പിണറായിയുടെ ഗ്രാഫ് ഇടിയുമ്പോൾ...
text_fieldsപിണറായി വിജയൻ, പി.വി. അൻവർ (ഫയൽ ചിത്രം)
സി.പി.എം സെക്രട്ടേറിയറ്റ് അംഗവും ഇടതുപക്ഷത്തിനു കേരളത്തിൽ അവതരിപ്പിക്കാൻ പറ്റിയ മികച്ച സ്ഥാനാർഥികളിലൊരാളുമായ എം. സ്വരാജിന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിനു പിന്നിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന പാർട്ടി നേതാക്കളുടെ വിലയിരുത്തൽ അങ്ങേയറ്റം വിചിത്രമാണ്. ഭരണത്തിന്റെ വിലയിരുത്തൽ ആണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്നു ഇലക്ഷൻ പ്രചാരണത്തിനിടയിൽ തള്ളിവിട്ട പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കം യു.ഡി.എഫ് വിജയം വർഗീയതയുടേതാണെന്നു പറഞ്ഞു ഒട്ടകപ്പക്ഷിനയം സ്വീകരിക്കുകയാണ്. യു.ഡി.എഫിന് വ്യക്തമായ മേൽക്കോയ്മയുള്ള മണ്ഡലമാണിതെന്നു ഫലം വരുന്നതിനു മുൻപേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു തോൽവി കാലേകൂട്ടി ബോധ്യപ്പെട്ടിരുന്നു എന്നതിനു തെളിവാണ്.
എന്നാൽ, പിണറായി പറഞ്ഞതു പോലെയുള്ള യു.ഡി.എഫ് ആധിപത്യം നിലമ്പൂരിനു 2011ന് മുമ്പ് ഉണ്ടായിരുന്നതാണ്. 2011ലെ മണ്ഡല പുനർനിർണയത്തോടെ അതു നഷ്ടപ്പെട്ടു. കോൺഗ്രസിനും ലീഗിനും സ്വാധീനമുള്ള മൂന്നു പഞ്ചായത്തുകൾ ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിലേക്കു മാറ്റിയതോടെ ഈ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് മേൽക്കോയ്‌മ ലഭിച്ചു. അതേസമയം, നിലമ്പൂരിലെ യു.ഡി.എഫ് സ്വാധീനത്തിൽ ഗണ്യമായ കുറവ് വന്നു.
2016 ലും 2021ലും പി.വി. അൻവർ എൽ.ഡി.എഫ് സ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ചതിനു പിന്നിൽ ഇടതുപക്ഷത്തിന്റെ വോട്ടിനു പുറമെ കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ലഭിച്ച ക്രോസ് വോട്ടുകളുമുണ്ടായിരുന്നു. തീവ്രവാദികൾ എന്നു സി.പി.എം ഇന്നാരോപിക്കുന്ന മുസ്‌ലിം സംഘടനകളിൽ നിന്നുള്ള വോട്ടും അക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾക്ക് ഇളക്കം തട്ടിയിട്ടില്ലെന്ന അവകാശ വാദത്തിലാണ് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സി.പി.എം ആശ്വസിക്കുന്നതും ആവർത്തിച്ചു പറയുന്നതും. അടിസ്ഥാന വോട്ടുകൾ കൊണ്ടല്ല പാർട്ടി അധികാരത്തിൽ എത്തുന്നത്.
ഇടതുപക്ഷത്തിനു ഭരണത്തിൽ വരാൻ സി.പി.എമ്മിന്റെ പാർട്ടി വോട്ടു കൊണ്ടു മാത്രം ഒരിക്കലും സാധിക്കില്ല. പാർട്ടിവോട്ട് കൊണ്ടുമാത്രം ജയിക്കാൻ കഴിയുന്ന എത്ര മണ്ഡലങ്ങൾ സി.പി.എമ്മിന് ചൂണ്ടിക്കാട്ടാൻ കഴിയും? പാർട്ടി വോട്ടും ഇടതുമുന്നണി ഘടക കക്ഷികളുടെ വോട്ടും കൂടി ചേർന്നാലും കണ്ണൂർ ജില്ലയിലെ വിരലിലെണ്ണാവുന്ന മണ്ഡലങ്ങളിൽ മാത്രമേ ഒന്നു മുട്ടി നോക്കാൻ കഴിയൂ. യു.ഡി.എഫിന് അത്ര പോലും കഴിയില്ല. യു.ഡി.എഫിലെ പോലെ കോൺഗ്രസ് കഴിഞ്ഞാൽ ജനപിന്തുണയുള്ള മുസ്‌ലിം ലീഗിനെ പോലൊരു ഘടകകക്ഷി എൽ.ഡി.എഫിലില്ല. പല ഘടകകക്ഷികൾക്കും കൊടി മാത്രമേയുള്ളൂ, ആളില്ല എന്നതാണ് അവസ്ഥ.
പാർട്ടിക്കാരും അനുഭാവികളും പണ്ടത്തേപ്പോലെ അരിവാൾ ചുറ്റികയിൽ മാത്രം വോട്ട് ചെയ്തിരുന്ന കാലവുമല്ല ഇത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതു ബോധ്യപ്പെട്ടതാണ്. സി.പി.എമ്മിനു സ്ഥിരമായി വോട്ടു ചെയ്തിരുന്ന പാർട്ടി അനുഭാവികൾക്ക് ബി.ജെ.പിക്ക് വോട്ടു ചെയ്യാൻ ഒരു പ്രയാസവും ഉണ്ടായില്ല. കണ്ണൂർ ജില്ലയിൽ അടക്കം സംസ്ഥാനത്തു ബി.ജെ.പി വോട്ടുകളിൽ ഉണ്ടായ വർധനയുടെ ഒരു ഭാഗം ഇങ്ങിനെ ലഭിച്ചതാണ്.
എൽ.ഡി.എഫിന്റെ വോട്ടും മുന്നണിയോട് താല്പര്യമുള്ളവരുടെ വോട്ടും ഒരു പാർട്ടിയോടും അടുപ്പം ഇല്ലാത്തവരുടെ വോട്ടും രാഷ്ട്രീയ പാർട്ടികളോട് പൊതുവിൽ അകൽച്ച കാണിക്കുന്ന പുതുതലമുറയുടെ വോട്ടും എല്ലാം കൂടിചേർന്നാണ് എൽ.ഡി.എഫിനെ വിജയിപ്പിക്കുന്നത്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പൊതുവെ നെഗറ്റിവ് ഫാക്ടർ ആണ് എപ്പോഴും തെളിഞ്ഞു കാണാറ്. അഞ്ചു കൊല്ലം ഒരു മുന്നണി ഭരിച്ചു അവരെ മടുക്കുകയും അഴിമതിയും സ്വജന പക്ഷപാതവും കൊണ്ടു ജനങ്ങൾ പൊറുതിമുട്ടുകയും ചെയ്യുമ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ അവരെ പുറത്താക്കി പഴയവരെ തിരിച്ചു കൊണ്ടുവരുന്ന രീതിയായിരുന്നു സംസ്ഥാനത്ത് ഏറെക്കാലമായി കണ്ടുവന്നത്. അതിനൊരു മാറ്റം സംഭവിച്ചത് 2021ലാണ്.
2016ൽ ഒന്നാം പിണറായി സർക്കാർ ഉയർന്ന ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നത് തൊട്ടുമുമ്പത്തെ ഉമ്മൻചാണ്ടി സർക്കാരിനെതിരെ ഉയർന്ന സോളാർ അടക്കം ആരോപണങ്ങളുടെ പിൻബലത്തിലായിരുന്നു. കീഴ്‌വഴക്കം നോക്കിയാൽ 2021ൽ യു.ഡി.എഫ് അധികാരത്തിൽ വരേണ്ടതാണ്. എന്നാൽ, പിണറായി സർക്കാരിനു കൂടുതൽ ഭൂരിപക്ഷത്തോടെ ഒരവസരം കൂടി വോട്ടർമാർ നൽകി. സ്വർണക്കടത്തടക്കമുള്ള നിരവധി ആരോപണങ്ങൾ സർക്കാരിനെതിരെ ഉയർന്നിട്ടും ഫലം കണ്ടില്ല.
അക്ഷരാർഥത്തിൽ 2021ലെ വിജയം പിണറായി വിജയനുള്ള അംഗീകാരമായിരുന്നു. എന്നാൽ, തുടർഭരണം അഞ്ചാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ പിണറായിയുടെ ഗ്രാഫ് വല്ലാതെ താഴേക്ക് പോയിരിക്കുന്നു. അതിന്റെ തെളിവാണ് ഈ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ നടന്ന അഞ്ചു ഉപതെരഞ്ഞെടുപ്പുകളുടെ ഫലം. പുതുപ്പള്ളിയിലും തൃക്കാക്കരയിലും സഹതാപ തരംഗം ഉണ്ടെന്നു പറഞ്ഞാലും അവിടങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് കിട്ടിയ ഭൂരിപക്ഷം ഞെട്ടിക്കുന്നതാണ്. ചേലക്കരയിൽ എൽ.ഡി.എഫ് ജയിച്ചെങ്കിലും അവിടുത്തെ ഭൂരിപക്ഷം ഗണ്യമായി ഇടിഞ്ഞു. പാലക്കാട് യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷവും എൽ.ഡി.എഫിനെ നടുക്കുന്നതാണ്.
ഏറ്റവുമൊടുവിൽ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം ഉപതെരഞ്ഞെടുപ്പിൽ ജയിച്ച മറ്റു മൂന്നു മണ്ഡലങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും രണ്ടു തവണ എൽ.ഡി.എഫിന്റെ പക്കൽ നിലനിന്ന സീറ്റ് യു.ഡി.എഫ് പിടിച്ചെടുക്കുകയാണ് ചെയ്തത്. പി.വി. അൻവറിനു ലഭിച്ച വോട്ട് കൂടി ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷത്തോട് ചേർക്കുമ്പോഴാണ് നിലമ്പൂരിൽ പ്രകടമായ ഭരണ വിരുദ്ധതയും പിണറായി വിരുദ്ധതയും ബോധ്യപ്പെടുക. പിണറായിസത്തെ തീർക്കുക എന്ന ഒരൊറ്റ മുദ്രാവാക്യം മാത്രം മുന്നോട്ടു വെച്ചു മത്സരിച്ച അൻവറിനു 19760 പേർ വോട്ടു ചെയ്തു എന്നതു ചെറിയ കാര്യമല്ല. നിലമ്പൂരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ഇത്. കേരളത്തിന്റെ അങ്ങോളമിങ്ങോളം പകൽ ഒരു തീവണ്ടി യാത്ര നടത്തിയാലും ഒരു കോഫി ഷോപ്പിൽ കയറിയാലും ബോധ്യപ്പെടാവുന്ന കാര്യമേയുള്ളൂ. നാലു ദിവസം നിലമ്പൂരിൽ നിരവധി പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രചാരണം നടത്തുകയും സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം അവിടെ ക്യാമ്പ് ചെയ്തു വോട്ടർമാരെ വീട് കയറി കാണുക പോലും ചെയ്തിട്ടും സംഭവിച്ച തിരിച്ചടി ചെറുതല്ല.
2016ൽ ഹീറോ ആയിരുന്ന പിണറായി വിജയൻ എന്തു കൊണ്ടു ഇത്രമേൽ അൺ പോപ്പുലർ ആയി എന്നതു സി.പി.എം ആഴത്തിൽ പഠിക്കേണ്ട വിഷയമാണ്. അതിന്റെ കാരണം പാർട്ടിയിലെ നേതാക്കൾക്കും അണികൾക്കും നന്നായി അറിയാം. എന്നാൽ, പിണറായി വിജയനെ ചോദ്യം ചെയ്യുക എന്ന സാഹസത്തിന് അവരാരും ഇറങ്ങിപ്പുറപ്പെടില്ല. ‘രാജാവ് നഗ്നനാണ്’ എന്നു വിളിച്ചു പറയാൻ തന്റേടമുള്ള പ്രജകൾ പാർട്ടിയിൽ ഇന്നില്ല. സംസ്ഥാനത്തു ശക്തമായ സംഘടനാ സംവിധാനമുള്ള പാർട്ടിയാണ് സി.പി.എം. നാലു കൊല്ലം കൂടുമ്പോൾ ബ്രാഞ്ച് മുതൽ കേന്ദ്രകമ്മിറ്റി വരെ സമ്മേളനങ്ങൾ നടത്തി പാർട്ടിയെ നയിക്കേണ്ടവരെ തെരഞ്ഞടുക്കുന്ന പാർട്ടി. ഈ സമ്മേളനങ്ങളിൽ സ്വാഭാവികമായും വിമർശനങ്ങൾ ഉയരും. മാധ്യമങ്ങൾ അതു മഹാസംഭവമായി ഉയർത്തിക്കാട്ടും. സമ്മേളനത്തിന്റെ ഉത്തരവാദിത്തങ്ങളിൽ ഒന്നാണത്. വീഴ്ചകൾ ബോധ്യപ്പെടാനും തിരുത്തലുകൾ വരുത്താനും അതാവശ്യമാണ്.
എന്നാൽ, അടുത്തിടെ സംസ്ഥാനത്തു നടന്ന ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ പിണറായി വിജയന്റെ മകൾ വീണ എ.കെ.ജി സെന്ററിന്റെ മേൽവിലാസത്തിൽ ബംഗളൂരുവിൽ ഐ.ടി കമ്പനി തുടങ്ങിയത് ഏതു സാഹചര്യത്തിലാണ്, ആരാണ് അതിനു അനുമതി കൊടുത്തത് എന്ന ചോദ്യം ആരെങ്കിലും ഉയർത്തിയിട്ടുണ്ടോ? സംസ്ഥാനത്തെ അതിസമ്പന്നരായ രണ്ടു വ്യവസായികൾ കമ്പനി തുടങ്ങാൻ കടം എന്ന പേരിൽ പണം കൊടുത്തത് എന്തിന്റെ പേരിൽ ആയിരുന്നു എന്നു ചോദിച്ചിട്ടുണ്ടോ? ഇതുപോലെ കുറേ ചോദ്യങ്ങൾ സി.പി.എമ്മിനെ സ്നേഹിക്കുന്നവരുടെ തൊണ്ടയിൽ തങ്ങി നിൽക്കുന്നുണ്ട്. അതു ചോദിക്കാൻ പറ്റാതെ വരുമ്പോഴാണ് അവർ റിബലുകളായി മാറുന്നത്. ചോദ്യം ചെയ്യപ്പെടാത്ത നേതാവ് ഒരു പാർട്ടിക്കും ഭൂഷണമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

