Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇടുങ്ങുന്ന മനസ്സുകൾ, ചുരുങ്ങുന്ന ഇടങ്ങൾ
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightഇടുങ്ങുന്ന മനസ്സുകൾ,...

ഇടുങ്ങുന്ന മനസ്സുകൾ, ചുരുങ്ങുന്ന ഇടങ്ങൾ

text_fields
bookmark_border

രാജ്യതലസ്ഥാന നഗരിയായ ഡൽഹിയുടെ തൊട്ടടുത്ത പ്രദേശമാണ് ഇന്ത്യയിലെ നക്ഷത്ര നഗരങ്ങളിലൊന്നായി പുകൾപെറ്റ ഗുരുഗ്രാം (ഗുഡ്ഗാവ്). അന്താരാഷ്ട്ര ഐ.ടി കമ്പനികളുടെ കേന്ദ്രമായ ഈ നാട്ടിലേക്ക് ലോകത്തിന്റെ നാനാദിക്കുകളിൽനിന്ന് ആളുകൾ വന്ന് താമസിക്കുന്നു, ജോലിചെയ്യുന്നു. മുസ്‍ലിം സമുദായാംഗങ്ങൾ ഇവിടെയുള്ള തുറന്ന മൈതാനങ്ങളിൽ വെള്ളിയാഴ്ച നമസ്കാരം നിർവഹിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകൾ കുറച്ചുകാലമായി പ്രക്ഷോഭത്തിലാണ്. ആ പ്രക്ഷോഭത്തിന്റെ ബാക്കിപത്രമെന്തെന്ന് അന്വേഷിച്ച സ്വതന്ത്ര മാധ്യമസ്ഥാപനമായ 'newslaundry.com' തയാറാക്കിയ റിപ്പോർട്ടിന്റെ സംഗ്രഹം

ഈ റമദാനിൽ സുബ്ഹാൻ ഉസ്മാനി മൂന്ന് ആഴ്ചയിൽ ഒരിക്കലാണ് ജുമുഅ നമസ്കാരത്തിന് പോകുന്നത്. ഓഫിസിന് തൊട്ടടുത്തുള്ള പാർക്കിൽ സൗകര്യമുണ്ടായിരുന്നതിനാൽ കഴിഞ്ഞ വർഷം വരെ വെള്ളിയാഴ്ച നമസ്കാരം ഒരു പ്രശ്നമായിരുന്നില്ല. പക്ഷേ, പൊതുസ്ഥലങ്ങളിൽ നമസ്കരിക്കുന്നതിനെതിരെ ഹിന്ദുത്വ 'പ്രവർത്തകർ പ്രതിഷേധങ്ങൾ ഉയർത്തിയതോടെ അത് മുടങ്ങി.

ഓഫിസിൽനിന്ന് ഒരു മണിക്കൂറിലേറെ പോകണം ഏറ്റവുമടുത്തുള്ള പള്ളിയിലെത്താൻ. 30-40 മിനിറ്റ് മാത്രമുള്ള ഉച്ചഭക്ഷണ ഇടവേളകൊണ്ട് പോയിവരുക അസാധ്യം. തുടർച്ചയായി മൂന്ന് വെള്ളിയാഴ്ച നമസ്കാരം മുടക്കൽ അനുവദനീയമല്ലാത്തതിനാൽ മൂന്നാഴ്ച കൂടുമ്പോൾ അവധിയെടുത്ത് അന്ന് വീടിനടുത്ത പള്ളിയിൽ പോയി നമസ്കരിക്കൽ മാത്രമാണ് എന്റെ മുന്നിലുള്ള മാർഗം -ഉസ്മാനി പറയുന്നു.

പാർക്കിലെ നമസ്കാരത്തിനെതിരെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉയർന്ന പ്രതിഷേധങ്ങൾ വാർത്തയായിരുന്നു. എന്നാൽ, ഇതാദ്യമായല്ല വലതുപക്ഷ ഹിന്ദുത്വ സംഘടനകൾ ഇതൊരു വിഷയമാക്കുന്നത്. 2018ൽ 22 ഹിന്ദുത്വ സംഘടനകളുടെ ഐക്യവേദിയായ സംയുക്ത ഹിന്ദു സംഘർഷ സമിതി നമസ്കാരം തടസ്സപ്പെടുത്തിയിരുന്നു. അതേ സംഘം തന്നെയായിരുന്നു കഴിഞ്ഞ വർഷത്തെ നീക്കങ്ങൾക്ക് പിന്നിലും.

കഴിഞ്ഞ വർഷം ഗുരുഗ്രാമിൽ നടന്ന സംഭവങ്ങൾ മുസ്‍ലിംകൾ ഉന്നംവെക്കപ്പെടുമെന്ന ഭീതി വീണ്ടും സൃഷ്ടിക്കപ്പെട്ടെന്ന് പേര് പരസ്യപ്പെടുത്തരുതെന്ന അഭ്യർഥനയോടെ ഒരു ഐ.ടി പ്രഫഷനൽ ചൂണ്ടിക്കാട്ടുന്നു. മതവൈരം മുഖ്യധാരയിലെത്തിയിരിക്കുന്നു. പണ്ട് പല കാര്യങ്ങളും പരസ്യമായിപ്പറയാൻ ആളുകൾക്ക് അൽപം ജാള്യമെല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ അത് പൊതുസ്വീകാര്യത കൈവരിച്ചിരിക്കുന്നു.

പുറത്ത് നമസ്കാരം നിർവഹിക്കാൻ സൗകര്യമുള്ള 150 സ്ഥലങ്ങളാണ് ഇവിടെ മുമ്പുണ്ടായിരുന്നത്. ഒക്ടോബർ 2018 ആയപ്പോൾ അത് 37 ആയി ചുരുങ്ങി. 2021 നവംബറിൽ ഇത് 20 ആയി കുറഞ്ഞു. നിലവിൽ ആറ് സ്ഥലങ്ങളിൽ മാത്രമാണ് നമസ്കാര അനുമതി.

അഞ്ചു ലക്ഷം മുസ്‍ലിംകളാണ് ഗുരുഗ്രാമിലുള്ളത്; ഇവർക്കായി 12 പള്ളികളും. ഓരോ പള്ളിയിലും പത്തു തവണ ജുമുഅ നസ്മകാരം നടത്തിയാൽപോലും എല്ലാവരെയും ഉൾക്കൊള്ളാനാവില്ല -ഗുരുഗ്രാം ജംഇയ്യതുൽ ഉലമ അധ്യക്ഷൻ മുഫ്തി മുഹമ്മദ് സലീം അവസ്ഥ വ്യക്തമാക്കുന്നു.

പ്രതിഷേധങ്ങൾക്കുശേഷം സംഭവിച്ചത്

പൊതു ഇടങ്ങളിൽ നമസ്കാരം നിർവഹിക്കുന്ന രീതി വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെക്കുന്നതിനാൽ അനുവദിക്കാനാവില്ല എന്നാണ് കഴിഞ്ഞ വർഷം ഡിസംബറിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രസ്താവിച്ചത്. ഹിന്ദുത്വ സംഘടനകൾ പ്രതിഷേധം നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഖട്ടറിന്റെ വിശദീകരണം വന്നത്.

ഗുരുഗ്രാം സെക്ടർ 47ലെ ഒരു പാർക്കിങ് ഗ്രൗണ്ടിൽ കഴിഞ്ഞ ഒക്ടോബർ വരെ നൂറുകണക്കിന് മുസ്‍ലിംകൾ എല്ലാ വെള്ളിയാഴ്ചയും ഉച്ചനേരത്ത് ഒത്തുചേർന്ന് നമസ്കാരം നിർവഹിച്ചു പോന്നിരുന്നു. എന്നാൽ, പ്രതിഷേധം വന്നതോടെ റെസിഡൻറ്സ് വെൽഫെയർ അസോസിയേഷനുകളിലെയും വലതുപക്ഷ സംഘടനകളിലെയും ആളുകൾ ഒത്തുകൂടി നമസ്കാരം തടസ്സപ്പെടുത്താൻ തുടങ്ങി. നമസ്കാരം നടക്കുന്നതിന് ഏതാനും വാര അകലെയായി ഉച്ചഭാഷിണികൾ സ്ഥാപിച്ച് ഹിന്ദു ഭക്തിഗാനങ്ങളും മുഴക്കി.

മുസ്‍ലിംകളുടെ മനസ്സ് മടുത്തുപോയി, പലരും ഗുരുഗ്രാം വിട്ടു, മറ്റു പലരും ഈ നാട് ഉപേക്ഷിക്കാനൊരുങ്ങുന്നു. പക്ഷേ, ഈ സംഘർഷങ്ങൾ വലുതാക്കുന്ന ഒരു നീക്കവും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ദേഷ്യപ്പെടാനോ പകരംവീട്ടാനോ ഞങ്ങൾ മുതിർന്നിട്ടില്ലെന്ന് നിങ്ങൾക്ക് പരിശോധിച്ചാൽ വ്യക്തമാവും -മുഹമ്മദ് സലീം പറയുന്നു.

പാർക്കിങ് ഗ്രൗണ്ടിലെ നമസ്കാരം തടഞ്ഞവർ പറഞ്ഞ ഒരുകാര്യം അവിടെ ഒരു മാർക്കറ്റ് ആരംഭിക്കാനിരിക്കയാണ് എന്നായിരുന്നു. ഇപ്പോൾ അവിടം ഒഴിഞ്ഞുകിടക്കുന്നു.

സെക്ടർ 47ലെ റെസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സുനിൽ യാദവ് പ്രതിഷേധങ്ങൾക്ക് മുന്നിൽനിന്നയാളാണ്. പൊതുസ്ഥലത്ത് പരസ്യമായി നമസ്കാരം നടത്തുന്നത് ശരിയല്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

മാർക്കറ്റ് നിർമാണത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും സർക്കാർ ഭൂമിയിൽ അത് നിർമിക്കാനുള്ള ചുമതല സർക്കാറിനാണെന്നും സുനിൽ പറയുന്നു.

നോമ്പുകാലത്തെ നൊമ്പരം

റമദാൻ മാസം തുടങ്ങിയതോടെ നമസ്കാരത്തിന് സ്ഥലമില്ലാതെ നിരവധിയാളുകൾ തന്നെ വിളിക്കുന്നുവെന്ന് പാലം വിഹാർ പള്ളിയിൽ ഇമാം കൂടിയായ മുഫ്തി മുഹമ്മദ് സലീം പറയുന്നു. ലഭ്യമായ 12 പള്ളികളും നോമ്പുകാരെ ആവുന്നത്ര ഉൾക്കൊള്ളാൻ വേണ്ട ശ്രമങ്ങൾ നടത്തിവരുന്നുണ്ടെങ്കിലും അതൊരു വെല്ലുവിളി തന്നെയാണെന്ന് ഗുഡ്ഗാവ് നാഗരിക് ഏക്താ മഞ്ചിലെ അൽതാഫ് അഹ്മദ് പറയുന്നു. പല പള്ളികളിലും പലതവണയായി നമസ്കാരം സംഘടിപ്പിക്കുകയാണ്. ഉദാഹരണത്തിന് നേരത്തേ വെള്ളിയാഴ്ചകളിൽ ഒരുതവണ മാത്രം ഉച്ച നമസ്കാരം നടന്നിരുന്ന അൻജുമൻ ജുമാമസ്ജിദിൽ അഞ്ചു തവണയായാണ് ജുമുഅ നമസ്കാരം നടത്തുന്നത്. എന്നിട്ടും ആളുകൾ ഇടംകിട്ടാതെ വിഷമിക്കുന്നു.

നമസ്കാരം തടസ്സപ്പെടുത്തിയതിന് മൂന്നു തവണയെങ്കിലും പിടിയിലായിട്ടുള്ള ദിനേശ് ഭാരതി എന്ന ഹിന്ദുത്വ കാവലാൾ പതിനഞ്ചോളം പൊതുസ്ഥലങ്ങളിൽ നമസ്കാരം നടക്കുന്നുവെന്നും അത് നിർത്തിക്കണമെന്നും ആവശ്യപ്പെട്ട് ഇക്കൊല്ലം നോമ്പ് ആരംഭിച്ചയുടനെ ഗുരുഗ്രാം പൊലീസിൽ നിവേദനം സമർപ്പിച്ചിരുന്നു. അധികൃതർക്ക് രണ്ടോ മൂന്നോ ആഴ്ച അനുവദിക്കുമെന്നും നടപടിയെടുക്കുന്നതിൽ അവർ വീഴ്ചവരുത്തിയാൽ നമസ്കാരം നടത്തുന്ന ഗ്രൗണ്ടുകളിൽ താൻ ഗോശാലകൾ ആരംഭിക്കുമെന്നും ദിനേശ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഗുരുഗ്രാമിലും ഡൽഹിയിലും ക്രമേണ ഇന്ത്യയിലൊട്ടുക്കും പൊതു സ്ഥലങ്ങളിലെ നമസ്കാരം നിർത്തലാക്കും വരെ താൻ പ്രക്ഷോഭം തുടരുമെന്നും ഇയാൾ പറയുന്നു.

ഭാരതിയുടെ വാദത്തെ തള്ളിക്കളഞ്ഞ ഗുരുഗ്രാം പൊലീസ് കമീഷണർ കല രാമചന്ദ്രന്റെ അഭിപ്രായത്തിൽ മുസ്‍ലിംകൾക്ക് നമസ്കാരത്തിന് ഇടംലഭിക്കാത്ത പ്രശ്നമേയില്ല. അധികൃതരുമായി ചർച്ചനടത്തി ഗുരുഗ്രാമിൽ ആറിടങ്ങളിലും മനേശ്വറിൽ രണ്ടിടത്തുമായി ഗ്രൗണ്ടുകളിൽ നമസ്കാര സൗകര്യം അനുവദിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലം അനുവദിക്കണമെന്ന അപേക്ഷകളൊന്നും പിന്നീട് ലഭിച്ചിട്ടില്ലെന്നും സമുദായം തൃപ്തരാണെന്നും അവർ പറയുന്നു.

എന്നാൽ, ഈ മാസം ഒന്നിന് കമീഷണറെ സമീപിച്ച് സുരക്ഷ ഉറപ്പാക്കാൻ അപേക്ഷ നൽകിയെന്നും നമസ്കാരസ്ഥലങ്ങൾ വർധിപ്പിച്ചു തരണമെന്ന് വാക്കാൽ ആവശ്യപ്പെട്ടിരുന്നുവെന്നും സലീം പറഞ്ഞു. റമദാനിൽ കൂടുതൽ പൊലീസ് സാന്നിധ്യം ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ച കാര്യം കമീഷണറും ശരിവെക്കുന്നു.

നിലനിൽപിനായുള്ള നീക്കുപോക്കുകൾ

മുഖ്യമന്ത്രിതന്നെ എതിർ നിലപാട് കൈക്കൊള്ളുന്ന സാഹചര്യത്തിൽ കൂടുതൽ നമസ്കാര സ്ഥലങ്ങൾ ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുന്നതിൽ അർഥമില്ല എന്നാണ് അഹ്മദിന്റെ അഭിപ്രായം. അങ്ങനെ ചെയ്യുന്നത് പ്രശ്നമുണ്ടാക്കാൻ നടക്കുന്ന തെമ്മാടികൾക്ക് വഴിമരുന്നിട്ടുകൊടുക്കലാവും. അടിച്ചമർത്തലിന്റെ നിഴലിലാണ് നഗരത്തിലെ ജീവിതമെന്നും ഒതുങ്ങിക്കഴിയലാണ് ഏക പോംവഴിയെന്നും ഇവിടത്തെ മുസ്‍ലിം സമുദായാംഗങ്ങൾ കരുതുന്നു. വലതുപക്ഷക്കാർ പ്രശ്നമുണ്ടാക്കാൻ വരുമ്പോൾ ഞങ്ങൾക്ക് അടിപിടിക്ക് പോകാൻ ആഗ്രഹമില്ലാത്തതിനാൽ നമസ്കാരം നടത്തണ്ടയെന്ന് ഇമാമിനോട് പറയാറാണെന്ന് സലീം അഭിപ്രായപ്പെടുന്നു.

പൊതുസ്ഥലത്തെ നമസ്കാരത്തിനെതിരെ ഹിന്ദുത്വ വലതുപക്ഷ സംഘടനകൾ സംഘടിപ്പിച്ച ഗോവർധൻ പൂജക്കിടെ മുസ്‍ലിംകൾക്കെതിരെ പ്രകോപനപരമായി പ്രസംഗം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സലീം ഗുരുഗ്രാം ഡെപ്യൂട്ടി കമീഷണർക്ക് എഴുതിയിരുന്നു. ഭാരതി, സംയുക്ത് ഹിന്ദു സംഘർഷ സമിതിയുടെ കുൽഭൂഷൻ ഭരദ്വാജ്, മഹാവീർ ഭരദ്വാജ് എന്നിവരുടെ പേരെടുത്തു പറഞ്ഞായിരുന്നു പരാതി. ഇവർക്കെതിരെ ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

എന്നാലോ, സലീമിനും മുൻ രാജ്യസഭാംഗം മുഹമ്മദ് അദീബിനുമെതിരെ മതസൗഹാർദം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും ഭൂമി കൈയേറാൻ ശ്രമിച്ചെന്നുമാരോപിച്ച് എഫ്.ഐ.ആർ ചുമത്തപ്പെട്ടു. ഹിന്ദുത്വ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കാൻ വീഴ്ചവരുത്തുന്ന ഹരിയാന ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു അദീബ്.

അദീബിനെതിരെ നടപടികൾ കൈക്കൊള്ളുന്നതിൽനിന്ന് ഗുരുഗ്രാം പൊലീസിനെ തടഞ്ഞിരിക്കുകയാണ് പഞ്ചാബ്- ഹരിയാന ഹൈകോടതിയിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuslimsSangh ParivarRSSIndiaBJP
News Summary - Narrow minds, narrowing spaces
Next Story