മഹാമാരിയല്ല;എപ്പിഡെമിക്ക് മാത്രം
text_fieldsഎൽനിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്നാണ് പ്രധാനമായും കാട്ടിലെ കായ് കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന വവ്വാലിൽനിന്ന് നിപ വൈറസ്, പന്നി തുടങ്ങിയ നാട്ടുമൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടർന്നു. 1998ൽ മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെട്ടത്.
രോഗകാരണം
ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ (Paramyxoviridae), വിഭാഗത്തിൽപെട്ട ആർ.എൻ.എ വൈറസുകളാണ് നിപ വൈറസുകൾ. പ്രധാനമായും പഴവർഗങ്ങൾ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസ്സിലെ വവ്വാലുകളാണ് ഈ വൈറസിന്റെ പ്രകൃതിദത്ത വാഹകർ. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. മലേഷ്യയിൽ വവ്വാലുകളിൽനിന്ന് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകർന്നു. വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന പാനീയങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽനിന്ന് രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രോഗവ്യാപനം
മലേഷ്യയിൽ 1998-99 കാലത്ത് 265 പേർക്ക് രോഗം ബാധിച്ചു. 105 പേർ മരണമടഞ്ഞു. സിംഗപ്പൂരിൽ 11 പേരിൽ രോഗം കണ്ടെത്തി ഒരാൾ മാത്രമാണ് മരണമടഞ്ഞത്. ബംഗ്ലാദേശിലെ മെഹർപുർ ജില്ലയിൽ നിപ വൈറസ് രോഗം 2001ൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ബംഗ്ലാദേശിലെ നിരവധി ജില്ലകളിലേക്ക് രോഗം പടർന്നു. 2012 മാർച്ചുവരെ ബംഗ്ലാദേശിൽ 263 പേരെയാണ് രോഗം ബാധിച്ചത്. ഇവരിൽ 196 (74.5%) പേരും മരിച്ചു 2001ൽ ഇന്ത്യയിൽ പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ 71 പേരെ നിപ വൈറസ് രോഗം ബാധിക്കുകയും 50 പേർ മരണമടയുകയും ചെയ്തു. 2007ൽ നാദിയായിൽ 30 പേർക്ക് രോഗബാധയുണ്ടായി അഞ്ചു പേർ മരിച്ചു. 1998നു ശേഷം ഇതുവരെ നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരിൽ 252 പേർ മരണമടഞ്ഞു. 40 മുതൽ 75 ശതമാനം വരെയായിരുന്നു വിവിധ രാജ്യങ്ങളിലെ മരണനിരക്ക് .
നിപ കേരളത്തിൽ
2018 മേയിൽ കേരളത്തിൽ നിപ വൈറസ് ബാധ ഉണ്ടായി. 28 പേരിൽ രോഗലക്ഷണം കണ്ടെങ്കിലും 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ മരണമടഞ്ഞു പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പിന്നീട് 2019 ജൂണിൽ കൊച്ചിയിൽ 23കാരനായ വിദ്യാർഥിയെ നിപ വൈറസ് ബാധിച്ചെങ്കിലും ചികിത്സയെ തുടർന്ന് രോഗം ഭേദമായി. നിപ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്സിനോ കണ്ടെത്തിയിട്ടില്ല. വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിൻ (Ribavirin) എന്ന മരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നുവരുന്നു.
ഇപ്പോൾ കോഴിക്കോട് വീണ്ടും നിപ ബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ആവർത്തിച്ച് നിപ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ സൂക്ഷ്മ പഠനം നടത്തേണ്ടതുണ്ട്.
(പൊതുജനാരോഗ്യ വിദഗ്ധനും അക്കാദമീഷ്യനുമായ ലേഖകൻ നിലവിൽ കേരള സർക്കാറിന്റെ കോവിഡ് വിദഗ്ധ സമിതി അധ്യക്ഷനാണ്)