Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right60 ലാൽക്കാലം

60 ലാൽക്കാലം

text_fields
bookmark_border
60 ലാൽക്കാലം
cancel

ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും നിമിഷാർഥം കൊണ്ട് വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരന്, മലയാളത്തിന്‍റെ ഒരേയൊരു മോഹൻലാലിന് ഇന്ന് അറുപതിന്‍റെ നിറവ്. അഭിനയം മോഹനമായൊരു അനുഭവമാക്കുന്ന ലാൽ ഭാവങ്ങൾക്ക് പക്ഷേ, എന്നും നിത്യയൗവനം.

ആണത്തവും ലാളിത്യവുമുള്ള വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ നെഞ്ചിലേറ്റിയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. പ്രായത്തിൽ മുതിർന്നവർക്ക് പോലും അദ്ദേഹം ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്.

മോഹൻലാലിന്‍റെ ഒരു കഥാപാത്രമെങ്കിലും മനസിൽ കുടിയേറിയിട്ടില്ലാത്ത ഒരു സിനിമാ പ്രേമിയും കേരളത്തിലുണ്ടാകില്ല. വൈവിധ്യപൂർണമായ കഥാപാത്രങ്ങളെ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച് നേടിയ കുടിയേറ്റമാണത്. തൂക്കുകയറിന്‍റെ മരണവൃത്തത്തിൽ ദയ കാത്തുകഴിയുന്ന സത്യനാഥനായും (സദയം) പൊലീസ് തൊപ്പിക്ക് പകരം തെരുവുഗുണ്ടയുടെ മുൾക്കിരീടം അണിയേണ്ടി വന്ന സേതുമാധവനായും (കിരീടം) കരയിപ്പിക്കുമ്പോൾ തന്നെ കുരുട്ടുബുദ്ധി കൊണ്ട് വാടകക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന വീട്ടുടമസ്ഥനായി (സൻമനസുള്ളവർക്ക് സമാധാനം) ചിരിപ്പിച്ചും കഥകളി കലാകാരന്‍റെ ആത്മ സംഘർഷം കാട്ടി (വാനപ്രസ്ഥം) വിസ്മയിപ്പിച്ചും മുണ്ട് മടക്കിക്കുത്തി മംഗലശ്ശേരി നീലകണ്ഠന്‍റെ പൗരുഷം കാട്ടി (ദേവാസുരം) ആവേശപ്പെടുത്തിയുമൊക്കെ പ്രേക്ഷക മനസിൽ മോഹനാഭിനയത്തിന്‍റെ ലാൽ സ്പർശമേകാൻ കഴിഞ്ഞിടത്താണ് ഈ നടന്‍റെ വിജയവും.

മലയാള സിനിമയുടെയും മോഹൻലാലിന്‍റെ കരിയറിന്‍റെയും വളർച്ച വിലയിരുത്തിയാൽ ഒരു സമാന്തരത ദൃശ്യമാകും. വില്ലൻ വേഷങ്ങളിൽനിന്നും സഹനായകനിലേക്കും തുടർന്ന് നായകസ്ഥാനത്തേക്കും അവിടെ നിന്ന് സൂപ്പർതാര പദവിയിലേക്കുമുള്ള ലാലിന്‍റെ ജൈത്രയാത്ര മലയാള സിനിമയുടെ ചരിത്ര വളർച്ചയുടെ സുവർണഘട്ടം കൂടിയായിരുന്നു. ഒരു വ്യവസായം എന്ന നിലയില്‍ മലയാള സിനിമക്ക് മാന്യമായ മേല്‍വിലാസം ഉണ്ടാക്കി കൊടുക്കുന്നതിൽ മോഹൻലാൽ എന്ന ബ്രാൻഡ് വഹിച്ച പങ്ക് ചെറുതല്ല.

പ്രദര്‍ശനദിനങ്ങളുടെ എണ്ണമെടുത്ത് സിനിമ ഹിറ്റാണോയെന്ന് നിർണയിച്ച കാലത്ത് വിജയത്തിന്‍റെ 'ഇരട്ടപ്പേരുകളിൽ' മമ്മൂട്ടിക്കൊപ്പം ലാൽ എന്നും എഴുതിവെക്കപ്പെട്ടു. കോടികളുടെ കണക്കെടുത്ത് ആഗോള ഹിറ്റുകൾ ചരിത്രം സൃഷ്ടിച്ചപ്പോഴും അവയ്ക്കൊപ്പം ചേർത്തുവെക്കപ്പെട്ട പേര് മറ്റൊന്നല്ല. ദൃശ്യവും പുലിമുരുകനും ലൂസിഫറുമൊക്കെയായി ആഗോള മാർക്കറ്റിലേക്കും ആ തോൾ ചെരിച്ചുള്ള നടത്തമെത്തി.

മൂന്ന് തലമുറയെ കണ്ട 'തിരനോട്ടം'

കൂട്ടുകുടുംബ'ത്തിൽ നിന്ന് പിറവിയെടുത്ത മോഹൻലാലിന്‍റെ ആദ്യ സിനിമ 'തിരനോട്ടം' തിരശ്ശീലയിലെത്തിയില്ല. പക്ഷേ, പ്രേക്ഷക സമൂഹത്തിന്റെ മൂന്ന് തലമുറയെ തിരശ്ശീലയിലൂടെ കണ്ടു കൊണ്ടേ ഇരിക്കുകയാണ് ലാൽ. പ്രേക്ഷകരുടെ മാത്രമല്ല മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേതാക്കളുടെയും തിരക്കഥാകൃത്തുക്കളുടെയും സംവിധായകരുടെയും മൂന്ന് തലമുറക്കൊപ്പം ലാൽ സ്വച്ഛന്ദം ഒഴുകുന്നു. ഫാസിൽ, ഭരതൻ, പത്മരാജൻ, ഐ.വി.ശശി എന്നിവരിൽ നിന്ന് സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിബി മലയിൽ, ഭദ്രൻ, ഷാജി കൈലാസ്, ബ്ലസി എന്നിവരിലേക്കും അവിടെ നിന്ന് ജിത്തു ജോസഫ്, വൈശാഖ്, വി.എ. ശ്രീകുമാർ എന്നിവരിലേക്കുമൊക്കെ ലാൽ അനായസം ഒഴുകി. അതിനിടെ, അരവിന്ദൻ (വാസ്തുഹാര), ആർ. സുകുമാരൻ (പാദമുദ്ര), ഷാജി എൻ. കരുൺ (വാനപ്രസ്ഥം) തുടങ്ങിയവർക്കൊപ്പം സമാന്തരമായും നടന്നു.

എത്രയോ താരോദയങ്ങൾക്കും അസ്തമയങ്ങൾക്കും ശേഷവും ഈ നടൻ ഇന്ത്യൻ സിനിമയിലെ നിത്യവിസ്മയമായി നിലനിൽക്കുന്നത് അഭിനയത്തോട് പുലർത്തുന്ന ആത്മാർഥമായ നിത്യോപാസന കൊണ്ടുമാത്രമാണ്. ഒരു കഥാപാത്രത്തെയോ കഥാസന്ദർഭത്തെയോ സർഗാത്മകരമായ പൂർണതയോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്നതും അതുകൊണ്ട് തന്നെ. ധ്യാനപൂർണമായ സമർപ്പണത്തിലൂടെ കഥാപാത്രത്തിലേക്ക് സന്നിവേശിച്ച് തൻമയത്വത്തോടെ അഭിനയിച്ചനുഭവിപ്പിക്കുകയാണ് ലാൽ ചെയ്യുന്നത്. അഭിനയത്തിന്‍റെ അനായാസതയും സ്വാഭാവികതയും തങ്ങളുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രസൃഷ്ടിയുമാണ് ലാലിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാക്കിയത്. മലയാളി നിത്യജീവിതത്തിൽ നേരിടുന്ന നിസ്സഹായതയുടെയും ഇഷ്ടപ്പെടുന്ന നിഷ്കളങ്കതയുടെയും സ്വപ്നം കാണുന്ന വീരസ്യത്തിന്‍റെയുമൊക്കെ അനേകം അവസ്ഥാന്തരങ്ങളെ അഭിനയിച്ച് ഫലിപ്പിച്ചതും അദ്ദേഹത്തിന്‍റെ ജനപ്രീതി വർധിപ്പിച്ചു.

'അഭയം തേടി'യിലെ അപ്പുവിന്‍റെയും 'ടി.പി. ബാലഗോപാലൻ എം.എ'യിലെ ബാലഗോപാലന്‍റെയുമൊക്കെ നിഷ്കളങ്കതയും 'വാസ്തുഹാര'യിലെ ഓഫിസറുടെയും 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞിക്കുട്ടന്‍റെയുമൊക്കെ നിസ്സഹായതയും സ്വന്തം അനുഭവങ്ങളായി മലയാളിയെ തോന്നിപ്പിക്കുന്നതിൽ ലാൽ വിജയം കണ്ടത് സിനിമയുടെയും വിജയമായി.

'ദേവാസുര'ത്തിലെയും 'ആറാം തമ്പുരാനി'ലെയും കഥാപാത്രങ്ങളുടെ വീരസ്യം മാത്രമല്ല, ജീവിത യാഥാർഥ്യങ്ങൾക്ക് മുമ്പിലെ അവരുടെ നിസ്സഹായതയുടെ വ്യസനവും പ്രേക്ഷകരെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതിലും ലാൽ വിജയിച്ചു. അഭിനയത്തിന്‍റെ ഈ സൂക്ഷ്മദർശിനിയെ മറുനാടിനും പ്രിയങ്കരനാക്കിയത് മറ്റൊന്നല്ല. എം.ജി.ആറിൽ നിന്ന് പ്രചോദനം കൊണ്ട് സൃഷ്ടിച്ച ആനന്ദ് ആയി ആര് വേണമെന്ന് (ഇരുവർ) മണിരത്നവും മുംബൈ അധോലോകത്തെ പിടിച്ചുകെട്ടാനെത്തുന്ന കമ്മീഷണർ (കമ്പനി) ആരാകണമെന്ന് റാം ഗോപാൽ വർമ്മയും രണ്ടാമതൊന്ന് ആലോചിക്കാഞ്ഞതും അതുകൊണ്ട് തന്നെ.

നടനെന്ന നിലയിൽ സിനിമയിൽ മാത്രമല്ല, നാടകത്തിലും ലാൽ മലയാളത്തെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കർണനായി 'കർണഭാരം' എന്ന സംസ്കൃതനാടകത്തിലും മലയാളനോവലുകളിലെ പത്തുകഥാപാത്രങ്ങളായി 'കഥയാട്ട'ത്തിലും അദ്ദേഹം അഭിനയത്തിന്റെ പുതിയ മാനങ്ങൾ കാട്ടി. ഗായകനായും (കൈതപ്പൂവിൻ, നാത്തൂനേ നാത്തൂനേ, ആറ്റുമണൽ പായയിൽ തുടങ്ങിയവ) ആസ്വാദക മനസ്സിൽ ഇടം കണ്ടെത്തിയിട്ടുണ്ട് മോഹൻലാൽ. കേരളത്തിന് ലോകത്തോട് അഭിമാനത്തോടെ പറയാം - ഇതാ ഞങ്ങളുടെ കംപ്ലീറ്റ് ആക്ടർ. അല്ല, കംപ്ലീറ്റ് ആർട്ടിസ്റ്റ്. ലാൽ സലാം!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmovie newsMovie Specialmohanlal birthday
Next Story