Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനെയ്യാറ്റിൻകരയിലെ...

നെയ്യാറ്റിൻകരയിലെ വിവാദ ഭൂമിയുടെ ഉടമയാര്​? ഈ ഉത്തരവുകൾ വിധി നിർണയിക്കും

text_fields
bookmark_border
നെയ്യാറ്റിൻകരയിലെ വിവാദ ഭൂമിയുടെ ഉടമയാര്​? ഈ ഉത്തരവുകൾ വിധി നിർണയിക്കും
cancel
camera_alt

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ മ​രി​ച്ച രാ​ജ​െൻറ​യും അ​മ്പി​ളി​യു​ടെ​യും വീ​ട്

തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്കടുത്ത് പൊങ്ങയിലുള്ള ലക്ഷംവീട് കോളനിയിലെ ഒഴിപ്പിക്കല്‍ നടപടി തടയാനായുള്ള ആത്മഹത്യാഭീഷണിക്കിടെ തീപൊള്ളലേറ്റ്​ മരിച്ച രാജന്‍റെയും ഭാര്യ അമ്പിളിയുടെയും ചിതയിൽനിന്നും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്​. രാജനെയും അമ്പിളിയെയും അടക്കംചെയ്ത ഭൂമി വിലക്കുവാങ്ങി നൽകാമെന്ന വാഗ്ദാനവുമായി വ്യവസായി ബോബി ചെമ്മണ്ണൂർ അവരുടെ മക്ക​ളെ സമീപിച്ചിരുന്നു. എന്നാൽ, ആ ഭൂമി വിലക്ക്​ വാങ്ങാനാകില്ലെന്നും അത്​ തങ്ങൾക്ക്​ അവകാശപ്പെട്ട ഭൂമിയാണെന്നുമാണ്​ മക്കളായ രാഹുലും രഞ്​ജിതും പറഞ്ഞത്​. ലക്ഷം വീട് കോളനിയുടെ പട്ടയം കൈമാറ്റം ചെയ്യാനാവില്ലെന്ന പ്രശ്നമാണ്​ അവർ ഉന്നയിച്ചത്.

എന്നാൽ, റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ലക്ഷം വീട്​ കോളനിയിലെ ഭൂമി കൈമാറ്റം സംബന്ധിച്ച്​ മൂന്ന്​ ഉത്തവരുകളാണ്​ ഇതുവരെയുള്ളത്​. ഒാരോ ഉത്തരവും മുൻ ഉത്തരവുകളിലെ പ്രശ്​നങ്ങൾ പരിഹരിക്കാനുള്ളവയായിരുന്നു.

1972-ലാണ് മന്ത്രി എം.എൻ ഗോവിന്ദൻ നായരുടെ സ്വപ്ന പദ്ധതിയായ 'ലക്ഷം വീട്' ഭവന പദ്ധതി സംസ്ഥാനത്ത് തുടങ്ങിയത്. ആ പദ്ധതി പ്രകാരം പട്ടയം നൽകിയ കോളനിയാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട് 1988 ജൂലൈ 18, 1997 മെയ് 20, 2015 ജൂൺ 30 എന്നീ തിയതികളിലായി മൂന്ന് ഉത്തരവുകളാണ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ലക്ഷംവീട് കോളനിയിലെ ഭൂമി കൈമാറ്റം ചെയ്യാൻ കഴിയൂ.

1988 ലെ ആദ്യ ഉത്തരവ്​

1988 ജൂലൈ 18നാണ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ചില വ്യവസ്ഥകൾക്ക് വിധേയമായി പട്ടയം നൽകുന്നതിന്​ ആദ്യ ഉത്തരവിറക്കിയത്. അനുവദിച്ച വസ്തുവിൽ താമസിക്കുന്നവരെ മാത്രമേ ഗുണഭോക്താക്കളായി അന്ന് പരിഗണിച്ചുള്ളു. വീടും സ്ഥലവും കൈമാറ്റം ചെയ്യില്ല എന്ന നിബന്ധനയോടെ പട്ടയം നൽകാമെന്നാണ് സർക്കാരിന് റവന്യൂവകുപ്പ് റിപ്പോർട്ട് നൽകിയത്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ്​ ലക്ഷംവീട് നിവാസികൾക്ക് അവരുടെ കൈവശമുള്ള ഭൂമിയിന്മേൽ അവകാശം നൽകാൻ തീരുമാനിച്ചത്. വ്യവസ്ഥകളും സർക്കാർ മുന്നോട്ടു വെച്ചു.

ഉത്തരവിലെ നിബന്ധനകൾ

1. കേരള ഭൂപതിവ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പട്ടയം നൽകണം.

2. യഥാർഥ താമസക്കാരന്​ മാത്രമേ പട്ടയം നൽകാവു.

3. തറവില സെൻറ് ഒന്നിന് 25 രൂപയായി നിശ്ചയിച്ചു.

4. അർഹരായ കൈവശക്കാരിൽനിന്ന് തഹസിൽദാർ പട്ടയത്തിനുള്ള അപേക്ഷകൾ സ്വീകരിച്ച് തറവിലയും നടപ്പുവർഷത്തെ തറകരവും ഈടാക്കിയ ശേഷം പട്ടയം നൽകണം.

5. പതിച്ചുനൽകുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിന്​ നിയന്ത്രണങ്ങൾ ഉണ്ടാകില്ല.

6. ലക്ഷംവീട് കോളനികളിലെ പൊതുസ്ഥലം ബന്ധപ്പെട്ട പഞ്ചായത്തിന് കൈമാറേണ്ടതാണ്.

ഈ ആറ് വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് എന്ന് റവന്യൂ സെക്രട്ടറി ബാബു ജേക്കബ് ഉത്തരവിറക്കിയത്.

1997ൽ ലെ പുതുക്കിയ ഉത്തരവ്

ഒരു പതിറ്റാണ്ടിനകത്ത് കഥയാകെ മാറി. 1988ലെ ഉത്തരവ് ഉപയോഗിച്ച് ലക്ഷം വീട് കോളനികളിലെ പട്ടയങ്ങൾ പലരും കൈക്കാലാക്കി. ഇക്കാര്യം തിരിച്ചറിഞ്ഞ റവന്യൂ വകുപ്പ് ലക്ഷംവീട് സംരക്ഷിക്കുന്നതിന് പുതിയ നീക്കം നടത്തി. 1997 മെയ്​ 20ന് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു. 1988 ലെ ഉത്തരവ് ഭൂപതിവ് ചട്ടങ്ങളുമായി പൂർണമായി പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നും അതുമൂലം പലരുടെയും ഭൂമിയും വീടും അന്യാധീനപ്പെട്ടിട്ടുണ്ടെന്നും തിരിച്ചറിഞ്ഞാണ് ഉത്തരവ് പുതുക്കിയത്.

ലക്ഷംവീട് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പട്ടയം നൽകുന്നതിന് സർക്കാർ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചു. അതിൽ പുതിയ ചില വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി


ഉത്തരവിലെ നിബന്ധനകൾ

1. ഭൂമി അന്യാധീനപ്പെടുത്താൻ (കൈമാറാൻ) പാടില്ല.

2. നേരത്തെ ഭൂമി കൈമാറിക്കിട്ടിയവർ സാമ്പത്തികമായി ദുർബല വിഭാഗത്തിൽപ്പെടുന്നവരാണെങ്കിൽ, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾ അംഗീകരിക്കുന്ന പക്ഷം അവർക്ക് പട്ടയം നൽകാം.

3. കൈവശക്കാർക്ക് സ്വന്തമായി മറ്റു വീടുകളില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ആയിരിക്കണം പട്ടയം നൽകേണ്ടത്.

4. പട്ടയം നൽകുമ്പോൾ തറവിലയടക്കമുള്ള ഒരു ചാർജും ഈടാക്കരുത്​.

ഈ നാലു വ്യവസ്ഥകൾ പ്രകാരം പട്ടയം നൽകാനാണ് റവന്യൂ സെക്രട്ടറി കെ.മോഹൻദാസ്​ ഉത്തരവിട്ടത്.


2015ലെ പുതിയ ഉത്തരവ്

ലക്ഷംവീട് കോളനിയിലെ ഭൂമി പലരും കൈമാറ്റം ചെയ്തതിനാൽ അത് പോക്കുവരവു ചെയ്തു കിട്ടുന്നതിനായി സമർപ്പിച്ച അപേക്ഷയിൽ എന്ത് നടപടി സ്വീകരിക്കണം എന്ന്​ ആരാഞ്ഞ്​ എറണാകുളം ജില്ലാ കളക്ടർ സർക്കാരിന് കത്ത് സമർപ്പിച്ചു. 1997 ലെ ഉത്തരവിന്​ മുമ്പ്​ ഭൂമി കൈമാറ്റം ചെയ്യുന്നതിൽ നിയന്ത്രണങ്ങളില്ലാത്തതിനാൽ കൈമാറ്റം ചെയ്ത ഭൂമി പോക്കുവരവ് ചെയ്യുന്നതിൽ അപാകതയില്ലെന്ന് ലാൻഡ് റവന്യൂ കമീഷണർ അറിയിച്ചു.

ചികിത്സ, മകളുടെ വിവാഹം തുടങ്ങിയ സാമ്പത്തിക പരാധീനത മൂലം ഭൂമി കൈമാറിയെന്നാണ്​ പലരും പറയുന്നത്​. ഒഴിവാക്കാൻ ആവാത്ത സാഹചര്യത്തിലാണ് ഇത്തരം കൈമാറ്റങ്ങൾ നടത്തിയതെങ്കിൽ അവ അംഗീകരിച്ച്​ പോക്കുവരവ് അനുവദിക്കുന്നത് ഉചിതമായിരിക്കും. വസ്തു കൈമാറ്റം നടത്തുന്നതിന്​ വ്യക്തമായ കാരണം ഉണ്ടാകണമെന്നും അത് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ ആയിരിക്കണമെന്നും ലാൻഡ് റവന്യൂ കമീഷണർ നിർദേശം നൽകി. ഇത്തരത്തിലുള്ള കൈമാറ്റത്തിന് സമയപരിധി നിശ്ചയിക്കാവുന്നതാണ്​. നാളിതുവരെ നടത്തിയിട്ടുള്ള കൈമാറ്റങ്ങൾ പോക്കുവരവ് ചെയ്യാം. തുടർന്നുള്ള കൈമാറ്റങ്ങൾക്ക് നിബന്ധനങ്ങൾ ഏർപ്പെടുത്താമെന്നും കമീഷണർ അഭിപ്രായപ്പെട്ടു.

ഇക്കാര്യം ചർച്ച ചെയ്യുന്നതിന് റവന്യൂ മന്ത്രി അടൂർ പ്രകാശ് 2014 ഡിസംബർ 11ന് യോഗം വിളിച്ചു. അതനുസരിച്ചാണ് പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.


ഉത്തരവിലെ നിബന്ധനകൾ

1. ലക്ഷം വീട് പദ്ധതിയിലുൾപ്പെട്ട ഭൂമി കൈമാറിക്കിട്ടിയവർ അർഹരും സാമ്പത്തികമായി ദുർബല വിഭാഗത്തിൽപ്പെട്ടവരും ആണെങ്കിൽ, അവർക്ക് സ്വന്തമായി വീട് ഇല്ലാത്തപക്ഷം പട്ടയം നൽകാം.

2. ചികിത്സ, മകളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി സാമ്പത്തിക പരാധീനത മൂലം കൈമാറ്റം ചെയ്ത ഭൂമി പോക്കുവരവ് ചെയ്യുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അംഗീകരിക്കാം.

3. 25 വർഷം കൈമാറ്റം ചെയ്യാൻ പാടില്ല എന്ന ഭൂപതിവ് ചട്ടങ്ങളിലെ വ്യവസ്ഥ പാലിച്ചായിരിക്കണം പുതിയ പട്ടയങ്ങൾ നൽകേണ്ടത്.


ഈ മുന്ന് വ്യവസ്ഥകളോടെ പട്ടയം നൽകാനാണ്​ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉത്തരവിട്ടത്​. ലക്ഷം വീട് പദ്ധതി പ്രകാരമുള്ള ഭൂമിയിൽ താമസിക്കുന്നവരുടെ പട്ടയം, പോക്കുവരവ് എന്നിവയുമായി ബന്ധപ്പെട്ട മാർഗ നിർദേശം നൽകിയ അവസാനത്തെ ഉത്തരവ് 2015 ജൂലൈ 30ലേതാണ്.

നെയ്യാറ്റികരയിലെ മരിച്ച രാജൻ -അമ്പിളി ദമ്പതികളുടെ എതിർകക്ഷി വസന്ത അവകാശപ്പെടുന്നത് മൂന്ന് പേരുടെ പട്ടയം വാങ്ങിയെന്നാണ്. അങ്ങനെ മുന്നുപേരുടെ പട്ടയം വാങ്ങാൻ വ്യവസ്ഥയുണ്ടോ? മാനദണ്ഡമനുസരിച്ച് സാമ്പത്തികമായി ദുർബല വിഭാഗത്തിൽപ്പെട്ടവർക്കും സ്വന്തമായി വീടില്ലാത്തവർക്കും കൈമാറ്റം നടത്താം. അത് ഒരു പട്ടയത്തിന്‍റെ കാര്യത്തിലല്ലേ? ഒന്നിലധികം പട്ടയം വാങ്ങാൻ കഴിയുമോ? കൈമാറ്റത്തിന് ഗ്രാപഞ്ചായത്ത് അനുമതി നൽകിയോ? പ്രമാണം രജിസ്റ്റർ ചെയ്​തപ്പോഴും പോക്കുവരവ് നടത്തിയപ്പോഴും റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ പരിശോധി​േച്ചാ? തുടങ്ങിയ ചോദ്യങ്ങൾക്ക്​ റവന്യൂ വകുപ്പിന്‍റെ മൂന്ന്​ ഉത്തരവുകളുടെ വെളിച്ചത്തിൽ ഉത്തരം കണ്ടെത്തു​േമ്പാഴാണ്​ നെയ്യാറ്റിൻകരയിലെ പ്രശ്​നത്തിന്​ തീർപ്പാകുക.

Show Full Article
TAGS:Neyyatinkara Suicide Laksham Veedu 
Next Story