തോറ്റുപോയ ലോക്​ഡൗൺ വിജയമായി നരേന്ദ്ര മോദി വിറ്റഴിക്കുമ്പോൾ...

ശിവം വിജ്​
13:35 PM
05/07/2020

വൈറസ്​ ബാധയുടെ കുതിപ്പ്​​ താഴോ​െട്ടത്തിക്കാൻ ലക്ഷ്യമിട്ടാണ്​ സമ്പൂർണ ലോക്​ഡൗൺ എന്ന ആശയം വരുന്നത്​. ജനം പരസ്​പരം ഇടപഴകുന്നത്​ തടഞ്ഞും സാമൂഹിക അകലം നിലനിർത്തിയും കോവിഡ്​-19 രോഗികളുടെ എണ്ണം കുറച്ചുവരാനാവുമെന്നത്​ സത്യം. ലോക്​ഡൗൺ വഴി ഇത്​ നേടിയെടുത്ത രാജ്യങ്ങ​േ​ളറെ​. ഡെൻമാർക്​, ​െസ്ലാവാക്യ, ഗ്രീസ്​, ഒാസ്​ട്രിയ, ആസ്​ട്രേലിയ തുടങ്ങി പട്ടിക നീളും. ഒന്നുകൂടി പ്രായോഗികമായി നടപ്പാക്കി സമ്പൂർണ കോവിഡ്​ മുക്​തമായ രാജ്യങ്ങളുണ്ട്​^ ന്യൂസിലൻഡ്​ പോലെ. ഇനി വേറെ ചിലത്​ ​​വൈറസിനെ പടികടത്തിയത്​ തീരെ ലോക്​ഡൗൺ നടപ്പാക്കാതെ^ ​െഎസ്​ലൻഡ്​ അതിലൊന്നുമാത്രം. 
മാർച്ചോടെ കോവിഡ്​ മഹാമാരിയുടെ പിടിയിലമർന്ന യൂറോപ്യൻ രാജ്യങ്ങൾ ലോക്​ഡൗൺ വഴി വൈറസ്​ ബാധയുടെ കുതിപ്പ്​ താ​േഴാ​െട്ടത്തിക്കുന്നതിൽ വിജയിച്ചു. യു.കെ, ഇറ്റലി, സ്​പെയിൻ എന്നിവ ആ പട്ടികയിലെ മുമ്പൻമാർ. കഠിനമായി നടപ്പാക്കിയ ലോക്​ഡൗണിലൂടെ പ്രഭവ രാജ്യമായ ചൈനയും വൈറസി​​​െൻറ കുതിപ്പ്​ പിടിച്ചുകെട്ടി. അവർ അടുത്തിടെ വീണ്ടും ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്​. 


‘സൂപർ പവറി​’നെ കുറിച്ച്​ മിണ്ടരുത്​

ഇവയെ  മാതൃകയായി നാം അവതരിപ്പിച്ചാൽ ഉടൻ കേൾക്കാം നെടുനീളൻ ന്യായങ്ങൾ^ ആ രാജ്യങ്ങൾ സമ്പന്നമാണെന്നും ജനസാന്ദ്രത തീരെ കുറവാണെന്നും. അതുവരെയും ലോകത്തെ സൂപർ ശക്​തിയെന്ന്​  (‘വിശ്വ ഗുരു’വെന്ന്​ ബി.ജെ.പി ഭാഷ്യം) വീമ്പിളക്കിയവർ പെ​െട്ടന്ന്​ എല്ലാം മറന്ന്​ നാം ദരിദ്രരാണെന്നും മൂന്നാം ലോക ​രാജ്യമാണെന്നും സ്വയം തരംതാഴും. മാനുഷിക വികസന രംഗത്ത്​ ഇനി​യുമേറെ പോകാനുണ്ടെന്നും നെടുവീർപ്പിടും. ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്​വ്യവസ്​ഥ, ലോകത്ത്​ അതിവേഗം വളരുന്ന സമ്പദ്​വ്യവസ്​ഥ, അഞ്ചു ലക്ഷം കോടി ഡോളർ സമ്പദ്​വ്യവസ്​ഥ തുടങ്ങി വലിയ വായിലെ വർത്തമാനങ്ങൾ കണ്ടംവഴി ഒാടും. 

ഏതെങ്കിലും മേഖലയിൽ പ്രകടന മികവു കണ്ടാൽ ഇൗ സമ്പന്ന രാജ്യങ്ങളുമായി തന്നെയാകും വീണ്ടും സമീകരണം. 

ഉത്തർ പ്രദേശിൽ ഇതുവരെയും കോവിഡ്​ മരണം 600 മാത്രമെന്നതി​​െൻറ മഹത്വമറിയിക്കാൻ നരേന്ദ്ര മോദി ചേർത്തുപറഞ്ഞത്​ സമാന ജനസംഖ്യയുള്ള നാല്​ യൂറോപ്യൻ രാജ്യങ്ങളിൽ 1.3 ലക്ഷം പേർ കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്ന്​ ഉദ്ധരിച്ചായിരുന്നു. ഉത്തർ പ്ര​േദശും വിയറ്റ്​നാമും ത​​െൻറ സ്വന്തം സംസ്​ഥാനമായ ഗുജറാത്തും കേരളവും തമ്മിലും പ്രധാനമന്ത്രി തുലനം നടത്തണമായിരുന്നു. കണക്കുകൾ എങ്ങനെ ഇഴകീറിയാലും ഗ്രാഫ്​ കുത്തനെ മേലോട്ടുതന്നെയാണിപ്പോൾ. 

100 ദിവസം കഴിഞ്ഞിട്ടും എന്തേ തോറ്റുപോയി?

പരസ്യമായി പ്രഖ്യാപിച്ച ത​​െൻറ ലക്ഷ്യം മുൻനിർത്തിയാൽ ​േപാലും നരേന്ദ്ര മോദിയുടെ ലോക്​ഡൗൺ പരാജയമാണെന്നതാണ്​ സത്യം. മാർച്ചിൽ ആദ്യമായി ലോക്​ഡൗൺ ​പ്രഖ്യാപിക്കു​േമ്പാൾ പ്രധാനമന്ത്രി മോദി പറഞ്ഞത്​ കോവിഡിനെതിരായ ഇൗ യുദ്ധം 21 നാളുകൾ കൊണ്ട്​ രാജ്യം ജയിക്കുമെന്നായിരുന്നു. മഹാഭാരത യുദ്ധം ജയിക്കാനെടുത്തതിനെക്കാൾ മൂന്നു ദിവസം മാത്രം കൂടുതൽ.
ന​െട്ടല്ല്​ വളഞ്ഞുവീഴാത്ത ഒറ്റ മാധ്യമം നമുക്കുണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ നേരാംവണ്ണം ഒരു പാർലമ​െൻറ്​ പ്രവർത്തിച്ചിരുന്നുവെങ്കിൽ, അതുമില്ലേൽ ചങ്കുറപ്പുള്ള ഒരു പ്രതിപക്ഷം ജീവനോടെയുണ്ടായിരുന്നുവെങ്കിൽ ഇൗ കോവിഡ്​ മഹാഭാരതം ​100 ദിവസം കഴിഞ്ഞിട്ടും എന്തേ തോറ്റുപോയി എന്ന് ​ചോദ്യം ഉയർത്താമായിരുന്നു. 

പ്രധാനമന്ത്രി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്​ ലോക്​ഡൗൺ ഇല്ലായിരുന്നുവെങ്കിൽ അനേകം ജീവൻ പൊലിഞ്ഞുപോയേനെയെന്നാണ്​. അതെങ്ങനെ ശരിയാകാനാണ്​. ഇതുവരെയും 17,000 ലേറെ വിലപ്പെട്ട ജീവൻ രാജ്യത്ത്​ നഷ്​ടമായിക്കഴിഞ്ഞു. ഇതേ അക്കങ്ങൾ തുടർന്നാൽ വർഷാവസാനമാകു​േമ്പാഴേക്ക്​ മരണനിരക്ക്​ ലക്ഷം കവിയും. 

മറ്റൊരു വിശദീകരണം, ആശുപത്രികൾ എളുപ്പം രോഗികളെ കൊണ്ട്​ നിറയാതിരിക്കാനായിരുന്നുവെന്നാണ്​. അത്യപൂർവം സ്​ഥലങ്ങളിലേത്​ മാറ്റിനിർത്തിയാൽ ഇൗ അവകാശവാദവും ഗോൾപോസ്​റ്റ്​ മാറ്റിവെക്കൽ മാത്രം. നോട്ടുനിരോധനത്തി​നു പിന്നിലെ അനന്തമജ്​ഞാത രഹസ്യം പോലെ എന്തോ നിത്യ നിഗൂഢത ഇവിടെയുമുണ്ടാകാം. 

വൈറസ്​ ബാധ കുത്തനെ ഉയരുന്നത്​ ഇനിയും നിയന്ത്രണവിധേയമാകാത്തത്​ എന്തുകൊണ്ടെന്ന അന്വേഷണവും പശ്​ചാത്തല പരിശോധനയും അനുപേക്ഷ്യമാണ്​. ഉത്തരം നമുക്ക്​ ​ അറിയാമെങ്കിൽ പോലും, ഇൗ കോവിഡ്​ വിരുദ്ധ യുദ്ധം അവസാനം കാണാത്ത സ്​ഥിതിക്ക്​ ആവർത്തിക്കാവുന്നതാണ്​. എന്നല്ല, ഇൗ യുദ്ധം തുടങ്ങിതല്ലേയുള്ളൂ. മരണനിരക്കോ, രോഗമുക്​തിയുടെ കണക്കോ മാത്രം നോക്കിയ​ല്ല എല്ലാം തീരുമാനിക്കേണ്ടത്​. കോവിഡിനെ ഇനിയും നിയന്ത്രണ വിധേയമാക്കാനായില്ലെങ്കിൽ, നമ്മുടെ വ്യവസായ ശാലകൾ, ഒാഫിസുകൾ, വിപണികൾ എന്നിവയൊന്നും പതിവുപോലെയാകില്ല. അവ സാധാരണത്വത്തിലേക്ക്​ തിരിച്ചുവന്നില്ലെങ്കിൽ നമ്മു​െട സമ്പദ്​വ്യവസ്​ഥയുടെ തിരിച്ചുവരവും തീരാകാത്തിരിപ്പ്​ മാത്രമാകും. 

ലോക്​ഡൗൺ വഴി രോഗബാധയുടെ വളർച്ച എന്തുകൊണ്ട്​ കുറക്കാനായില്ല?

നമ്മുടെ പോക്കറ്റിലെ പണവും യുദ്ധവിമാനങ്ങൾ കൂടുതൽ വാങ്ങാൻ നികുതിപ്പണവും നമ്മുടെ ആധിയായി ഇനിയും തുടരുന്നുവെങ്കിൽ നാം ചോദിച്ചേ പറ്റൂ^ ലോക്​ഡൗൺ വഴി രോഗബാധയുടെ വളർച്ച എന്തുകൊണ്ട്​ കുറക്കാനായില്ല?

1. നാം നേരത്തെ തുടങ്ങിയില്ല. കോവിഡിനെ അതിവേഗം മറികടന്നവർ ചെയ്​ത പൊതുവായ ഒരു കാര്യമുണ്ട്​^ അവർ നേരത്തെ തുടങ്ങി. വിയറ്റ്​നാം, തായ്​ലൻഡ്​, ഭൂട്ടാൻ മുതൽ കേരളം വരെ ഇതുശരിവെക്കുന്നു. 

കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നടപടികൾ ജനുവരി 20ന്​ തുടങ്ങിയിരുന്നു. പരിശോധിച്ച്​, തിരിച്ചറിഞ്ഞ്​, മാറ്റിനിർത്തി, അവർക്ക്​ പിന്തുണ നൽകിയുള്ള ചികിത്സക്രമം യൂറോപ്​ പോലും തുടങ്ങും മുമ്പ്​ അവർ നാന്ദികുറിച്ചു. മറുവശത്ത്​, ഇറ്റലിയുടെയും സ്​പെയിനി​​െൻറയും പേടിപ്പെടുത്തുന്ന കഥകൾ പുറത്തുവന്നപ്പോൾ മാത്രമായിരുന്നു നരേന്ദ്ര മോദിയും സംസ്​ഥാന സർക്കാറുകളും കോവിഡിനെ കാര്യമായി കണ്ടത്​. ഫെബ്രുവരിയിൽ ചൈനയിൽനിന്ന്​ വരുന്നവരുടെ ‘തെർമൽ സ്​ക്രീനിങ്​’ മാത്രമായിരുന്നു രാജ്യത്ത്​ നടന്നത്​. 

2. ജനങ്ങൾക്ക്​ നേരത്തെ അറിയിപ്പ്​ നൽകിയില്ല. നാലു മണിക്കൂർ മാത്രം സമയം നൽകി ദേശവ്യാപകമായി ലോക്​ഡൗൺ നടപ്പിൽ വരുത്തു​േമ്പാൾ ജനം ഒട്ടും ഒരുങ്ങിയിരുന്നില്ല. ലോക​ത്തെ ഏറ്റവും വിശാലമായ ലോക്​ഡൗൺ വരു​ംമുമ്പ്​ അവശ്യ വസ്​തുക്കൾ സ്വരുക്കൂട്ടാനോ ഒരുക്കങ്ങൾ നടത്താനോ അതിലേറെ, പുതിയ ജീവിതക്രമത്തിന്​ തയാറെടുക്കാനോ അവർക്ക്​ അവസരമുണ്ടായില്ല. അനിശ്​ചിതത്വവും ഉത്​കണ്​ഠയും തലക്കുപിടിച്ച്​ ജനം പതിവുപോലെ ജീവിച്ചുതുടങ്ങി, നിയമങ്ങൾ ലംഘിക്കാനും. 
ഇപ്പോൾ നാം ‘അൺലോക്​’ ഘട്ടത്തിലാണ്​^ രോഗ വ്യാപനം അതിവേഗത്തിലും. ഇത്ര വലിപ്പവും വൈവിധ്യവും പേറുന്ന ഇന്ത്യ പോലൊരു രാജ്യം നടപ്പാക്കേണ്ടിയിരുന്നത്​ പതിയെ ഘട്ടങ്ങളായുള്ള ലോക്​ഡൗണായിരുന്നു. 

3. പ്രോത്സാഹനമല്ല, ​പൊലീസാണ്​ നടപ്പാക്കാനിറങ്ങിയത്​. ദരിദ്രരും ഹതഭാഗ്യരുമായ പൗരന്മാരെ ലോക്​ഡൗണിലാക്കാൻ വ്യാപകമായ പൊലീസ്​ ബല​പ്രയോഗമാണ്​ നാം കണ്ടത്​. ചിലയിടങ്ങളിലെങ്കിലും ജനം പൊലീസിനെതിരെ തിരിഞ്ഞു. ജനത്തിന്​ ബോധ്യപ്പെടുന്ന, പ്രോത്സാഹനം നൽകിയുള്ള ​ലോക്​ഡൗണായിരുന്നു നമുക്ക്​ വേണ്ടിയിരുന്നത്​. അതുവഴി ജനത്തിന്​ സ്വമേധയാ ലോക്​ഡൗണിൽ പങ്കാളികളാകാമായിരുന്നു. 

4. ജനസംഖ്യയുടെ വലിയ പങ്കും ലോക്​ഡൗണിലായില്ല. ഗല്ലികളിലും ഘെറ്റോകളിലും കഴിയുന്ന, ഒറ്റപ്പെട്ട ഗ്രാമങ്ങളിലുള്ള ജനങ്ങൾ, അവശ്യ ​വസ്​തുക്കളും സേവനവും ഉറപ്പാക്കാനിറങ്ങിയവർ^ ഇവർ മറ്റുള്ളവരുമായി ഇട​പഴകാൻ അവസരമുണ്ടായത്​ രോഗവ്യാപനത്തിന്​ സഹായകമായി. 

കടലാസിൽ ലോകത്തെ ഏറ്റവും കഠിനമായ ലോക്​ഡൗണായപ്പോൾ പ്രയോഗത്തിൽ ദരിദ്രമായി. ഉദാഹരണത്തിന്​, ലോക്​ഡൗൺ കാലത്ത്​ ക്രിക്കറ്റ്​ മത്സരങ്ങളും കല്യാണങ്ങളും വൻ ആഘോഷത്തോടെ നടന്ന ആന്ധ്രയിലെ ഒരു ഗ്രാമം ഇപ്പോൾ കനത്ത വിലയൊടുക്കുകയാണ്​. 

സ്വന്തം നാടുകളിലേക്ക്​ മടങ്ങാൻ നാം നേരത്തെ അനുവദിക്കേണ്ടിയിരുന്ന കുടിയേറ്റ തൊഴിലാളികളാണ്​ മറ്റൊരു വിഭാഗം. അവരെ നാട്ടിലേക്ക്​ വിടാതെ പിടിച്ചുനിർത്തിയത്​ രോഗം പടരാനേ സഹായിച്ചുള്ളൂ. അവരിൽനിന്ന്​ സ്വന്തം നാട്ടുകാർക്ക്​ ഇപ്പോഴും കോവിഡ്​ പകർന്നുകൊണ്ടേയിരിക്കുന്നു. 

5. വളരെ കുറഞ്ഞേ നാം പരിശോധന നടത്തിയുള്ളൂ, അതും ബോധപൂർവം. നാം വരുത്തിയ ഏറ്റവും വലിയ വിന. ഒന്നാം നാൾ മുതൽ നാം കോവിഡ്​ പരിശോധന കുറഞ്ഞ അളവിലേ നടത്തിവരുന്നുള്ളൂ. രോഗബാധിതരുടെ എണ്ണം കൃത്രിമമായി കുറച്ചുനിർത്താൻ ഇത്​ സഹായകമായി. കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ ഇതിൽ ബോധപൂർവം കൂറുകാരായി. രാഷ്​ട്രീയ തിരിച്ചടി മാത്രമായിരുന്നു അവരുടെ ആശങ്ക. കോവിഡിനെ നിയന്ത്രണ വിധേയമാക്കുന്നതിൽ സർക്കാർ പരാജയമെന്ന്​ ജനം പറയുമോയെന്ന്​ അവർ ഭയന്നു. വിരോധഭാസമാകാം, പരിശോധന നടത്താതിരുന്നാൽ രോഗവ്യാപന തോത്​ കൂട്ടുകയേ ഉള്ളൂ. കാരണം, ആരെ മാറ്റിനിർത്തണമെന്നു പോലും നമുക്ക്​ തിരിച്ചറിയാനാകുന്നില്ല. 

ഒാരോ സംസ്​ഥാനവും ഇപ്പോൾ ഇതി​​െൻറ പ്രത്യാഘാതം അനുഭവിക്കുകയാണ്​. യു.പിയും ബിഹാറും ഇപ്പോഴും ഇതേ പിഴ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. വൈകി അവരും ഇത്​ അറിയും. വ്യാപകമായി പരിശോധന നടത്തിയാൽ രോഗികളെ എളുപ്പം തിരിച്ചറിയാമായിരുന്നു. എല്ലാവരെയും പരിശോധിക്കാനാവില്ലെന്നായിരുന്നു ന​മ്മെ പറഞ്ഞുപഠിപ്പിച്ചത്​. ഏറ്റവും ദുഃഖകരമായ തമാശ, സമൂഹ വ്യാപനം ഉണ്ടായെന്ന്​ ഇപ്പോഴും അധികാരികൾ സമ്മതിക്കുന്നില്ല. 

6. സമ്പർക്കപ്പട്ടിക ഉണ്ടാക്കിയില്ല. ഒരാൾ കോവിഡ്​ ബാധിതനായി സ്​ഥിരീകരിച്ചാൽ, ആദ്യം ചെയ്യേണ്ടത്​ കഴിഞ്ഞ ദിവസങ്ങളിൽ അയാൾ എത്തിയ സ്​ഥലങ്ങൾ അറിയിക്കലാണ്​. അവിടങ്ങളിലുള്ളവരെ കൂട്ടമായി പരിശോധനക്ക്​ വിധേയമാക്കിയാൽ രോഗവ്യാപനം സംഭവിച്ചോ എന്ന്​ ഉറപ്പിക്കാം. ഇങ്ങനെയൊക്കെ വേണമെന്ന്​ പുതിയ സങ്കൽപം പോലെ രാജ്യത്തെ പഠിപ്പിക്കണമെന്നതാണ്​ സ്​ഥിതി. ഇക്കാര്യത്തിൽ, കേരളം നിർവഹിച്ചത്​ വലിയ ദൗത്യമാണ്​. ഇപ്പോഴും 75 ശതമാനം ജനങ്ങൾക്ക്​ സ്​മാർട്​ഫോൺ ഇല്ലാത്ത രാജ്യത്ത്​ സമ്പർക്കം കണ്ടെത്താൻ മാന്ത്രിക വടി കണക്കെ പ്രയോഗിക്കുന്ന സ്​മാർട്​ഫോൺ ആപ്​ മാത്രമാണ്​ സർക്കാറി​​െൻറ ഏക പോംവഴി.

പ്രചാരവേലകളുടെ ​ശക്​തി

കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ പരാജയമായെന്ന്​ തുറന്നുസമ്മതിക്കുന്നതിലെ സത്യസന്ധതയില്ലായ്​മയാണ്​ രാജ്യത്തി​​െൻറ വലിയ പ്രശ്​നം. ഒന്നും ആരെയും അലട്ടുന്നില്ല. എല്ലാം ശരിയാണെന്ന്​ അക്കം നിരത്തുന്ന കണക്കുകളും മോദിക്ക്​ ഇനിയും തെരഞ്ഞെടുപ്പ്​ ജയിക്കാവുന്ന സാഹചര്യവും ഉ​ള്ളിടത്തോളം അത്​ അങ്ങനെതന്നെ തുടരുകയും ചെയ്യും.

നോട്ടു​നിരോധനത്തി​​െൻറ ​പരാജയമോ ജി.എസ്​.ടി സൃഷ്​ടിച്ച കൊടും നഷ്​ട​ങ്ങളോ ബി​.ജെ.പിക്ക്​ തെരഞ്ഞെടുപ്പിൽ പരിക്കേൽപിക്കാത്ത പോലെ കോവിഡ്​ പിടിച്ചുകെട്ടുന്നതിലെ പരാജയവും മോദിയെ അലട്ടില്ല. പ്രതിപക്ഷം, വിശിഷ്യാ രാഹുൽ ഗാന്ധി ഇൗ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും ജനത്തി​​െൻറ അടുത്തേക്ക്​ എത്തില്ല. പ്രതിപക്ഷത്തിന്​ അണികളില്ലെന്നു മാത്രമല്ല, ദശലക്ഷക്കണക്കിന്​ വാട്​സാപ്​ ഗ്രൂപുകളോ സർക്കാറിനെ ചോദ്യം ചെയ്യുന്ന മാധ്യമമോയില്ല. 

ജനാധിപത്യത്തിലെ ഇത്തരം തിരുത്തൽ സംവിധാനങ്ങളുടെ അഭാവത്തിൽ തോറ്റുപോയ ഇൗ ലോക്​ഡൗണും വിജയമായി നരേന്ദ്ര മോദിക്ക്​ വിറ്റഴിക്കാം. എല്ലാം അവസാനിക്കു​േമ്പാൾ കുറെയേറെ ഇന്ത്യക്കാർ പരാജയത്തെ വിജയമായി ഒാർത്തുവെക്കും. അത്രക്ക്​ ശക്​തമാണ്​ പ്രചാരണങ്ങൾ.


കടപ്പാട്​: theprint.in
മൊഴിമാറ്റം: കെ.പി. മൻസൂർ അലി

Loading...
COMMENTS