Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഹൈവേ സ്ഥലമെടുപ്പ് :...

ഹൈവേ സ്ഥലമെടുപ്പ് : ആര് ആരെയാണ് പറ്റിക്കുന്നത്?

text_fields
bookmark_border
ഹൈവേ സ്ഥലമെടുപ്പ് : ആര് ആരെയാണ് പറ്റിക്കുന്നത്?
cancel

ഇന്ത്യയുടെ വടക്കൻ അതിർത്തിയിലോ നോർത്ത് ഈസ്​റ്റിലോ ചെന്നാലുള്ള പ്രതീതിയാണ് ഇപ്പോൾ രാവിലെ നാഷനൽ ഹൈവേയിലൂടെ യാത്രചെയ്യുമ്പോൾ. പൊലീസ് വാഹനങ്ങളും ലാത്തികളും മറ്റു സന്നാഹങ്ങളുമായി പൊലീസുകാരും നിരയായി നിലയുറപ്പിച്ചിരിക്കുന്നു. ജനാധിപത്യ സർക്കാർ പ്രജകളുടെ സ്ഥലം കണ്ടുകെട്ടി വീടുകളും കെട്ടിടങ്ങളും നിർദാക്ഷിണ്യം ഇടിച്ചുമാറ്റി റോഡിനുവേണ്ടി ബി.ഒ.ടി കമ്പനിക്ക് സ്ഥലം ഏൽപിച്ചുകൊടുക്കാൻ ഏർപ്പെടുത്തിയതാണ് ഈ പൊലീസ് സന്നാഹം. മാർച്ച് നാലാം വാരം കുറ്റിപ്പുറത്തുനിന്ന്​ തുടങ്ങിയ നാഷനൽ ഹൈവേക്കു വേണ്ടിയുള്ള സർവേ ഇന്നലെ കൊളപ്പുറം പിന്നിട്ടു. ഫെബ്രുവരി അവസാനം മാത്രം പ്രസിദ്ധീകരിച്ച പുതിയ അലൈൻമ​​​െൻറ്‌ അനുസരിച്ചു പെട്ടെന്നുതന്നെ സർവേ നടപടികൾ ആരംഭിച്ചപ്പോൾ എന്തുചെയ്യണമെന്നറിയാതെ, ആരോട് പരാതി ബോധിപ്പിക്കണമെന്നറിയാതെ നിസ്സഹായരായി നിൽക്കുകയാണ് സാധാരണ ജനങ്ങൾ.

കുറ്റിപ്പുറത്തുനിന്ന് സർവേ ആരംഭിച്ച ശേഷം കാര്യങ്ങൾ വിശദീകരിക്കാനെന്ന പേരിൽ സർവേ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ നടത്തിക്കൊണ്ടിരിക്കുന്ന യോഗങ്ങളിൽ ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് ആരോപണമുന്നയിക്കുകയും എന്തായാലും അലൈൻമ​​​െൻറ്​ മാറ്റാൻ കഴിയില്ല, അതിനാൽ അനുസരിച്ചേ പറ്റൂ എന്ന ഭീഷണി മയത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതിനപ്പുറം ഇരകളാക്കപ്പെടുന്ന ആളുകൾക്ക് പറയാനുള്ളതെന്താണെന്നു കേൾക്കാൻ തയാറാകുന്നില്ല. പ്രശ്നങ്ങൾ യഥാവിധം സർക്കാറിൽ അവതരിപ്പിച്ചു ന്യായമായ പരിഹാരത്തിന് ശ്രമിക്കേണ്ട ജനപ്രതിനിധികൾക്കും ജനങ്ങൾക്ക് ദിശാബോധം നൽകാനാവുന്നില്ല. എന്നല്ല, സർക്കാറിനുവേണ്ടി രംഗത്തുള്ള ഡെപ്യൂട്ടി കലക്​ടറുടെയും ജനപ്രതിനിധികളുടെയും വിശദീകരണങ്ങളിൽ നല്ല രീതിയിൽ സുതാര്യതകമ്മി അനുഭവപ്പെടുന്നുമുണ്ട്.

സര്‍വേക്കെതിരെ പ്രതിഷേധിക്കുന്നവര്‍
 

തങ്ങളുടെ ജീവിതംതന്നെ ഇരുളടഞ്ഞു പോകുന്ന ഗുരുതര പ്രശ്നം അവതരിപ്പിക്കുന്ന സാധാരണക്കാരെ വികസന വിരോധികളെന്നു ചാപ്പകുത്തി കാര്യം നേടുന്ന സർക്കാർ ശ്രമം ഇവിടെ വിലപ്പോവില്ല. കാരണം, ഹൈവേ വികസിപ്പിക്കേണ്ട എന്ന നിലപാട് ആർക്കുമില്ല. പക്ഷേ, കിട്ടാവുന്നിടത്തോളം നിലവിൽ സർക്കാറി​​​​െൻറ കൈയിലുള്ള ഭൂമി ഉപയോഗപ്പെടുത്തി, ആവശ്യമുള്ളേടത്തുമാത്രം കൃത്യമായ നഷ്​ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തോട്ടെ എന്നാണു ജനങ്ങൾ പറയുന്നത്. എന്നാൽ, ഇതിനു കൃത്യമായ മറുപടി നൽകാതെ സാധാരണക്കാർക്ക് മനസ്സിലാകാത്ത സാങ്കേതികതകൾ പറഞ്ഞു ഒളിച്ചു കളിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഉദാഹരണമായി പതിറ്റാണ്ടുകൾക്ക് മുമ്പേ അറുപതോളം മീറ്റർ വീതിയിൽ മും​െബെ-കന്യാകുമാരി ഹൈവേക്കായി സ്ഥലം വിട്ടുനൽകിയവരാണ് കൊളപ്പുറം പ്രദേശത്തുള്ള ആളുകൾ. ഇപ്പോൾ ദേശീയപാത വികസിപ്പിക്കു​േമ്പാൾ അതിനു മതിയായ സ്​ഥലം റോഡിനിരു വശവുമിരിക്കെ നേരത്തെ പ്രഖ്യാപിച്ചിരുന്ന അലൈൻമ​​​െൻറിൽനിന്ന് വ്യത്യസ്തമായി പൂർണമായും ജനാധിവാസ മേഖലയിലൂടെ വീടുകളുടെ മുകളിലൂടെ കൊണ്ടുപോകുന്നതെന്തിനെന്നു ചോദിക്കുമ്പോൾ 100 കി.മീ./മണിക്കൂർ ഡിസൈൻ സ്പീഡ് നിർബന്ധമാണെന്നാണ് പറയുന്നത്. മൂന്ന്​-എ, മൂന്ന്​-ഡി, മൂന്ന്​-ജി എന്നൊക്കെ വകുപ്പുകളുടെ പേരും സി.പി.ഡബ്ല്യു.ഡി നിരക്കിൽ കെട്ടിടങ്ങൾക്കു നഷ്​ടപരിഹാരം എന്നൊക്കെ പ്രഖ്യാപനവുമായി ആകെ ആശയക്കുഴപ്പത്തിലാക്കുകയാണ് ഉത്തരവാദപ്പെട്ടവർ. ഈ സാഹചര്യത്തിൽ താഴെ ഉന്നയിക്കുന്ന സംശയങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ സംസ്ഥാന സർക്കാറിനും ജനപ്രതിനിധികൾക്കും ബാധ്യതയുണ്ട്. 

1. സംസ്ഥാന സർക്കാറി​​​​െൻറ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ത​​​​െൻറ ഉത്തരവാദിത്തമെന്നും അതിനാൽ സർവേ നിർത്തി ​വെക്കാനാവില്ലെന്നും അലൈൻമ​​​െൻറ്​ മാറ്റണമെങ്കിൽ സംസ്ഥാന സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും അരുൺ ആവർത്തിച്ചു പറയുന്നു. അങ്ങനെയെങ്കിൽ ഭരണകക്ഷിയായ സി.പി.എം തീരുമാനിച്ചാൽ തീരുന്നതല്ലേയുള്ളൂ പ്രശ്നം? അങ്ങനെ ചെയ്യുന്നതിൽ എന്താണ് സി.പി.എമ്മിന് തടസ്സം? അവരെക്കൊണ്ട് അത് ചെയ്യിക്കാൻ കോൺഗ്രസ്-ലീഗ് പ്രതിപക്ഷ കക്ഷികൾക്ക് കഴിയില്ലെന്നാണോ?

2. 2017 മേയ് ആറാം തീയതി പുതുക്കിയ അലൈൻമ​​​െൻറ്​ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികൾക്കും പഞ്ചായത്ത് പ്രസിഡൻറ്​ -വൈസ് പ്രസിഡണ്ടുമാർക്കും കൈമാറിയതാണെന്നും തുടർന്ന് കിട്ടിയ നിർദേശങ്ങൾകൂടി ഉൾക്കൊള്ളിച്ചാണ് മേയ് അവസാനം അലൈൻമ​​​െൻറ് അന്തിമമാക്കിയതെന്നുമാണ് ഡെപ്യൂട്ടി കലക്ടർ വിശദീകരിക്കുന്നത്. ഇത് വാസ്തവമെങ്കിൽ മലപ്പുറം ജില്ലയിലെ എം.പി/എം.എൽ.എ മാരോ പഞ്ചായത്ത്​ അധികൃതരോ എന്തുകൊണ്ട് അതി​​​​െൻറ ഗൗരവം ജനങ്ങളെ / സർക്കാറിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചില്ല എന്നത് അവരുടെ ഭാഗത്തു വന്ന ഗുരുതരമായ വീഴ്ചയല്ലേ ?

3. ജനജീവിതത്തെ ഇത്ര ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ 10 മാസമായി ഒരു വിശദീകരണ യോഗവും നടത്താതെ സർവേ തുടങ്ങിയ ശേഷം ഇപ്പോൾ ഡെപ്യൂട്ടി കലക്ടറും ജനപ്രതിനിധികളും യോഗം നടത്തുന്നതെന്തിന്? 10 മാസത്തെ വിലപ്പെട്ട സമയം ഉപയോഗപ്പെടുത്താതെ ജനപ്രതിനിധികൾ  ഇപ്പോൾ സമരപ്പന്തലുകളിൽ വന്നിരിക്കുന്നത് എന്തിനാണ്? ആ സമയം ഉപയോഗിച്ച് സർക്കാറിൽ സമ്മർദം ചെലുത്തി കാര്യം നേടാനാവേ​േണ്ട അവരുടെ ശ്രമം ?

4. നാഷനൽ ഹൈവേ അതോറിറ്റിയുടെ തീരുമാനമാണിതെന്നും മാറ്റാനാവില്ലെന്നുമാണ് ​െഡപ്യൂട്ടി കലക്ടറുടെ വാദം. തെറ്റാണിത്. രാജ്യത്തിന് കോടികളുടെ വരുമാനമുണ്ടാവുന്ന സേതുസമുദ്രം പദ്ധതി ജനങ്ങളിൽ ചിലരുടെ വികാരം എതിരാണെന്നതി​​​​െൻറ പേരിൽ രാംസേതു എന്ന ഐതിഹ്യ പാലം തകർക്കാതെ പുതിയ അലൈൻമ​​​െൻറനുസരിച്ച് മാത്രമേ നിർമിക്കൂ എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത് ഈയിടെയാണ്. അതായത് ജനവികാരത്തിനനുസരിച്ച് ​േപ്രാജക്ടുകളിൽ നീക്കുപോക്ക് നടത്തുന്നുണ്ടെന്നർഥം. അങ്ങനെയെങ്കിൽ ഹൈവേ വികസനം മാത്രമെങ്ങനെ ഒരു അലൈൻമ​​​െൻറിലും ഒരു മാറ്റവും പാടില്ലാത്ത ഒന്നായി മാറുന്നു?

5. അറുപതു മീറ്ററോളം നേരത്തെ അക്വയർ ചെയ്ത സ്ഥലമുണ്ടായിട്ടും, നാഷനൽ ഹൈവേ അതോറിറ്റി മുന്നോട്ടുവെക്കുന്ന മണിക്കൂറിൽ 100 കി.മീ ഡിസൈൻ സ്​പീഡ്​ സാധ്യമല്ലാത്തതുകൊണ്ടാണ് പുതിയ സ്ഥലമെടുപ്പ് വേണ്ടിവരുന്നത് എന്നാണ് പറയുന്നത്. ഒരു ഹൈവേക്ക് ഡിസൈൻ സ്​പീഡ്​ കണക്കാക്കുമ്പോൾ ഒാപറേറ്റിങ്​ സ്​പീഡ്​, പ്രദേശത്തി​​​​െൻറ സ്വഭാവം എന്നിവയോടൊപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങൾ, സാമ്പത്തിക ഘടകങ്ങൾ എന്നിവ കൂടി പരിഗണിക്കണമെന്നാണല്ലോ. ഇതെല്ലാം പരിഗണിച്ചുതന്നെയാണോ ഡിസൈൻ സ്​പീഡ്​ തീരുമാനിച്ചത്? ജനസാന്ദ്രത ച. കി. മീറ്ററിന് 308 ആയ ആന്ധ്രക്കും 200 ആയ രാജസ്ഥാനും 860 ആയ കേരളത്തിനും ഒരേ ഡിസൈൻ സ്​പീഡ്​ തന്നെ വരുന്നതി​​​​െൻറ മാനദണ്ഡം എന്താണ്? ഡിസൈൻ സ്​പീഡ്​ എന്നാൽ, വണ്ടികൾ ഓടിക്കേണ്ടുന്ന വേഗപരിധിയാണ് എന്ന തെറ്റിദ്ധാരണയുണ്ട്. റോഡ് നിർമാണത്തിൽ പരിഗണിക്കുന്ന ഒാപ്​റ്റിമം സ്​പീഡ്​ ആയ ഡിസൈൻ സ്​പീഡി​​​​​െൻറ മുകളിലോ താഴെയോ ഉള്ള സ്പീഡുകളിൽ വാഹനമോടിക്കാമെന്നിരിക്കേ, പ്രത്യാഘാതങ്ങൾ വളരെ കൂടുതലാണെന്നിരിക്കെ, വളവുകളിൽ 80 കി.മീ തന്നെ ഡിസൈൻ സ്​പീഡ്​ വേണമെന്ന് ആർക്കാണ് ഇത്ര നിർബന്ധം? കേരള ഗവൺമ​​​െൻറ്​ വിചാരിച്ചാൽ പരിഹരിക്കാൻ കഴിയാത്തതാണോ ഈ വിഷയം?

6. ഹൈവേക്കു വേണ്ടിയുള്ള ഭൂമിയേറ്റെടുക്കൽ 1956ലെ ആകട് പ്രകാരവും നഷ്​ടപരിഹാരം 2013ലെ നിയമപ്രകാരവും ആയത് എന്തുകൊണ്ടാണ്? 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുത്തെങ്കിൽ സാമൂഹിക പ്രത്യാഘാതം കൂടി പരിഗണിക്കാൻ സർക്കാർ നിർബന്ധിതമാകുമായിരുന്ന അവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ ബോധപൂർവമെടുത്ത ഒരു തന്ത്രമല്ലേ രണ്ടിനും രണ്ട് നിയമമെന്നത്? പ്രജാക്ഷേമ തൽപരരായിരുന്നു കേന്ദ്ര, സംസ്ഥാന സർക്കാറുകളെങ്കിൽ രണ്ടും 2013ലെ നിയമത്തിന് കീഴെയായിരുന്നില്ലേ വേണ്ടിയിരുന്നത്?

7. മൂന്ന്​-സി അനുസരിച്ചു ഫയൽ ചെയ്യുന്ന ഉടമയുടെ ഒബ്​ജക്​ഷൻ അനുവദിക്കുന്നതി​​​​െൻറയും തള്ളുന്നതി​​​​െൻറയും മാനദണ്ഡങ്ങൾ എന്ത്? ഒബ്ജക്​ഷൻ പരിഗണിക്കുന്നത് പുതിയ അലൈൻമ​​​െൻറിന്​ അംഗീകാരം നൽകിയവർതന്നെയാണെന്നിരിക്കെ വെറുമൊരു ചടങ്ങു മാത്രമാവില്ലേ ഈ ഒബ്ജക്​ഷൻ സമർപ്പണം? എന്തിനാണ് ഈ പരിഹാസം?

8. മൂന്ന്​-ഡി നോട്ടിഫിക്കേഷൻ വന്നാൽ സ്ഥലം തടസ്സങ്ങളേതുമില്ലാതെ സർക്കാറിലേക്ക് ചേർക്കപ്പെടുമെന്നിരിക്കെ മൂന്ന്​^ജി അനുസരിച്ചു കിട്ടുന്ന നഷ്​ടപരിഹാരം എന്തുതന്നെയായാലും അത് വാങ്ങി സ്ഥലം വിടാൻ മാത്രമാവില്ലേ ഉടമയുടെ വിധി?

9. കെട്ടിടങ്ങൾക്ക് സി.പി.ഡബ്ല്യു.ഡി നിശ്ചയിക്കുന്ന 2018ലെ വിലയുടെ ഇരട്ടി കിട്ടുമെന്നാണല്ലോ വാഗ്ദാനം. ഓരോ കെട്ടിടത്തി​​​​െൻറയും വിലയും അതനുസരിച്ചു ഇരയാക്കപ്പെടുന്ന ഓരോ വ്യക്തിക്കു കിട്ടുന്ന സംഖ്യയും  ​ത്രീ^ഡി നോട്ടിഫിക്കേഷൻ വരുന്നതിനുമുമ്പേ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുകയല്ലേ സുതാര്യത ആഗ്രഹിക്കുന്ന സർക്കാർ ചെയ്യേണ്ടത്? അത് സർക്കാറിനെക്കൊണ്ട് ചെയ്യിക്കാനല്ലേ ജനപ്രതിനിധികളും രാഷ്​ട്രീയക്കാരും ശ്രമിക്കേണ്ടിയിരുന്നത്​?

10. മൂന്ന്​-ജി അനുസരിച്ചുള്ള നഷ്​ടപരിഹാരത്തെക്കുറിച്ച് പറയുന്ന അധികാരികൾ, മൂന്ന്​^ഡി അനുസരിച്ചു നിക്ഷിപ്തമാവുന്ന ഭൂമിയിൽ എന്ത് പണി നടത്താനും കേന്ദ്ര സർക്കാറിന് അധികാരമുണ്ടാവുമെന്നു പറയുന്ന 1956ലെ നിയമത്തിലെ മൂന്ന്​^ എഫ്​ വകുപ്പിനെ കുറിച്ചോ ഒഴിഞ്ഞു കൊടുത്തില്ലെങ്കിൽ പൊലീസിനെയോ കലക്ടറെയോ ഉപയോഗിച്ച് ഒഴിപ്പിച്ചെടുക്കും എന്ന് പറയുന്ന മൂന്ന്​-ഇയെ കുറിച്ചോ എന്തേ ജനങ്ങളെ ബോധവാന്മാരാക്കുന്നില്ല?  

11. കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്കുള്ള (കെട്ടിട ഉടമകൾക്കല്ല) നഷ്​ടപരിഹാരം നിശ്ചയിക്കുന്നത് എന്ത്​ അടിസ്ഥാനത്തിലായിരിക്കും?

(കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് വൈസ് പ്രിൻസിപ്പലാണ് ലേഖകൻ)

Show Full Article
TAGS:NH 66 development malappuram open forum 
Next Story