Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകുഞ്ഞാലിക്കുട്ടി...

കുഞ്ഞാലിക്കുട്ടി തൊട്ടറിയുമോ വടക്കിന്‍െറ നീറുന്ന നെഞ്ചകം?

text_fields
bookmark_border
കുഞ്ഞാലിക്കുട്ടി തൊട്ടറിയുമോ വടക്കിന്‍െറ നീറുന്ന നെഞ്ചകം?
cancel

മുസ്ലിം ലീഗിന്‍െറ പോയകാലം തൊട്ടുണര്‍ത്തുന്ന റാസാ ഖാന്‍െറ ‘വാട്ട് പ്രൈസ് ഫോര്‍ ഫ്രീഡം’ എന്ന പുസ്തകം ഒരാവര്‍ത്തി വായിക്കേണ്ട സന്ദര്‍ഭമാണിത്. വിഭജനത്തിനു ശേഷം ഇവിടെ ശേഷിച്ച നാലു കോടി മുസ്ലിംകളുടെ ഭാവിഭാഗധേയം ഏറ്റെടുക്കുന്നതിനു മുസ്ലിം ലീഗിനെ പുനരുജ്ജീവിപ്പിക്കാന്‍ ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിനെ പോലുള്ള  നേതാക്കള്‍ ശ്രമങ്ങളാരംഭിച്ചപ്പോള്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ലീഗിനോട് സ്വീകരിച്ച ‘അസ്പര്‍ശ്യതയുടെ ’’ സമീപനവും റാസാ ഖാന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.  ഉപഭൂഖണ്ഡം സാമുദായികമായി രണ്ടായി കഷണിക്കപ്പെട്ട വിഭജനത്തിനു ശേഷവും, മുസ്ലിം ലീഗ് എന്ന പേരില്‍ ഒരു പാര്‍ട്ടിയോ എന്ന ചോദ്യം ലീഗ് നേതാക്കളെ പോലും അലോസരപ്പെടുത്തിയ ആ ശപ്തയാമത്തില്‍ ഇസ്മാഈല്‍ സാഹിബ് തന്‍െറ പുതിയ ദൗത്യത്തെ കുറിച്ച് സംസാരിക്കാന്‍ ആദ്യം ചെന്നത് പ്രധാനമന്ത്രി ജവര്‍ഹലാല്‍ നെഹ്റുവിന്‍െറ അടുത്തേക്കായിരുന്നു.

മഹാത്മാജിയുടെ രക്തസാക്ഷ്യവും സര്‍ദാര്‍ പട്ടേലിന്‍െറ ഹൃദയാഘാതവുമൊക്കെ നെഹ്റുവിനെ മാനസികമായി തളര്‍ത്തിയ ഒരു ഘട്ടത്തില്‍ ഖാഇദെ മില്ലത്ത് ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു ഒരു പാര്‍ട്ടി ഉണ്ടാക്കുന്നതിനെ കുറിച്ച് ഒരു മണിക്കൂറോളം സംസാരിച്ചുവെങ്കിലും നെഹ്റു ഒന്നും മറുപടി പറഞ്ഞില്ല. കോണ്‍ഗ്രസില്‍ ചേരാന്‍ മുസ്ലിംകള്‍ തയാറല്ലായിരുന്നു. മാന്യമായ വ്യവസ്ഥകളുടെ പുറത്ത് ക്ഷണിച്ചാലേ കോണ്‍ഗ്രസിലേക്ക് പോകേണ്ടതുള്ളൂവെന്ന് ഗാന്ധിജി അവരെ ഉപദേശിച്ചിരുന്നു. എല്ലാറ്റിനുമൊടുവില്‍ 1948മാര്‍ച്ച് 10നു മദിരാശി രാജാജി ഹാളില്‍ ഒത്തുകൂടിയ മുപ്പതോളം നേതാക്കളാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനു ബീജാവാപം നല്‍കുന്നത്. നാനാഭാഗത്തു നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നപ്പോള്‍, രാഷ്ട്രീയേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന ഒരു കൂട്ടായ്മയായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു.

സംഘര്‍ഷമുറ്റിനില്‍ക്കുന്ന ഉത്തരേന്ത്യയിലേക്ക് പാര്‍ട്ടിയുടെ കര്‍മമണ്ഡലം വ്യാപിപ്പിക്കുന്നത് വര്‍ഗീയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്കയില്‍ ലീഗിനെ കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഒതുക്കി നിര്‍ത്തുന്നതില്‍ ഇസ്മാഈല്‍ സാഹിബ് ശുഷ്ക്കാന്തി കാട്ടി. പ്രാപ്തരും ധനികരുമായ നേതാക്കളെല്ലാം ‘പുണ്യഭൂമിയിലേക്ക്’  ചേക്കേറുകയും ഇവിടെ ശേഷിച്ച മുസ്ലിം ജനസാമാന്യം അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്ത ആ കാലസന്ധിയില്‍ മതത്തിന്‍െറ ലേബളില്‍ വീണ്ടും സംഘടിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും അവര്‍ക്ക് കഴിയില്ലായിരുന്നു. ഒരു വേള പശ്ചിമ ബംഗാളിലും അസമിലുമൊക്കെ ലീഗ് ചില പരീക്ഷണങ്ങള്‍ നടത്തിയെകിലും അവയൊന്നും വിജയം കണ്ടില്ല. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ മുസ്ലിം ലീഗിന് ഉത്തരേന്ത്യന്‍ രാഷ്ട്രീയമണ്ണില്‍ വേരിറക്കാനോ അനുയായി വൃന്ദത്തെ സൃഷ്ടിക്കാനോ സാധിച്ചിട്ടില്ല എന്നിരിക്കെ, ഫാഷിസത്തിന്‍െറ ഇരച്ചുകയറ്റം ദേശീയ രാഷ്ട്രീയം കാര്‍മേഘാവൃതമാക്കി നിറുത്തുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരുകൈ നോക്കാം എന്ന് വിചാരിക്കുന്നത് അതിസാഹസികം എന്നേ വിശേഷിപ്പിക്കേണ്ടൂ.

‘ഹരിത രാഷ്ട്രീയ’ത്തിന്‍െറ പരിമിതികളിലേക്കും വയ്യായ്മയിലേക്കും ചിന്ത ഓടിക്കയറിയത് മുസ്ലിം ലീഗിന്‍െറ കേരളത്തിലെ കണ്‍കണ്ട ‘ലീഡര്‍’ പി.കെ. കുഞ്ഞാലിക്കുട്ടി തന്‍െറ കര്‍മപാത പാര്‍ലമെന്‍റിലേക്കും അവിടെ നിന്ന് പ്രവിശാലമായ ദേശീയ രാഷ്ട്രീയത്തിലേക്കും നീട്ടിവെട്ടാന്‍ തീരുമാനിച്ചത് രാഷ്ട്രീയവേദികളില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായത് കണ്ടാണ്. ദേശീയരാഷ്ട്രീയം ലീഗ് പിറന്നുവീണ കാലഘട്ടത്തിന്‍െറ കാളിമയിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുന്ന ഭീതിദമായ ചുറ്റുപാടിലാണ് ‘ദേശീയ രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമാകാന്‍ ’ കുഞ്ഞാലിക്കുട്ടി ഇറങ്ങിത്തിരിച്ചിരക്കുന്നത്.

ഈ പടപ്പുറപ്പാടിന്‍െറ പൊരുള്‍ തേടുന്നവരുടെ ആകുലതകള്‍ ശമിപ്പിക്കുന്നതിനു പാര്‍ട്ടി ജിഹ്വ തന്നെ വിശദീകരണങ്ങള്‍ നല്‍കുന്നത് ശ്രദ്ധിക്കുക: ‘‘തൊട്ടതെല്ലാം പൊന്നാക്കിയ ജനപ്രിയനായകനാണ് കുഞ്ഞാലിക്കുട്ടി. കേരള രാഷ്ട്രീയത്തില്‍ ക്രൗഡ് പുള്ളര്‍ എന്ന വിശേഷണത്തിനര്‍ഹനായ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ അനിവാര്യമായ സാന്നിധ്യമാവുകയാണ് ഫാസിസം പത്തിവിടര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്‍റില്‍ ഇ. അഹമ്മദിന്‍െറ പിന്‍ഗാമിയായി കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നത് മതേതര വിശ്വാസികളില്‍ ഏറെ പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്. ഫാസിസത്തിനെതിരെ മതേതര കക്ഷികളുടെ യോജിച്ച മുന്നേറ്റത്തിനു നേതൃത്വം നല്‍കുമെന്ന കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രസക്തമാണ്’’.

എവിടുത്തെ മതേതര വിശ്വാസികളാണ് ‘കുഞ്ഞാപ്പയുടെ’‘ വരവും കാത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ കാത്തു നില്‍ക്കുന്നതെന്ന് ചോദിക്കരുത്. ഹിന്ദുത്വ ഫാഷിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ യോജിച്ച പോരാട്ടത്തിനു എങ്ങനെയാണ് നേതൃത്വം കൊടുക്കാന്‍ പോകുന്നതെന്നും അന്വേഷിക്കേണ്ടതില്ല. ആ പോരാട്ടത്തിന്‍െറ പ്രാക്തരൂപങ്ങള്‍ മുമ്പ് പ്രബുദ്ധ കേരളം വടകരയിലും ബേപ്പുരിലുമൊക്കെ കണ്ടതാണ്. പാര്‍ലമെന്‍റിനകത്തും പുറത്തും ഇസ്മാഈല്‍ സാഹിബിന്‍െറയും സുലൈമാന്‍ സേട്ടിന്‍െറയും ജി.എം. ബനാത്ത് വാലയുടെയും ഇ. അഹമ്മദിന്‍െറയുമൊക്കെ ഇംഗ്ലീഷിലും ഉര്‍ദുവിലുമുള്ള വാക്ധോരണികളെ വെല്ലുന്ന ‘ഗര്‍ജനങ്ങള്‍’ കൊണ്ട് യുദ്ധമുഖം തുറക്കുമെന്ന് തന്നെ സങ്കല്‍പിക്കാം.  പ്രാവീണ്യത്തിന്‍െറയും നൈപുണിയുടെയും വിഷയത്തില്‍ 99 മാര്‍ക്ക് ഗ്രേസായി വകവെച്ചു കൊടുത്താല്‍ തന്നെ, കുത്തിനോവിച്ചു കൊണ്ട് ജീവിക്കുന്ന കാലം ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. വാളയാര്‍ ചുരത്തിനടപ്പുറത്തെ രാഷ്ട്രീയം സമീപ കാലത്തെപ്പോഴെങ്കിലും ലീഗ് കൈകാര്യം ചെയ്തിട്ടുണ്ടോ? ഏതെങ്കിലും വിഷയത്തില്‍ ഇന്ത്യയിലെ മുസ്ലിംകളുടെ വികാര വിചാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു നയം രൂപപ്പെടുത്തിയെടുത്തിട്ടുണ്ടോ? ആ ദിശയില്‍ ആത്മാര്‍ഥമായ ഒരു ശ്രമം ഉണ്ടാവണമെങ്കില്‍ 20 കോടി മുസ്ലിംകള്‍ അകപ്പെട്ട പ്രതിസന്ധിയുടെ അഗാധതയിലേക്ക് മുങ്ങിത്താഴേണ്ടിവരും.

വിഭജനം കീറിമുറിച്ച മനസ്സുകളില്‍ നിന്ന് ഒലിച്ചിറങ്ങിയ വിദ്വേഷത്തിന്‍െറ ചലവും ചോരയും സ്വാതന്ത്ര്യത്തിന്‍െറ ആദ്യ പതിറ്റാണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് എത്രമാത്രം വേദന വിധിവിഹിതമായി സമ്മാനിച്ചുവോ അതിനേക്കാള്‍ ഭയാനകമായതാണ് ഉത്തരേന്ത്യയില്‍ അദ്ദേഹമിന്ന് കാണാനിരിക്കുന്നത്. വിഭജത്തിനു തൊട്ടുപിന്നാലെ, എല്ലാവരാലും കൈവിട്ട അന്നത്തെ നാലുംകോടി മുസ്ലിംകളെ കുറിച്ച് പ്രശസ്ത ചരിത്രകാരന്‍ വില്‍ഫ്രഡ് കാര്‍ട്ട് വെല്‍ സ്മിത്ത് കുറിച്ചിട്ടതിങ്ങനെ: ‘ The community in its present fom was born in bloodshed and hatred, weak in a world at war. In 1947 the riots and massacres of Partition , ghastly beyond all telling, ushered into  existence the new States of India and Pakistan......When passions cooled, the terror passed but the difficulties remained. ....The bulk of their community, however, neither trusting nor trusted, held aloof. It continued to cover: rejected, mistrusted and afraid.’’ എല്ലാവരാലും തിരസ്കരിക്കപ്പെട്ട്, അവിശ്വസിക്കപ്പെട്ട്, ചകിതരായി കഴിയുന്ന ഒരു ജനത. രാഷ്ട്രീയമായി ആ അവസ്ഥാ വിശേഷത്തിനു കഴിഞ്ഞ 70 വര്‍ഷം കൊണ്ട് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഏറ്റവുമൊടുവിലത്തെ അവസ്ഥ.

നരേന്ദ്രമോദിയുടെ അധികാരാരോഹണവും ഹിന്ദുത്വശക്തികളുടെ കുതിച്ചുകയറ്റവും രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ കടുത്ത അരക്ഷിതത്ത്വബോധത്തിലേക്കും നൈരാശ്യതതിലേക്കും ആനയിച്ചിട്ടുണ്ട്. അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ മോദിയുടെ പാര്‍ട്ടി നേടിയെടുത്ത അപ്രതീക്ഷിത വിജയവും മറ്റിടങ്ങളില്‍ ഡല്‍ഹിയിലെ അധികാരത്തിന്‍െറ ഹുങ്ക് ഉപയോഗിച്ച് ബി.ജെ.പി ഭരണകടിഞ്ഞാണ്‍ പിടിച്ചെടുത്ത രീതിയും ജനാധിപത്യ മതേതര വ്യവസ്ഥയില്‍ ഇതുവരെ അര്‍പ്പിച്ച വിശ്വാസത്തെ തന്നെ ഉലക്കുകയാണ്. യു.പിയിലെ 20 ശതമാനം വരുന്ന മുസ്ലിം വോട്ട് ഇതുവരെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്ന മുഖ്യഘടകമാണെങ്കില്‍ ഇന്ന് അത് വര്‍ഗീയ ഫാഷിസത്തെ അധികാരത്തിലേറ്റുന്ന മുഖ്യഘടകമായി മാറുന്ന അവസ്ഥാവിശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍െറ വ്യാകരണം തന്നെ തെറ്റിച്ചിരിക്കുന്നു. 403 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ നിറുത്തിയതില്‍ പേരിനു ഒരു മുസ്ലിമിനെ പോലും ഉള്‍പ്പെടുത്താതിരുന്നത് ഫലപ്രദമായ രാഷ്ട്രീയ തന്ത്രമായി വിലയിരുത്തപ്പെടുന്ന അവസ്ഥയില്‍, മതത്തിന്‍െറ ലേബലുള്ള ഒരു പാര്‍ട്ടി കൂടി കടന്നു ചെല്ലുന്നതിലടങ്ങിയ അപകടം കുഞ്ഞാലിക്കുട്ടിക്ക് മനസ്സിലാവാതെ പോകരുത്.

ഇതുവരെ സെക്കുലര്‍ പാര്‍ട്ടികളായി അറിയപ്പെടുന്ന സമാജ് വാദി പാര്‍ട്ടിയുടെയും മായാവതിയുടെ ബി.എസ്.പിക്കും പിന്നിലാണ് യു.പിയിലെ മുസ്ലിംകള്‍ അണിനിരന്നത്. 20 ശതമാനം യാദവരും 20 ശതമാനം മുസ്ലിംകളും കൈകോര്‍ക്കുന്ന ഒരു സൂത്രവാക്യമാണ് മുലായമിന്‍െറ പാര്‍ട്ടിയുടെ കൈകളില്‍ അധികാരം എത്തിച്ചു കൊണ്ടിരുന്നത്. അതേസമയം, യാദവരല്ലാത്ത ഒ.ബി.സി വിഭാഗത്തെ തങ്ങളിലേക്ക് അടുപ്പിക്കുകയും മുസ്ലിം വോട്ട് ചിന്നഭിന്നമാവുകയും ചെയ്തപ്പോള്‍ ബി.ജെ.പിക്ക് 40 ശതമാനം വോട്ടും 325 സീറ്റും കിട്ടുന്ന അവസ്ഥ ഉണ്ടായി. ചതുഷ്കോണ മല്‍സരം അരങ്ങേറിയപ്പോള്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും താമര എളുപ്പത്തില്‍ വിരിഞ്ഞതിന്‍െറ ഗണിതം മനസ്സിലാക്കാന്‍ വലിയ ബുദ്ധിവൈഭവമൊന്നും വേണ്ടാ. അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസ് കൂടി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ ന്യൂനപക്ഷ വോട്ടിന്‍െറ ഏകോപനം കൂടുതല്‍ പ്രയാസമായി. മജ്ലിസിന്‍െറ സാന്നിധ്യം കൊണ്ട് ബി.ജെ.പി വിജയം കൊയ്ത ഏതാനും മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഒരു കണ്ണോടിച്ചുനോക്കൂ:
 

മജ്ലിസ് സ്ഥാനാര്‍ഥികള്‍ രംഗത്തില്ലായിരുന്നുവെങ്കില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പായേനെ. ഈ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് മുസ്ലിം ലീഗ് കൂടി കടന്നുവന്ന് ന്യൂനപക്ഷ വോട്ടിന്‍െറ ശൈഥില്യം തൃരിതപ്പെടുത്താനേ പ്രയോജനപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കാനുള്ള മോഹത്തിനു മുന്നില്‍ ‘മാ നിഷാദാ’ എന്ന് ഓര്‍മപ്പെടുത്താതെ വയ്യ. കാരണം,  മുസ്ലിം ലീഗിന്‍െറ കടന്നുവരവ് ഉത്തരേന്ത്യന്‍ സാഹചര്യത്തില്‍ സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുകയേയുള്ളൂ. യു.പി തെരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടിയ ഒരു വിഭാഗം അഭ്യസ്ഥവിദ്യരും ബുദ്ധിജീവികളും വരുംനാളുകളില്‍ മുസ്ലിം ന്യൂനപക്ഷം ഇലക്ഷന്‍ രാഷ്ട്രീയം ശതാവധാനതയോടെ മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളൂവെന്ന് ഉര്‍ത്തുകയാണിന്ന്. വേണമെങ്കില്‍ ഹിന്ദുത്വജ്വാല കെട്ടടങ്ങുന്നത് വരെ മാറിനില്‍ക്കുന്നതാണ് ബുദ്ധി എന്നുവരെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. വര്‍ഗീയമായ ധ്രുവീകരണം പൂര്‍ത്തീകരിച്ച് 100 കോടി ഹൈന്ദവസമൂഹത്തെ കാവിക്കൊടിക്കു കീഴില്‍ അണിനിരത്തുകയാണ് ആര്‍.എസ്.എസിന്‍െറ തന്ത്രം. ആ തന്ത്രം വിജയിപ്പിക്കാനാവരുത് ന്യൂനപക്ഷങ്ങളുടെ ഒരു നീക്കവും. സെക്കുലര്‍ പാര്‍ട്ടികളെ എങ്ങനെ ഫലപ്രദമായി ഫാഷിസ്റ്റ് പ്രതിരോധശക്തിയാക്കി മാറ്റിയെടുക്കാം എന്നതിനപ്പുറം അധികാര രാഷ്ട്രീയത്തിന്‍െറ പങ്കിനെ കുറിച്ച് കൂടുതലായി മോഹിക്കാതിരിക്കുകയാവും ഈ സന്ദര്‍ഭത്തില്‍ അഭികാമ്യമായിട്ടുള്ളത്.

ഉത്തരേന്ത്യയുടെ ഹൃദയം നീറിപ്പുകയുകയാണിന്ന്. സാംസ്കാരിക അസ്തിത്വത്തെ കുറിച്ചാണ് ഇതുവരെ വ്യാകുലപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ നിലവില്‍പിന്‍െറ ചോദ്യത്തിനാണ് ഉത്തരം തേടുന്നത്. ഗ്രാമം വിട്ടുപോകാന്‍ ആഹ്വാനം ചെയ്യുന്ന ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത് ഒരു അടയാളമോ പ്രതീകമോ ആണ്. ബുലന്ദ്ശഹര്‍ മസ്ജിദ് മുകളില്‍ കൊടി ഉയര്‍ത്താനുള്ള ശ്രമം നൂറ്റാണ്ടുകളായി കൊണ്ടു നടക്കുന്ന ഒരു സ്വപ്നത്തിന്‍െറ സാക്ഷാത്കാരത്തിനായി അവസരം വന്നു കഴിഞ്ഞുവെന്ന വികൃതചിന്തയുടെ ഫലമാണ്. മോദി വാഴുന്ന യഥാര്‍ഥ ഇന്ത്യയെ ഡല്‍ഹിയിലെ തെരുവിലോ പാര്‍ലമെന്‍റ് ഹൗസിലോ കാണാന്‍ കഴിയില്ല. ഗ്രാമാന്തരങ്ങളിലെ അസ്വസ്ഥതകളും ഗല്ലികളിലെ ദുരിതജീവിതവും കണ്ടുപഠിക്കാന്‍ പാര്‍ലമെന്‍റ് അംഗമായത് കൊണ്ട് മാത്രം സാധിക്കില്ല. പീഢിതരുടെ മോചനം സാധനയായി എടുത്ത് സമര്‍പ്പണത്തിന്‍െറ പാതയില്‍ ഒരു പാട് സഞ്ചരിച്ചാലേ ഒരു ദേശീയ നേതാവായി വളരാന്‍ സാധിക്കുകയുള്ളു. അവിടെ അധികാരത്തിന്‍െറ കുളിര്‍മയോ പദവിയുടെ അകമ്പടിയോ ഉണ്ടാവില്ല. ദേശീയ രാഷ്ട്രീയത്തിന്‍െറ ഊഷരതയിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ പ്രാഥമികമായി വേണ്ടത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ മനസിലാക്കുക എന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueUDFPK kunhalikuttyMalappuram bypoll
News Summary - muslim league leader and malappuram bypoll candidate pk kunhalikutty
Next Story