പനിപ്പേടി സ്ഥാനത്തും അസ്ഥാനത്തും
text_fieldsഎല്ലാ വർഷവുമെന്ന പോലെ ഇൗ മഴക്കാലത്തും അതിന് തൊട്ടു മുമ്പുമുണ്ടാകുന്ന പനിയും പനിപ്പേടിയും വീണ്ടും എത്തിയിരിക്കുന്നു. രോഗാണുക്കൾ മൂലമുണ്ടാകുന്നതും പകരുന്നതുമായ പല രോഗങ്ങളുടെയും ലക്ഷണങ്ങളിലൊന്നാണ് പനി. പലതരം വൈറസുകളും ബാക്ടീരിയകളും ഏകകോശജീവികളുമാണ് ഇത്തരത്തിൽ ബാധിക്കുന്നത്. രോഗാണുക്കളെ കണ്ടെത്താനും അവയുടെ ജീവിതചക്രം, പ്രത്യുൽപാദനരീതി, രോഗോൽപാദനശേഷി, സ്വഭാവമാറ്റങ്ങൾ എന്നിവ എളുപ്പത്തിൽ മനസ്സിലാക്കാനും അവ നിയന്ത്രണ വിധേയമാക്കാനും ഇപ്പോൾ പണ്ടത്തേക്കാൾ അധികം കഴിയുന്നുണ്ട്. അണുക്കളെ കൊല്ലുന്നതോ അവയുടെ പെരുപ്പം നിയന്ത്രിക്കുന്നതോ ആയ മരുന്നുകൾ മുഖേനയും വാക്സിനുകൾ ഉപയോഗിച്ച് ആളുകളിൽ പ്രതിരോധശേഷി വർധിപ്പിച്ചും ഇത് ചെയ്യാൻ കഴിയും.
പോളിയോ, ടെറ്റനസ്, ഡിഫ്തീരിയ തുടങ്ങി പല രോഗങ്ങളും ഇത്തരത്തിൽ നിയന്ത്രണത്തിനോ ഉന്മൂലനത്തിനോ വിധേയമാക്കാനായിട്ടുണ്ട്. രോഗാണുവിനെ നശിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ സംക്രമണത്തിന് തടയിടുകയാണ് ചെയ്യാവുന്നത്. അതിനു രോഗാണുക്കളുടെ ഉറവിടം, സ്വഭാവം, ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്ന രീതി, വാഹകരുണ്ടെങ്കിൽ അവയുടെ സ്വഭാവം, ഉറവിടം, ശരീരത്തിന് പുറത്ത് അണുക്കൾക്ക് ജീവിക്കാൻ കഴിയുന്ന കാലയളവ്, അവയുടെ അതിജീവനത്തിനും നാശത്തിനും ആവശ്യമായ ചുറ്റുപാടുകൾ എന്നിവയെല്ലാം അറിയണം. ഉദാഹരണത്തിന് ശരീരസ്രവങ്ങളിൽ നിന്ന് രോഗാണുക്കൾ പകരുന്ന അസുഖമാണെങ്കിൽ രോഗിയും അടുത്ത് പരിചരിക്കുന്നവരും മാസ്ക് ധരിച്ചാൽ സംക്രമണം തടയാം. അങ്ങനെയല്ലാത്ത സന്ദർഭങ്ങളിൽ അതിെൻറ ആവശ്യമില്ല. ഓരോ അസുഖത്തിലും എന്തു ചെയ്യണമെന്ന ശാസ്ത്രീയമായ അറിവ് എല്ലാവർക്കുമുണ്ടെങ്കിൽ രോഗനിയന്ത്രണം എളുപ്പമാണ്.
അനാവശ്യ ഉത്കണ്ഠ
നിസ്സാരമായി വന്നുപോകുന്ന വൈറൽപനി മുതൽ മാരകമായേക്കാവുന്ന പനികൾ വരെയുണ്ട്. സാധാരണ വരുന്ന ഫ്ലൂ പെട്ടെന്ന് പടർന്നു പിടിക്കുമെങ്കിലും മാരകമാകാറില്ല. ചിലപ്പോൾ അതോടൊപ്പമായിരിക്കും മാരകമായേക്കാവുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയും വ്യാപകമാകുന്നത്. ഇതെല്ലാം കൂട്ടിച്ചേർത്തുെവച്ച് ചിലപ്പോൾ അനാവശ്യമായി ഉത്കണ്ഠപ്പെടുന്നുമുണ്ട്. കേരളത്തിൽ മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലങ്ങളിലാണ് പകർച്ചപ്പനി കൂടുതൽ കാണുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടൂതൽ ഉണ്ടാവുക. നമ്മുടെ നാട്ടിൽ പകർച്ചപ്പനികളിൽ കൂടുതൽ മരണങ്ങളുണ്ടാക്കുന്നത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ്. ഇതുതന്നെ രോഗബാധിതരിൽ ഒന്ന് മുതൽ മൂന്നു ശതമാനം മാത്രമാണ്. ഈ മരണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കേണ്ടതുണ്ട്.
ആരോഗ്യവകുപ്പിെൻറ കണക്കു പ്രകാരം 2017ൽ ഡെങ്കിപ്പനി മൂലം മരിച്ചത് 165 പേരാണ്. 22,000 ത്തിനടുപ്പിച്ച് ആളുകൾക്ക് ഈ രോഗം സ്ഥിരീകരിച്ചിരുന്നു. മരണം ഒരു ശതമാനത്തിൽ താഴെയാണെങ്കിലും അത് ഗൗരവമായെടുക്കണം. രണ്ടാമത്, കേരളത്തിൽ കൂടുതൽ മരണങ്ങളുണ്ടായിട്ടുള്ളത് എലിപ്പനി മൂലമാണ്. ഇതോടൊപ്പം കുരങ്ങ്, ചെള്ള് തുടങ്ങിയവ വാഹകരായിട്ടുള്ള ക്യാസനോർ ഫോറസ്റ്റ് ഡിസീസ് (kyasanur forest disease), സ്ക്രബ് ടൈഫസ് (scrub typhus) തുടങ്ങിയ പനികളും ഇടക്കുണ്ടായിട്ടുണ്ട്. എന്നാൽ, ഇതൊക്കെ പെട്ടെന്നു തന്നെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ചില പനികളുണ്ടാകുമ്പോൾ ഒരു ചെറിയ ശതമാനം പേർ മരിക്കുന്നു എന്നതുകൊണ്ട് പനിയെ ആകമാനം പേടിക്കേണ്ടതില്ല. ചെറിയ തരം പനികളുള്ളവർ കൂടി അത്യധികം ആശങ്കയോടെ റഫറൽ ആശുപത്രികളിൽ തിക്കി തിരക്കുന്നതുമൂലം രോഗങ്ങൾ കൂടുതൽ വ്യാപിക്കാൻ സാധ്യത ഏറുന്നു. അതേസമയം, ഡെങ്കിപ്പനിപോലെ മാരകമായേക്കാവുന്ന രോഗങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും തക്കസമയത്ത് വേണ്ട ചികിത്സ നൽകുകയും വേണം.
സാംക്രമിക രോഗങ്ങളുടെ രണ്ടാം വരവ്
പുതിയ സഹസ്രാബ്്ദത്തോടടുപ്പിച്ചുണ്ടായത് സാംക്രമികരോഗങ്ങളുടെ രണ്ടാം വരവാണ്. ഈ രണ്ടാം വരവ് ഒട്ടേറെ ആശങ്കകളുണ്ടാക്കിയെങ്കിലും ചില നല്ല കാര്യങ്ങളുമുണ്ടായി. നമ്മുടെ പൊതുആരോഗ്യരംഗത്തെ നിരീക്ഷണസംവിധാനം കുറച്ച് ശക്തമായി എന്നതാണ് ഒരു ഗുണം. അതിെൻറ വലിയ ഗുണം ഇപ്പോൾ പുതുതായി വന്ന നിപ പനിയെ കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലുമുള്ള കാര്യക്ഷമതയിലൂടെ അറിയാൻ കഴിയും. ഓരോ പകർച്ചപ്പനിയും കൃത്യമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു സംവിധാനം ഇപ്പോൾ നിലവിലുണ്ട്. നിപയുടെ ഒരു ചരിത്രവുമില്ലാതിരുന്ന സമയത്താണ് അത് പിടിപെടുന്നത്. അത് ബാധിച്ചാലുണ്ടാകുന്ന മാരകത്വത്തിെൻറ നിരക്ക് മറ്റു പനികളേക്കാൾ പതിന്മടങ്ങാണ്. പുതുതായി ഒരു രോഗം കടന്നുവരുമ്പോൾ നമ്മുടെ ശരീരത്തിൽ അതിനെതിരായ പ്രതിവസ്തുക്കൾ തീരെയുണ്ടാവില്ല. അതേപോലെ തന്നെ, ആദ്യം സൂചിപ്പിച്ചതുപോലെ രോഗാണുവിെൻറ ജീവിതക്രമവും അത് ആക്രമിക്കുന്ന ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളുടെ ഘട്ടങ്ങളും അതിെൻറ അതിജീവനശേഷിയും, രോഗസ്വഭാവവുമൊന്നും സാംക്രമികശാസ്ത്രരീതി ഉപയോഗിച്ച് വേണ്ടും വണ്ണം പഠിച്ചിട്ടില്ലാത്തതിനാൽ തുടക്കത്തിൽ നല്ല നിരീക്ഷണവും രേഖപ്പെടുത്തലും വിശകലനവും എല്ലാം നിയന്ത്രണപരിപാടികൾ രൂപപ്പെടുത്തുന്നതിന് ആവശ്യമാണ്.
ഈ നിരീക്ഷണപ്രതിരോധ സംവിധാനങ്ങളുണ്ടായിട്ടും ഡെങ്കിപ്പനിയും എലിപ്പനിയും ഗണ്യമായി കുറക്കാൻ കഴിയാത്തതെന്തെന്ന കാര്യത്തിൽ നമ്മൾ ആശങ്കപ്പെടേണ്ടതുണ്ട്. ഡെങ്കിപ്പനി കൊതുകുകൾ പരത്തുന്ന രോഗമാണ്. വളരെ ചെറിയ ജലസംഭരണികളിൽ, നമ്മുടെ വാസസ്ഥലത്തു തന്നെ വളരുന്ന പകൽ കടിക്കുന്ന തീരെ ചെറിയ പുള്ളിക്കൊതുകുകളാണീ രോഗം പരത്തുന്നത്. ഈ കൊതുകുകൾ കടിക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കിയിട്ടോ, ശരീരത്തിൽ ലേപനം പുരട്ടിയിട്ടോ ഒക്കെയാകാം അത്. സാധാരണ രോഗങ്ങൾക്ക് മരുന്നു കഴിക്കുകയോ വാക്സിൻ എടുക്കുകയോ ഒക്കെയാണ് നമുക്ക് ശീലം. അത് ഡോക്ടർമാരോ ആരോഗ്യപ്രവർത്തകരോ ചെയ്യുന്നതുകൊണ്ട് ജനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം വരുന്നില്ല. എലിപ്പനിയാണെങ്കിൽ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ എലി പരത്തുന്നതാണ്. ഇത് ബാധിക്കുന്നവരിലും ചെറിയൊരു ശതമാനം മരണത്തിന് വിധേയമാകുന്നു.
വനനശീകരണം
വനനശീകരണവും കെട്ടിടനിർമാണം പോലെയുള്ള മാനുഷികപ്രവർത്തനങ്ങളും ജന്തുക്കളിലുണ്ടാക്കുന്ന സ്ഥാനഭ്രംശം, മനുഷ്യരുമായി അവയേയും അവ വഹിക്കുന്ന രോഗാണുക്കളേയും അടുപ്പിക്കുന്നതും പുതിയ രോഗങ്ങളുണ്ടാകാൻ കാരണമാണ്. സൂക്ഷ്മജീവികളിൽ അടിക്കടിയുണ്ടാകുന്ന ജനിതകമാറ്റങ്ങൾ അവരെ പുതിയ ആതിഥേയതാവളങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു. ആളുകളുടെ സഞ്ചാരവും കുടിയേറ്റവും രോഗങ്ങൾ വ്യാപിക്കാൻ േപ്രരകമായ മറ്റൊരു ഘടകമാണ്. ചുരുക്കത്തിൽ, എല്ലാ പനികളേയും സാമാന്യവത്കരിച്ച് പനിപ്പേടി പരത്തേണ്ടതില്ല. ഇപ്പോൾ കേരളത്തിൽ ശ്രദ്ധയോടെ നോക്കേണ്ടത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ്. പുതിയതായതുകൊണ്ട് നിപയും. അതേസമയം, മറ്റ് പലതും ഇടക്ക് വന്നു പോകുന്നതുകൊണ്ട് തുടർച്ചയായ നിരീക്ഷണവും ജാഗ്രതയും വേണം. സാംക്രമികരോഗശാസ്ത്രം എല്ലാവരും പഠിച്ചിരിക്കേണ്ടതാണ്. പൊതുവേ, നമുക്ക് ശാസ്ത്രാഭിമുഖ്യം കുറവാണ്. ഡോക്ടർമാരടക്കം ശാസ്ത്രം പഠിച്ചവരും ചിലപ്പോൾ സ്ഥിതിവിശേഷങ്ങൾ ഗ്രഹിക്കാൻ അത് ഉപയോഗിക്കാറില്ല. പൊതുജനങ്ങളിലുള്ളതു പോലെ തന്നെ യുക്തിരഹിതമായ പേടി ചിലപ്പോൾ ആരോഗ്യപ്രവർത്തകരിലും കാണാറുണ്ട്.

ഇപ്പോൾ, നിപയോടനുബന്ധിച്ച് സാമൂഹികമായി ഒറ്റപ്പെടുത്തുന്നതും മറ്റും നമ്മൾ കാണുന്നു. ശാസ്ത്രീയമായ അറിവിെൻറ അടിസ്ഥാനത്തിൽ രോഗം പകരാതിരിക്കാനായി വേർ പെടുത്തുന്നതും യുക്തിരഹിതമായി ആളുകളെ ഒറ്റപ്പെടുത്തുന്നതും രണ്ടു കാര്യമാണ്. ഓരോ തരം പനിയുടെയും ഉറവിടവും സ്വഭാവവും പ്രത്യേകമായി മനസ്സിലാക്കിയാൽ, എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാകും. ഉദാഹരണത്തിന്, വായുവിൽ കൂടി പകരുന്ന എച്ച്1 എൻ1 വളരെ വ്യാപകമാവുകയാണെങ്കിൽ ചിലപ്പോൾ സ്കൂളുകളും മറ്റും അടച്ചിടേണ്ടി വരും. എന്നാൽ, നിപപോലെ അടുത്തിടപഴകിയാൽ മാത്രം പകരുന്ന രോഗത്തിന് അതിെൻറ ആവശ്യമില്ല. പ്രതിരോധവും ചികിത്സയും നിരീക്ഷണവുമടങ്ങുന്ന ഒരു നല്ല പൊതുജനാരോരോഗ്യസംവിധാനത്തോടൊപ്പം, ഓരോതരം പനിയേയും സവിശേഷമായി തിരിച്ചറിഞ്ഞ് നേരിടാനുള്ള ശാസ്ത്രീയമായ അറിവ് ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഉണ്ടാവുക കൂടി ചെയ്താൽ പനിയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
