-ക്രൈസ്തവ ഐക്യത്തിലൂടെയാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യപ്പുലരിയിലേക്ക് പിച്ചവെച്ചത്. അതിനാല്‍ രാജ്യത്തെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ മൈത്രീബന്ധം തലവേദനയാണ്. വിവിധ സമൂഹങ്ങള്‍ തമ്മിലെ ആദാനപ്രദാനങ്ങളെ തകര്‍ക്കുകയെന്ന അവരുടെ അജണ്ടയുടെ ഭാഗമാകാതിരിക്കാന്‍ നല്ല കരുതല്‍ വേണം. അറിഞ്ഞും അറിയാതെയും നാമതിനെ പ്രോത്സാഹിപ്പിച്ചുകൂടാ. സംഘ്പരിവാറിനെ പ്രീണിപ്പിച്ച് വല്ലതും നേടിയെടുക്കാമെന്ന മോഹം ആത്യന്തികമായി സമൂഹത്തിന് അപകടകരമായിരിക്കുമെന്ന് സംഘസിദ്ധാന്തങ്ങളിലൂടെ കടന്നുപോകുന്ന ആര്‍ക്കും ബോധ്യമാവും.
സംഘ്പരിവാര്‍ അധികാരത്തിലെത്തിയതോടെ കേരളത്തിെൻറ സാമൂഹികാന്തരീക്ഷത്തെ അപകടപ്പെടുത്താനുള്ള ശ്രമങ്ങള്‍ പല കോണുകളില്‍നിന്നും ഉണ്ടാകുന്നു എന്ന ആശങ്ക നിലനില്‍ക്കെ ഈ ബന്ധങ്ങളെ കൂടുതല്‍ വഷളാക്കുന്ന രീതിയിലായി, വിവാദപ്രസ്താവന എന്ന് ഖേദത്തോടെ പറയട്ടെ. സമുദായ നേതാക്കന്മാരും മതമേലധ്യക്ഷന്മാരും കേരളത്തില്‍ പുലര്‍ത്തിപ്പോരുന്ന മര്യാദകള്‍ക്ക് വിരുദ്ധമായി ഈ നിലപാട്.
തങ്ങളുടെ മതാനുയായികളെ നേര്‍വഴിക്ക് നടത്താനും അപഥസഞ്ചാരം ഒഴിവാക്കാനും ഉപദേശങ്ങള്‍ നല്കാന് ചുമതലയുള്ളവരാണ് എല്ലാ വിഭാഗത്തിലുമുള്ള മതനേതാക്കളും പണ്ഡിതരും. വേദഗ്രന്ഥങ്ങളില്നിന്നും മതപാരമ്പര്യത്തില്നിന്നുമുള്ള മൂല്യങ്ങളെ ജനങ്ങളെ പഠിപ്പിച്ചുകൊണ്ടായിരുന്നു കഴിഞ്ഞകാലങ്ങളില്‍ അവര്‍ ആ ഉത്തരവാദിത്തം നിര്‍വഹിച്ചത്. യേശു പഠിപ്പിച്ച കാരുണ്യത്തിെൻറയും മനുഷ്യസ്നേഹത്തിെൻറയും സഹാനുഭൂതിയുടെയും പിന്മുറക്കാരായ ക്രൈസ്തവ വിശ്വാസികള്‍ അവ പ്രയോഗവത്കരിച്ചപ്പോള് കേരളത്തിലെ ഇതരസമൂഹങ്ങള്‍ ഏറെ മതിപ്പോടും ആദരവോടും കൂടിയാണ് നോക്കിക്കണ്ടിട്ടുള്ളത്. ഇതിന് തീര്‍ത്തും വിരുദ്ധമായ വംശീയ വൈര്യത്തിെൻറ സന്ദേശം പ്രസരിപ്പിക്കുന്നതായിപ്പോയി, പാലാ ബിഷപ്പിെൻറ പ്രസ്താവം.
മദ്യത്തിെൻറയും മയക്കുമരുന്നിെൻറയും ദൂഷ്യങ്ങളെ കുറിച്ചും വിവാഹത്തില്‍ മതമൂല്യങ്ങള്‍ പാലിക്കേണ്ടതിനെ കുറിച്ചും ബോധവത്കരിക്കേണ്ടത് അനിവാര്യംതന്നെയാണ്. പക്ഷേ, വ്യാജമായ ആരോപണങ്ങള്‍ മുസ്ലിം സമുദായത്തിനുമേല്‍ കെട്ടിയേല്പിച്ചും വര്‍ഗീയവിദ്വേഷത്തിന് ആക്കം നല്കുന്ന സ്വഭാവത്തിലും ആകേണ്ടിയിരുന്നില്ല. ലവ് ജിഹാദ് ഇല്ലെന്ന് രാജ്യത്തെ ഒന്നിലധികം അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയതാണല്ലോ. പാര്‍ലമെൻറിലും അത് വ്യക്തമാക്കപ്പെട്ടതാണ്.
അതിനെ സംബന്ധിച്ച് വീണ്ടും ഉണ്ട് എന്ന് സ്ഥാപിക്കാന്‍ വിശുദ്ധസ്ഥലവും സന്ദര്‍ഭവും ഉപയോഗപ്പെടുത്തുന്നു. അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ പ്രയോഗങ്ങള്‍ ഇതര മതാനുയായികള്ക്കെതിരെ എയ്യുന്നതിലൂടെ സംഘ്പരിവാറിനല്ലാതെ ആര്‍ക്കാണ് ലാഭം? വിശ്വാസികള്‍ പരസ്പരം സംശയവും പകയും വിദ്വേഷവും പുലര്‍ത്തുന്നതിലൂടെ അലോസരപ്പെടുന്ന മനസ്സും അസ്വാരസ്യമുള്ള സാമൂഹികാന്തരീക്ഷവും രൂപപ്പെടുമെന്നല്ലാതെ എന്ത് ഫലം? നര്‍കോട്ടിക് ജിഹാദ് പ്രയോഗത്തിലൂടെ ക്രൈസ്തവര്‍ക്കിടയില്‍ മുസ്ലിം സമുദായത്തെ സംബന്ധിച്ച വിഷലിപ്തമായ പ്രതിച്ഛായ
ഇസ്ലാമിലെ വിശുദ്ധപദങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. ഇസ്ലാമിലാകട്ടെ, ബലാല്ക്കാരവും പ്രലോഭനവും പ്രകോപനവും മതവ്യാപനത്തിെൻറ വഴിയായി സ്വീകരിക്കുന്നത് നിഷിദ്ധ (ഹറാം)മാണ്. അത്തരം രീതി സ്വീകരിക്കുന്നത് ശിക്ഷാര്‍ഹവും നിരാകരിക്കുന്നത് പ്രതിഫലാര്‍ഹവുമാണ്.
മനുഷ്യനിലെ ബുദ്ധിയോടാണ് ഇസ്ലാം സംവദിക്കുന്നത്. ബുദ്ധിയെ നിരാകരിക്കുന്ന എല്ലാറ്റിനോടും അത് വിയോജിക്കുന്നു. ലഹരിയും മയക്കുമരുന്നും സമൂഹത്തിന് ദൂഷ്യമാണ്. നാമൊന്നിച്ച് അതിനെതിരെ ഏറക്കാലം കേരളത്തില്‍തന്നെ അണിനിരന്നിട്ടുണ്ടല്ലോ. നമ്മുടെ വിശ്വാസം കൂടിയാണ് അക്കാര്യത്തില്‍ നമ്മെ ഒരുമിപ്പിച്ച് നിര്‍ത്തിയത്. വസ്തുതയും ചരിത്രവും ഇതായിരിക്കെ മയക്കുമരുന്ന് മതപരിവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണം പുകമറ സൃഷ്ടിക്കാനേ ഉപകരിക്കൂ. അതുകൊണ്ട് ആരോപണങ്ങള്‍ക്കപ്പുറം തെളിവുകള്‍ ഉണ്ടായിരിക്കണം. പക്ഷേ, ലവ് ജിഹാദിെൻറ കാര്യത്തില്‍ സംഭവിച്ചതുതന്നെ നര്‍കോട്ടിക് ജിഹാദിനും സംഭവിക്കുമെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പരമതനിന്ദയും അവഹേളനവും യഥാര്‍ഥ മതവിശ്വാസികള്‍ പാപമായിട്ടാണ് കരുതുന്നത്. നിങ്ങളറിയാതെ ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നാണ് മതം പഠിപ്പിക്കുന്നത്. ആ മൂല്യത്തെ മുറുകെ പിടിക്കാന്‍ നമുക്കാവണം.
പരസ്പരം ഇടകലര്‍ന്നും ഇടപഴകിയുമാണ് കേരളത്തില്‍ വിവിധ മതവിഭാഗങ്ങള്‍ ജീവിക്കുന്നത്. പരസ്പരം അടുത്തറിയാന്‍ ഇത് സഹായകമായിട്ടുണ്ട്. കൂടുതല്‍ ഇഴയടുപ്പത്തോടെ ആ പാരസ്പര്യം മുന്നോട്ട് കുതിക്കട്ടെ. വിശ്വാസങ്ങളിലോ സിദ്ധാന്തങ്ങളിലോ ആരും വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. ശരിയെന്ന് തോന്നുന്നകാര്യങ്ങളില്‍ ഉറച്ചുനില്ക്കുക. അതേസമയം, വംശീയ മുന്‍വിധികള്‍ മാറ്റിവെച്ച്, സാഹോദര്യബന്ധത്തെ ഊട്ടിയുറപ്പിച്ച് സംവാദത്തിെൻറ പുതിയ തലങ്ങളിലേക്ക് നമുക്ക് ഉയര്‍ന്നുനില്‍ക്കാം.
(ജമാഅത്തെ ഇസ്ലാമി സംസ്ഥാന
അമീർ ആണ് ലേഖകൻ)