Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമോദിയുടെ പരിഷ്കാരങ്ങൾ...

മോദിയുടെ പരിഷ്കാരങ്ങൾ കർഷകർക്കെതിരായ സർജിക്കൽ സ്ട്രൈക്ക് !

text_fields
bookmark_border
മോദിയുടെ പരിഷ്കാരങ്ങൾ കർഷകർക്കെതിരായ സർജിക്കൽ സ്ട്രൈക്ക് !
cancel

ഒടുവിൽ അവർ കർഷകരോടും അത് ചെയ്തു- മൂന്ന്​ കാർഷിക വിപണന പരിഷ്കരണ ഓർഡിനൻസുകളിലൂടെ കാർഷികമേഖലയിൽ ഒരു സർജിക്കൽ സ്ട്രൈക്ക്. കഴിഞ്ഞ ദിവസങ്ങളിലായി അത് പാർലമെൻറിൽ അവതരിപ്പിച്ചു നിയമമാക്കുകയും ചെയ്തു. പാർലമെൻററി കമ്മിറ്റിക്ക് ബില്ലുകൾ അയക്കുന്നതുൾപ്പെടെയുള്ള സാധാരണ നിയമനിർമാണ പ്രക്രിയകളെ മറികടന്ന് നിന്ദ്യമായ രീതിയിലാണ് അത് ചെയ്​തത്​. ശരിയായ വോട്ടെടുപ്പു പോലും നടത്താതെ രാജ്യസഭയിൽ അക്ഷരാർഥത്തിൽ ബെഞ്ചുകളിലടിച്ചും ആക്രോശിച്ചുമാണ് ബില്ലുകൾ പാസാക്കിയത്. ഇത് എതിർത്ത എട്ട് എം.പിമാരെ സസ്​പെൻഷനിലാക്കുകയും ചെയ്​തു.

പ്രധാന കാർഷികസംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, യു.പി എന്നിവിടങ്ങളിലെ തെരുവുകൾ പ്രതിഷേധഭരിതമാണ്​. 250ലധികം കർഷക-കാർഷികതൊഴിലാളി സംഘടനകളുടെ കൂട്ടായ്‌മയായ അഖിലേന്ത്യ കിസാൻ സംഘർഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) സെപ്റ്റംബർ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നു. സർക്കാറി​െൻറ ഘടകകക്ഷികളായ ശിരോമണി അകാലിദൾ (എസ്​.എ.ഡി), ജനനായക് ജനത പാർട്ടി (ജെ.ജെ.പി) എന്നിവയുടെ എതിർപ്പും, ആർ‌.എസ്‌.എസ് പിന്തുണയുള്ള സ്വദേശി ജാഗരൺ മഞ്ച്, ഭാരതീയ കിസാൻ സംഘം എന്നിവ ഉന്നയിച്ച ആശങ്കകളും സർക്കാർ അവഗണിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് ചുമതലയുള്ള കേന്ദ്രമന്ത്രി അകാലിദളിലെ ഹർസിമ്രത്​ കൗർ ബാദൽ രാജി​െവച്ചു. പ്രതിപക്ഷവും രാജ്യത്തെ എല്ലാ കർഷകസംഘടനകളും ബില്ലുകളെ എതിർക്കുകയാണ്. ചിലർ ഇത് മൊത്തത്തിൽ തള്ളിക്കളയുന്നു, ചിലർ ഇത് സ്​റ്റാൻഡിങ്​ കമ്മിറ്റികളിലേക്ക് വിടണമെന്ന് ആവശ്യപ്പെടുകയും പൊതുജനാഭിപ്രായത്തിനായി വിട്ടു പാസാക്കും മുമ്പ് ഭേദഗതി വരുത്തണം എന്ന്​ ആവശ്യപ്പെടുന്നു. എന്നാൽ, ഇതൊന്നും പ്രധാനമന്ത്രിയുടെ സർജിക്കൽ മനസ്സിനെ സ്വാധീനിച്ചതായി കാണുന്നില്ല . അദ്ദേഹം ഈ ബില്ലുകളിലൂടെ കർഷകർക്ക് ഉണ്ടാകാൻ പോകുന്ന സ്വപ്നലോകത്തെ കപട വാഗ്​ദാനങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടേയിരിക്കുന്നു.

മൂന്ന് ബില്ലുകളുടെയും പേരുകൾതന്നെ അവയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്​. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ, 2020. ഫാർമേഴ്‌സ് (എംപവർമെൻറ്​ ആൻഡ് പ്രൊട്ടക്​ഷൻ) എഗ്രിമെൻറ്​ ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ്​ ബിൽ, 2020. എസൻഷ്യൽ കമോഡിറ്റീസ് (അമെൻഡ്മെൻറ്​) ബിൽ, 2020.

പതിവുപോലെ പേരുകൾകൊണ്ടും ഈ സർക്കാർ രാജ്യത്തെ കബളിപ്പിക്കുകയാണ്. പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും കാർഷികമേഖലയിലെ വിപ്ലവത്തിന് കാരണമാകുമെന്നും തോന്നിക്കുന്ന രീതിയിലാണ് ഈ പേരുകളും പ്രചാരണങ്ങളും. അത്ര വിപ്ലവകരവും കർഷകസൗഹൃദവുമാണ്‌ ഈ നിയമങ്ങളെങ്കിൽ എന്തിനാണ് ഇത്ര ധിറുതിപിടിച്ചു ഒരുസുതാര്യതയും ഇല്ലാതെ ജനാധിപത്യമര്യാദകൾ കാറ്റിൽപറത്തി നിയമം നടപ്പാക്കുന്നത്? സർക്കാറിനുവേണ്ടി സംസാരിക്കുന്ന ചില സാമ്പത്തികവിദഗ്ധർ ഇതിനെ കാർഷികമേഖലയിലെ '1991 നിമിഷം' എന്ന് വിളിക്കുന്നു, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉദാരീകരണപ്രക്രിയ ആരംഭിച്ച വർഷമാണ്​ 1991. എന്നാൽ, നമ്മൾ ഓർക്കേണ്ടത് '1991 നിമിഷം' എക്കാലത്തെയും മോശമായ കാർഷിക പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിച്ചത്​. കർഷകരുടെ വരുമാനം നിലച്ചുപോയതും കടബാധ്യത കൂടിക്കൊണ്ടേയിരിക്കുന്നതും 3.5 ലക്ഷം കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നതും 70 ലക്ഷത്തിൽപരം കാർഷിക അഭയാർഥികൾ അവരുടെ ഗ്രാമങ്ങൾ ഉപേക്ഷിച്ചു നഗരങ്ങളിലെ ചേരികളിൽ എത്തിപ്പെട്ടതും കൊട്ടിഘോഷിക്കപ്പെടുന്ന ഈ '1991 നിമിഷ'ത്തി​െൻറ സൃഷ്​ടിയാണ്.

ഈ ബില്ലുകൾ യഥാർഥത്തിൽ എന്തുചെയ്യും?

ആദ്യ ബിൽ കാർഷികവിപണനത്തെ ഉദാരവത്​കരിക്കാനുള്ളതാണ്. നിലവിലുള്ള വിപണിനിയന്ത്രണങ്ങൾ നീക്കംചെയ്യുക, കാർഷികമേഖലയിൽ സ്വതന്ത്രമായ തുറന്ന വ്യാപാരം നടത്തുക, പരമ്പരാഗത മാർക്കറ്റുകളെയും (നിയന്ത്രിത വിപണിയിടങ്ങൾ), കാർഷികോൽ‌പാദന വിപണന സമിതികളെയും (എ.പി.‌എം‌.സി) മറികടന്ന് കർഷകർക്ക് വിപണി സാധ്യമാക്കുക, രാജ്യത്ത് എവിടെ വേണമെങ്കിലും ഉൽപന്നങ്ങൾ വിൽക്കാൻ സ്വാത്രന്ത്യം നൽകുക. അതേസമയം, കച്ചവടക്കാരിൽ നിന്നും കാർട്ടലുകളിൽ (കച്ചവടക്കാരുടെ കൂട്ടുസംഘങ്ങൾ ) നിന്നുമൊക്കെ വിലയുടെ കാര്യത്തിൽ എ.പി.‌എം‌.സികൾ നൽകുന്ന പരിരക്ഷ നഷ്​ടപ്പെടുമെന്ന് കർഷകർ കരുതുന്നു. ഉൽ‌പന്നങ്ങൾക്ക് എല്ലായ്​പോഴും ന്യായമായ ലേലവില ലഭിക്കുമെന്ന് ഉറപ്പാക്കുന്ന സംവിധാനങ്ങളായിരുന്നു മണ്ഡി സമ്പ്രദായവും എ.പി.‌എം‌.സികളും. മണ്ഡികളും നിയന്ത്രിതവിപണികളും ആദ്യമായി സ്ഥാപിതമായത് 1939ൽ ആണ്. ശേഷം പലതവണ പരിഷ്‌കരിക്കപ്പെട്ടു.

2003ലെ എ.പി.‌എം‌.സി മോഡൽനിയമം വന്ന ശേഷം പല സംസ്ഥാനങ്ങളും ഇത് സ്വീകരിച്ചു. പ്രധാന കാർഷികസംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, യു.പി എന്നിവിടങ്ങളിലും രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലും വിവിധ രൂപങ്ങളിൽ ഇത്തരം വിപണികൾ പ്രവർത്തിക്കുന്നു. ഈ സംവിധാനത്തിന് കാലങ്ങളായി വന്നുപെട്ട കുറെയേറെ പ്രശ്നങ്ങൾക്ക്​ പരിഹാരം ആവശ്യമാണ്. എന്നാൽ ആ സംവിധാന​ംതന്നെ പാടേ ഇല്ലാതാക്കുന്ന പ്രഹരമല്ല വേണ്ടിയിരുന്നത്. 1939നു മു​​െമ്പന്ന പോലെ കച്ചവടക്കാർ സ്വന്തമായി സ്വകാര്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും കർഷകരെ അവരുടെ ഉൽപന്നങ്ങൾ കുറഞ്ഞ വിലക്ക്​ വിൽക്കാൻ പ്രേരിപ്പിക്കാനും ഈ നിയമം വഴിവെക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്​. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്‌.സി.‌ഐ) വഴി സർക്കാർ ഭക്ഷ്യസുരക്ഷക്കായി നെല്ലും ഗോതമ്പുമൊക്കെ സംഭരിക്കുമ്പോൾ മാത്രമാണ് സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില (മിനിമം സപ്പോർട്ട്​ പ്രൈസ്-എം. എസ്.പി) കർഷകർക്ക് ലഭിക്കുന്നത്. ഈ സംവിധാനത്തിന് പുറത്തു ഒരു ന്യായവിലയെങ്കിലും ലഭ്യമാകുന്ന ഏകസംവിധാനമാണ്​ മണ്ഡികളും അവയെ നിയന്ത്രിക്കുന്ന എ.പി.‌എം‌.സികളും. പുതിയ നിയമത്തിലൂടെ ഈ സംവിധാനങ്ങൾ ഇല്ലാതാകും എന്ന ആശങ്കയാണ്​ കർഷകരെ തെരുവുകളിലേക്ക് തള്ളിവിട്ടിരിക്കുന്നത്. മണ്ഡികളും എ.പി.‌എം‌.സികളും നിലനിൽക്കുമെന്നും പ്രധാനമന്ത്രി വാദിക്കുന്നു.

എഫ്‌.സി‌.ഐ സംവിധാനങ്ങൾ പരിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ശാന്തകുമാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് ഇന്ന് മിനിമം താങ്ങുവിലകൊണ്ട് പ്രയോജനം കിട്ടുന്ന കർഷകർ ആറു ശതമാനം പേർ മാത്രമാണ് . ബാക്കി 94 ശതമാനം പേരും ഈ മണ്ഡികളെയോ സ്വകാര്യവ്യാപാരിക​െളയോ അന്ന് ആശ്രയിക്കുന്നത്. ഇന്ത്യയിൽ 14 കോടി കർഷക കുടുംബങ്ങളിൽ 86 ശതമാനം പേരും ചെറുതോ നാമമാത്രമോ ആയ രണ്ടു ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരും കുടിയാന്മാരും ഭൂരഹിതരുമായ കർഷകരുമാണ്. അവർക്കാർക്കും 'രാജ്യത്ത് എവിടെയും' പോയി വിൽക്കാൻ കെൽപുള്ളവരല്ല . കൂടാതെ അവരുടെ കൃഷിയിടങ്ങൾക്ക് സമീപമുള്ള സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപിത മാർക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. എ.പി.‌എം‌.സി പോലുള്ള നിയന്ത്രിത മാർക്കറ്റ് സംവിധാനങ്ങൾ മാത്രമാണ് അവർ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഏക മാർഗം. ലഭ്യമായ വിവരമനുസരിച്ച് ഇന്ത്യയിലെ നിയന്ത്രിത വിപണികളുടെ എണ്ണം 6700ൽ താഴെയാണ്, 2284 എ.പി.‌എം‌.സികൾ വഴി 2339 പ്രധാന വിപണികളും 4276 ഉപ മാർക്കറ്റ് യാർഡുകളും പ്രവർത്തിക്കുന്നു. 14 കോടി കാർഷികകുടുംബങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾ അനായാസം വിൽക്കാൻ കഴിയണമെങ്കിൽ കുറഞ്ഞത് 40,000 നിയന്ത്രിത മാർക്കറ്റുകൾ വേണമെന്നാണ് കർഷകരുടെ ആവശ്യം. അത് സാധിച്ചുകൊടുക്കാൻ ഒരു സർക്കാറിനും താൽപര്യമില്ല എന്നത് ചരിത്രം.

ഈ നിയമം കാരണം എ.പി.‌എം‌.സികൾ നശിക്കില്ല എന്ന വാദം നിലനിൽക്കുന്നതല്ല. വൻകിട കച്ചവടക്കാർ, മാർക്കറ്റ് കാർട്ടലുകൾ, കാർഷികവിപണികളിലെ വലിയ കുത്തകകൾ-അദാനി-വിൽമാർ, അംബാനിയുടെ റിലയൻസ്, ഐ.ടി.സി മുതലായവ, നവയുഗ ഓൺലൈൻ വിപണന ശൃംഖലകൾ എന്നിവർക്കൊക്കെ എ.പി.എം.സി നിയന്ത്രിതവിപണികൾക്ക് പുറത്തു സ്വന്തമായി സംഭരണം നടത്തുന്നതിൽതന്നെയാണ് താൽപര്യം. അങ്ങനെ മാത്രമേ അവർ നിശ്ചയിക്കുന്ന വിലക്ക് കർഷകരുടെ ഉൽപന്നങ്ങൾ വാങ്ങിക്കാൻ കഴിയുകയുള്ളൂ. ഈ നിയമം യഥാർഥത്തിൽ ഇത്തരം ഇടനിലക്കാർക്ക് വഴി​െവക്കുന്നതാണ്. പ്രധാനമന്ത്രി അവകാശപ്പെടുന്നതുപോലെ ഇത് ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് എവിടെയും വിൽക്കാൻ സ്വാതന്ത്ര്യം നൽകുന്ന നിയമമല്ല. മറിച്ച്​, ഇപ്പോഴുള്ള മണ്ഡികളിൽ പ്രവർത്തിക്കുന്ന കമ്മിറ്റികളെയും കമീഷൻ ഏജൻറുകളെയും ഒഴിവാക്കി അവർക്ക് പകരം വൻകിട ഇടനിലക്കാരെ കൊണ്ടുവരുന്നതിനാണ്. കൃഷിക്കാർക്ക് കൂടുതൽ നിയന്ത്രണവും ഇടപെടാനുള്ള സാധ്യതകളുമുള്ള മണ്ഡി സമ്പ്രദായത്തെ ഒഴിവാക്കി വ്യാപാരി നിയന്ത്രിത 'ട്രേഡ് ഏരിയ' മാർക്കറ്റുകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കുന്നതാണ്​ ഈ നിയമം. കൂടാതെ സംസ്ഥാനത്തിനോ കേന്ദ്രസർക്കാറിനോ വിപണികളുടെമേൽ ഒരു നിയന്ത്രണവും ഉണ്ടാകില്ല. എന്തിനേറെ പറയുന്നു, അടിസ്ഥാനവിവരം പോലും ശേഖരിക്കപ്പെടാനുള്ള സാധ്യതയില്ല. ഇതോടെ എ.പി.എം.സി ഒരു പഴങ്കഥയാകും. വരുമാനം കൂടുന്നതു പോകട്ടെ , നിലനിർത്താനുള്ള സാധ്യതകൾപോലും കർഷകർക്ക് ഇല്ലാതെയാകും.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modisurgical strikeAgriculture bill
Next Story