ശാസ്ത്രമാണ്; വിശ്വസിക്കാം…
text_fieldsജനങ്ങളും സമൂഹവും ശാസ്ത്രാഭിമുഖ്യമുള്ളവരായി മാറേണ്ട ആവശ്യകത എന്താണ്? അത്തരമൊരു ജനതയിൽനിന്ന് രാജ്യം എന്താണ് പ്രതീക്ഷിക്കേണ്ടത്? ശാസ്ത്രാഭിമുഖ്യമില്ലാത്ത ഒരു ജനതക്ക് എങ്ങനെ പുരോഗതി ഉണ്ടാവാനാണ്? ഈ വർഷത്തെ ദേശീയ ശാസ്ത്രദിനം തേടുന്നത് ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ‘പൊതുജനത്തിന്റെ ശാസ്ത്രത്തിലുള്ള വിശ്വാസം വർധിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. നമ്മുടെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുപോലും ശരിയായ ശാസ്ത്രത്തെ പടിയിറക്കി കപടശാസ്ത്രം മേൽക്കോയ്മ നേടുമ്പോൾ സമൂഹത്തെ ശാസ്ത്രബോധമുള്ളതാക്കി മാറ്റുക മാത്രമാണ് ഈ വിപത്തിനെ മറികടക്കാനുള്ള ഏക മാർഗം. അജണ്ടകളുടെയും അന്ധവിശ്വാസങ്ങളുടെയും ഈ കാലത്ത് ശാസ്ത്രത്തിലുള്ള ജനങ്ങളുടെ വിശ്വാസം വളർത്തിയെടുത്തെങ്കിൽ മാത്രമേ നമുക്ക് കാലത്തിനൊപ്പം സഞ്ചരിക്കാനും പുരോഗതി കൈവരിക്കാനും സാധിക്കൂ.
ഏതൊരു ഏകാധിപത്യ ഭരണകൂടവും ശാസ്ത്രത്തെ എന്നും അവഗണിച്ചിട്ടേയുള്ളൂവെന്ന് ചരിത്രം പരിശോധിച്ചാൽ കാണാനാവും. അവഗണിച്ചു എന്നതിനേക്കാൾ അവർ ഭയന്നു എന്നതാവും ശരി. ഹിറ്റ്ലർ കലകളെ പ്രോത്സാഹിപ്പിക്കാനും ശാസ്ത്രപഠനത്തെ നിരുത്സാഹപ്പെടുത്താനും ശ്രമിച്ചു. കലകളിലൂടെ തന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് മെല്ലെമെല്ലെ എത്തിക്കുകയായിരുന്നു ലക്ഷ്യം. കലകളിലൂടെ മനുഷ്യരുടെ മൃദുലവികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുമ്പോൾ ശാസ്ത്രത്തിലൂടെ വാസ്തവങ്ങളെ മാത്രമേ അടുത്തറിയാൻ കഴിയൂ. ശാസ്ത്രത്തെ നിഷ്കരുണം നിഷേധിക്കുകയും തന്റേതായ തത്ത്വശാസ്ത്രത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഭരണാധികാരികളുമുണ്ട്. പ്രകൃതിക്ക് ചേരുന്നതല്ലെന്ന് തെളിയിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പരിഹാരം കാണാൻ വർഷങ്ങളായി ലോകരാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പേപ്പർ സ്ട്രോ ഉപയോഗം നിർത്തലാക്കി പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്.
സമീപകാലത്ത് ശാസ്ത്രത്തെ മറച്ചുപിടിച്ചും വക്രീകരിച്ചും നമ്മുടെ രാജ്യത്ത് നടക്കുന്ന ഇടപെടലുകൾക്ക് പിന്നിലെ ലക്ഷ്യവും മറ്റൊന്നുമല്ല.
കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം, മാലിന്യ സംസ്കരണം എന്നിങ്ങനെ മനുഷ്യർ അഭിമുഖീകരിക്കുന്ന അസംഖ്യം പ്രശ്നങ്ങൾ ലോകത്തുണ്ട്. അവയെ ശാസ്ത്രീയമായി സമീപിക്കുകയും പരിഹാരം സാധ്യമാക്കുകയും ചെയ്യേണ്ടിടത്താണ് കഴിഞ്ഞ കുറെയേറെ വർഷങ്ങളായി കൃത്യമായ ഇടവേളകളിൽ ഗോമൂത്രത്തിന്റെ പ്രത്യേകതകളും അവയുടെ അപാരമായ ആന്റിമൈക്രോബിയൽ ശേഷിയും പുഷ്പകവിമാനത്തിന്റെ മഹത്വവുമൊക്കെ ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഐ.ഐ.ടിയിലെ ഡയറക്ടർ ഗോമൂത്രം ഔഷധമാണെന്ന് പൊതുവേദിയിൽ പ്രസംഗിച്ചത് അശാസ്ത്രീയ ചിന്താഗതികൾ എത്രമാത്രം ആഴത്തിൽ നമ്മുടെ സമൂഹത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്.
ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ശാസ്ത്രം എന്ന വ്യാജേന ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെ ബോധപൂർവം പ്രചരിപ്പിക്കുന്നത്. കുറച്ചുകാലംമുമ്പ് ‘വാട്സ് ആപ് സർവകലാശാല’കളിൽ ഒരു വിഡിയോ വൈറലായിരുന്നു. കുറച്ചു ശുദ്ധജലത്തിൽ നാം മുറിവിനു പുരട്ടുന്ന മരുന്നായ ബെറ്റഡിൻ (Betadine) കലക്കുകയും അത് ബ്രൗൺ നിറമാകുകയും ചെയ്യുന്നു. (ബെറ്റഡിൻ തൊലിപ്പുറത്തു മാത്രം പുരട്ടാനുള്ളതാണ്, ശരീരത്തിന്റെ ഉള്ളിൽ എത്തിയാൽ അവ വിഷംപോലെ പ്രവർത്തിക്കും). കുറച്ചു ഗോമൂത്രം അതിലേക്ക് ചേർക്കുമ്പോൾ ലായനി നിറമില്ലാതായി മാറുന്നു. ഗോമൂത്രം ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ വിഡിയോ പ്രചരിപ്പിച്ചിരുന്നത്.
ഇതിനുപിന്നിലെ ശാസ്ത്രം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കുപോലും അറിയാവുന്നതാണ്. ഗോമൂത്രത്തിൽ മാത്രമല്ല, മനുഷ്യരുടേതുൾപ്പെടെ ഏതൊരു സസ്തനിയുടെയും മൂത്രത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവാണ് സോഡിയം തയോസൾഫേറ്റ്. ബെറ്റഡിനിലുള്ള പോവിഡോൺ അയോഡൈഡിൽ ട്രൈ അയോഡൈഡ് അയോൺ അടങ്ങിയിരിക്കുന്നു. ഇതാണ് ആ ലായനിക്ക് ബ്രൗൺ നിറം നൽകുന്നത്. മൂത്രം ചേർക്കുമ്പോൾ അതിലെ സോഡിയം തയോസൾഫേറ്റ് ട്രൈ അയോഡൈഡ് അയോണുമായി കലർന്ന് നിറമില്ലാത്ത അവസ്ഥ ഉണ്ടാകുന്നു. മനുഷ്യന്റെയോ കുരങ്ങിന്റെയോ ചെന്നായിയുടെയോ മൂത്രം ചേർത്താലും സംഭവിക്കാവുന്ന ഒരു രാസപ്രവർത്തനത്തെയാണ് ഗോമൂത്രത്തിന്റെ സിദ്ധൗഷധ ശക്തിയായി അവതരിപ്പിക്കുന്നത്.
ലോകപ്രശസ്ത ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സർ ചന്ദ്രശേഖര വെങ്കടരാമൻ (C.V. Raman) 1928ൽ പ്രസിദ്ധമായ ‘രാമൻ ഇഫക്ട്’ എന്ന കണ്ടുപിടിത്തം നടത്തിയതിന്റെയും, 1930ൽ അദ്ദേഹം നൊബേൽ പുരസ്കാരം നേടിയതിന്റെയും ഓർമക്കായാണ് നാഷനൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷൻ (NCSTC) അഭ്യർഥിച്ചതുപ്രകാരം 1986 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
ജലത്തിലൂടെയുള്ള വെളിച്ചത്തിന്റെ വിസരണവും (Scattering of Light) അതുമൂലം ഉണ്ടാകുന്ന കടലിന്റെ നീലനിറവും രാമൻ ഇഫക്ടിന്റെ പിന്തുണയോടെ ശാസ്ത്രം ഉത്തരം നൽകുമ്പോൾ ഈ ശാസ്ത്രദിനത്തിലും അടിസ്ഥാനമില്ലാത്തതും സത്യമല്ലാത്തതുമായ വിവിധ പ്രതിഭാസങ്ങളും സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിലൂടെ പുതിയ തലമുറ പതിയെപ്പതിയെ ശാസ്ത്രത്തോടും സത്യത്തോടും മുഖംതിരിക്കാൻ തുടങ്ങിയെന്നുവരാം. ശാസ്ത്രത്തോട് മുഖംതിരിക്കുന്നു എന്നതിനർഥം അന്ധവിശ്വാസങ്ങളോട് അടുക്കുന്നു എന്നതാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടിയിരുന്ന ഒരു കെട്ടകാലത്തുനിന്ന് ശാസ്ത്രബോധത്തിലൂടെയാണ് നാമിന്നുകാണുന്ന എല്ലാ നേട്ടങ്ങളും കൈവരിച്ചത്.
നമുക്കുചുറ്റും കാണുന്ന എന്തിലും ശാസ്ത്ര സത്യങ്ങളുണ്ട്. സമൂഹത്തെ അവയുടെ കാണാക്കാഴ്ചകളിലേക്കും ഉൾക്കാഴ്ചകളിലേക്കും കൂട്ടിക്കൊണ്ടുപോകുമ്പോഴാണ് നാം യഥാർഥ സത്യാന്വേഷകരും ശാസ്ത്രാന്വേഷകരുമൊക്കെ ആവുന്നത്. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളെ നാം അത്തരത്തിൽ ശാസ്ത്രബോധമുള്ള, ശാസ്ത്രമൂല്യമുള്ള തലമുറയായി വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിനായി സ്കൂളുകളിൽനിന്നുതന്നെ തുടങ്ങണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും ശാസ്ത്രബോധം പകർന്നുനൽകിയാൽ മാത്രമേ സമൂഹത്തിലും രാജ്യത്തും പുരോഗതി ഉണ്ടാവുകയുള്ളൂ. ലോകം നിർമിത ബുദ്ധിയിലും റോബോട്ടിക്സിലും മികവുനേടുകയും പുരോഗതിയിൽ വൻകുതിപ്പ് നടത്തുകയും ചെയ്യുമ്പോഴും ഗോമൂത്രത്തിന്റെ ഗുണഗണങ്ങളിലും ആൾദൈവങ്ങളുടെ മഹത്വത്തിലും കൂടോത്രത്തിലും ഭ്രമിച്ചുകൊണ്ടിരിക്കുന്ന ഏതൊരു സമൂഹവും എത്തിച്ചേരുക വർഷങ്ങൾ പിന്നിലായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസി. പ്രഫസറാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.