Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചാതുർവർണ്യത്തിലേക്ക്...

ചാതുർവർണ്യത്തിലേക്ക് തിരിച്ച് നടത്തുന്ന ദേശീയ തൊഴിൽ നയം

text_fields
bookmark_border
slave labour
cancel
camera_alt

Representation Image

2025 മുതൽ 2047 വരെയുള്ള കാലഘട്ടത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്നതിനായി പുതിയൊരു ദേശീയ തൊഴിൽ നയം കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുകയാണ്. ഒക്ടോബർ എട്ടിന് ഇതിന്റെ കരട് നയം പ്രസിദ്ധീകരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കകം ഈ നയം പ്രാബല്യത്തിൽ വരും.

രാജ്യത്തുണ്ടായിരുന്ന 44 കേന്ദ്ര തൊഴിൽ നിയമങ്ങളെ 29 ആയി ചുരുക്കുകയും, പിന്നീട് അവയെ വേതന കോഡ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹിക സുരക്ഷാ കോഡ്, ഒക്യുപേഷനൽ സേഫ്റ്റി ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടീഷൻസ് കോഡ് എന്നിങ്ങനെ നാല് കോഡുകളായി ഏകീകരിക്കുകയും ചെയ്തു. പാർലമെന്റ് പാസാക്കിയ ഈ കോഡുകൾ വിജ്ഞാപനത്തിലൂടെ പ്രാബല്യത്തിൽ വരുത്തുന്ന നടപടി മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.

നാം നാളിതുവരെ പിന്തുടരുന്നതും, ജസ്റ്റിസ് ഗജേന്ദ്രഗഡ്കർ അധ്യക്ഷനായ ഒന്നാം തൊഴിൽ കമീഷന്റെ ശിപാർശകൾ പ്രകാരം നടപ്പിൽ വന്നതുമായ തൊഴിൽ നിയമങ്ങളെ അട്ടിമറിക്കുന്നതാണ് പുതിയ നയം. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ, നിർദേശക തത്ത്വങ്ങൾ, ഫെഡറലിസം, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട അടിസ്ഥാന തത്ത്വങ്ങൾ, കോടതി വിധികൾ എന്നിവയെ പാടേ നിരാകരിച്ചുകൊണ്ട് മനുസ്മൃതി, നാരദസ്മൃതി, ശുക്രനീതി, യാജ്ഞവൽക്യസ്മൃതി, അർഥശാസ്ത്രം എന്നിവയെ ആധാരമാക്കിയാണ് ഇവ തയാറാക്കിയിരിക്കുന്നത്.


തൊഴിൽ ഒരു മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കുന്ന ഒരു സ്വകാര്യ ബിൽ 1988ൽ ഈ ലേഖകൻ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കുകയും അതിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. ബാംഗ്ലൂർ വാട്ടർ സപ്ലൈ കേസ് മുതൽ അടുത്തയിടെ സുപ്രീംകോടതി കൈക്കൊണ്ട തീരുമാനങ്ങൾ വരെ തൊഴിലിനെ ഒരു അവകാശമായി അംഗീകരിക്കുമ്പോൾ, തൊഴിൽ ഒരു ‘ധർമമാണ്’, അവകാശമല്ല എന്ന കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. അവകാശം ധർമമായി മാറുമ്പോൾ, തൊഴിലാളിക്ക് വിലപേശൽ അവകാശങ്ങളോ വിവിധ നിയമങ്ങളിൽനിന്നും ത്രികക്ഷി കരാറുകളിൽനിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളോ, നീണ്ട പോരാട്ടങ്ങളിലൂടെ അവർ നേടിയെടുത്ത മറ്റ് അവകാശങ്ങളോ ഉണ്ടായിരിക്കില്ല.

തൊഴിലുടമകൾ ശക്തരും തൊഴിലാളികൾ ദുർബലരും ആയതുകൊണ്ട്, തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് തൊഴിൽ മന്ത്രാലയവും അതിന്റെ കീഴിലെ സംവിധാനങ്ങളും നിലകൊള്ളുന്നത്. എന്നാൽ, പുതിയ ദേശീയ നയവും അതിനനുസൃതമായ കോഡുകളും നടപ്പാക്കപ്പെടുന്നതോടെ, തൊഴിൽ വകുപ്പ് തൊഴിലുടമകളുടെ സംരക്ഷകരായി മാറുന്ന അവസ്ഥ സംജാതമാകും.

സാർവദേശീയമായി തൊഴിലാളിയും തൊഴിലുടമയും ഉൽപാദന പ്രക്രിയയിൽ തുല്യ പങ്കാളികളാണ്. ഐ.എൽ.ഒ, ഒ.ഇ.സി.ഡി (Organisation for Economic Co-operation and Development), യു.എൻ നയങ്ങൾ അനുശാസിക്കുന്നതും ഇതേ തൊഴിൽ വ്യവസ്ഥകളാണ്. എന്നാൽ നിർദിഷ്ട ദേശീയ നയം ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്ന മൂന്നാം അധ്യായം, നിർദേശക തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന നാലാം അധ്യായം എന്നിവയിൽ വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങളെ നിരാകരിക്കുന്നു. കേന്ദ്ര, സംസ്ഥാന, ജില്ലതലങ്ങളിൽ ത്രിതല സംവിധാനമുണ്ടാകുമെന്ന് ഇതിൽ പറയുന്നുണ്ടെങ്കിലും, ഇത് നമ്മുടെ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ തകർക്കും. തൊഴിൽ എന്നത് കൺകറന്റ് ലിസ്റ്റിലുള്ള (ഉഭയകക്ഷി) വിഷയമാണെങ്കിലും അത് കേന്ദ്രത്തിന്റേത് മാത്രമായി മാറും. ഇന്ത്യയിലെ തൊഴിൽ ബന്ധങ്ങളെ നിയന്ത്രിക്കുന്ന 104ഓളം സംസ്ഥാന തൊഴിൽ നിയമങ്ങളുണ്ട്. പുതിയ നയം നടപ്പിലാക്കുന്നതോടെ അവയെല്ലാം അസാധുവാകും.

നിർദിഷ്ട ദേശീയ തൊഴിൽ നയം പ്രാവർത്തികമാക്കിയാൽ തൊഴിലുടമ, തൊഴിലാളി എന്ന ‘കൂലി-അടിമ’ എന്നിങ്ങനെ രണ്ട് വർഗങ്ങളായി സമൂഹം വിഭജിക്കപ്പെടും. ഒരു ജനാധിപത്യ സംവിധാനത്തിൽ ഉൽപാദകന് മേധാവിത്വവും തൊഴിലെടുക്കുന്നവന് കീഴാളത്വവും കൽപിക്കുന്ന നയം അംഗീകരിക്കാനാവില്ല. എന്നാൽ, കുൽസിത മാർഗങ്ങളിലൂടെ ഇത് നടപ്പാക്കാനുള്ള തിടുക്കത്തിലാണ് കേന്ദ്ര ഗവൺമെന്റ്. ഈ പുതിയ വെല്ലുവിളികളെ നേരിടാൻ അതിർവരമ്പുകൾ മറികടന്ന് യോജിപ്പോടെയുള്ള മറ്റൊരു പ്രതിരോധത്തിന് ജനത തയാറാകേണ്ടിയിരിക്കുന്നു.

പുതിയ നയം നടപ്പാക്കുന്നത് കേന്ദ്രം, സംസ്ഥാനം, ജില്ല എന്നിങ്ങനെ മൂന്ന് സംവിധാനങ്ങളിലൂടെയായിരിക്കും. ഡൽഹിയിലെ വി.വി. ഗിരി ലേബർ ഇൻസ്റ്റിറ്റ്യൂട്ട് തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനുള്ള നോഡൽ ഏജൻസിയാകും. എല്ലാ നടപടിക്രമങ്ങളും ഡിജിറ്റൽ, ആപ് സംവിധാനത്തിലേക്ക് മാറും. നിലവിൽ തൊഴിലാളികളുടെ പൂർണ അവകാശമായ പ്രോവിഡൻറ് ഫണ്ട്, ഇ.എസ്.ഐ, പി.എം.വൈ ഫണ്ട് തുടങ്ങിയ സമ്പാദ്യങ്ങളെല്ലാം ഒറ്റ സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് മാറ്റപ്പെടും.

തൊഴിലാളികളുടെ പരാതികൾ ബോധിപ്പിക്കാനുള്ള പോർട്ടലുകളും ഡിജിറ്റൽ സംവിധാനങ്ങളും എ.ഐ വഴിയാകും നിയന്ത്രിക്കപ്പെടുക. പുതിയ നയപ്രകാരം സ്ഥിരം, താൽക്കാലിക, കാഷ്വൽ വേർതിരിവുകൾ ഇല്ലാതാകും. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ (Contract) പ്രകാരമാകും ജോലി. നാം പിന്തുടർന്നുവരുന്ന സംവരണ സമ്പ്രദായത്തെ നിരാകരിക്കുന്നതോടെ അധഃസ്ഥിത-പിന്നാക്ക-പട്ടികജാതി സമൂഹങ്ങളുടെ ജീവിതം ദുസ്സഹമാകും. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത തുല്യതാബോധവും സാമൂഹിക നീതിയും ഇല്ലായ്മ ചെയ്യുകയും, രാജ്യത്തെ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് പിന്നോട്ടടിക്കുകയും ചെയ്യുന്ന ഈ ദേശീയ തൊഴിൽ നയം പാടേ നിരാകരിക്കപ്പെടണം.

(ലേഖകൻ മുൻ എം.പിയും എച്ച്.എം.എസ് മുൻ ദേശീയ പ്രസിഡന്റുമാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChathurvarnyaShram Shakti Niti 2025
News Summary - national labour policy to return to the Chathurvarnya system
Next Story