Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസമാധി പൗരാവകാശമോ?

സമാധി പൗരാവകാശമോ?

text_fields
bookmark_border
സമാധി പൗരാവകാശമോ?
cancel

നെയ്യാറ്റിൻകരയില്‍ ഒരു വ്യക്തി സമാധിയിലായെന്നും, ആത്മാവ് പ്രപഞ്ച ചൈതന്യത്തില്‍ ലയിച്ചുവെന്നും അവകാശപ്പെട്ട് അദ്ദേഹത്തി​ൻറ ശരീരം മക്കളും ഭാര്യയും ഒരു കോൺക്രീറ്റ് അറയില്‍ സംസ്കരിച്ചതിനെച്ചൊല്ലിയുള്ള സംഭവങ്ങൾ മാധ്യമങ്ങളിൽ കാണുന്നു. കുടുംബാംഗങ്ങളുടെ ചെയ്​തിയിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന്​ പൊലീസ് കേസെടുക്കുകയും അധികാരികളുടെ അനുവാദത്തോടെ കല്ലറ പൊളിച്ചു നോക്കാന്‍ മുന്നോട്ടുവരുകയും ചെയ്തെങ്കിലും കുടുംബത്തി​ന്റെയും ഹിന്ദുഐക്യവേദി പോലുള്ള സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് തൽക്കാലം പിന്നോട്ടുപോവുകയുണ്ടായി.

ഒരാള്‍ സമാധിയില്‍ ആയി എന്നു​ പറയുമ്പോള്‍, അതിൽ ഉൾച്ചേർന്നിരിക്കുന്നു എന്നവകാശപ്പെടുന്ന ആത്മീയ സവിശേഷതകളെ തൽക്കാലത്തേക്ക് മാറ്റി വെച്ചാല്‍ മരണത്തെ സ്വയംവരിച്ചു എന്നാണ് മനസ്സിലാക്കാനാവുക.

മരണം എന്നതിനെ ഇന്ത്യന്‍ നിയമവ്യവസ്ഥ നിർവചിക്കുന്നത് “The word ‘death’ denotes the death of a human being unless the contrary appears from the context.” എന്നാണ്. ഒരാളുടെ ജീവന്‍ പലതരത്തില്‍ നഷ്ടപ്പെടാം.അപകടം സംഭവിച്ച്​ ജീവനഷ്​ടം ഉണ്ടാവാം, പ്രായാധിക്യംകൊണ്ടോ മാരകരോഗങ്ങൾ കാരണമോ മരണം സംഭവിക്കാം. ഒരാളോ ഒന്നി​ലേറെ പേർ ചേർന്നോ കൊലപ്പെടുത്താനുള്ള സാധ്യതയും ഉണ്ട്. ഈ മൂന്നു സാധ്യതകളിലും മരണപ്പെടുന്ന വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് മിക്കപ്പോഴും മരണം സംഭവിക്കുന്നത്. എന്നാല്‍, അതിൽനിന്ന്​ വ്യത്യസ്തമായി ആത്മഹത്യയിൽ മരിക്കുന്ന ആളുടെ കൈയൊപ്പ്​ പതിഞ്ഞിട്ടുണ്ടാകും. ചിലർ കത്തിലൂടെയോ കവിതയിലൂടെയോ ശബ്​ദ-വിഡിയോ സന്ദേശം മുഖേനയോ ഒക്കെ മരണത്തിലേക്ക് നയിച്ച സാഹചര്യം വിശദമാക്കും അല്ലെങ്കില്‍ ഈ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് രേഖപ്പെടുത്തിവെക്കും. ഇങ്ങനെ യാതൊരു സന്ദേശവും ജീവിച്ചിരിക്കുന്നവർക്കായി ബാക്കിവെക്കുന്നില്ലെങ്കില്‍ മരണകാരണം കണ്ടെത്തുക എന്നത് ഭരണകൂടത്തി​ന്റ, രാഷ്ട്രത്തിന്റെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമാണ്.

ഒരാള്‍ അയാളുടെ ജീവന്‍ എടുക്കുന്നത് പല കാരണങ്ങള്‍കൊണ്ടാകും. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാധ്യതയില്ലെന്ന്​ തോന്നുന്ന ദുർബലനിമിഷത്തിൽ ചിലർ ആത്മഹത്യക്ക്​ ശ്രമിക്കാറുണ്ട്​. രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി, അല്ലെങ്കില്‍ പ്രതിഷേധം എന്ന നിലയില്‍ ആളുകള്‍ ആത്മഹത്യാ ബോംബുകള്‍ ആകുന്നതും സ്വയംതീ കൊളുത്തി മരിക്കുന്നതുമൊക്കെ നമ്മള്‍ കാണാറുണ്ട്​. ആത്മാവി​ന്റെ സംസാരചക്രത്തില്‍നിന്ന്​ മോചിതരാകാന്‍ മരണം സ്വയംവരിക്കുന്ന ആത്മീയാന്വേഷികളും ഉണ്ടായിട്ടുണ്ട്​. ആത്മഹത്യ എന്നത് സമൂഹം വ്യക്തിക്ക് മുകളില്‍ അടിച്ചേൽപ്പിക്കുന്ന ഒന്നായും വ്യക്തിയുടെതന്നെ ശിഥിലമായ മനോവ്യാപാരങ്ങളുടെ അനന്തരഫലമായും കരുതിയ ചിന്തകന്മാരുണ്ട്.

ദയാവധം അനുവദിച്ചിട്ടുള്ള രാജ്യങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച്​, നിയമം അനുശാസിക്കുന്ന മാര്‍ഗങ്ങളിലൂടെ മരണം വരിക്കാൻ അനുമതിയുണ്ട്​. എന്നാല്‍ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം​ ഭരണഘടന മുഖേന വാഗ്​ദാനം ചെയ്യുന്ന ഇന്ത്യയിൽ സ്വയംമരണം വരിക്കാനുള്ള അവകാശം രാജ്യത്തെ പൗരർക്ക്​ നൽകിയിട്ടില്ല. ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ നിയമത്തില്‍ ശിക്ഷാർഹമായ കുറ്റമാണ്. ഒരാള്‍ ആത്മഹത്യക്ക്​ ശ്രമിക്കുന്നതായി ആർക്കെങ്കിലും വിവരം ലഭിച്ചാൽ ഉടന്‍തന്നെ അപരനെ അതില്‍നിന്ന്​ പിന്തിരിപ്പിക്കുകയോ രാജ്യത്തെ നിയമസംവിധാനത്തിന്റെ‍ ശ്രദ്ധയില്‍ വിവരം കൊണ്ടുവരുകയോ ആണ് ചെയ്യേണ്ടത്.

ആത്മഹത്യയില്‍നിന്ന്​ ‘സമാധിയെ’ വേർതിരിക്കുന്ന ഘടകങ്ങള്‍ എന്താണ്​?. ഒരാളുടെ മരണത്തെ സമാധിയായി പരിഗണിക്കാനുള്ള മാനദണ്ഡങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടോ? ഉണ്ടെങ്കില്‍ ഏത് ഏജൻസിയാണ് അതില്‍ അവസാന വാക്ക് പറയേണ്ടത്? ഭ്രൂണഹത്യ, ആത്മഹത്യ തുടങ്ങിയ കാര്യങ്ങളില്‍ ലോകത്തുള്ള പല രാജ്യങ്ങളിലെയും നിയമങ്ങള്‍ നോക്കിയാല്‍ വ്യക്തിയുടെ ശരീരത്തിന്മേലും അതി​ന്റെ ഉപയോഗത്തിൻമേലും വ്യക്തിക്ക് പരിപൂർണ ഉടമസ്ഥത ഇല്ലെന്ന്​ കാണാം. ആത്മഹത്യ ചെയ്യാന്‍ വ്യക്തിക്ക് അവകാശം ഇല്ലെന്ന്​ ഇന്ത്യന്‍ നിയമവ്യവസ്ഥ പറയുമ്പോള്‍ ആ നിയമത്തിന് ഒരപവാദമായി സമാധിയെ കാണണോ എന്ന ചോദ്യം ഉയരുന്നു. രാഷ്ട്രീയ പ്രതിഷേധം എന്ന നിലയില്‍ നിരാഹാര സത്യഗ്രഹം ചെയ്യുന്ന ആളുകളെ ഒരു ഘട്ടം കഴിയുമ്പോള്‍ ഭരണകൂടം അറസ്റ്റ് ചെയ്യുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അവരുടെ ജീവന്‍ പോകുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യുന്നത് നമുക്ക് അറിവുള്ള കാര്യമാണല്ലോ. ആത്മഹത്യ കുറ്റകൃത്യമായി പരിഗണിക്കുന്ന, മരണംവരെയുള്ള നിരാഹാരം അനുവദിക്കാത്ത ഒരു രാജ്യത്ത് എങ്ങനെയാണ് ഒരാളെ സമാധിയിലൂടെ മരണം വരിക്കാന്‍ ഭരണകൂടത്തിന് അനുവദിക്കാന്‍ കഴിയുക?.

ജനങ്ങൾക്ക്​ അവരുടെ വിശ്വാസ പ്രമാണങ്ങളെ പിന്തുടരാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാല്‍, ഒരു കാലത്ത് നമ്മുടെ വിശ്വാസ പ്രമാണങ്ങളുടെ ഭാഗമായിരുന്നു അയിത്തം, ക്ഷേത്ര പ്രവേശന നിരോധനങ്ങള്‍, ശൈശവ വിവാഹം, സതി തുടങ്ങിയ നിരവധി ആചാരങ്ങളെ ആധുനിക ജനാധിപത്യ രാജ്യത്തിന് സ്വീകാര്യമല്ലെന്ന്​ പ്രഖ്യാപിച്ച്​ നാം തള്ളിക്കളയുകയുണ്ടായി. ആ യുക്തിയില്‍ നോക്കിയാല്‍ സമാധി എന്നതിന്റെ ആത്മീയന്യായങ്ങള്‍ എന്തുതന്നെ ആണെങ്കിലും ഒരു ആധുനിക സമൂഹത്തിന് സാമൂഹികതിന്മയായി കരുതി തള്ളിക്കളയാനേ കഴിയൂ.

മരണം എന്നത് ഒരു വ്യക്തിയുടെയോ അയാളുടെ കുടുംബത്തി​ൻറയോ സ്വകാര്യമായ ദുഃഖം ആയിരിക്കാം. എന്നാൽ, ഒരാള്‍ മരണപ്പെട്ടാല്‍, മെഡിക്കല്‍ അളവുകോലുകള്‍കൊണ്ട് കൃത്യമായി കണ്ടെത്താന്‍ കഴിയുന്ന മരണകാരണം നിർണയിക്കുക എന്നത് ആധുനിക സമൂഹത്തിലെ ഭരണകൂടത്തി​ന്റെ പ്രാഥമികമായ കർത്തവ്യം കൂടിയാണ്​. വീട്ടിൽനിന്ന്​ ​നെഞ്ചുവേദന വന്ന്​ ആംബുലൻസിൽ ആശുപത്രിയിലേക്ക്​ കൊണ്ടുപോയ രോഗി വഴിമധ്യേ മരണപ്പെട്ടാൽ പോലും പോസ്​റ്റ്​ മോർട്ടം നടത്തി മരണത്തിൽ ദുരൂഹതയില്ല എന്ന്​ ഉറപ്പാക്കുന്നത്​ അതു കൊണ്ടാണ്​. ജീവിക്കാനുള്ള അവകാശത്തില്‍ ആത്മാഭിമാനത്തോടെ മരിക്കാനുള്ള അവകാശവും ഉൾക്കൊള്ളുന്നുണ്ട്. ഒരാളുടെ മരണകാരണം അയാളുടെ കുടുംബക്കാർക്കോ അടുപ്പക്കാർക്കോ മാത്രം ബോധിച്ചാല്‍ പോരാ. എന്തുകൊണ്ട് മരണപ്പെട്ടു എന്ന് ഭരണകൂടം പൊതുസമൂഹത്തെ അറിയിക്കുക എന്നത് മരിക്കുന്നവരുടെ കൂടി ആവശ്യമാണ്. അതവരുടെ അവകാശമാണ്. രാജ്യത്ത്​ അന്തസ്സുറ്റ ഒരു ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം സമാധിയുടെ മറപിടിച്ച്​ അത്​ നിഷേധിക്കാനുമാവില്ല.

(കൊടുങ്ങല്ലൂര്‍ ഗവ.കോളജിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)

simanuraj@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neyyattinkara Samadhi Case
News Summary - neyyattinkara samadhi case
Next Story