മൂന്നാറിലെ മണിമുഴക്കം ആർക്ക് വേണ്ടി

എം.ജെ.ബാബു
07:55 AM
12/02/2019

മൂന്നാർ അങ്ങനെയാണ്. ഇടക്കിടെ മണിമുഴക്കം ഉയരും. മണി മുഴക്കാൻ രാഷ്ട്രീയക്കാരുമുണ്ടാകും. കെട്ടിട നിർമാണമോ, ഭൂമികയ്യേറ്റമോ ഒക്കെ ആവും കാരണങ്ങൾ. എന്നാൽ, ദിവസങ്ങൾ കഴിയുന്നതോടെ അത് സ്വയം കെട്ടടങ്ങും. പിന്നീടാരും പിന്നിലേക്ക് നോക്കാറില്ല. വീണ്ടും കയ്യേറ്റവും അനധികൃത നിർമാണവും തുടരും. അതുകൊണ്ടാണല്ലോ ഭൂമി കയ്യേറ്റം സംബന്ധിച്ച നിരവധിയായ അന്വേഷണ റിപ്പോർട്ടുകൾ ചുവപ്പ് നാടയിൽ കുടുങ്ങിയത്. വിജിലൻസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. 

ഇത്തവണ മൂന്നാർ ഗ്രാമപഞ്ചായത്തിൻറ കെട്ടിട നിർമാണം ദേവികുളം സബ് കലക്ടർ തടഞ്ഞതും അതിനെ ചോദ്യം ചെയ്ത് എസ്. രാജേന്ദ്രൻ എം.എൽ.എ രംഗത്ത് വന്നതുമാണ് വിവാദത്തിന് കാരണം. ദേവികുളത്തിൻറ ചരിത്രത്തിലെ ആദ്യ വനിതാ സബ് കലക്ടറാണ് ഡോ. രേണു രാജ്. ആന്ധ്ര ചീഫ് സെക്രട്ടറിയായി വിരമിച്ച മിനി മാത്യു ദേവികുളത്തുണ്ടായിരുന്നുവെങ്കിലും അവർ കാർഡമം സെറ്റിൽമ​​​െൻറ്​ ഒാഫീസറായിരുന്നു. ഭർത്താവ് മാത്യു .സി കുന്നുങ്കലായിരുന്നു അന്ന് ദേവികളും സബ് കലക്ടർ. അതിന് ശേഷം ആദ്യമായാണ് ദേവികുളത്ത് വനിതാ െഎ.എ.എസ് ഉദ്യോഗസ്ഥ എത്തുന്നത്. അവരെ ആക്ഷേപിക്കുന്ന തരത്തിൽ എം.എൽ.എ സംസാരിച്ചുവെന്ന ആരോപണമാണ് ഇപ്പോഴത്തെ വിവാദം. കെട്ടിട നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഉദ്യോഗസ്ഥരെ തടയാൻ കോൺഗ്രസുകാരായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ജില്ലാ പഞ്ചായത്ത് അംഗവും കൂട്ടിനുണ്ടായിരുന്നു.

Renu Raj

പഴയ മൂന്നാറിൽ, സ്പോർട്സ് ഗ്രൗണ്ടിന് എതിർവശത്ത് മുതിരപ്പുഴയാറിൻറ തീരത്താണ് മുന്നാർ ഗ്രാമപഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രവും വ്യാപാര സമുച്ചയവും നിർമിക്കുന്നത്. വനിതാ ഫണ്ടുപയോഗിക്കുന്നുവെന്നതിനാലാണ്, പേരിൽ വനിതാ വ്യവസായ കേന്ദ്രം. ഇതിൻറ നിർമാണം നിർത്തിവെക്കണമെന്നാണ് ഇപ്പോൾ സബ് കലക്ടർ ആവശ്യപ്പെട്ടത്. ഇതിന് രണ്ട് കാരണങ്ങളാണ് സബ് കലക്ടർ പറയുന്നത്. ഇതിൽ പ്രധാനം 2010ലെ ഹൈകോടതി വിധിയാണ്. ഇതുനസരിച്ച് മൂന്നാറും ദേവികുളവും ഉൾപ്പെടുന്ന എട്ട് വില്ലേജുകളിൽ കെട്ടിടങ്ങൾ നിർമിക്കണമെങ്കിൽ കലക്ടറുടെ എൻ.ഒ.സി വേണം. വ്യാജ പട്ടയ ഭൂമിയിലും കയ്യേറ്റ ഭൂമിയിലും അനധികൃതമായി കെട്ടിടങ്ങൾ നിർമിക്കുന്നത് തടയുന്നതിനാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ തുടർന്ന് ഇൗ അധികാരം ദേവികുളം സബ് കലക്ടർക്ക് കൈമാറി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇൗ ഉത്തരവ് പിൻവലിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടുവെങ്കിലും ഹൈകോടതി വിധിയുള്ളതിനാൽ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഇവിടെ, മൂന്നാർ പഞ്ചായത്ത് കെട്ടിട നിർമാണത്തിന് എൻ.ഒ.സി വാങ്ങിയില്ലെന്നതാണ് ഒന്നാമത്തെ വിഷയം. മറ്റൊന്ന് പ്രളയത്തെ തുടർന്നുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവാണ്. ഇക്കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായ സ്ഥലങ്ങളിലും നിർമാണം അനുവദിക്കരുതെന്നാണ് നിർദേശം. ഇപ്പോൾ പഞ്ചായത്ത് കെട്ടിടം നിർമിക്കുന്ന പ്രദേശം അപ്പാടെ വെള്ളത്തിൽ മുങ്ങിയതാണ്. മുതിരപ്പുഴയാറിലെ രണ്ട് തൂക്ക്പാലങ്ങളും തകർന്നിരുന്നു. എന്നാൽ, ഇതൊന്നും സർക്കാരി​​​െൻറ കെട്ടിടങ്ങൾക്ക് ബാധകമല്ലെന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. അതിനാലാണ് സബ് കലക്ടറുടെ ഉത്തരവ് നിരാകരിച്ച് നിർമാണം തുടർന്നത്. 

ഇനി മറ്റൊന്ന്, മൂന്നാറിലെ പുഴയോരത്ത് കെട്ടിട നിർമാണം സാധ്യമാണോയെന്നതാണ്. അതിനും ഉത്തരം ഇല്ലെന്ന് തന്നെയാണ്. ബ്രീട്ടീഷുകാർക്ക് പൂഞ്ഞാർ തമ്പുരാൻ കണ്ണൻ ദേവൻ കുന്നുകൾ പാട്ടത്തിന് നൽകുമ്പോൾ തന്നെ പുഴയിൽ നിന്ന്​ 50വാര അകലെ നിർമാണം പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, അതൊക്കെ അട്ടിമറിച്ച് പുഴ കയ്യേറിയാണ് കെട്ടിടങ്ങൾ ഉയർന്നതെന്നത് മറ്റൊരു കാര്യം. പക്ഷെ, ഗ്രാമപഞ്ചായത്ത് തന്നെ നിയമം ലംഘിക്കാമോ? ഇപ്പോൾ വാണിജ്യ സമുച്ചയം നിർമിക്കുന്ന സ്ഥലം യഥാർഥത്തിൽ ബസ് സ്റ്റാൻഡിന് വേണ്ടി നിർദേശിക്കപ്പെട്ടതാണ്. ഒപ്പം ടൂറിസ്റ്റ് അമിനിറ്റി സ​​െൻററും നിർദേശിക്കപ്പെട്ടു. ഇൗ സ്ഥലത്തിന് മുൻവശത്തായി പാതയോരത്തുള്ള പെട്ടിക്കടകൾ ഇതിനകത്തേക്ക് മാറ്റാനും കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ നിർദേശം വന്നിരുന്നു. ഇതിനായി ചില നിർമാണ പ്രവർത്തനങ്ങളും നടന്നു. ഇതിനിടെയാണ് പദ്ധതി മാറിയതും കട മുറികൾ എന്ന ആശയത്തിലേക്ക് മാറിയതും. കട മുറികൾക്ക് വലിയ കച്ചവട സാധ്യതയാണ് ഹൈേറഞ്ചിൽ. ഗ്രാമപഞ്ചായത്തിൻറ വെയ്റ്റിംഗ് ഷെഡുകൾ പോലും കച്ചവട കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. 

അത് ഒരു ഭാഗത്ത്, ഇനി ഇതിനൊരു മറുഭാഗമുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് സബ് കലക്ടറുടെ അനുമതി എന്ന വ്യവസ്ഥ നീക്കുകയെന്ന ലക്ഷ്യമാണ് അത്. ഇപ്പോഴത്തെ സബ് കലക്ടർ വന്നതിന് ശേഷം അനുമതി കൂടാതെ ആരംഭിച്ച നിരവധി നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെപ്പിച്ചിട്ടുണ്ട്. അത്  ചില ഉദ്യോഗസ്ഥരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. കെട്ടിട നിർമാണത്തിന് അനുമതി നൽകുകയെന്നത് ചില ഉദ്യോഗസ്ഥരുടെ അക്ഷയപാത്രമാണ്. ചതുരശ്രയടി കണക്കാക്കിയാണ് പണം വാങ്ങിയിരുന്നത്. ഇത്തരത്തിൽ നൂറ്കണക്കിന് കെട്ടിടങ്ങൾ ഒരു രേഖയുമില്ലാത്ത ഭൂമിയിൽ ഉയർന്നിട്ടുണ്ട്. ഇതിന് പഞ്ചായത്ത് കെട്ടിട നമ്പരുകളും നൽകിയിട്ടുണ്ട്. 

പഞ്ചായത്തി​​​െൻറകെട്ടിട നിർമാണത്തിന് എതിരെ സി.പി.െഎയാണ് പരാതി നൽകിയതെന്നും ശ്രദ്ധേയമാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് നടത്തുന്ന അനധികൃത കെട്ടിട നിർമ്മാണം സംരക്ഷിക്കേണ്ട ബാധ്യത സി.പി.എമ്മുകരാനായ എം.എൽ.എക്കുണ്ടോയെന്നതാണ് സി.പി.െഎ ഉയർത്തുന്ന ചോദ്യം. മൂന്നാറിലെ തോട്ടം മേഖലയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സി.പി.െഎ-സി.പി.എം പോരി​​​െൻറ ബാക്കിപത്രം കൂടിയാണ് ഇൗ സംഭവങ്ങൾ. തോട്ടം മേഖലയിൽ സി.പി.െഎയാണ് വലിയ കക്ഷിയെങ്കിലും എം.എൽ.എ സ്ഥാനം സി.പി.എമ്മിനാണ്. തെരെഞ്ഞടുപ്പ് കാലത്ത് മാത്രമാണ് ഇൗ രണ്ട് പാർട്ടികളും ഒരു ബാനറിന് കീഴിൽ എത്തുന്നത്. മറ്റെല്ലാ കാലത്തും പരസ്പരം പോരടിച്ചാണ് തൊഴിലാളികളെ ഒപ്പം നിർത്തുന്നത്. തോട്ടം തൊഴിലാളികൾക്ക് കുറ്റിയാർവാലിയിൽ കഴിഞ്ഞ സർക്കാർ അനുവദിച്ച ഭൂമി അളന്ന് തിരിച്ച് നൽകാൻ എം.എൽ.എ താൽപര്യം കാട്ടുന്നില്ലെന്ന പരാതിയും സി.പി.െഎക്കുണ്ട്. തോട്ടം തൊഴിലാളികളുടെയും മൂന്നാർ ടൗണിലെ വ്യാപാരികളുടെയും അടക്കമുള്ള പാർപ്പിട പ്രശ്നത്തിൽ അല്ല, മല കയറി വന്ന കയ്യേറ്റക്കാരുടെ താൽപര്യങ്ങളാണ് ഇവിടെ രാഷ്ട്രീയ പാർട്ടികളെ നയിക്കുന്നതെന്ന പരാതിയും നിലനിൽക്കുന്നു.

മൂന്നാർ മേഖലയുടെ സംരക്ഷണം സംബന്ധിച്ച് നിയമസഭ പരിസ്ഥിതി കമ്മിറ്റി നൽകിയ റിപ്പോർട്ടും അവഗണിക്കപ്പെട്ട പട്ടികയിലുണ്ട്. ഇപ്പോഴത്തെ സമിയുടെ ആദ്യ റിപ്പോർട്ട് 2017 മാർച്ചിലാണ് സമർപ്പിച്ചത്. കെട്ടിട നിർമ്മാണമടക്കം ഒ​േട്ടറെ നിർദേശങ്ങൾ മുല്ലക്കര രത്നാകരൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലുണ്ട്. അതൊന്നും കണ്ണൻ ദേവൻ കുന്നുകളിൽ ബാധകമാകില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥ-രാഷ്ട്രീയ-കയ്യേറ്റ കൂട്ടുകെട്ട്. കണ്ണൻ ദേവൻ കുന്നുകൾ മറ്റൊരു ലോകമാണ്, പൊതുവായ നിയമവും നീതിയും ഇവിടെ ബാധകമാകില്ലെന്ന് ചിലർ പ്രഖ്യാപിക്കുന്ന ലോകം. മൂന്നാറിലെ പ്രകൃതിയെ ബലാൽസംഗം ചെയ്യുന്നുവെന്ന് നിരീക്ഷിച്ചാണ് നിർമാണങ്ങൾക്ക് റവന്യുവി​​​െൻറ എൻ.ഒ.സി നിർബന്ധമാക്കി ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത് തന്നെ. 

 

Loading...
COMMENTS