Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജങ്ങിനെ...

ജങ്ങിനെ പഴിക്കുന്നതെങ്ങനെ; പഴിക്കാതിരിക്കാന്‍ എന്തുണ്ട് കാര്യം...

text_fields
bookmark_border
ജങ്ങിനെ പഴിക്കുന്നതെങ്ങനെ; പഴിക്കാതിരിക്കാന്‍ എന്തുണ്ട് കാര്യം...
cancel

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച നജീബ് ജങ്ങിനെ പഴിക്കാതിരിക്കുന്നതെങ്ങനെ. അതിനപ്പുറത്തേക്ക് ചിന്തിച്ചാല്‍ പഴിക്കുന്നതെങ്ങനെ. മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നിട്ടും ആം ആദ്മി പാര്‍ട്ടിക്കോ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോ മനസിലിരിപ്പ് അനുസരിച്ച് ഡല്‍ഹി ഭരിക്കാന്‍ കഴിയുന്നില്ല. കേന്ദ്രസര്‍ക്കാറിന്‍റെ റബര്‍ സ്റ്റാമ്പു പോലെ വേണ്ടതിനും വേണ്ടാത്തതിനും സംസ്ഥാന സര്‍ക്കാറിനോട് വഴക്കിട്ടാണ് ഗവര്‍ണര്‍ മുന്നോട്ടു നീങ്ങിയത്. രണ്ടിനുമിടയില്‍ മൂന്നര വര്‍ഷം ഗവര്‍ണറാകാന്‍ വന്ന പ്രതിച്ഛായയില്‍ കരിമഷി വീഴ്ത്തിയാണ് നജീബ് ജങ്ങിന്‍െറ മടക്കം. ആരാണ് ഉത്തരവാദി. കേന്ദ്രം,സംസ്ഥാനം, ഗവര്‍ണര്‍...?

ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവിയിയോ അധികാരങ്ങളോ ഇല്ലാത്തതാണ് പ്രശ്നങ്ങളുടെ മുഖ്യകാരണം. ഇതെല്ലാമുള്ള സംസ്ഥാനങ്ങള്‍ക്കു പോലും ഫെഡറല്‍ അധികാരവും അവകാശങ്ങളും വകവെച്ചു കൊടുക്കാന്‍ തയാറല്ലാത്ത മനോഭാവമാണ് കേന്ദ്രസര്‍ക്കാറിന്‍േറത്. ഇതിനിടയില്‍ ഗവര്‍ണറെ മാത്രം കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം. കേന്ദ്രസര്‍ക്കാറിന്‍റെ ബലിഷ്ഠമായ കരങ്ങളില്‍ ഞെരിഞ്ഞു കിടക്കുന്ന പ്രദേശമാണ് ഡല്‍ഹി. പൊലീസ്, ക്രമസമാധാനം, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം എന്നിവയൊന്നും ഡല്‍ഹിക്കില്ല. ഭരണത്തില്‍ പ്രധാനി ഗവര്‍ണറാണെന്നും, അതു കഴിഞ്ഞു മാത്രമാണ് മുഖ്യമന്ത്രിക്ക് സ്ഥാനമെന്നും നീതിപീഠം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉള്ളതിനേക്കാള്‍ കൂടുതല്‍ അധികാരവും നിയന്ത്രണവും കേന്ദ്രം കാണിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനോടു കാണിക്കേണ്ട മര്യാദയും മാന്യതയും കാണിക്കാതിരിക്കുന്നു. ജനാധിപത്യ കീഴ്വഴക്കങ്ങള്‍ മറികടന്ന് രാഷ്ട്രീയ പ്രതിയോഗിയെ നേരിടുന്നു.

ഇതിനെല്ലാമിടയില്‍ ഗവര്‍ണര്‍ എന്തു ചെയ്യാന്‍? ആകെക്കൂടി അദ്ദേഹത്തിന് ചെയ്യാമായിരുന്നത്, നേരത്തെ രാജിവെച്ച് പോവുകയായിരുന്നു. ഇനിയും മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിപ്പോയെന്നു മാത്രമേ ഇപ്പോഴത്തെ രാജിയില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയൂ. പക്ഷേ, നജീബ് ജങ്ങിനെ നിരപരാധിയായി കാണാന്‍ കഴിയില്ല. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയില്ലാത്തത് വഴിയുള്ള ഭരണഘടനാപരമായ പ്രയാസങ്ങള്‍ തുറന്നു കാട്ടാനല്ല, അതിനു വേണ്ടി വാദിക്കുന്ന സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്രസര്‍ക്കാറിന്‍െറ പക്ഷത്തു നിന്ന് വഴക്കടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തീര്‍ച്ചയായും ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാറിന്‍െറയും രാഷ്ട്രപതിയുടെയും പ്രതിനിധിയാണ്. അവരുടെ സന്ദേശങ്ങള്‍ക്കും നിലപാടുകള്‍ക്കും അനുസൃതമായാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ജനാധിപത്യ വിശ്വാസിക്ക് കേന്ദ്രത്തെ മാത്രം കേള്‍ക്കാനാവില്ല. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ പറയുന്നതിലും ന്യായമുണ്ടെന്ന് കാണാന്‍ കഴിയേണ്ടിയിരുന്നു. വഴക്കടിക്കാതെ, വിശ്വാസത്തിലെടുത്തും സമാധാനിപ്പിച്ചും മുന്നോട്ടു പോകേണ്ടയിരുന്നു. പ്രശ്നവിഷയങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിന് ശ്രമിക്കേണ്ടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയൂം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ളത് രാഷ്ട്രീയമായ ശത്രുതയില്‍ നിന്ന് വളര്‍ന്നുപടര്‍ന്ന വ്യക്തിപരമായ ശത്രുതയാണ്. ഡല്‍ഹിയില്‍ കെജ്രിവാളിനെ ഒതുക്കാനാണ് മോദി ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. മോദിക്കെതിരെ വാരാണസിയില്‍ പോയി മത്സരിച്ചു വരെ തുറന്ന യുദ്ധം നടത്തുന്ന ദേശീയ നേതാവാണ് കെജ്രിവാള്‍. കിട്ടുന്ന അവസരത്തിലെല്ലാം അവര്‍ പാര വെച്ചുകൊണ്ടേയിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയ മോദിക്കും ബി.ജെ.പിക്കും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യ പ്രഹരമേറ്റതെന്നോര്‍ക്കണം. മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ധൈര്യപൂര്‍വം മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി കെജ്രിവാളാണ് എന്നുമോര്‍ക്കണം. പരസ്പരം ക്ഷമിച്ചുകൊടുക്കാവുന്നതിനപ്പുറത്തേക്ക് ശത്രുത പടര്‍ന്നുകയറിപ്പോയിട്ടുണ്ട്.

 

കെജ്രിവാളാകട്ടെ, സംയമനത്തിന്‍െറ വഴി ശീലിച്ചു വരുന്നതേയുള്ളൂ. ജനാധിപത്യ സ്വപ്നങ്ങള്‍ നടപ്പാകാത്തതിലെ രോഷം അദ്ദേഹത്തിന്‍െറ കൂടെപ്പിറപ്പാണ്. അതില്‍ നിന്നാണ് അദ്ദേഹം ഡല്‍ഹിയില്‍ ജനാധിപത്യ വിപ്ലവം സാധ്യമാക്കിയത്. പക്ഷേ, ഭരണഘടനാപരമായ പരിമിതികള്‍, കേന്ദ്രത്തിന്‍െറ പിടിമുറുക്കലുകള്‍ എന്നിവയെല്ലാം ക്ഷമിച്ചുനില്‍ക്കേണ്ട ചുറ്റുപാടാണ് കെജ്രിവാളിനു മുന്നില്‍. കേന്ദ്രത്തിന്‍റെ പാവയെപ്പോലെ പെരുമാറുന്ന ഗവര്‍ണറോട് അതുകൊണ്ടു തന്നെ, കിട്ടിയ സന്ദര്‍ഭത്തിലെല്ലാം അദ്ദേഹം കലഹിച്ചു. അതിനിടയില്‍ ബി.ജെ.പിയുടെ പുതിയ താല്‍പര്യങ്ങള്‍ കൂടിയായപ്പോള്‍ ഗവര്‍ണര്‍ക്ക് മടുത്തിരിക്കാം.

നജീബ് ജങ് രാജി വെച്ചെന്നു കരുതി, ഡല്‍ഹിയില്‍ കേന്ദ്ര-സംസ്ഥാന അധികാര തര്‍ക്കം എവിടെ അവസാനിക്കാന്‍, ഒരുപക്ഷേ, കൂടുതല്‍ മുറുകാനാണ് ഇനിയുള്ള ദിവസങ്ങളില്‍ സാധ്യത. ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരെ രാജ്ഭവനുകളില്‍ കുടിയിരുത്തുന്ന രീതിയാണ് ഇതുവരെ മോദിസര്‍ക്കാര്‍ സ്വീകരിച്ചു വന്നിട്ടുള്ളത്. ഡല്‍ഹി ലഫ്. ഗവര്‍ണറായി പുതുതായി നടത്തുന്ന നിയമനത്തിലും ഈ ‘കീഴ്വഴക്കം’ പാലിക്കപ്പെട്ടേക്കും. നേരിട്ട് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മടിക്കേണ്ടതില്ലാത്ത ഒരാളെ ആ പദവിയിലേക്ക് കേന്ദ്രം സൂക്ഷ്മതയോടെ തെരഞ്ഞെടുക്കും. അതൊരുപക്ഷേ, അല്‍ഫോണ്‍സ് കണ്ണന്താനമാകാം, കൂടുതല്‍ മെച്ചപ്പെട്ട ഉരുക്കു മുഷ്ടിയെന്നു തോന്നുന്ന മറ്റൊരാളാകാം. വരാനിരിക്കുന്ന യു.പി, പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ അടക്കം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൊമ്പു കോര്‍ക്കാനിരിക്കേ തന്നെയാണ് ഗവര്‍ണര്‍ മാറുന്നത്. പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയിലെ ജനാധിപത്യ സര്‍ക്കാറിനുമേല്‍ പുതിയ ഗവര്‍ണര്‍ പരമാവധി സമ്മര്‍ദം ഉണ്ടാക്കുമെന്നാണ് കാണേണ്ടത്.

Show Full Article
TAGS:najeeb jung 
Next Story