വിടാതെ പിന്തുടരുന്ന പീഡനക്കേസുകൾ
text_fieldsലൈംഗികപീഡനക്കേസുകൾ വല്ലാതെ അലട്ടുന്ന കാലത്തിലൂടെയാണ് കത്തോലിക്ക സഭ കടന്നുപോകുന്നത്; കേരളത്തിൽ മാത്രമല്ല, ആ ഗോളതലത്തിൽതന്നെ. ലളിത ജീവിതത്തിലൂടെയും സുതാര്യ സമീപനത്തിലൂടെയും ലോകശ്രദ്ധയാകർഷിച്ച പോപ് ഫ്രാൻസിസ് കഴിഞ്ഞ ദിവസം എസ്തോണിയയിൽ തുറന്നുപറഞ്ഞത് പുരോഹിതന്മാർ തുടർച്ചയായി ലൈംഗികാപവാദങ്ങളിൽപെടുന്നത് യുവാക്കളെ സഭയിൽനിന്നകറ്റുന്നു എന്നാണ്. അടുത്തിടെ ജർമനിയിൽ പുറത്തുവന്ന ചില റിപ്പോർട്ടുകളുടെകൂടി പശ്ചാത്തലത്തിലാണ് ഈ അഭിപ്രായ പ്രകടനം. 1946നും 2014നുമിടയിൽ ജർമനിയിൽമാത്രം 3677 കുട്ടികൾ ലൈംഗികപീഡനത്തിനിരയായെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. തുടർന്ന് ജർമൻ കത്തോലിക്കസഭ മേധാവി കർദിനാൾ റീൻഹാഡ് മാക്സ് ഇരകളോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
പാശ്ചാത്യ നാടുകളിൽ ഇത്തരം കേസുകളും വെളിപ്പെടുത്തലുകളും പുതുമയല്ലെങ്കിലും കേരളത്തിൽ ഇത്തരം കേസുകൾ അത്ര സാധാരണമല്ലായിരുന്നു. മാത്രമല്ല, അരനൂറ്റാണ്ട് മുമ്പ് ആവിർഭവിച്ച, വൈദികൻ പ്രതിയായ കൊലക്കേസ് ആദ്യം സഭക്ക് അപമാനമായെങ്കിലും കേസിെൻറ വഴിത്തിരിവ് സഭക്ക് അഭിമാനകരമായി മാറിയ ചരിത്രവുമുണ്ട്. 1966ലെ മാടത്തരുവി കേസ് ഉദാഹരണം. അന്ന് മറിയക്കുട്ടി എന്ന വിധവ കൊല്ലപ്പെട്ട കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഫാ. ബെനഡിക്ടിനെ കീഴ്കോടതി വധശിക്ഷക്ക് വിധിക്കുകയും ഹൈകോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിടുകയും ചെയ്തിരുന്നു. പുരോഹിതവൃത്തിയിൽനിന്ന് വിരമിച്ചശേഷം വൃദ്ധപാതിരിമാർക്കുള്ള കേന്ദ്രത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഫാ. ബെനഡിക്ടിനെ തേടി 35 വർഷത്തിനുശേഷം യഥാർഥ കൊലയാളിയുടെ വിധവയും മക്കളുമെത്തി ഭർത്താവിെൻറ കുറ്റം ഏറ്റുചൊല്ലി എന്നതാണ് കേസിെൻറ ആൻറി ക്ലൈമാക്സ്. കൊല നടത്തിയ യഥാർഥ പ്രതി ആരാണെന്ന് ഫാ. ബനഡിക്ടിന് അറിയാമായിരുന്നെങ്കിലും അത് കുമ്പസാര രഹസ്യമായിരുന്നതിനാൽ കോടതിയിൽ വെളിപ്പെടുത്താതെ ശിക്ഷാവിധി ഏറ്റുവാങ്ങുകയായിരുന്നു എന്നാണ് സഭയുടെ വിശദീകരണം. എന്തു ത്യാഗം സഹിച്ചും കുമ്പസാര രഹസ്യം സൂക്ഷിക്കേണ്ട പ്രാധാന്യത്തെപ്പറ്റി വിശദീകരിക്കുന്ന സന്ദർഭങ്ങളിൽ പല വൈദികരും ഉദാഹരണമായി എടുത്തുപറയുന്നതാണ് മാടത്തരുവി കേസ്.
അതേ കുമ്പസാര രഹസ്യം ഉപയോഗിച്ചാണ് അഞ്ച് ഓർത്തഡോക്സ് വൈദികർ ഒരു വീട്ടമ്മയെ പരസ്പരം കൈമാറി പീഡിപ്പിച്ച കേസ് പുറത്തുവരുന്നതും. ഈ കേസിൽ പ്രതികളായ വൈദികർ ജില്ല കോടതി മുതൽ സുപ്രീംകോടതി വരെ മുൻകൂർ ജാമ്യാപേക്ഷയുമായി പോയപ്പോഴും അവരെ തള്ളിപ്പറയാൻ ബന്ധപ്പെട്ട സഭ തയാറായില്ല എന്നതാണ് വിശ്വാസികളിൽ ഒരു വിഭാഗത്തെ രോഷാകുലരാക്കിയത്. ഒടുവിൽ വൈദികർ പീഡനക്കേസിൽ ജയിലിലായപ്പോഴാണ് അവരെ സസ്പെൻഡ് ചെയ്യാനെങ്കിലും തയാറായത്. മാത്രമല്ല, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിലിൽ അടക്കപ്പെട്ടപ്പോഴും ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്ന നിലപാടാണ് കത്തോലിക്ക സഭ കൈക്കൊണ്ടതും. മാത്രമല്ല; ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരവുമായി തെരുവിലിറങ്ങിയ കന്യാസ്ത്രീകളെ കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ പരസ്യമായി തള്ളിപ്പറഞ്ഞ് വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.
പീഡനക്കേസിൽ പ്രതികളാകുന്ന പുരോഹിതർ സംരക്ഷിക്കപ്പെടുന്നത് ആദ്യ സംഭവമല്ല. 1998ൽ കൗമാരക്കാരിയെ ഗർഭിണിയാക്കിയ കേസിൽ കുറ്റക്കാരനാണെന്ന് ചർച്ച് ട്രൈബ്യൂണൽ തന്നെ കണ്ടെത്തിയ വൈദികനെ വിദേശത്തേക്ക് കടത്താൻ ശ്രമം നടത്തിയിരുന്നു. വിശ്വാസികളുടെ എതിർപ്പിനെത്തുടർന്ന് നീക്കം പരാജയപ്പെട്ടു. ബാലികയുടെ കുടുംബത്തിന് ഒമ്പതു ലക്ഷം നഷ്ടപരിഹാരം കൊടുക്കുകയും കുഞ്ഞിനെ കൊല്ലം ജില്ലയിലെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതിെൻറ തനിയാവർത്തനമാണ് ഫാ. റോബിൻ കേസിലും സംഭവിച്ചത്. കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ ഫാ. റോബിൻ വടക്കുംചേരി പിടിയിലായത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിെൻറ അവസാനഘട്ടത്തിലാണ്. ഈ കേസിലും ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുകയും കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ലൈംഗികാപവാദങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വൈദികരോട് ഒരു അനുകമ്പയും പാടില്ലെന്ന പോപ്പിെൻറ നിർദേശം നിലനിൽക്കെതന്നെയാണ് ഇത്തരം അനുഭാവപ്രകടനങ്ങൾ.
മാടത്തരുവി കൊലക്കേസിനുശേഷം സഭ സമൂഹത്തിനു മുന്നിൽ ഏറ്റവുമധികം പ്രതിരോധത്തിലായത് സിസ്റ്റർ അഭയ കേസിലായിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ച അഭയ കേസിൽ സംശയത്തിെൻറ വിരലുകൾ നീണ്ടത് മുതിർന്ന പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും നേർക്കാണ്. അപ്പോഴും അവരെ സംരക്ഷിക്കുന്ന നിലപാടാണ് ബന്ധപ്പെട്ട സഭാനേതൃത്വം കൈക്കൊണ്ടത്. മുൻകാലങ്ങളിൽ പാതിരിമാർ പ്രതികളാകുന്ന പീഡനക്കേസുകൾക്കിടയിൽ അഞ്ചും പത്തും വർഷത്തിെൻറ ഇടവേളകൾ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ വർഷന്തോറും ഇത്തരം പാതിരിപീഡനക്കേസുകൾ വർധിച്ചുവരുകയാണ് എന്നതാണ് സഭക്ക് തലവേദന സൃഷ്ടിക്കുന്നത്. 2014ൽ തൃശൂർ ജില്ലയിലെ ഫാ. രാജു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായെങ്കിൽ 2016ൽ ഇത്തരത്തിലുള്ള രണ്ടു സംഭവങ്ങളാണ് പുറത്തുവന്നത്. കണ്ണൂരിലെ സെമിനാരിയിലെ പുരോഹിതൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായപ്പോൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ധ്യാനഗുരു എഡ്വിൻ ഫിഗരസിന് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. തൊട്ടടുത്തവർഷം, 2017ൽ ഫാ. റോബിൻ വടക്കുംചേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതടക്കം രണ്ടു കേസുകളാണ് സഭക്ക് നാണക്കേടായത്.
റോബിൻ കേസിൽ പിന്നീടുണ്ടായ ഇടപെടലുകളും തുടർനടപടികളും കുടുംബത്തിെൻറ കൂറുമാറ്റവും സഭയെ കൂടുതൽ പ്രതിരോധത്തിലാക്കുകയായിരുന്നു. 2018 തുടങ്ങി പകുതിയാകുമ്പോഴാകട്ടെ കേസുകളുടെ പരമ്പരതന്നെ നേരിടേണ്ടിവന്നു. ഒടുവിൽ ഭാരതസഭയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീ പീഡനക്കേസിൽ രൂപതയുടെ മേലധികാരിയായ ബിഷപ്പും അഴിക്കുള്ളിലായി.പീഡനക്കേസിൽ ജയിലിലായിട്ടും ജലന്ധർ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് സഭാതലവന്മാരുടെ പിന്തുണ നിർലോഭം കിട്ടിക്കൊണ്ടിരിക്കുന്നു. എന്നാൽ, യുവതീബന്ധത്തിൽ ആരോപണം ഉയർന്നപ്പോൾതന്നെ പുറത്താക്കപ്പെട്ട മുൻ ബിഷപ്പും കേരളത്തിലുണ്ട്. കൊച്ചി രൂപത ബിഷപ് ജോൺ തട്ടുങ്കലിനാണ് സംശയത്തിെൻറ ആനുകൂല്യംപോലും ലഭിക്കാതിരുന്നത്.
2008ൽ 26കാരിയായ യുവതിയെ അരമനയിൽ താമസിപ്പിക്കുകയും യുവതിയുടെ രക്തംകൊണ്ട് കറുത്ത കുർബാന (ബ്ലാക്ക് മാസ്) നടത്തുകയും ചെയ്ത സംഭവത്തിൽ ജോൺ തട്ടുങ്കലിനെ സഭാനേതൃത്വം കൈയോടെ ബിഷപ് സ്ഥാനത്തുനിന്ന് നീക്കി. ഇദ്ദേഹം പിന്നീട് താമസിച്ച ഇടുക്കിയിലെ ആശ്രമത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു. പീഡനപരാതി ഇല്ലാഞ്ഞിട്ടുപോലും കൊച്ചി രൂപതയുടെ ബിഷപ് നേരിട്ട കാർക്കശ്യം, വ്യക്തമായ പരാതിയും കന്യാസ്ത്രീസമരവും നേരിടേണ്ടിവന്നിട്ടുപോലും ജലന്ധർ രൂപത ബിഷപ്പിന് നേരിടേണ്ടിവന്നില്ല. മറിച്ച് ‘ബിഷപ്പിെൻറ അഭ്യർഥന മാനിച്ച് അദ്ദേഹത്തെ രൂപത ചുമതലയിൽനിന്ന് താൽക്കാലികമായി നീക്കുന്നു’ എന്ന സർക്കുലർ മാത്രമാണ് ഇറങ്ങിയത്. പീഡന ആരോപണങ്ങൾക്കൊപ്പം ഇത്തരം ഇരട്ട സമീപനവും വിശ്വാസികൾക്കിടയിൽ ചൂടേറിയ ചർച്ചയാണ്.
പൊളിച്ചുപണി ആത്മാവിനല്ല, കെട്ടിടങ്ങൾക്ക്
ഇടവകയിലെത്തുന്ന വൈദികൻ നേരിെൻറ പാതയിലൂടെ വിശ്വാസിക്കൂട്ടത്തെ നയിക്കാൻ നിയോഗിതനായ ഇടയനാണെന്നാണ് തത്ത്വം. എന്നാൽ ഇടവകകളുടെ ചുമതലയുമായി എത്തുന്ന വികാരിമാരിൽ പലരും തങ്ങൾ പഠിച്ച ‘ആത്മാവിനെ പൊളിക്കുന്ന പണി’ പ്രയോഗത്തിൽ വരുത്താനല്ല, പകരം തങ്ങൾക്ക് തീരെ പരിചയമില്ലാത്ത കെട്ടിടംപണിയിലാണ് അമിത താൽപര്യമെടുക്കുന്നത്. ഇടവകകളിലേക്ക് വികാരിമാർക്ക് സ്ഥലംമാറ്റം കൊടുക്കുമ്പോൾ, അവിടെ ഇനി എന്താണ് പൊളിച്ചുപണിയാനുള്ളത് എന്ന് പകുതി തമാശയും ബാക്കി കാര്യവുമായി ചോദിക്കുന്ന വികാരിമാരുണ്ട് എന്നു പറയുന്നത് സഭാ ആസ്ഥാനത്തെ സീനിയർ വൈദികൻ. ‘‘മുമ്പിരുന്ന വികാരി പള്ളി പൊളിച്ചുപണിതു കഴിഞ്ഞു; ഞാനായിട്ട് കൊടിമരമെങ്കിലും പണിയണ്ടേ’’ എന്ന് ചിന്തിക്കുന്നവരുമുണ്ട്. പല ഇടവകകളിലും പുതുതായി എത്തുന്ന വികാരിമാരുടെ ആദ്യത്തെ പരിഗണനകളിൽ ഒന്ന് നിലവിലുള്ള പള്ളി പൊളിച്ച് കൂടുതൽ വലിയ പള്ളി നിർമിക്കുക എന്നതാണത്രെ. ഇക്കാര്യത്തിൽ ഇടവകകൾ തമ്മിൽ മത്സര മനോഭാവം തന്നെയുണ്ട്.
നാളെ: കാണാതെ പോകരുത്; കാരുണ്യത്തിെൻറ കരങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
