Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനവകേരള നാടകത്തിലെ...

നവകേരള നാടകത്തിലെ കഥാപാത്രങ്ങൾ

text_fields
bookmark_border
casrtoon
cancel

കുറെ വിവാദ കഥാപാത്രങ്ങളും അവർ പുറത്തുവിടുന്ന മൊഴികളും കേരള രാഷ്ട്രീയത്തി​ന്റെ സെൻറർ സ്​റ്റേജിൽ കയറി കളി തുടങ്ങിയിട്ട്​ കാലം കുറച്ചായി. ഉമ്മൻ ചാണ്ടി സർക്കാറിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്ന സോളാർ തട്ടിപ്പുകേസിലെ പ്രതിയുടെ പിറകെയായിരുന്നു കുറെ കാലം മാധ്യമങ്ങളും രാഷ്​ട്രീയ സംഘങ്ങളും. അക്കാലത്ത്​ ഡയലോഗുകളും ക്ലിപ്പുകളും ആഘോഷമാക്കിയിരുന്ന സി.പി.എം​ ഇപ്പോൾ പ്രതിരോധത്തിലാണ്​. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുണ്ടാക്കുന്ന ഉടക്കുകളെ വാർത്തസമ്മേളനങ്ങളിലെ പഞ്ച്​ഡയലോഗുകൾ കൊണ്ട്​ നേരിട്ട്​ ഞെളിഞ്ഞ്​ പുറത്തുവരുന്ന സി.പി.എം നേതാക്കൾ ടി.വി തുറന്നു നോക്കു​മ്പോൾ കാണുന്നത്​ കഴിഞ്ഞ സർക്കാറിലെ ഉന്നതരായ പാർട്ടി പ്രമുഖർക്കെതിരെ സ്വർണക്കടത്തുകേസിലെ കുറ്റാരോപിത തൊടുത്തുവിടുന്ന കൂരമ്പുകളാണ്​.

പ്ലസ്ടു പോലും ജയിക്കാത്ത ഒരാളെ ആറക്ക ശമ്പളം നൽകി സർക്കാർ സെക്രട്ടറിമാർ വഹിക്കുന്ന തസ്തികക്ക് തുല്യമായിടത്ത് നിയമിച്ച്​ ശാക്​തീകരണത്തിന്​ സംഭാവന നൽകിയ ഞങ്ങൾക്ക്​ ഇതു തന്നെ കിട്ടണം എന്ന്​ ഉറക്കെപ്പറഞ്ഞ്​ കരയാൻ പോലും പറ്റാത്ത പരിതാപകരമായ അവസ്​ഥയിലാണ്​ സഖാക്കൾ. ആർക്ക്​ വേണ്ടിയായിരുന്നു, ആര്​ പറഞ്ഞിട്ടായിരുന്നു ആ നിയമനം എന്നത്​ സർക്കാറിന്​ ഇപ്പോഴും കൃത്യമായി ഉത്തരം പറയാൻ പറ്റിയിട്ടില്ല. രണ്ട് വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജിൽ കടത്തിയ 30 കിലോ സ്വർണം പിടികൂടിയപ്പോൾ ഇതുപോലുള്ള തൊന്തരവുകൾക്കാണ്​ തുടക്കമാകുന്നതെന്ന് കസ്റ്റംസുകാരും കരുതിക്കാണില്ല.

ആദ്യം മുഖ്യമന്ത്രി തങ്കപ്പെട്ട മനുഷ്യനാണെന്നൊക്കെ പറഞ്ഞിരുന്നയാൾ ബിരിയാണി ചെമ്പി​ന്റെ ദം പൊട്ടിച്ചതോടെ കഥകളുടെയും ആരോപണങ്ങളുടെയും കുത്തൊഴുക്കായി. മിണ്ടാതെ ഒതുങ്ങിക്കൂടിയിരുന്ന തന്റെ തലയിൽ സകല പാപഭാരങ്ങളും കെട്ടിവെച്ച്​ കേസിലെ കുറ്റാരോപിതനായ മുൻ സുഹൃത്ത്​ എഴുതിയ പുസ്​തകമാണ്​ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്​. വാർത്തസമ്മേളനങ്ങളും ചാനൽ അഭിമുഖങ്ങളും നടത്തിയതുകൊണ്ടും അരിശം തീരാതെ സചിത്ര പുസ്​തകം തന്നെ എഴുതി കൗണ്ടർ ആക്രമണവും നടത്തി. വായന മരിച്ചു എന്ന്​ പറയാൻ ഒരുപഴുതും നൽകാതെ രണ്ട്​ പുസ്​തകങ്ങളും ഒരുമിച്ച്​ ഒറ്റക്കവറിൽ വാങ്ങാൻ പ്രത്യേക വിലക്കിഴിവ്​ വരെ നൽകി വായനാശീലം വളർത്തുന്നുണ്ട്​ ചില ഓൺലൈൻ കച്ചവടക്കാർ. യു.ഡി.എഫ്​ സർക്കാറിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നയാൾ ഇത്​ പോലൊരു പുസ്​തകം ഇറക്കാനുള്ള ബുദ്ധികാണിച്ചിരുന്നുവെങ്കിൽ സഹകരണ സംഘങ്ങൾ വഴി സഹായവിലയ്ക്ക്​ സകല വീട്ടിലും പുസ്​തകം എത്തിയെന്ന്​ ഉറപ്പാക്കിയേനെ ഇടതു സർക്കാർ.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ നിരത്തി ചെക്കുവെച്ച്​ കളി തുടങ്ങിയ കക്ഷിയിപ്പോൾ മ​ന്ത്രിമാരെയും കാലാളുകളെയും വെട്ടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്​. വീട്ടിൽ കയറ്റാൻ കൊള്ളാത്തവനെന്ന്​ വിശേഷിപ്പിക്കപ്പെട്ട നേതാവ്​ എല്ലാം പൊറുത്തു മാപ്പ്​ കൊടുത്തു എന്ന അവദൂത സമാനമായ പ്രതികരണമാണ്​ നടത്തിയത്​. ഒരാൾ പുച്​ഛിച്ചു തള്ളി, മറ്റൊരാൾ വിളിച്ചു കള്ളീ.

പറഞ്ഞത് കള്ളമാണെങ്കിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെ അപ്പോൾ കോടതിയിൽ കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്ന വെല്ലുവിളിയാണ്​ നേതാക്കളുടെ പ്രതികരണങ്ങളെക്കാളും, ആരോപണത്തോടൊപ്പം പുറത്തുവിട്ട ചിത്രങ്ങ​ളെക്കാളും ജനങ്ങൾക്ക്​ രസിച്ചത്​. എന്നാൽ പിന്നെ കേസ് കൊടുത്തുകൂടെ സഖാവേ എന്ന ചോദ്യത്തിന് പാർട്ടിയുമായി ആലോചിച്ച് ചെയ്യുമെന്ന്​ മറുപടി പറഞ്ഞിട്ട്​ ദിവസങ്ങളായി, പക്ഷേ, കൂടിയാലോചന ഇനിയും അവസാനിച്ചിട്ടില്ല.

പാട്ടുപാടി ഡാൻസും കളിച്ച് നടന്നിരുന്ന മറ്റൊരു എം.എൽ.എയെ അതിനിടയിൽ മറന്നുപോവരുത്​. നൂറ്റാണ്ടിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കോൺ​ഗ്രസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിലപ്പെട്ട വോട്ട്​ രേഖപ്പെടുത്താനുള്ള അപൂർവ അവസരം പോലും നഷ്​ടപ്പെടുത്തി ഒളിവിൽ കഴിഞ്ഞ അദ്ദേഹം മുൻകൂർ ജാമ്യത്തി​ന്റെ ബലത്തിൽ പുറത്തിറങ്ങി പൊലീസി​ന്റെ ചോദ്യങ്ങൾക്കും പരിശോധനകൾക്കും ഉത്തരം നൽകിക്കൊണ്ടിരിക്കുകയാണിപ്പോൾ. സാധാരണ ഗതിയിൽ ഇത്തരം ആരോപണങ്ങളൊക്കെ ​പൊതുപ്രവർത്തകർക്ക്​ നേരെ എന്നുമുണ്ടാവുമെന്ന്​ പറഞ്ഞ്​ ചീള്​ കേസായി കരുതിപ്പോന്നിരുന്ന കോൺഗ്രസുകാരെപ്പോലും നാണിപ്പിക്കുന്നുണ്ട്​ ടിയാനെതിരെ പുറത്തുവരുന്ന വെളിപ്പെടുത്തലുകളും ശബ്​ദരേഖകളുമെല്ലാം.

യു.ഡി.എഫ്​ നേതാക്കൾക്കെതിരായ ആരോപണങ്ങൾ എൽ.ഡി.എഫുകാരും എൽ.ഡി.എഫ്​ നേതാക്കൾക്കെതിരായ കഥകൾ യു.ഡി.എഫുകാരുമാണ്​ പ്രചരിപ്പിക്കുന്നതെങ്കിൽ ബി.ജെ.പി നേതാക്കളെപ്പറ്റിയുള്ള ആരോപണങ്ങളുടെയും കഥകളുടെയും മുഖ്യ സ്രോതസ്സ്​ പാർട്ടി വാട്ട്​സ്​ആപ്​ ഗ്രൂപ്പുകൾ തന്നെയാണ്​. അതിനു പുറമെ ഓരോ നേതാവിനെപ്പറ്റിയും പേരുവെച്ചും അല്ലാതെയുമുള്ള കത്തുകൾ കൃത്യമായി ഡൽഹിയിലേക്ക്​ പറക്കുന്നുണ്ട്​, അരുതായ്​മകൾക്കും അഴിമതിക്കുമെതിരായ ഉൾപ്പാർട്ടി പോരാട്ടമാണെന്നൊന്നും തെറ്റിദ്ധരിച്ചു കളയരുതേ. ഡൽഹിയിലിരിക്കുന്ന മാമൻമാരുടെ ശ്രദ്ധയും കേന്ദ്ര സർക്കാർ വകയിൽ എന്തെങ്കിലും ദാക്ഷിണ്യ പദവികളും സംഘടിപ്പിച്ചെടുക്കാൻ കാണിച്ചുകൂട്ടുന്ന വിക്രസുകളാണിതൊക്കെ.

കള്ളക്കടത്ത്​ നിയന്ത്രിക്കുന്ന മന്ത്രിയും കുഴൽപണം കടത്തുന്ന നേതാവും സ്​ത്രീകളെ ദ്രോഹിക്കുന്ന എം.എൽ.എയുമെല്ലാം പണ്ട്​ മലയാളത്തിലെ​ സിനിമ കഥാപാത്രങ്ങളായിരുന്നെങ്കിൽ ഇപ്പോഴത്​ വാർത്താതാരങ്ങളായിട്ടുണ്ട്​.

സംസ്​ഥാനം മറ്റൊരു പിറന്നാളാഘോഷത്തി​ന്റെ പടിവാതിൽക്കൽ നിൽക്കെ ഇതൊക്കെത്തന്നെയാണ്​ ഇവരെല്ലാം ചേർന്ന്​ നാടിന്​ നൽകിയ സംഭാവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala politics
News Summary - New plays in Kerala politics
Next Story