Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമുസ്‌ലിം രാഷ്ട്രീയ...

മുസ്‌ലിം രാഷ്ട്രീയ നിലപാടും കമ്യൂണിസ്റ്റു കലാപവും

text_fields
bookmark_border
മുസ്‌ലിം രാഷ്ട്രീയ നിലപാടും കമ്യൂണിസ്റ്റു കലാപവും
cancel

യോധ്യയിൽ ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് രാമരാജ്യത്തിന്‍റെ ധ്വജമുയർത്തുകയും ഹിന്ദുത്വനേതാക്കൾ ഹിന്ദുരാഷ്ട്രത്തിന്‍റെ സമുദ്ഘാടനം പ്രഖ്യാപിക്കുകയും ചെയ്ത ദേശീയരാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ പിണറായി സർക്കാറിനെയടക്കം പിടിച്ചുകെട്ടി ഗവർണർരാജും ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ ബുൾഡോസർ രാജും പൗരത്വ, വോട്ട് പരിശോധനകളുമായി സംഘ്പരിവാർ ഭരണം മുന്നോട്ടുപോകുമ്പോഴും ഇന്ത്യയിൽ ഫാഷിസം വന്നോ എന്ന കാര്യത്തിൽ കമ്യൂണിസ്റ്റുകാർക്ക് ശങ്ക തീർന്നിട്ടില്ല. അതേസമയം, പണ്ടു ഹിറ്റ്ലറിൽ കൂട്ടാളിയെ കണ്ടെത്തിയ സ്റ്റാലിൻ റഷ്യയിൽ അഭയം തേടിയ കമ്യൂണിസ്റ്റുകളെ നാസികൾക്ക് കോൺസൻട്രേഷൻ ക്യാമ്പിലടക്കാൻ പിടിച്ചുകൊടുത്ത അതേ ആവേശത്തിൽ ഹിന്ദുത്വശക്തികളുടെ വിദ്വേഷരാഷ്ട്രീയത്തിന്‍റെ ക്വട്ടേഷൻ ഏറ്റെടുത്ത് മുസ്ലിം രാഷ്ട്രീയത്തിനെതിരെ കേരളത്തിലെ കമ്യൂണിസ്റ്റുകാർ കലാപം കൂട്ടുന്നതാണ് ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം കണ്ടത്. രാജ്യമൊന്നാകെ സംഘ്പരിവാറിന്‍റെ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ മുഖ്യഭീഷണിയായി കണ്ട് അതിനെതിരായ പ്രതിരോധനീക്കങ്ങളിൽ വ്യാപൃതരാകുമ്പോൾ കേരള കമ്യൂണിസ്റ്റുകാർ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത് ജമാഅത്തെ ഇസ്ലാമി എന്ന മുസ്ലിം സംഘടനയെയും അവരുടെ മുൻകൈയിലുള്ള വെൽഫെയർ പാർട്ടിയെയുമാണ്.

2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിക്കാർ ബി.ജെ.പിക്കെതിരായ ദേശീയ നിലപാടിന് അനുസൃതമായി കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണച്ചതാണത്രേ കാരണം. അതിൽ പിന്നെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് പ്രസ്താവിച്ചതുപോലെ കേരള കമ്യൂണിസ്റ്റുകളെ ജമാഅത്തെ ഇസ്ലാമി ഫോബിയ പിടികൂടിയിരിക്കുന്നു. അതിന്‍റെ വെപ്രാളത്തിൽ അവർ പഴയ സൗഹൃദവും തെരഞ്ഞെടുപ്പു ധാരണകളുമൊക്കെ മറന്നു, തൂണിലും തുരുമ്പിലുമൊക്കെ ജമാഅത്തെ ഇസ്ലാമിയെ കണ്ടു മതരാഷ്ട്രവാദം വരുന്നേ എന്ന നിലവിളിയാണ്. ഇന്ത്യയിൽ സാക്ഷാൽ മതരാഷ്ട്രത്തിന്, അഥവാ പാകിസ്താൻ വാദത്തിന്, താത്വികാടിത്തറ ചമച്ചതും അത് വിജയിപ്പിക്കാൻ കൊണ്ടുപിടിച്ചു പ്രവർത്തിച്ചതും ജി.അധികാരി, പി.സി.ജോഷി, സജ്ജാദ് സഹീർ തുടങ്ങി കമ്യൂണിസ്റ്റ് നേതാക്കളും സൈദ്ധാന്തികരുമായിരുന്നു എന്ന കാര്യം സൈബർകാല സഖാക്കൾക്കറിയില്ലായിരിക്കാം. എന്നാൽ പിണറായി വിജയൻ, എം.വി ഗോവിന്ദൻ അടക്കമുള്ള തലമുതിർന്ന നേതാക്കൾ അത് മറക്കരുതല്ലോ. (തെരഞ്ഞെടുപ്പു കഴിഞ്ഞും മതരാഷ്ട്രവാദം, നുഴഞ്ഞുകയറ്റം, പാർലമെന്‍ററി ജനാധിപത്യം, സ്വാതന്ത്ര്യസമരം, സായുധ തീവ്രവാദം തുടങ്ങിയ വിഷയങ്ങളിൽ കമ്യൂണിസ്റ്റുകാർക്ക് സ്വന്തം ചരിത്രം മുന്നിൽവെച്ച് സംവാദം തുടരാവുന്നതാണ്).

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും

അരിശം മുസ്ലിം രാഷ്ട്രീയ നിലപാടിനോട്

എന്തിനാണീ അരിശം എന്നു അന്വേഷിച്ചാൽ മുസ്ലിം ന്യൂനപക്ഷം സന്ദർഭോചിതം സ്വതന്ത്രമായി രാഷ്ട്രീയ നിലപാടെടുക്കുന്നു എന്ന ഉത്തരത്തിലാണെത്തുക. സ്വാതന്ത്ര്യാനന്തരം മുസ്ലിം വ്യക്തികൾ, നേതാക്കൾ, സംഘടനകളൊക്കെ അതതു രാഷ്ട്രീയസാഹചര്യം നോക്കി, സമുദായത്തിനും നാട്ടിനും ഗുണകരമായ നിലപാട് സ്വീകരിച്ചപ്പോഴൊക്കെ കമ്യൂണിസ്റ്റുകളുടെയും മതേതരക്കാരുടെയും അരിശത്തിനിരയായിട്ടുണ്ട്. മുസ്ലിംകൾക്ക് അധികാരാവകാശങ്ങളിൽ ആനുപാതികമായ പ്രാതിനിധ്യം ചോദിച്ചുകൂടാ. അപഹരിക്കപ്പെടുന്ന ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഒച്ചവെച്ചു കൂടാ. പിന്നാക്കാവസ്ഥ പരിഹരിക്കാനും ശാക്തീകരണത്തിനും സ്വന്തം വഴി തേടിക്കൂടാ. അവർ സ്വന്തം കാലിലല്ല, ഇടതുവലതു മധ്യ മുഖ്യധാര രാഷ്ട്രീയക്കാരുടെ പൊയ്ക്കാലുകളിൽ നിൽക്കേണ്ടവരാണ്. അതു ദേശീയതലത്തിലും കേരളത്തിലും മുസ്ലിംകളാദി പിന്നാക്കവിഭാഗങ്ങളെ എവിടെ കൊണ്ടെത്തിച്ചു എന്നു രംഗനാഥ മിശ്ര കമീഷൻ, രജീന്ദർ സച്ചാർ-അമിതാഭ് കുണ്ടു കമ്മിറ്റികൾ മുതൽ നരേന്ദ്രൻ കമീഷനും പാലോളികമ്മിറ്റിയും വരെ വെളിച്ചത്തു കൊണ്ടുവന്നു. മുസ്ലിംകളുടെ പ്രശ്നപരിഹാരവുമായി വരുന്ന വോട്ട്ബാങ്ക് രാഷ്ട്രീയക്കാർ പറയുന്നതിനനുസരിച്ചല്ല, സ്വന്തം നില നോക്കി സമുദായത്തിന്‍റെ അഭ്യുദയത്തിന് ഉതകുന്ന, രാഷ്ട്രതാൽപര്യത്തിന് അനുയോജ്യമായ നിലപാടുകൾക്കായിരിക്കണം വോട്ടുവിനിയോഗം എന്ന ധാരണയിൽ മുസ്ലിം സംഘടനകൾ യോജിപ്പിന്‍റെ വഴി തേടുന്നതിന്‍റെ കാരണം അതാണ്.

മജ്ലിസെ മുശാവറയിൽ തുടങ്ങിയ രാഷ്ട്രീയ നീക്കങ്ങൾ

സ്വാതന്ത്ര്യാനന്തരം നീണ്ട പതിറ്റാണ്ടുകളിലെ രാഷ്ട്രീയ, സാമൂഹികരംഗത്തെ ദുരനുഭവങ്ങൾ ഞെക്കിയും നക്കിയും കൊല്ലുന്നവരെ തിരിച്ചറിയാൻ മുസ്ലിംകളെ പ്രാപ്തമാക്കി. 1992ലെ ബാബരി മസ്ജിദ് ധ്വംസനവും ഒരു ദശകം പിന്നിട്ടപ്പോൾ നടന്ന ഗുജറാത്ത് വംശഹത്യയും അവരുടെ കണ്ണു തുറപ്പിച്ചു. ബാബരി ധ്വംസനത്തിന്‍റെ പശ്ചാത്തലത്തിൽ ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി’യുടെ 1993 ജനുവരി ലക്കത്തിൽ, സ്വാതന്ത്ര്യാനന്തര തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ മുസ്ലിംകൾ സ്വീകരിച്ചുപോന്ന നിലപാടുകളും അതിനോട് മുഖ്യധാരാ മതേതര രാഷ്ട്രീയകക്ഷികൾ സ്വീകരിച്ച സമീപനവും വിശദീകരിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു, മുസ്ലിംരാഷ്ട്രീയ വിശാരദനായിരുന്ന ഉമർ ഖാലിദിയുടേതായി.

രാഷ്ട്രീയകക്ഷികളുടെ തീട്ടൂരത്തിന് കണ്ണും ചിമ്മി വഴങ്ങുന്നതിനു പകരം ഏതു പാർട്ടിയെ/മുന്നണിയെ വരിക്കണമെന്ന കാര്യത്തിൽ യാഥാർഥ്യബോധത്തോടെയുള്ള നിലപാടുകൾ സ്വീകരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഇന്ത്യൻ മുസ്ലിംകൾ നടത്തിയതിന്‍റെ പഠനമാണ് അത്.

ജി. അധികാരി, പി.സി. ജോഷി

സ്വാതന്ത്ര്യത്തിനു തൊട്ടുടനെ 1952, 1957, 1962 വർഷങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ മുസ്ലിംകൾ കൂട്ടമായി കോൺഗ്രസിനു വോട്ടു ചെയ്തു. എന്നാൽ 1963ലും 1964 ആരംഭത്തിലുമായി കൊൽക്കത്ത, ജംഷഡ്പൂർ, റൂർക്കേല, ജബൽപൂർ വർഗീയ കലാപങ്ങൾ മുസ്ലിംകൾക്ക് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. അതേ തുടർന്ന് 1964 ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിൽ ലഖ്നോയിൽ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംഘടനകളും കോൺഗ്രസിലും ഇടതുപക്ഷപാർട്ടികളിലുമുള്ള മുസ്ലിം മോഡേണിസ്റ്റുകളും മതേതര ലിബറലുകളും ചേർന്ന് ഓൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറത്ത് എന്ന മുസ്ലിം പൊതുവേദി രൂപവത്കരിച്ചു. മൗലാന അബുൽഹസൻ അലി നദ് വിയാണ് ആ സമ്മേളനം ഉദ്ഘാടനം ചെയ്തത്. മുസ്ലിംലീഗ് അധ്യക്ഷനായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ, ജമാഅത്തെ ഇസ്ലാമി അമീർ മൗലാനാ അബുല്ലൈസ് ഇസ്ലാഹി, മുഫ്തി അതീഖുർറഹ്മാൻ ഉസ്മാനി, മൗലാന മൻസൂർ നുഅ്മാനി, മൗലാന അസ്അദ് മദനി തുടങ്ങിയവർ സ്ഥാപകാംഗങ്ങളും സയ്യദ് മഹ്മൂദ് പ്രഥമ പ്രസിഡന്‍റും എം.എൻ അൻവർ എം.പി ജനറൽ സെക്രട്ടറിയുമായി. മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമി, തബ് ലീഗ് ജമാഅത്ത്, അഹ്ലെ ഹദീസ് നേതാക്കളും മതേതരപ്രമുഖരുമൊക്കെ ഒരു വേദിയിൽ ഒറ്റക്കെട്ടായി അണിനിരന്നു. 1967 ലെ പൊതുതെരഞ്ഞെടുപ്പി ലേക്കായി മജ്ലിസെ മുശാവറ ഒരു ജനകീയ പ്രകടനപത്രിക തയാറാക്കി രാഷ്ട്രീയപാർട്ടികളുടെ മുന്നിൽ സമർപ്പിച്ചു. സ്ഥാനാർഥിനിർണയത്തിലും മുന്നണിസമവാക്യങ്ങൾ രൂപപ്പെടുത്തുന്നതിലും അവർ ചർച്ചകൾക്ക് മുൻകൈയെടുത്തു. ഭാഗിക ഫലങ്ങളുമുണ്ടായി. മുസ്ലിംകൾ ശ്രദ്ധയും പരിഗണനയും അർഹിക്കുന്നുണ്ട് എന്നൊരു ധാരണ രാഷ്ട്രീയകക്ഷികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

മൗലാന അബുൽഹസൻ അലി നദ്‌വി, സയ്യദ് മഹ്മൂദ്, മുഫ്തി അതീഖുർറഹ്മാൻ ഉസ്മാനി, മുഹമ്മദ് ഇസ്മാഈൽ

രാഷ്ട്രീയവേദിയായി പരിണമിക്കാതെ മുശാവറത്ത് ചെയ്തതു പോലെ നിലവിലുള്ള രാഷ്ട്രീയപാർട്ടികളെയും സമുദായസംഘടനകളെയും ചേർത്തുപിടിച്ച് ന്യൂനപക്ഷാവകാശ സംരക്ഷണത്തിനു സ്വതന്ത്രമായ വഴി തേടാനുള്ള ശ്രമം സമുദായനേതൃത്വം പലപ്പോഴായി നടത്തി. ആശയപരമായി ഭിന്ന ധ്രുവങ്ങളിൽ നിന്ന ജംഇയ്യത്തുൽ ഉലമായെ ഹിന്ദിനും ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിംലീഗിനും അതുപോലെ ജമാഅത്തെ ഇസ്ലാമിയിൽ നിന്നു ആദ്യകാലത്ത് പുറത്തുപോന്ന അബുൽഹസൻ അലി നദ് വിക്കും മൻസൂർ നുഅ്മാനിക്കുമൊന്നും മജ്ലിസെ മുശാവറത്തിന്‍റെ വേദിയിൽ ഒന്നിക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല എന്നത് ഇന്ത്യൻ മുസ്ലിം അവസ്ഥയെ എത്ര കാര്യഗൗരവത്തിലാണ് അവരെടുത്തത് എന്നു വ്യക്തമാക്കുന്നു. മുശാവറത്തിന്‍റെ ആദ്യ പ്രമേയം തന്നെ ‘ദേശീയോദ്ഗ്രഥനം’ എന്ന തലക്കെട്ടിൽ മുസ്ലിം ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുക്കാത്ത ഭൂരിപക്ഷസമുദായത്തിലെ ചില വിഭാഗങ്ങളുടെ നിലപാടിൽ പരിതപിച്ചും രാഷ്ട്രത്തിന്‍റെ പൊതുവിശ്വാസമാർജിക്കാനുള്ള യത്നത്തിൽ ഒത്തുചേരാൻ ആഹ്വാനം ചെയ്തുകൊണ്ടുമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

‘മുഖ്യധാര’ ത്രൈമാസികയുടെ പ്രകാശന ചടങ്ങിൽ സാമൂഹിക പ്രവർത്തക ശബ്നം ഹശ്മിയും ഗുജറാത്ത് കലാപത്തിലെ ഇര കുത്തുബുദ്ദീൻ അൻസാരിയും പ്രകാശ് കരാട്ടും പിണറായി വിജയനും

അന്തസ്സാർന്ന അസ്തിത്വത്തിന് സ്വതന്ത്രമായ നിലപാടിൽ

അഥവാ, സ്വതന്ത്ര ഇന്ത്യയിൽ സമുദായത്തിന്‍റെ അന്തസ്സാർന്ന അസ്തിത്വം നിലനിർത്തുന്നതിനുള്ള നിലപാടുകളുമായാണ് എല്ലാ മുസ്ലിം സംഘടനകളും മുന്നോട്ടുപോയത്. എല്ലാം വിജയിച്ചില്ല, ദയനീയമായി പരാജയമടഞ്ഞിട്ടുമുണ്ട്. എന്നാൽ അതിന്‍റെ ഉത്തരവാദിത്തത്തിന്‍റെ ഏറിയ പങ്കും വാഗ്ദാനങ്ങളിൽ നിന്നു പിറകോട്ടു പോയ മുഖ്യധാരാ രാഷ്ട്രീയകക്ഷികളും മുന്നണികളുമായിരുന്നു എന്നു കാണാം. കമ്യൂണിസ്റ്റു പാർട്ടികൾ പോലും ഇന്ത്യയിലെ നിലപാടുകൾക്ക് മോസ്കോയിൽ പോയി സ്റ്റാലിനോട് ഫത് വ തേടുന്ന കാലത്താണ് സ്വന്തം മണ്ണിലുറച്ചുനിന്നു മുസ്ലിം സംഘടനകൾ അവരുടെ രാഷ്ട്രീയനിലപാടുകൾ രൂപപ്പെടുത്തിയത് എന്നോർക്കണം. അന്നും സ്വന്തം കാലിൽ ഉറപ്പില്ലാതെ, സംരക്ഷണവക്കാലത്ത് ഏറ്റെടുത്ത ഇടതുവലതു പാർട്ടികളുടെ ഓരംപറ്റി അവരുടെ ഓസും വാങ്ങി നിന്ന ‘ഷോബോയ്കൾ’ ഉണ്ടായിരുന്ന കാര്യം മുസ്ലിം എം.പി എൻ.എം അൻവർ അറുപതുകളിൽ രാജ്യസഭയിൽ പരിഹസിച്ചിട്ടുണ്ട്.

സംരക്ഷണമേറ്റെടുത്ത മതേതരകക്ഷികൾ രാജ്യത്തെ മുസ്ലിംകൾക്ക് എന്തു നൽകിയെന്നതിന്‍റെ പ്രോഗ്രസ് റിപ്പോർട്ടാണ് 2006ൽ സച്ചാർ കമ്മിറ്റി രാജ്യത്തിനു മുന്നിൽ വെച്ചത്. മറ്റുള്ളവരുടെ ഏജൻസിത്തണൽ വെറും തള്ളു മാത്രമാണെന്നു പശ്ചിമബംഗാളിലെ അതിദയനീയ മുസ്ലിംനിലയും കേരളത്തിൽ പ്രവാസമടക്കമുള്ള സർക്കാറേതര ശാക്തീകരണഘടകങ്ങളുടെ പിന്തുണയിൽ മുസ്ലിംകൾ നേടിയ മികവും അനാവരണം ചെയ്ത സച്ചാർ റിപ്പോർട്ട് എടുത്തുപറഞ്ഞു. അതിൽ പിന്നെ സ്വന്തം കാലിൽ മുന്നോട്ടു നീങ്ങാൻ മുസ്ലിം സമുദായമെടുത്ത ഉത്സാഹത്തിന്‍റെ ഫലമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഇന്ത്യയിലുടനീളം മുസ്ലിം സാമൂഹികമണ്ഡലത്തിൽ കണ്ട പുരോഗതി.

പാലോളി കമ്മിറ്റി റിപ്പോർട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പാലോളി മുഹമ്മദ് കുട്ടി സമർപ്പിച്ചപ്പോൾ

മുശാവറത്ത് രൂപവത്കരണ കാലത്തെന്ന പോലെ ആദർശ, അനുഷ്ഠാന, ആചാരാദി അഭിപ്രായവ്യത്യാസം ഉള്ളതോടൊപ്പം നിലനിൽപിന്‍റെ പ്രശ്നങ്ങളിൽ ഒന്നിച്ചുനിൽക്കാനുള്ള തീരുമാനവും അതിന്‍റെ ഭാഗം തന്നെ. അതിൽ അസൂയ പൂണ്ട വംശീയവാദികൾ അവരുടെ വിദ്വേഷരാഷ്ട്രീയം, ആൾക്കൂട്ടക്കൊലയും വംശീയകലാപവും സാമൂഹിക പുറന്തള്ളലുമായി നേർക്കുനേർ പ്രകടിപ്പിക്കുന്നു. ലിബറൽ മതേതര ടാഗ് കഴുത്തിൽ തൂക്കിയ മുഖ്യധാരാ രാഷ്ട്രീയക്കാരാകട്ടെ, തങ്ങളുടെ താങ്ങും തണലുമില്ലാതെ മുസ്ലിം ന്യൂനപക്ഷം സ്വയം മുന്നോട്ടുനീങ്ങുന്നതിൽ അസ്വസ്ഥപ്പെടുന്നു. അവരുടെ അരികുപറ്റി സാംസ്കാരിക, സാമൂഹിക, മാധ്യമപ്രവർത്തനം നടത്തുന്നവർ കൂടി പങ്കുവെക്കുന്ന ആ അസ്വാസ്ഥ്യം പലപ്പോഴും സംഘ്പരിവാർ ശൈലിയിലും ഭാഷയിലും പോലും പുറത്തേക്കു വമിക്കുന്നു. അതാണ് മുസ്ലിംവോട്ടിനെതിരായ കമ്യൂണിസ്റ്റു ന്യൂനമർദമായി രൂപംകൊള്ളുന്നത്. പശ്ചിമബംഗാളിലെ മുസ്ലിംജീവിതം രാജ്യത്തെ ഏറ്റവും കെട്ട ഉദാഹരണമാക്കി മാറ്റിയ, മുസ്ലിം സുസ്ഥിതിക്കായി സ്വന്തം പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ പോലും നടപ്പാക്കാൻ ത്രാണിയില്ലെന്നു തെളിയിച്ച കമ്യൂണിസ്റ്റുകൾക്കു തങ്ങളെ രക്ഷിക്കാനാവില്ലെന്ന തിരിച്ചറിവിൽ മുസ്ലിംകൾ മറ്റുവഴികൾ തേടുന്നതിനും അവരെ പഴിക്കാനല്ലല്ലോ, സ്വന്തം പിഴവുകൾ തിരുത്തി നിന്നു പിഴക്കാനല്ലേ ഇടതുപാർട്ടിക്കാർ ഉത്സാഹിക്കേണ്ടത്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Govindanmuslim politicsCPMPinarayi Vijayan
News Summary - Muslim political stance and communist insurgency
Next Story