Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kuldeep Yadav
cancel

1989ൽ ഇന്ത്യക്കുവേണ്ടി പാകിസ്താനിൽ ചാരവൃത്തി ചെയ്യാനുള്ള ജോലിവാഗ്ദാനം ലഭിച്ചപ്പോൾ കുൽദീപ് യാദവിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഒരു യഥാർഥ ദേശാഭിമാനി എന്നനിലയിൽ രാഷ്ട്രസേവനം ചെയ്യാനുള്ള ദൈവികനിയോഗമായാണ് കുൽദീപ് അതിനെ കണ്ടത്.

രഹസ്യസ്വഭാവമുള്ള ജോലിയായതിനാൽ വിശദാംശങ്ങളൊന്നും വീട്ടിൽ അറിയിച്ചിരുന്നില്ല. പരിശീലനത്തിനായി പോകവെ ഡൽഹിയിൽ ഒരു ജോലി കിട്ടി എന്ന് മാത്രമാണ് മാതാപിതാക്കളോട് പറഞ്ഞിരുന്നത്. അഹ്മദാബാദിലുള്ള കുടുംബത്തിന് പക്ഷേ 1997ന് ശേഷം അയാളുമായി സമ്പർക്കം അസാധ്യമായി. പിതാവ് 1999ൽ മരിച്ചു, മാതാവ് 2011ലും. 1997ൽ വീട്ടിലേക്ക്​ കത്തയച്ചപ്പോഴാണ്​ മകൻ ശത്രുരാജ്യത്ത്​ പിടിക്കപ്പെട്ട്​ ജയിലിൽ കഴിയുകയാണെന്ന വിവരം വീട്ടിലറിയുന്നത്​.

മറ്റുള്ളവരുടെ ഉള്ളിലുള്ളത് വായിക്കുന്ന ചാരജോലി ചെയ്യുന്നവർക്ക് സ്വന്തം മനസ്സിലെ കാര്യങ്ങൾ ഒളിപ്പിച്ചുപിടിക്കാൻ കഴിയുമെന്നാണ് പറയാറ്. എന്നാൽ, വർഷങ്ങൾക്കിപ്പുറം കുൽദീപിനെ കാണുമ്പോൾ ആ മനസ്സിലെ വേദനകൾ ആർക്കും വായിച്ചെടുക്കാം, ആ മനുഷ്യൻ കടന്നുപോയ വേദനകളുടെയും ദുരവസ്ഥയുടെയും നിരാശയുടെയും അടയാളങ്ങൾ മുഖത്ത് നിഴലിച്ചുനിൽക്കുന്നു.

ചാരവൃത്തിക്കുറ്റം പേറി 28 വർഷത്തിലേറെ ശത്രുരാജ്യത്തെ ജയിലിൽ കഴിഞ്ഞ ഒരാൾ സ്വരാജ്യത്ത് തിരിച്ചെത്തിയിട്ടും അന്യനും അപരിചിതനുമായി ജീവിക്കേണ്ടിവന്നാൽ എന്തുവഴി? ജീവിതത്തിന്റെ നൂലാമാലകളുടെ കുരുക്കഴിക്കുന്നതെങ്ങനെയെന്ന് ഒരുപിടിയുമില്ല ആ 59കാരന്.

എന്തൊരു നന്ദികെട്ട ഒരു ലോകമാണിത്, എത്ര ക്രൂരമാണ് കാര്യങ്ങൾ -കുൽദീപ് ഒരുവേള രോഷത്തോടെതന്നെ പറയുന്നു. രഹസ്യദൗത്യത്തിന് ഏൽപിച്ച സ്വന്തം നാട്ടിലെ സർക്കാർ അയാൾ പിടിയിലായതോടെ കൈയൊഴിഞ്ഞിരുന്നു. എന്തോ ഒരു മഹാഭാഗ്യത്തിന് വീണ്ടും കുടുംബത്തോടൊപ്പം ചേരാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ, സമാനമായി രാജ്യസേവനത്തിനിറങ്ങിയ നിരവധിപേർ ഇപ്പോഴും വിദേശരാജ്യങ്ങളിലെ തടവറകളിൽ കഴിയുന്നുണ്ടാവും. മറ്റൊരു രാജ്യത്തെ തടവറയേക്കാൾ സ്വന്തം രാജ്യത്തിന്റെ അധികൃതർ പുലർത്തുന്ന നിലപാടാണ് അവരെ വേദനിപ്പിക്കുന്നത്. ചിലർക്കാവട്ടെ തടവറകളിൽ നേരിടേണ്ടിവന്ന മൂന്നാംമുറ പ്രയോഗങ്ങളുടെ ഫലമായി മനോനിലതന്നെ തെറ്റിപ്പോയിരിക്കുന്നു. യാദവിനും നേരിടേണ്ടിവന്നിട്ടുണ്ട് കഠിനമായ പീഡനങ്ങൾ.

ചാരവൃത്തി ആരോപിച്ച് 1994 മാർച്ചിലാണ് പാകിസ്താൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ പിടികൂടിയത്. കഴിഞ്ഞമാസം 22നാണ് നീണ്ട തടവറ ജീവിതശേഷം ജയിൽമോചിതനായത്​. ഒടുവിൽ വാഗ അതിർത്തി കടന്ന്​ സ്വദേശത്തേക്ക്​ വന്നു​. പാകിസ്താനിൽ ദൗത്യവുമായി പോയ അരോഗദൃഢഗാത്രനായ യുവാവല്ല; ഹൃദ്രോഗം, ഹെർണിയ, ക്ഷയം തുടങ്ങി നിരവധി അസുഖങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടിപ്പോൾ.

ഞാൻ എ​ന്റെ നാടിനുവേണ്ടി ഒരുപാട്​ ത്യാഗങ്ങൾ ചെയ്​തു, യാതനകളനുഭവിച്ചു, ഞാൻ അർഹിക്കുന്നതല്ല തിരിച്ചുകിട്ടിയത്​ - സങ്കടം മറച്ചുവെക്കാനാവാതെ അയാൾ പറയുന്നു. ആഗസ്​റ്റ്​ 25 മുതൽ ഞാനിവിടെയുണ്ട്​. കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽനിന്ന്​ ഒരാളും ഇതേവരെ എന്നെയൊന്ന്​ വന്നുകാണാൻപോലും കൂട്ടാക്കിയിട്ടില്ല.

ചാരദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെടു​മ്പോൾ ഗുജറാത്ത്​ സർവകലാശാലയിൽ എൽഎൽ.ബി പഠിക്കുകയായിരുന്നു ഇദ്ദേഹം. കൂടെ പഠിച്ചിരുന്ന പലരും ഏറെ പ്രശസ്​തരായ അഭിഭാഷകരായി, ചിലർ ജഡ്​ജിമാരായി. കുറെ പേർ വ്യവസായപ്രമുഖരായി. ഇയാൾ മാത്രം എല്ലാം നഷ്​ടപ്പെട്ട ഒരാളായി ജീവിക്കുന്നു.

സർക്കാറിൽനിന്ന്​ അർഹതപ്പെട്ട സാമ്പത്തികപിന്തുണകൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ല. എനിക്ക്​ സ്വന്തമായി ഒന്നുമില്ല, ഞാൻ ധരിച്ചിരിക്കുന്ന ഉടുപ്പുപോലും പാകിസ്​താനിൽനിന്ന്​ കിട്ടിയതാണ്​. എത്രകാലം ഇങ്ങനെ കൂടപ്പിറപ്പുകളെ ആശ്രയിച്ച്​ ജീവിക്കാനാവും എന്നറിയില്ല -കുൽദീപ്​ നെടുവീർപ്പിടുന്നു.

പട്ടാളത്തിൽനിന്ന്​ വിരമിച്ചവർക്ക്​ കിട്ടുന്നതുപോലുള്ള പെൻഷനും ആനുകൂല്യവുമെങ്കിലും ലഭിക്കാൻ ഞാൻ എന്തുചെയ്യണം- കാണാൻ വരുന്ന മാധ്യമപ്രവർത്തകരോട്​ അയാളിത് ചോദിക്കുന്നു. രാജ്യത്തിനു​വേണ്ടി ​ജീവിതം ചെലവിട്ടു എന്നതിനുള്ള അംഗീകാരമായി അതെങ്കിലും ലഭിക്കണം എന്നാണാഗ്രഹം.

വീട്ടുചുമരിൽ തൂങ്ങിക്കിടക്കുന്ന മാതാപിതാക്കളുടെ ചിത്രത്തിലേക്ക്​ നോക്കു​മ്പോൾ അയാളൊരു കുട്ടിയെപ്പോലെ കരയുന്നു-മാതാപിതാക്കളെപ്പോലും പരിപാലിക്കാൻ നിൽക്കാതെയാണ്​ മാതൃരാജ്യം ഏൽപിച്ച ദൗത്യം നിറവേറ്റാൻ ഞാൻ പോയത്​. ഇപ്പോൾ രാജ്യത്തിന്​ എന്നെ വേണ്ടാതെയായി-ഏറ്റവും വലിയ സങ്കടവും നഷ്​ടവും അതാണ്​.

രണ്ടുവർഷം നീണ്ട ഒരു ദൗത്യത്തിനാണ്​ ഔദ്യോഗികമായി കുൽദീപിനെ പാകിസ്​താനിലേക്ക്​ വിട്ടത്​. ആ കരാർ കാലാവധി കഴിഞ്ഞതോടെ നാട്ടിലേക്ക്​ മടങ്ങാൻ വേണ്ടകാര്യങ്ങൾ ചെയ്യണമെന്ന്​ നമ്മുടെ അധികാരികളെ അറിയിച്ചു. പാകിസ്​താനി​ലെ ഇന്ത്യൻ എംബസിയിലേക്ക്​ പലവട്ടം കത്തയച്ചിരുന്നു, അവർ സഹായകരമായ ഒന്നുംതന്നെ ചെയ്​തില്ല. അതിനിടയിൽ പാക്​ ഇൻറലിജൻസി​ന്റെ പിടിയിലുമായി. 25 വർഷത്തേക്ക്​ ജയിലിലുമടച്ചു.

ജയിലിലെ അനുഭവങ്ങൾ പറയു​മ്പോൾ ഇന്ത്യക്കാരനെന്ന്​ അഭിമാനം തോന്നിയ ഒരുപാട്​ സംഭവങ്ങളോർത്ത്​ വാചാലനാവും ഈ മനുഷ്യൻ. തടവറയിലെ പല അന്തേവാസികളും ഇന്ത്യക്കാരനെന്നറിഞ്ഞ്​ അടുത്തുവന്ന്​ സ്​നേഹത്തോടെ പെരുമാറി. ഇന്ത്യാവിഭജനത്തി​ന്റെ സമയത്ത്​ പാകിസ്​താനിലേക്ക്​ ചേക്കേറാൻ അവരുടെ പിതാമഹന്മാർ എടുത്ത തീരുമാനം വല്ലാത്ത മണ്ടത്തമായിരുന്നുവെന്ന്​ അവർ പറയുന്നത്​ ഇപ്പോഴും കാതിൽ മുഴങ്ങുന്നു.

രാജ്യത്തിനുവേണ്ടി സുപ്രധാനമായ ഒരു ദൗത്യം ചെയ്യാൻ നിയോഗിക്കപ്പെട്ടതിൽ ഇപ്പോഴും ഏറെ അഭിമാനമുണ്ട്​ കുൽദീപിന്​. എന്നാൽ, അങ്ങനെയൊരു മനുഷ്യനോട്​ ഒരു രാജ്യവും ചെയ്​തുകൂടാത്തതാണ്​ ത​ന്റെ കാര്യത്തിൽ സംഭവിച്ചത്​ എന്നുപറയു​മ്പോൾ ആ മുഖത്തെ അഭിമാനവും സന്തോഷവും കനത്ത നിരാശയിലേക്ക്​ വഴിമാറുന്നു.●

Show Full Article
TAGS:Kuldeep YadavSoldiercentral govt
News Summary - Miserable life of a soldier named Kuldeep Yadav
Next Story