Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീ​റ്റ്:​ ത​ക​രു​ന്ന സ്വ​പ്ന​ങ്ങ​ളും വി​ശ്വാ​സ്യ​ത​യും

text_fields
bookmark_border
നീ​റ്റ്:​ ത​ക​രു​ന്ന സ്വ​പ്ന​ങ്ങ​ളും വി​ശ്വാ​സ്യ​ത​യും
cancel

ഇന്ത്യൻ വിദ്യാഭ്യാസ രംഗം ഇന്നേവരെ നേരിട്ടിട്ടില്ലാത്തത്ര വലിയൊരു ധാർമ്മിക തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്. 2026-ലെ നീറ്റ്-യുജി (NEET-UG) പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ നടപടി വെറുമൊരു സാങ്കേതിക പിഴവല്ല, മറിച്ച് രാജ്യത്തെ 22 ലക്ഷത്തിലധികം വരുന്ന വിദ്യാർഥികളോടും അവരുടെ രക്ഷിതാക്കളോടും സർക്കാർ കാട്ടിയ ക്രൂരമായ ചതിയാണ്. കേരളത്തിൽ നിന്ന് മാത്രം ഒന്നര ലക്ഷത്തോളം മക്കളാണ് ഈ പരീക്ഷക്കായി വർഷങ്ങളോളം ഉറക്കമൊഴിച്ച് പഠിച്ചത്. എൻട്രൻസ് കോച്ചിംഗിനും പരീക്ഷാ ഫീസിനുമായി ലക്ഷങ്ങളാണ് ഓരോ കുടുംബവും ചെലവഴിക്കുന്നത്. സ്വർണം വിറ്റും ലോണെടുത്തും മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കളുടെ നെഞ്ചത്താണ് ഈ റദ്ദാക്കൽ പ്രഹരമേൽപ്പിച്ചിരിക്കുന്നത്.

എൻ.ടി.എ എന്ന മഹാതോൽവി

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) എന്ന സംവിധാനം രൂപവത്കരിച്ച കാലം മുതൽ വിവാദങ്ങളുടെ നിഴലിലാണ്. മുൻ വർഷങ്ങളിലും (2017, 2021, 2024) ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും തിരുത്തലുകൾ വരുത്താൻ അധികൃതർ തയ്യാറായില്ല. പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജൻസികൾക്ക് ഔട്ട്‌സോഴ്സ് ചെയ്യുന്നതിലൂടെ കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാരും എൻ.ടി.എയും ശ്രമിക്കുന്നത്. വിശ്വസ്തതയോടെ പരീക്ഷ നടത്താൻ കഴിയാത്ത ഒരു ഏജൻസിയെ എന്തിനാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളുടെ ചുമതല ഏൽപ്പിക്കുന്നത്? ഈ ചോദ്യത്തിന് കേന്ദ്ര ഭരണകൂടം മറുപടി നൽകിയേ തീരൂ.

യഥാർഥ ചോദ്യങ്ങൾ ഒരു മാസത്തിന് മുമ്പേ ‘ഗസ് പേപ്പർ’ എന്ന പേരിൽ വിപണിയിൽ ലഭ്യമായിരുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ലക്ഷങ്ങൾ നൽകി ചോദ്യപേപ്പർ വാങ്ങാൻ കഴിയുന്നവർക്ക് മാത്രം ഡോക്ടറാകാൻ കഴിയുന്ന സാഹചര്യമാണെങ്കിൽ, സാധാരണക്കാരായ വിദ്യാർഥികൾ രാപ്പകൽ കഷ്ടപ്പെട്ട് നേടിയെടുക്കുന്ന റാങ്കിന് എന്ത് മൂല്യമാണുള്ളത്? കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ നീറ്റ് പരീക്ഷ എഴുതുന്നവരിൽ പകുതിയിലധികം പേരും രണ്ടാമതോ മൂന്നാമതോ തവണ പരീക്ഷ എഴുതുന്നവരാണ് (Repeaters). 2026-ലെ ഈ റദ്ദാക്കൽ, അത്തരത്തിൽ മൂന്നും നാലും വർഷം 'റിപ്പീറ്റ്' ചെയ്ത് പ്രായപരിധി കടന്നുപോകുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ ഡോക്ടർ എന്ന സ്വപ്നത്തിന് മേലടിച്ച ആണിയാണ്.

ബദൽ മാർഗങ്ങൾ അനിവാര്യം

എന്തുകൊണ്ട് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ അതത് സംസ്ഥാനങ്ങൾക്ക് അഡ്മിഷൻ നൽകുന്ന പഴയ രീതിയിലേക്ക് നമുക്ക് മടങ്ങിക്കൂടാ? ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തി വിദ്യാഭ്യാസം കേന്ദ്രീകൃതമാക്കിയതിന്റെ ദുരന്തമാണിത്. എയിംസ് (AIIMS) പോലുള്ള ഉന്നത സ്ഥാപനങ്ങളിലേക്ക് അവർ തന്നെ പ്രത്യേക പരീക്ഷ നടത്തട്ടെ. ബാക്കിയുള്ള സീറ്റുകളിൽ സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കും സ്വതന്ത്രമായി പ്രവേശനം നടത്താനുള്ള അധികാരം നൽകണം.

സി.ബി.ഐ അന്വേഷണം കൊണ്ട് മാത്രം തീരുന്നതല്ല ഈ പ്രശ്നം. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട എൻ.ടി.എ പിരിച്ചുവിടുകയും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. നമ്മുടെ കുട്ടികളുടെ ഭാവി വെച്ച് പന്താടാൻ ആരെയും അനുവദിച്ചുകൂടാ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NEET: Broken dreams and trust
Next Story